August 24th, 2015
അര്‍ബന്‍ ഷേഡ്‌

 

വീടിന്റെ ചിത്രം ഫ്രെയിം ചെയ്യുന്നത് സര്‍വ്വസാധാരണമായ ഒരു സംഗതിയാണ്. എന്നാലൊരു വീട് തന്നെ ഫ്രെയിമിനുള്ളിലാക്കിയാലോ? അത്തരത്തിലുള്ള ഒരു വീടാണ് തലശ്ശേരി തിരുവങ്ങാട് ക്ഷേത്രത്തിനടുത്തുള്ള ‘അര്‍ബന്‍ ഷേഡ്’. നഗരത്തിരക്കുകള്‍ക്കും കോലാഹലങ്ങള്‍ക്കും പൊടിപടലങ്ങള്‍ക്കുമെതിരെ കവചമാവുന്ന ഒരു മറയ്ക്കുള്ളിലാണ് കോഴിക്കോട് ഡിഇ എര്‍ത്തിലെ ആര്‍ക്കിടെക്റ്റ് വിവേക് പി.പി.യും ആര്‍ക്കിടെക്റ്റ് നിഷാനും ചേര്‍ന്ന് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
‘ഒരു കോംപാക്റ്റ് വീട്’ എം.കെ. നമ്പ്യാരും ഡോ. സതി നമ്പ്യാരും ആര്‍ക്കിടെക്റ്റ് വിവേകിനോട് ആവശ്യപ്പെട്ടതിതാണ്. 2400 സ്‌ക്വയര്‍ ഫീറ്റുള്ള വീട് കോംപാക്റ്റാണെന്നതിനൊപ്പം സ്ഥലോപയോഗത്തിന്റെ കൃത്യതയിലൂന്നിയ ആസൂത്രണ മികവിന്റെ ഏറ്റവും വലിയ തെളിവു കൂടിയാണ്. ഏഴ് സെന്റ് മാത്രമുള്ള പ്ലോട്ടാണോ ഇതെന്ന് വീടിന്റെ ലാന്‍ഡ്‌സ്‌കേപ്പ് കാണുന്നവരെല്ലാം അത്ഭുതം കൂറും. കാരണം ‘എല്‍’ ആകൃതിയില്‍ വിശാലമായ ഒരു ലാന്‍ഡ്‌സ്‌കേപ്പ് ഏരിയ വീടിനു ചുറ്റുമായി ഒഴിച്ചിട്ട ശേഷം പ്ലോട്ടിന്റെ ഒരു ഓരം പറ്റിയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
”പഴയ വീട് പൊളിച്ചുമാറ്റിയ ശേഷമാണ് പുതിയതു പണിതത്. പഴയ വീടിന്റെ മതിലിനോട് ഓരം ചേര്‍ത്ത് അഥവാ മതില്‍ സ്ട്രക്ച്ചറിനോട് കൂട്ടി ചേര്‍ത്ത് പണിതതു കൊണ്ട് വീട് പ്ലോട്ടിന്റെ ഒരു വശത്ത് ഒതുക്കി മതിലിനോട് ചേര്‍ത്തു നിര്‍മ്മിക്കാനായി” ഡി ഇ എര്‍ത്ത് ടീം പറയുന്നു.
വീട്ടുടമയുടെ മകന്‍ കെ. വിവേകും ആര്‍ക്കിടെക്റ്റ് പി.പി. വിവേകും സ്‌കൂള്‍തലം മുതല്‍ ഒരുമിച്ചു പഠിച്ച് ഒരേ കാലയളവില്‍ കോഴിക്കോട് ആര്‍ഇസിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവരാണ്. രണ്ട് എഞ്ചിനീയറിങ് ബ്രാഞ്ചുകളിലാണ് പഠിച്ചതെങ്കിലും പേരിലുള്ള പൊരുത്തം പോലെ തന്നെ അന്നു മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും.
”പുതിയൊരു വീടുപണിയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഞങ്ങളുടെ ഫസ്റ്റ് ചോയ്‌സ് ആര്‍ക്കിടെക്റ്റ് വിവേകായിരുന്നു. വിവേകിന്റെ വീട് ഞങ്ങളുടെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ്. കാരണം ഞങ്ങളുടെ കുടുംബത്തെയും ജീവിതശൈലിയേയും കുറിച്ച് വളരെ നന്നായി അറിയാവുന്ന ആളാണ് വിവേക്” കെ. വിവേക് പറയുന്നു.
”തലശ്ശേരിയിലേക്കുള്ള രണ്ട് പ്രധാന പാതകള്‍ കടന്നുപോകുന്ന ജംഗ്ഷനിലാണ് വീട് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റേതായ ശബ്ദകോലാഹലങ്ങള്‍, കാഴ്ച, പൊടിപടലങ്ങള്‍ എന്നിവയില്‍ നിന്നൊക്കെ വീടിനെ സംരക്ഷിക്കുകയെന്നതായിരുന്നു ആദ്യ വെല്ലുവിളി. ഏഴ് സെന്റോളം വരുന്ന പ്ലോട്ടിനടുത്തു കൂടിയുള്ള വാഹനഗതാഗതം സൃഷ്ടിക്കുന്ന ധൂളിവലയം വീടിനെ മലീമസമാക്കും. എത്ര ക്ലീന്‍ ചെയ്താലും പെട്ടെന്ന് പൊടിയാവുന്ന അവസ്ഥയും, ശബ്ദമലിനീകരണവും ഒഴിവാക്കുവാനുള്ള മാര്‍ഗ്ഗമായാണ് വീടിന് പുറമേ ഒരു ഫ്രെയിം കൊടുത്തത്”. ആര്‍ക്കിടെക്റ്റ് നിഷാന്‍ പറയുന്നു.
ഫ്രെയ്മിനുള്ളില്‍
എം.എസ്. സ്‌ക്വയര്‍ പൈപ്പുകള്‍ കൊണ്ട് നിര്‍മിച്ച ഫ്രെയിം സ്ട്രക്ച്ചര്‍ കന്റംപ്രറി ശൈലിയിലുള്ള രണ്ടുനില വീടിന്റെ ലാന്‍ഡ്‌സ്‌കേപ്പ് ഏരിയയില്‍ നിന്നാരംഭിച്ച് മുകള്‍ ഭാഗത്തെ ടെറസ് ഏരിയയ്ക്കു കൂടി കവചമാവുന്ന വിധമാണൊരുക്കിയിരിക്കുന്നത്. ഈ ഫ്രെയിമില്‍ ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് സിമന്റ് ബോര്‍ഡുകള്‍ അടുത്തടുത്തായി സ്വല്പം ചരിച്ച് ഘടിപ്പിച്ചിരിക്കുന്നു. പൊടിയെയും ശബ്ദത്തെയും ഫില്‍റ്റര്‍ ചെയ്യുമെന്നതും കാറ്റിനെയും വെളിച്ചത്തെയും കടത്തിവിടുമെന്നതുമാണ് ഈ ക്രമീകരണത്തിന്റെ ഗുണം.
”ലിവിങ് കം ഡൈനിങ് കം സ്റ്റെയര്‍ ഏരിയയുടെ ഭാഗമായി വരുന്ന ജനലുകളുടെ വശത്താണ് ഔട്ടര്‍ ഫ്രെയിമുള്ളത്. ലിവിങ് ഡൈനിങ് ഏരിയയിലേക്കുള്ള ചൂട് പൂര്‍ണ്ണമായും തടയാന്‍ ഇതുപകരിക്കുന്നുണ്ട്. പ്രകാശം ഫ്രെയിമില്‍ തട്ടുമ്പോഴുണ്ടാവുന്ന നിഴല്‍ വീടിനകത്ത് മനോഹരമായ ദൃശ്യവിരുന്നാവും” ആര്‍ക്കിടെക്റ്റ് വിവേക് പറയുന്നു.
കോംപാക്റ്റ് ആക്കിയത്
ഒരൊറ്റ ഇഞ്ചുസ്ഥലം പോലും പാഴാക്കാതെ എന്നാല്‍ തിക്കുമുട്ടലില്ലാതെയുള്ള ഡിസൈനാണ് വീടിന്റെ സവിശേഷത. ഫോയര്‍ സ്‌പേസിന്റെ വലതുവശത്തായി ഒരു പെബിള്‍ ഗാര്‍ഡനും സ്‌കൈലൈറ്റും ഒരുക്കിയിട്ടുണ്ട്. ലിവിങ് കം ഡൈനിങ് ഏരിയയും ഫോയര്‍ സ്‌പേസും പകല്‍ സമയം പ്രകൃത്യാ പ്രകാശിതമാക്കാന്‍ മാത്രമല്ല കുളിര്‍മയേകുന്ന ഒരു ആതിഥേയത്വമേകാന്‍ കൂടി ഈ പെബിള്‍ ഗാര്‍ഡന്‍ ഉപകരിക്കുന്നു.
ലിവിങ് കം ഡൈനിങ് ഏരിയയുടെ തൊട്ടപ്പുറത്ത് എന്നാല്‍ അവയോട് ചേര്‍ന്നു കിടക്കും വിധം സ്റ്റെയര്‍ ഏരിയ, ലൈബ്രറി സ്‌പേസ്, വാഷ് ഏരിയ എന്നീ ഇടങ്ങളുടെ സജ്ജീകരണം. ഇവയ്ക്കിടയില്‍ രണ്ടടിയോളം നീളം വരുന്ന രണ്ട് ഭിത്തികള്‍ ഒരു സ്‌ക്രീന്‍ പോലെ വര്‍ത്തിക്കുന്നു. സ്റ്റെയര്‍കേസ് മധ്യഭാഗത്താക്കി അതിന്റെ വലതുവശത്ത് ലൈബ്രറി സ്‌പേസും. ഫോയര്‍ സ്‌പേസിന്റെ മറുഭാഗത്ത് പ്ലൈവുഡും വെനീറും കൊണ്ട് നിര്‍മ്മിച്ച ഒരു ഡിസ്‌പ്ലേ യൂണിറ്റാണ് ഫോയറിനെയും ലൈബ്രറി ഏരിയയെയും വേര്‍തിരിക്കുന്നത്. ഇടതു ഭാഗത്ത് സ്റ്റെയറിന് അടിയിലായി വാഷ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു.
ഗസ്റ്റ് ഹൗസ്
ശൈലികള്‍
”ഞാന്‍ ബാംഗ്ലൂരിലും കൂര്‍ഗിലുമൊക്കെ ടാറ്റാ കോഫിയുടെ അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തയാളാണ്. അവരുടെ ഗസ്റ്റ് ഹൗസുകളുടെ വൃത്തിയും അകത്തള ഭംഗിയുമൊക്കെ അന്നേ എന്നെ വളരെയധികം ആകര്‍ഷിച്ചിരുന്നു. അത്തരത്തില്‍ ചെറുതും പെട്ടെന്ന് വൃത്തിയാക്കുവാന്‍ പറ്റുന്നതുമായ ഒരു വീടായിരുന്നു മനസില്‍. അത്തരത്തില്‍ പ്രൗഢമായ ഒന്നു തന്നെയാണ് ഡി ഇ എര്‍ത്ത് ഒരുക്കിയത്” എം.കെ. നമ്പ്യാര്‍ പറയുന്നു.
മോഡുലാര്‍ കിച്ചന്‍ തീരെ ചെറുതാണെങ്കിലും ഹുഡും ഹോബുമൊക്കെയായി എല്ലാവിധ സൗകര്യങ്ങളും കൃത്യമായി ഒരുക്കുവാനുള്ള സ്‌പേസ് വിവേക് കണ്ടെത്തിയിട്ടുണ്ട്. കിച്ചന്റെ സ്‌പേസ് ഒട്ടും നഷ്ടപ്പെടുത്താതിരിക്കാന്‍ ഭിത്തിയോട് ചേര്‍ന്നുള്ള തെന്നി മാറുന്ന ഒരു സ്ലൈഡിങ് ഡോറാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
മൂന്ന് ബെഡ്‌റൂമുകളാണ് വീടിനുള്ളത്. താഴെ മാസ്റ്റര്‍ ബെഡ്‌റൂം ബാക്കി രണ്ടെണ്ണം മുകളിലും. ജനലുകളുടെയും വാതിലിന്റെയും സ്ഥാനത്തിനനുസൃതമായി എയര്‍ സര്‍ക്കുലേഷനും, മുറിക്കുള്ളിലുള്ള സഞ്ചാരവും തടസ്സപ്പെടാത്ത വിധം കട്ടിലും വാഡ്രോബും സ്ഥാപിച്ചിരിക്കുന്നുവെന്നത് എടുത്തു പറയേണ്ട സംഗതിയാണ്. സ്റ്റെയര്‍ലാന്റിങ്ങിന് ഇരുവശത്തായി ഒരുക്കിയിരിക്കുന്ന ബെഡ്‌റൂമുകളിലൊന്ന് ഒരു എഴുത്തു മുറിയായിട്ടാണ്. മേശയും കസേരയും ദിവാനുമടങ്ങുന്ന ഫര്‍ണിച്ചര്‍ മാത്രം മാറ്റിയാല്‍ മതി ഭാവിയിലൊരു ബെഡ്‌റൂമാക്കി മാറ്റാന്‍.
”വളരെ ലളിതമായ എന്നാല്‍ ഭംഗിയെഴുന്ന ഇന്റീരിയര്‍ സജ്ജീകരണങ്ങള്‍ക്കായാണ് ശ്രമിച്ചത്. വുഡന്‍ പലകകള്‍ പാകിയ സ്റ്റെയര്‍കേസും ചെറിയ കമ്പികളില്‍ നാട്ടിനിര്‍ത്തിയ മരത്തിന്റെ ഹാന്റ്‌റെയില്‍ ഫ്രെയിമുമൊക്കെ ഈ ശ്രമത്തിന്റെ ഭാഗമാണ്. നാച്വറലായുള്ള നിറങ്ങളാണ് മുറികളിലെല്ലാം തീം കളറുകളായി തെരഞ്ഞെടുത്തിരിക്കുന്നത്. ഫര്‍ണിച്ചര്‍, അപ്‌ഹോള്‍സ്റ്ററി, കര്‍ട്ടനുകള്‍ (ഫാബ്രിക്കും, ബാംബൂവും), ലാമിനേറ്റുകള്‍ എന്നിവയെല്ലാം പ്രകൃതിക്കിണങ്ങിയ നിറങ്ങളില്‍ ഉള്ളവയാണ്” ഡി ഇ എര്‍ത്ത് ടീം പറയുന്നു.
ഫ്രെയിമിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന ടെറസ് ഏരിയയാണ് വീട്ടുകാരുടെ ഏറ്റവും പ്രിയപ്പെട്ട ഇടം. കാരണം വൈകുന്നേരങ്ങളിലിവിടെ നിന്നാല്‍ വാഹനങ്ങള്‍ നിരനിരയായി റോഡിലൂടെ നീങ്ങുന്നതു കാണാം; നഗരത്തിന്റെ സ്പന്ദനം അടുത്തറിയാം. എന്നാല്‍ നഗരത്തിരക്കുകളുടെ അലോസരങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുകയുമാവാം. ഇത്തരത്തില്‍ നഗരനടുവില്‍ ഒരു തണലാകുന്ന മട്ടില്‍ വീടൊരുക്കി വീട്ടുകാരെ തന്റെ ചിരകാല സൗഹൃദത്തിന്റെ ഫ്രെയിമില്‍ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തിയെന്നതാണ് ആര്‍ക്കിടെക്റ്റ് വിവേകിനും ഡി ഇ എര്‍ത്തിനും ഈ പ്രോജക്റ്റില്‍ കിട്ടുന്ന പ്ലസ് മാര്‍ക്ക്.

Leave a Reply

Your email address will not be published. Required fields are marked *