Architect : നിഷാന്‍ എം

February 11th, 2014
അക്ഷതമാം വീട്‌

തേക്ക് മരങ്ങളുടെ പറുദീസ എന്ന പേരില്‍ പ്രസിദ്ധമാണ് നിലമ്പൂര്‍. എന്നാല്‍ അത്രകണ്ട് തന്നെ പ്രസിദ്ധമാണ് രാജാക്കന്മാരുടെയും രാജകൊട്ടാരങ്ങളുടെയും നാട് എന്ന നിലയിലും. വര്‍ഷങ്ങളുടെ ആര്‍ക്കിടെക്ചറല്‍ പാരമ്പര്യം നിലനില്‍ക്കുന്ന ഒരു ഏരിയയായതുകൊണ്ട് തന്നെ രഞ്ജിത്തിനും ഡോ. സരസിജയ്ക്കും തങ്ങള്‍ പുതുതായി നിര്‍മിക്കുന്ന വീടിന് നാടിന്റെ പാരമ്പര്യവും, സംസ്‌കാരവുമായി ഇഴുകി ചേര്‍ന്നു നില്‍ക്കുന്ന ഒരു ഡിസൈന്‍ വേണമെന്നുള്ളത് നിര്‍ബന്ധമായിരുന്നു.
പരമ്പരാഗത കേരളീയ ശൈലിയിലൂന്നിയ ഒരു സമകാലിക പരിവേഷമാണ് കോഴിക്കോടുള്ള ഡി എര്‍ത്ത് ആര്‍ക്കിടെക്റ്റ്‌സിലെ ചീഫ് ആര്‍ക്കിടെക്റ്റ് നിഷാന്‍ ഈ വീടിന് ചിട്ടപ്പെടുത്തിയെടുത്തത്. മലപ്പുറം ജില്ലയിലെ പേരുകേട്ട നിലമ്പൂര്‍ കോവിലകത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതുകൊണ്ട് പഴയ കോവിലകങ്ങളുടെ മാതൃകയും പ്രൗഢിയും വീടിന്റെ ഡിസൈനിങ്ങില്‍ നിലനിര്‍ത്താന്‍ നിഷാന്‍ ശ്രമിച്ചു.

പ്രവേശന കവാടത്തിന് മുന്‍പിലായി നില്‍ക്കുന്ന മാവ് മുറിച്ചു മാറ്റാതെ തന്നെ അവയെ ഉള്‍പ്പെടുത്തിക്കൊണ്ട് വളരെ ശ്രദ്ധാപൂര്‍വ്വമായുള്ള സൈറ്റ് പ്ലാനിങ് ആണ് ഈ വീടിന്റെ പ്രധാന സൗന്ദര്യഘടകം. മാത്രമല്ല പുറത്തെ അതിസൂക്ഷ്മ കാലാവസ്ഥയെപ്പോലും ഒരു പരിധിവരെ ചെറുക്കാന്‍ ഇതിന് കഴിയുന്നുണ്ട് എന്നതും പ്ലാനിങ്ങിന്റെ പ്രത്യേകതയായി നിഷാന്‍ പറയുന്നു.

‘കാലാവസ്ഥാ നിയന്ത്രണം’ എന്ന തീമിനെ ആധാരമാക്കി വീട് ഡിസൈന്‍ ചെയ്തതുകൊണ്ടാണ് ധാരാളം ക്രോസ് വെന്റിലേഷന്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ നേരിട്ടുള്ള സൂര്യപ്രകാശം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി വുഡും ഗ്ലാസും ചേര്‍ത്താണ് വിന്‍ഡോകള്‍ ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്ന ചൂടിന്റെ ശക്തി കുറയ്ക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സെക്കന്റ് ഫ്‌ളോറിലെ ടൈല്‍ റൂഫിങ് ചെയ്ത മച്ചിന്റെ നിര്‍വഹണം. കൂടാതെ ട്രിപ്പിള്‍ ഏരിയയില്‍ കൊടുത്തിട്ടുള്ള കോര്‍ട്ട്‌യാര്‍ഡും ചൂട് കുറയ്ക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഒരുക്കിയിട്ടുള്ളത്. പ്രകൃതി ഘടകങ്ങള്‍ക്ക് ദോഷം വരുത്തിയില്ല എന്നു മാത്രമല്ല ഊര്‍ജ്ജസംരക്ഷണത്തിന് ഉതകുന്ന വിധത്തിലുള്ള നിര്‍മാണ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു കൊണ്ടുമാണ് ആര്‍ക്കിടെക്റ്റ് നിഷാന്‍ വീടിന്റെ സംരചന നടത്തിയത്.

20 സെന്റ് പ്ലോട്ടില്‍ 3300 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലാണ് ഈ വീടിന്റെ സ്ഥലസൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മരത്തിന്റെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടും നാച്വറല്‍ ലൈറ്റിന് പ്രാധാന്യം കൊടുത്തുകൊണ്ടും, ചെങ്കല്ലും ചെരിഞ്ഞ മേല്‍ക്കൂരയും പോലെയുള്ള ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടും, തികഞ്ഞൊരു നാടന്‍ ശൈലിയിലുള്ള വീടാണ് നിഷാന്‍ രഞ്ജിത്തിനും സരസിജയ്ക്കും സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *