അകത്തളങ്ങളില്‍ ചെടികള്‍ വച്ച് അലങ്കരിക്കാന്‍ നിങ്ങള്‍ക്ക് ഇഷ്ടമാണോ? എങ്കില്‍ ഒട്ടും മടിക്കേണ്ടതില്ല.കാരണം അവ ഹരിതാഭ കൊണ്ടുവരുക മാത്രമല്ല ചെയ്യുന്നത്. നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക കൂടിയാണ്.നിങ്ങളുടെ മനസ്സും ശരീരവും വീടും ചെടികളോട് സല്ലപിച്ചുകൊണ്ടിരിക്കും. എങ്ങനെ യാണിത് സാധ്യമാകുന്നത് എന്നു നോക്കാം.രാത്രികാലങ്ങളില്‍ ചെടികളിലെ പ്രകാശസംശ്ലേഷണം നിലക്കും; ആ സമയം ചെടികള്‍ മനുഷ്യരെ പോലെ ശ്വസിക്കുന്നു.ഓക്‌സിജന്‍ വലിച്ചെടുക്കുകയും കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തു വിടുകയും ചെയ്യുന്നു.

ഓര്‍ക്കിഡുകള്‍, ജലസംഭരണശേഷിയുള്ള കനത്ത തണ്ടോടു കൂടിയ ചെടികള്‍, ബ്രോംലിയാഡുകള്‍എന്നിവ രാത്രികാലങ്ങളിലും കാര്‍ബണ്‍ ഡയോക്‌സൈഡിനെ വലിച്ചെടുത്ത് ഓക്‌സിജന്‍ പുറത്തു വിട്ടു കൊണ്ടിരിക്കും. ഇത്തരം ചെടികള്‍ ബെഡ്‌റൂമുകളിലും മറ്റും വയ്ക്കുന്നതായാല്‍ രാത്രികാലങ്ങളിലും അന്തരീക്ഷവായുവില്‍ ഓക്‌സിജന്‍ നിറഞ്ഞിരിക്കും. ഇത്തരം പ്രകാശ സംശ്ലേഷണ ശ്വസനപ്രക്രിയകള്‍ മുഖാന്തരം ചെടികള്‍ എപ്പോഴും മുറിയ്ക്കുള്ളിലെ ഈര്‍പ്പം നിലനിര്‍ത്തും. ഇപ്രകാരം പല ചെടികള്‍ ഒരുമിച്ചു വച്ചുകൊണ്ട് മുറിക്കുള്ളിലെ ഈര്‍പ്പനിലയും തദ്വാരാ ശ്വസന പ്രക്രിയകളും മെച്ചപ്പെടുത്താം.

ചെടികള്‍ അകത്തളത്തില്‍ വയ്ക്കുന്നത് വരണ്ടചര്‍മ്മം, ജലദോഷം, തൊണ്ടയടപ്പ്, വരണ്ട ചുമ എന്നിവയെ ഇല്ലാതാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വായു ശുദ്ധീകരണമാണിവ ചെയ്യുന്ന മറ്റൊരു ധര്‍മ്മം. ഇവ വായുവിലെ ടോക്‌സിനുകളെ മാറ്റിക്കളയുന്നു. ഏതാണ്ട് 87% വോളറ്റൈല്‍ ഓര്‍ഗാനിക് സംയുക്തങ്ങളെയാണ് 24 മണിക്കൂര്‍ സമയവും ചെടികള്‍ ആഗിരണം ചെയ്തു നീക്കം ചെയ്യുന്നത്. ഹോസ്പിറ്റല്‍ മുറികളില്‍ ചെടികള്‍ വയ്ക്കുന്നത് രോഗസൗഖ്യം എളുപ്പമാക്കുന്നു വെന്നും ചെടികള്‍ വച്ചിട്ടുളള മുറികളിലെ രോഗികളില്‍ കുറഞ്ഞ ഹാര്‍ട്ട്‌റേറ്റ്, കുറവ് ബ്ലഡ് പ്രഷര്‍, കുറച്ചുമാത്രം ക്ഷീണം; ആകാംക്ഷ എന്നിവയും ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓഫീസുകളില്‍ ചെടികള്‍ വയ്ക്കുന്നത് ക്ഷീണം, തലവേദന, ചുമ, ഫ്‌ളൂ തുടങ്ങിയവയെ ഇല്ലാതാക്കുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു.

ഏതെല്ലാം ചെടികളാണ് അകത്തളങ്ങളില്‍ ഉത്തമം?

കറ്റാര്‍വാഴ (അലോവേര) ചെടിക്ക് ഒന്നിലധികം രോഗശമനഗുണമുള്ളതായി പറയുന്നു. മുറിയ്ക്കകത്തുള്ള വായുവിന്റെ ഗുണഗണങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കറ്റാര്‍വാഴ സഹായകരമാകും. രാസശുചീകരണ ലായനികളില്‍ നിന്നുണ്ടാകുന്ന വായു മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ ഇതു സഹായിക്കും. വായുവില്‍ വിനാശകാരിയായ രാസപദാര്‍ത്ഥങ്ങളുടെ അളവ് കൂടുതലായാല്‍ ഈ ചെടിയുടെ ഇലകളില്‍ തവിട്ടു നിറത്തിലുള്ള പുള്ളികള്‍ പ്രത്യക്ഷപ്പെടും. ഇത് നല്ലൊരു സൂചനയാണ്.

2. വായു ശുദ്ധീകരണത്തിന് റബ്ബര്‍മരങ്ങള്‍ ഏറ്റവും നല്ലതാണ്. എളുപ്പം വളര്‍ത്താവുന്നതാണിവ. വെളിച്ചം കുറഞ്ഞ ഇടങ്ങളിലും, തണുപ്പുള്ള കാലാവസ്ഥയിലും റബ്ബര്‍ച്ചെടികള്‍ വളര്‍ന്നു കൊള്ളും.

3. പീസ് ലിലി എന്ന ചെടി കാണാന്‍ സുന്ദരമാണ്; പരിചരണം കുറവുമതി. തണലിലും തണുപ്പിലുമിവ വളരും. മുറിയ്ക്കുള്ളിലെ വിഷാംശങ്ങള്‍ ആഗിരണം ചെയ്തു നീക്കം ചെയ്യും.

4. സ്‌നേക്ക് പ്ലാന്റുകള്‍ക്കും വെള്ളവും വെളിച്ചവും അധികം വേണ്ട. അതുകൊണ്ടു തന്നെ മുറിയുടെ മൂലയ്ക്ക് വയ്ക്കാന്‍ ഉത്തമം. രാത്രികാലങ്ങളില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് വലിച്ചെടുത്ത് ഓക്‌സിജന്‍ വിടുന്നതാകയാല്‍ ബെഡ്‌റൂമുകളില്‍ ശുദ്ധവായു ഉറപ്പാക്കാന്‍ ഈ ചെടിയുപയോഗിക്കാം.

5. അടുക്കള ജനലില്‍ ഒരു ഔഷധ സസ്യത്തോട്ടം തന്നെ ഒരുക്കാവുന്നതാണ്. പകല്‍ 4-5 മണിക്കൂര്‍ നേരിട്ടുള്ള സൂര്യപ്രകാശം ലഭിച്ചാല്‍ മാത്രം മതി. മിന്റ്, റോസ്‌മേരി, ബേലീഫ്, സേവറി, ഒറിഗാനോ, ചെര്‍വില്‍, ബേസില്‍, തൈം എന്നിവയെല്ലാം ഇത്തരത്തില്‍ വീടിനകത്ത് സുഖമായി വളര്‍ന്നു കൊള്ളും.

6. ആന്തൂറിയം പോലുള്ള പൂച്ചെടികള്‍ ആണ് നല്ല വെളിച്ചവും അത്യാവശ്യം ചൂടും ഈര്‍പ്പവും ഒക്കെയുള്ള ബാത്‌റൂമുകള്‍ക്ക് പറ്റിയവ.

ഏതു പരിസരത്തിലാണ് നമ്മള്‍ ചെടികള്‍ വയ്ക്കാന്‍ പോകുന്നത്, എത്ര സ്ഥലം അവയ്ക്കുണ്ട്, എത്ര സമയം അവയുടെ പരിചരണത്തിനായി ചെലവഴിക്കും; എന്താണ് നമ്മുടെ താല്പര്യം, ഇതെല്ലാമനുസരിച്ചായിരിക്കണം ചെടി തെരഞ്ഞെടുക്കേണ്ടത്. നല്ലൊരു വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ തന്നെ അകത്തളങ്ങളില്‍ ഒരുക്കി വയ്ക്കുക എന്നത് ഫാഷനായി വരുന്നുണ്ട്. പോത്തോസ്, ഫിലോഡെന്‍ഡ്രോണ്‍സ് എന്നീ ചെടികളൊക്കെ വീടിനുള്ളിലെ അന്തേവാസികളുടെ മനം മാത്രമല്ല വീടിന്റെ തന്നെ ആത്മാവിനെ അത്ഭുതകരമായി സ്വാധീനിക്കുന്നത് പരീക്ഷിച്ചറിയുക.

Leave a Reply

Your email address will not be published. Required fields are marked *