സംഗതി തമാശയല്ല, നാട്ടിലെ പല ശ്മശാനങ്ങളിലും ഇനി ഒരു കല്ലറയ്ക്കുള്ള സ്ഥലം തികച്ചെടുക്കാനില്ലാത്ത അവസ്ഥയാണ്. ഉള്ള സ്ഥലത്തിനാകട്ടെ കൈ പൊള്ളുന്ന വിലയും. മുംബൈ പോലുള്ള മഹാനഗരങ്ങളില്‍ സ്ഥിതി ഇതിലും മോശമാണ്. ചുറ്റും മാനം മുട്ടുന്ന കെട്ടിടങ്ങള്‍ വന്നതോടെ ശ്മശാനങ്ങള്‍ വികസിപ്പിക്കാന്‍ ഇടമില്ലാതായി. നിലവിലുള്ള ശ്മശാനങ്ങളിലാകട്ടെ കല്ലറകളുടെ ഭൂവാടക കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് അഞ്ചിരട്ടിയായാണ് വര്‍ദ്ധിച്ചത്. വില വര്‍ദ്ധിപ്പിച്ചാലും സ്ഥലത്തിന്റെ ലഭ്യത കൂടില്ല. അതുകൊണ്ട് സംസ്‌കാരം കഴിഞ്ഞ് 18 മാസം ആകുമ്പോഴേക്കും കല്ലറകള്‍ തുറക്കുന്നത് പതിവായി. മൃതദേഹം ദഹിപ്പിക്കാന്‍ താത്പര്യപ്പെടുന്ന ക്രിസതുമതവിശ്വാസികളുടെ എണ്ണം മുംബൈയില്‍ കൂടുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലും സമാനമായ അവസ്ഥ വന്നു ചേരുമെന്ന് പറയപ്പെടുന്നു. സ്ഥലദൗര്‍ലഭ്യം എക്കാലത്തും വലിയ പ്രശ്‌നമായി തുടരുന്ന ഇന്ത്യയിലാണ് ശവസംസ്‌കാരത്തിനുള്ള സ്ഥലത്തിനും ഏറ്റവുമധികം ക്ഷാമമുള്ളത്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തില്‍ തങ്ങളുടെ പരേതരെ ദഹിപ്പിക്കുന്ന പതിവാണുള്ളതെങ്കിലും, രാജ്യത്തെ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പുറമേ, ഹിന്ദുമതത്തിലെ ചില വിഭാഗങ്ങള്‍ക്കും മൃതദേഹം മണ്ണില്‍ അടക്കം ചെയ്യുന്ന പതിവാണുള്ളത്.
പരേതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്; കാരണം മരണം എന്ന പ്രക്രിയയിലൂടെയാണല്ലോ പ്രകൃതി ജനസംഖ്യ നിയന്ത്രിക്കുന്നത്. പരേതരെ നമുക്ക് അവഗണിക്കാനാവുകയുമില്ല. അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന തന്നെ ലഭിക്കണം. അപ്പോള്‍ പരേതരെ ഒരു യൂസര്‍ ഗ്രൂപ്പായി പരിഗണിക്കുകയാണ് പോംവഴി. കണക്കു കൂട്ടി നോക്കിയാല്‍ ജീവിച്ചിരിക്കുന്ന ആളുകളെക്കാളും കൂടുതല്‍ പരേതര്‍ ഉണ്ടെന്ന് കാണാം. ജീവിച്ചിരിക്കുന്നവര്‍ എന്നും മരിച്ചവര്‍ എന്നും സമൂഹത്തെ രണ്ടായി തിരിക്കേണ്ടിവരും. ജീവനുള്ളവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ എന്തു വില കൊടുത്തും നേടിയെടുക്കാന്‍ സാധിക്കും. എന്നാല്‍ മരണപ്പെട്ടവര്‍ ഉപഭോക്തൃലോകത്തിന് പുറത്തായതു കൊണ്ട് അവര്‍ക്ക് ആവശ്യങ്ങളില്ല, തന്മൂലം അവര്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു. വാസ്തവത്തില്‍ പരേതരുടെ ഒരേയൊരു ആവശ്യം അന്ത്യവിശ്രമം കൊള്ളാനാവശ്യമായ സ്ഥലം മാത്രമാണ്. അത് നിഷേധിക്കുന്നത് തെറ്റാണ്.
വീടുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം ഇനി ലഭ്യമല്ലെന്ന് മനസ്സിലാക്കിയ ഘട്ടത്തിലാണ് നാം അപ്പാര്‍ട്ട്‌മെന്റുകളെക്കുറിച്ചും അംബരചുംബികളെക്കുറിച്ചും ചിന്തിച്ചു തുടങ്ങിയത്. ഇതേ മാതൃക തന്നെ പരേതര്‍ക്കും വിശ്രമസ്ഥലം ഒരുക്കാനും അവലംബിക്കാം. അങ്ങനെയാണ് വെര്‍ട്ടിക്കല്‍ ഗ്രേവ്‌യാര്‍ഡെന്ന ആശയം ഉടലെടുക്കുന്നത്.
ഭൂനിരപ്പില്‍ നിര്‍മിക്കാവുന്ന താമസസ്ഥങ്ങള്‍ പരിമിതമാണ്. എന്നാല്‍ വെര്‍ട്ടിക്കല്‍ ലിവിങ്ങ് സ്‌പേസ് എന്ന ആശയത്തിലൂടെ വീടുകളും ഓഫീസുകളും ഒന്നിനുമീതേ ഒന്നായി എത്ര വേണമെങ്കിലും നിര്‍മിക്കാനാകും. ഫ്‌ളാറ്റുകള്‍ ഉദാഹരണം. ഇതേ മാതൃക തന്നെ പരേതരെ സംസ്‌കരിക്കാനും ഉപയോഗപ്പെടുത്താം. പല നിലകളിലുള്ള കെട്ടിടങ്ങളുടെ രൂപത്തിലുള്ള ശ്മശാനങ്ങള്‍ സ്ഥലപരിമിതിയെ നേരിടാനുള്ള മികച്ച മാര്‍ഗ്ഗമാണ്. ഒന്നിനുമീതെ ഒന്നായി പല നിലകളിലായി നിര്‍മിക്കുന്ന കല്ലറകള്‍ ഏറെ സ്ഥലം ലാഭിക്കും. ഈ സ്ട്രക്ചറിനെ ഒരോ മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ ഡിസൈന്‍ ചെയ്യുകയുമാകാം. മുംബൈ പോലുള്ള വന്‍നഗരങ്ങളായിരിക്കും ഇത്തരം വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളുടെ ആവശ്യക്കാര്‍. നിലവിലുള്ള ശ്മശാനങ്ങളുടെ തന്നെ മുകളിലായി നടത്തുന്ന ഈ വെര്‍ട്ടിക്കല്‍ ഡെവലപ്‌മെന്റ് നിലവിലെ സ്ഥലപരിമിതിയ്ക്ക് പരിഹാരമാകും. ഓരോരോ നിലകളിലായി വിഭിന്ന മതക്കാര്‍ക്ക് മൃതസംസ്‌കാരത്തിനുള്ള സ്ഥലമൊരുക്കാം. കെട്ടിടത്തിന്റെ കോമണ്‍ ഏരിയ സംസ്‌കാരച്ചടങ്ങുകള്‍ക്കും ബന്ധുക്കള്‍ക്ക് ഒത്തുകൂടാനും ഉപയോഗപ്പെടുത്താം. പല നിലകളിലായി ഒരുക്കുന്ന ഗാര്‍ഡനുകളും നടപ്പാതകളും വെര്‍ട്ടിക്കല്‍ ഗ്രേവ്‌യാര്‍ഡിന് ഹരിതഭംഗിയേകും. നിലവിലുള്ള ശ്മശാനങ്ങളുടെ പുനരുദ്ധാരണവും ഇതുവഴി നടക്കുന്നതിനാല്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന ശ്മശാനങ്ങള്‍ക്ക് പുതുമോടി കൈവരും. പാശ്ചാത്യനാടുകളിലെപ്പോലെ ഗ്രേവ്‌യാര്‍ഡ് ടൂറിസം പോലുള്ള ആശയങ്ങള്‍ ഇവിടെയും ഉടലെടുക്കുകയും ചെയ്യും.
വെര്‍ട്ടിക്കല്‍ ഗ്രേവ്‌യാര്‍ഡ് ഒരു സങ്കല്‍പം മാത്രമല്ല, ബ്രസീലില്‍ ഇതിനോടകം തന്നെ പരേതര്‍ക്കായി ഒരു അംബരചുംബിയുണ്ട്. 14 നിലകളിലായി 16000 കല്ലറകളാണ് ഇവിടെയുള്ളത്. മുംബൈയിലും ‘മോക്ഷ ടവര്‍’ എന്ന പേരില്‍ ഒരു വെര്‍ട്ടിക്കല്‍ ഗ്രേവ്‌യാര്‍ഡിന്റെ ആശയം രൂപപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് ചടങ്ങുകള്‍ നടത്താനുള്ള സ്ഥലവും ദഹിപ്പിക്കാന്‍ ഒരു ക്രിമറ്റോറിയവും ക്രിസ്ത്യാനികള്‍ക്ക് ശവസംസ്‌കാരചടങ്ങുകള്‍ നടത്താന്‍ ഉള്ള സ്ഥലവും അടക്കം ചെയ്യാന്‍ കല്ലറകളും മുസ്ലിങ്ങള്‍ക്ക് ഗാര്‍ഡന്‍ ബറിയല്‍ നടത്താനുള്ള ഇടവും കെട്ടിടത്തിലുണ്ട്. ഇതോടൊപ്പം കെട്ടിടത്തിന്റെ ഒത്ത മുകളില്‍ പാര്‍സികളുടെ സംസ്‌കാരത്തിനുള്ള സ്ഥലമായ ‘നിശ്ശബ്ദതയുടെ ഗോപുര’വും ഉണ്ടാകും.
ആര്‍ക്കിടെക്ചറും സാങ്കേതികവിദ്യയും ഇത്രയധികം പുരോഗമിച്ച ഇക്കാലത്ത് മനുഷ്യര്‍ക്ക് ജീവിക്കാന്‍ പരമാവധി സ്ഥലം കണ്ടെത്താനാണ് ഏവരുടെയും ശ്രമം. എന്നാല്‍ നഗരവത്കരണവും സ്ഥലത്തിന്റെ ഉപഭോഗവും മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരിക്കുന്ന ഇക്കാലത്ത് പരേതര്‍ക്ക് സ്വസ്ഥമായി അന്ത്യവിശ്രമം കൊള്ളാന്‍ ഇടമില്ലെന്ന അവസ്ഥയെ അഭിമുഖീകരിക്കാന്‍ വെര്‍ട്ടിക്കല്‍ ഗ്രേവ്‌യാര്‍ഡുകള്‍ക്ക് കഴിയും.
സൗന്ദര്യാത്മകമായി നിര്‍മിച്ചാല്‍ ശാന്തമായി അല്‍പസമയം വിശ്രമിക്കാനുള്ള ഇടമായി മാറ്റാവുന്ന ഒന്നാണ് വെര്‍ട്ടിക്കല്‍ ഗ്രേവ്‌യാര്‍ഡുകള്‍. എങ്കില്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന ശ്മശാനങ്ങള്‍ പുതുരൂപം പൂണ്ട് പാര്‍ക്കുകള്‍ പോലെ ഏവര്‍ക്കും സന്തോഷം തരുന്ന സ്ഥലങ്ങളായി മാറുകയും ചെയ്യും. ഉയരത്തിലുള്ള കെട്ടിടമായതുകൊണ്ട് ഇവ ശ്രദ്ധിക്കപ്പെടുമെന്ന് തീര്‍ച്ചയാണ്. അതുവഴി വെര്‍ട്ടിക്കല്‍ ഗ്രേവ്‌യാര്‍ഡുകള്‍ അനേകം പരേതര്‍ക്ക് ഒരു സ്മാരകവുമായിത്തീരും.

 

Leave a Reply

Your email address will not be published. Required fields are marked *