September 22nd, 2015
അവധിക്കാല വസതി

 

ഇരിങ്ങാലക്കുടയില്‍ ജീസ് ലാസറിനും കുടുംബത്തിനും വേണ്ടി കൊച്ചിയിലെ ഡെന്നിസ് ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് ഡെന്നിസ് ജേക്കബ് ഡിസൈന്‍ ചെയ്ത ഈ വീട് ലാളിത്യം കൊണ്ടും പോസിറ്റീവ് എനര്‍ജി കൊണ്ടും സൂര്യപ്രകാശത്തിന്റെ കൃത്യമായ ക്രമീകരണത്തിലൂടെയും ശ്രദ്ധയര്‍ഹിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ചുറ്റുപാടുമുള്ള പ്രകൃതിതന്നെയാണ് ഇത്തരമൊരു വീട് ഡിസൈന്‍ ചെയ്യുവാന്‍ പ്രേരകമായത് എന്ന് ആര്‍ക്കിടെക്റ്റ് ഡെന്നിസ് അഭിപ്രായപ്പെടുന്നു.
സിംപിള്‍, മിനിമലിസ്റ്റിക്
ലളിതവും വളരെ മിതവുമായ നയത്തിലൂടെ വീടിനെ മൊത്തത്തില്‍ ശ്രദ്ധേയമാക്കിയിട്ടുണ്ട്. ചുറ്റിനും പരന്നു കിടക്കുന്ന വിശാലമായ പറമ്പിനു നടുവില്‍ അവിരാമം തുടരുന്ന കാറ്റിന്റെ സഞ്ചാരവും, സൂര്യപ്രകാശത്തിന്റെ സാന്നിധ്യമുള്ള 12 സെന്റിന്റെ പ്ലോട്ട്. തുറസ്സായ നയത്തില്‍ ആണ് അകത്തളങ്ങളൊക്കെയും. വീടിന്റെ പുറംകാഴ്ച കന്റംപ്രറി ശൈലിക്കു പ്രാധാന്യം നല്‍കിയാണ്.
സൂര്യപ്രകാശം സമൃദ്ധം
സ്‌കൈലൈറ്റാണ് അകത്തളങ്ങളിലെ പ്രധാന ഡിസൈന്‍ ഘടകം എന്നു പറയാം. സ്റ്റെയര്‍കേസ്, വാഷ് ഏരിയ എന്നിവയാണ് പ്രധാന ഫോക്കല്‍ പോയിന്റുകള്‍. വീടിനു നടുവില്‍ കൊടുത്തിട്ടുള്ള സ്റ്റെയര്‍കേസിന്റെ മുകളിലെ ഓപ്പണിങ്ങുകള്‍ സൂര്യപ്രകാശത്തെ ആവശ്യാനുസരണം വീടിനുള്ളില്‍ എത്തിക്കുന്നു. സ്റ്റെയര്‍ കേസിനടിയില്‍ പെബിള്‍ കോര്‍ട്ട്‌യാര്‍ഡാണ്. സ്റ്റെയര്‍കേസിനപ്പുറവും ഇപ്പുറവുമായി ഫാമിലി ലിവിങ്, ഡൈനിങ് ഏരിയകള്‍. ഡൈനിങ് ഏരിയയ്ക്ക് പുറത്തായി സ്വിമ്മിങ് പൂള്‍. എല്ലായിടത്തും ക്രോസ് വെന്റിലേഷനുകള്‍ സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്നു. പര്‍ഗോളയും ഗ്ലാസ്സും പ്രധാന ഡിസൈനിങ് സാമഗ്രികളാകുന്നു. എല്ലാറ്റിലും മിതത്വം പാലിച്ചുള്ള ഡിസൈനിങ് ആണെന്ന് വ്യക്തം. വീടിനു ചുറ്റിനുമുള്ള കാഴ്ചകള്‍ വീടിനുള്ളിലിരുന്ന് ആസ്വദിക്കാം. ഒരു അവധിക്കാല വസതിയായ ഈ വീട് ഫങ്ഷണല്‍ സ്വഭാവത്തിനു പ്രാധാന്യം നല്‍കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
വാഷ്ഏരിയയും ആകര്‍ഷകം
ഗസ്റ്റ് ലിവിങ് ഏരിയ ഡബിള്‍ ഹൈറ്റിലാണ്. സ്റ്റെയര്‍കേസിനു സമീപമാണിത്. മറ്റിടങ്ങളില്‍ നിന്നെല്ലാം ലിവിങ്ങിലേക്ക് ശ്രദ്ധ ലഭിക്കുകയും തൊട്ടടുത്തുള്ള കിച്ചന് സ്വകാര്യതയേകുന്ന വിധവുമാണ് ഗസ്റ്റ് ലിവിങ്ങിന്റെ സ്ഥാനം. ഗ്ലാസിന്റെ സമൃദ്ധമായ ഉപയോഗം അകത്തളങ്ങളെ സുതാര്യമാക്കുന്നു. ഡൈനിങ്ഏരിയയ്ക്കു സമീപം പാഷ്യോയായി ഡിസൈന്‍ ചെയ്തിരിക്കുന്ന വാഷ്ഏരിയയാണ് ഈ ഏരിയയിലെ പ്രധാന ആകര്‍ഷണം. ഡ്രൈ ഗാര്‍ഡനുള്ളിലാണ് ഡബിള്‍ വാഷ് ഏരിയ. പെബിള്‍ കോര്‍ട്ട് യാര്‍ഡും മുളംചെടികളും ടൈല്‍ വാള്‍ ക്ലാഡിങും വുഡന്‍ കബോഡുകളുമെല്ലാം വാഷ് ഏരിയയെ ശ്രദ്ധേയമാക്കുന്നു.
സ്വകാര്യതക്ക് മുന്‍തൂക്കം
തുറസായതും വിശാലവുമാണ് കിച്ചനെങ്കിലും ആവശ്യത്തിന് സ്വകാര്യത നല്‍കുന്നുണ്ട്. വീടിന്റെ മുന്‍ഭാഗത്താണു കിച്ചന്‍ എങ്കിലും പുറത്തറിയുകയില്ല. മെയിന്റനന്‍സ് വളരെ എളുപ്പമാക്കുന്ന തരത്തിലുള്ളതാണ് വീട്ടകങ്ങളെല്ലാം. വലിയ ജനാലകളും ക്രോസ് വെന്റിലേഷനുകളും ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാനുതകുന്നു. കാറ്റിനും വെളിച്ചത്തിനും കുറവേതുമില്ല വീട്ടകങ്ങളില്‍. ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ്, ആക്‌സസറീസുകള്‍ എന്നിവയെല്ലാം ഉപയുക്തതയും സ്വകാര്യതയും പ്രദാനം ചെയ്യുന്നവയാണ്. കിടപ്പുമുറികള്‍ സ്വിമ്മിങ് പൂളില്‍ നിന്നും, തുറന്ന സ്ഥലത്തുനിന്നും ഒക്കെയുള്ള തണുത്ത കാറ്റിനു കടന്നു വരാന്‍ കഴിയും വിധം വലിയ ജനാലകളോടു കൂടിയതാണ്. മാസ്റ്റര്‍ ബെഡ്‌റൂമിന് ഭിത്തികളുടെ സ്ഥാനത്ത് ഗ്ലാസ്സാണ്. സുതാര്യ ഭിത്തികള്‍ക്ക് റോളര്‍ ബ്ലൈന്റ് സ്വകാര്യതയേകും. ഫര്‍ണിഷിങ് ഇനങ്ങളും ഉള്ളിലെ ഇന്റീരിയര്‍ ഡെക്കറേഷന്റെ കളര്‍ തീമും പരസ്പരം ചേര്‍ന്നു പോകുന്നു. എല്ലാത്തരത്തിലും ഉപയുക്തതയും സുഖപ്രദമായ ജീവിതാന്തരീക്ഷവുമുള്ള പരിസ്ഥിതിക്കിണങ്ങിയ അവധിക്കാല വസതി.

Leave a Reply

Your email address will not be published. Required fields are marked *