തിരുവനന്തപുരത്ത് ഈശ്വരവിലാസം ജംങ്ഷനില്‍ ഗ്രീന്‍ സ്‌ക്വയര്‍ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ‘സുബ്രഹ്മണ്യം ഹോംസ്’ എന്ന ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റ് ആരെയും അതിശയിപ്പിക്കാതിരിക്കില്ല. കാരണം ഇത് ‘ആകാശത്തൊരു വീട്’ എന്ന സങ്കല്പത്തെ അക്ഷരാര്‍ത്ഥത്തില്‍ സാധ്യമാക്കിയിരിക്കുന്നു. ഒരു സ്വതന്ത്ര വീടിന് അഥവാ വില്ലയ്ക്ക് വേണ്ടതായ എല്ലാ സൗകര്യങ്ങളും ഈ അപ്പാര്‍ട്ട്‌മെന്റിലുണ്ട്. ഫ്‌ളാറ്റുനിവാസിയായ മഹേഷും ഭാര്യ റാണിയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് ഒരു വീടിനു വേണ്ടതായ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തി അകത്തളങ്ങള്‍ ചിട്ടപ്പെടുത്തിയത് തിരുവനന്തപുരത്തെ ജെസിജെആര്‍ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് ചിത്ര നായരാണ്.

സ്ട്രക്ചര്‍ മാത്രം പൂര്‍ത്തിയാക്കിയ നിലയിലാണ് മഹേഷും കുടുംബവും ഫ്‌ളാറ്റ് സ്വന്തമാക്കുന്നത്. അതിലെ ഒന്‍പതും പത്തും നിലകള്‍ ചേര്‍ത്തുള്ള ഡ്യൂപ്ലക്‌സ് അപ്പാര്‍ട്ട്‌മെന്റായിരുന്നു ഇവര്‍ വാങ്ങിയത്. ഒന്‍പതാമത്തെ നിലയില്‍ നിന്നുമായിരുന്നു പ്രവേശനം. എന്‍ട്രന്‍സ് ഏരിയയും മറ്റും ഇന്നു കാണുന്നതില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. സ്റ്റെയര്‍കേസ് വേണ്ട. അത് ഇന്റീരിറിന്റെ ഭാഗമായി സ്വയം ഡിസൈന്‍ ചെയ്തുകൊള്ളാമെന്ന് മഹേഷ് ബില്‍ഡറോടു പറഞ്ഞിരുന്നു.

പരമ്പരാഗതമായ ജീവിത മൂല്യങ്ങളെ മുറുകെ പിടിക്കുകയും ഒപ്പം ആധുനിക ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു കുടുംബമായിരുന്നു ഇത്. വീടിനകത്ത് ചലനാത്മകത കൊണ്ടുവരുന്ന അക്വേറിയം ഇഷ്ടപ്പെട്ടിരുന്ന ഇദ്ദേഹത്തിന് വീടി

മാറ്റങ്ങള്‍ പലവിധം

ലഭ്യമായ സ്ഥലത്തിന്റെ രീതിയനുസരിച്ച് അകത്തളങ്ങള്‍ സൗകര്യപ്രദവും ഉപയുക്തവുമാക്കുക, എല്ലായിടത്തും ഗ്രീന്‍ സ്‌പേസുകള്‍ക്ക് മേല്‍ക്കോയ്മ നല്‍കുക, നാച്വറല്‍ ലൈറ്റിങ്ങിന്റെ സമൃദ്ധി അനുഭവപ്പെടുത്തുക – കൃത്യവും താളാത്മകവും ഉപയുക്തവുമായ രീതിയില്‍ സ്‌പേസ് ഡിസൈനിങ്ങിനെ ഒരാഘോഷമാക്കി മാറ്റുമ്പോള്‍ ആര്‍ക്കിടെക്റ്റ് ചിത്ര പിന്തുടര്‍ന്ന നയങ്ങള്‍ ഇവയായിരുന്നു.

സാധാരണ ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റുകളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ പ്രവേശനം മുകള്‍നിലയില്‍ നിന്നാണ്. ഇതിനു കാരണവുമുണ്ട്. ആകെ പത്തു നിലകളുള്ള ഫ്‌ളാറ്റില്‍ പത്താമത്തെ നിലയുടെ മുകളില്‍ വരുന്നത് ടെറസാണ്. അതിനാല്‍ പത്താം നിലയില്‍ ബെഡ്‌റൂമുകള്‍ നല്‍കിയാല്‍ മുറികളില്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അധികം ഉപയോഗമില്ലാത്ത ഏരിയകളെല്ലാം പത്താമത്തെ നിലയില്‍ നല്‍കുക എന്ന ബുദ്ധിപരമായ തീരുമാനം ആര്‍ക്കിടെക്റ്റ് കൈകൊണ്ടു. ലിവിങ്, ഡൈനിങ്, വാഷ് ഏരിയ, പൂജാസ്‌പേസ്, കിച്ചന്‍, ഗസ്റ്റ് ബെഡ്‌റൂം, ഹോംതീയേറ്റര്‍ എന്നിവയാണ് ഇപ്പോള്‍ ഈ നിലയിലുള്ളത്. കിഴക്കുഭാഗത്തായിരുന്ന സ്റ്റെയര്‍കേസിന്റെ സ്ഥാനം മാറ്റി തെക്ക് പടിഞ്ഞാറ് ഭാഗത്താക്കി; വുഡുപയോഗിച്ച് പ്രത്യേകം ഗോവണി ഡിസൈന്‍ ചെയ്തു. സമൃദ്ധമായ കാറ്റുള്ള ദിശയിലാണിത്. അതിനാല്‍ ഇവിടം ഡബിള്‍ ഹൈറ്റിലാണ്. കാറ്റിനെ ഉള്ളിലെത്തിക്കുവാനായി സാധാരണയില്‍ നിന്നും വിഭിന്നമായി ജനാലകള്‍ക്ക് പകരം കണ്ണിന്റെ ലെവലില്‍ ഫിക്‌സഡ് ഗ്ലാസും അതിനു താഴെ ആവശ്യാനുസരണം ചലിപ്പിക്കാവുന്ന ലൂവറുകളും നല്‍കി. കാഴ്ചയെ തടസപ്പെടുത്താതെ കാറ്റിനെ ഉള്ളിലെത്തിച്ചു. ശക്തമായ കാറ്റിന് ചെറിയ തോതില്‍ തടയിടുകയും ചെയ്തു.

പുറത്ത് തലയുയര്‍ത്തി നില്‍ക്കുന്ന പുരാതനമായ പള്ളികളിലൊന്നിന്റെ കാഴ്ചവരെ വീടിനുള്ളിലിരന്നു കാണാം. ഫോര്‍മല്‍ ലിവിങ്ങിന്റെ ഭാഗമായും ബാല്‍ക്കണിയുണ്ട്. ഇത് കിഴക്ക് ദിക്കിനഭിമുഖമാണ്. ചെടികളും, പെബിള്‍ കോര്‍ട്ട്‌യാര്‍ഡും ചേര്‍ന്ന് ഈ ബാല്‍ക്കണിയെ ആകര്‍ഷകമാക്കുന്നു ഫിക്‌സഡ് ഗ്ലാസിലൂടെ ദൂരെയുള്ള മലനിരകളുടെയും പച്ചപ്പിന്റെയും കാഴ്ച ഉള്ളിലെത്തുന്നു.

പൂജാസ്‌പേസിന് പ്ലാനില്‍ പ്രത്യേകിച്ച് സ്ഥലം കണ്ടിരുന്നില്ല. ഡൈനിങ്ങിന്റെ ഭാഗമായാണ് ആര്‍ക്കിടെക്റ്റ് ചിത്ര പൂജാസ്‌പേസ് ഒരുക്കിയത്. പരമ്പരാഗതമായ രീതിയില്‍ തന്നെ. ഒരു ബാല്‍ക്കണിക്കു സ്ഥാനം ഡൈനിങ്ങിനോടു ചേര്‍ന്നുമുണ്ട്. പുറത്തെ പ്രകൃതിഭംഗി കണ്ടുതന്നെ ഭക്ഷണം കഴിക്കാം. ഡൈനിങ്ങിനൊപ്പം വാഷ് ഏരിയയ്ക്കും ഇടം നല്‍കിയിട്ടുണ്ട്. ഇവിടുത്തെ ഫാള്‍സ് സീലിങ്ങില്‍ വുഡന്‍ പര്‍ഗോളയുടെ ഡിസൈന്‍ പാറ്റേണാണ് സ്വീകരിച്ചിട്ടുള്ളത്. വാഷ് ഏരിയയുടെ ഭാഗത്തെ പ്രധാനാകര്‍ഷണം ക്യാബിനറ്റുകള്‍ക്കു മുകളിലായി നല്‍കിയിരിക്കുന്ന ഗ്രീനറി നിറഞ്ഞ അക്വേറിയമാണ്. ക്യാബിനറ്റുകളുടെ അടിയില്‍ ഫ്‌ളോറില്‍ നീളത്തില്‍ സ്ട്രിപ്പ് പെബിള്‍ കോര്‍ട്ട്‌യാര്‍ഡും നല്‍കിയിരിക്കുന്നു. ഇങ്ങനെ കാഴ്ചകളാല്‍ സമ്പന്നമാണ് ഊണുമുറി. ഡൈനിങ്ങിന്റെ നേരേ എതിരറ്റത്താണ് താഴേക്കുള്ള സ്റ്റെയര്‍കേസിനുസ്ഥാനം നല്‍കിയിരിക്കുന്നത്.

ഗസ്റ്റ് ബെഡ്കം ഹോംതീയേറ്റര്‍

ഡൈനിങ് ഏരിയയുടെ പിന്നിലായി ഒന്നിലധികം ബോക്‌സുകള്‍ നിരത്തിവച്ചതുപോലെ വിവിധ നിറങ്ങളിലുള്ള പെയിന്റിങ്ങുകള്‍ കാണാം. ഇത് ഇളയമകള്‍ ദുര്‍ഗ്ഗയുടെ കരവിരുതാണ്. ഇതൊരു സ്ലൈഡിങ് ഡോറാണ്. ഇത് തള്ളി നീക്കിയാല്‍ ഗസ്റ്റ് ബെഡ്‌റൂം ഹോംതീയേറ്ററായി. അതിഥികള്‍ ഉള്ളപ്പോള്‍ ബെഡ്‌റൂമായും അല്ലാത്തപ്പോള്‍ ഹോംതീയേറ്ററായും ഉപയോഗിക്കാം. ഈ സ്ലൈഡിങ് ഡോര്‍ തുറന്നു വച്ചാല്‍ ലിവിങ് മുതല്‍ ഫ്‌ളാറ്റിന്റെ ഇങ്ങേയറ്റം വരെ ഒരു മുഴുനീളകാഴ്ചയും സാധ്യമാണ്.

അടുക്കളയും മുറ്റവും

ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോടു കൂടിയ ഓപ്പണ്‍ നയത്തിലുള്ള കിച്ചനാണിവിടെ. കിച്ചനോട് ചേര്‍ന്ന് വര്‍ക്കേരിയയും ഉണ്ട്. അതിനോടനുബന്ധിച്ചുള്ള ബാല്‍ക്കണിയെ ഒരു ചെറിയ മുറ്റമാക്കി ഡിസൈന്‍ ചെയ്തിരിക്കുകയാണ് ആര്‍ക്കിടെക്റ്റ്. അടുക്കളയില്‍ നിന്നും പിന്‍മുറ്റത്തേയ്ക്ക് ഇറങ്ങുന്ന ഒരു പ്രതീതി ഫ്‌ളാറ്റിലും സാധ്യമാക്കിയിരിക്കുന്നു. ചെടികളും പച്ചപ്പുമാണിവിടെ. തുണി ഉണക്കുവാനുള്ള സൗകര്യവും. താഴെ നിലയില്‍ ഇതിനടിയിലാണ് മാസ്റ്റര്‍ ബെഡ്‌റൂം. ഇത് ബെഡ്‌റൂമിന് കൂടുതല്‍ തണുപ്പേകാനുപകരിക്കുന്നു.പിന്‍മുറ്റത്തേയ്ക്ക് ഇറങ്ങുന്ന ഒരു പ്രതീതി ഫ്‌ളാറ്റിലും സാധ്യമാക്കിയിരിക്കുന്നു. ചെടികളും പച്ചപ്പുമാണിവിടെ. തുണി ഉണക്കുവാനുള്ള സൗകര്യവും. താഴെ നിലയില്‍ ഇതിനടിയിലാണ് മാസ്റ്റര്‍ ബെഡ്‌റൂം. ഇത് ബെഡ്‌റൂമിന് കൂടുതല്‍ തണുപ്പേകാനുപകരിക്കുന്നു.

സ്റ്റെയര്‍കേസ് ഇറങ്ങി താഴെ നിലയില്‍ ചെന്നാല്‍ ബെഡ്‌റൂമുകളുടെ മേഖലയായി, സ്റ്റെയര്‍കേസിന്റെ ഭാഗത്ത് തീര്‍ത്തിരിക്കുന്ന ഗാര്‍ഡനില്‍ പൂജയ്ക്കാവശ്യമായ പുഷ്പങ്ങള്‍ നല്‍കുന്ന ചെടികളുടെ ഒരു ഗാര്‍ഡന്‍ തീര്‍ത്തിരിക്കുന്നു. മക്കളായ ഗൗരിക്കും ദുര്‍ഗ്ഗക്കും വലിയ ബെഡ്‌റൂമുകള്‍ വേണമെന്ന് ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നതിനാല്‍ മാസ്റ്റര്‍ ബെഡ്‌റൂം അല്പം ചെറുതാണ്. മൂന്നു ബാത്ത്, ഡ്രസ് അറ്റാച്ച്ഡ് ബെഡ്‌റൂമുകള്‍; അതില്‍ മാസ്റ്റര്‍ ബെഡിനും മറ്റൊരു ബെഡ്‌റൂമിനും ബാല്‍ക്കണി. ഫാമിലി ലോഞ്ച്, സ്റ്റെയര്‍ ഏരിയയിലൊരു സ്റ്റഡി ഏരിയ എന്നീ സൗകര്യങ്ങളാണിവിടുള്ളത്.

ബാല്‍ക്കണികള്‍ക്കു നടുവില്‍

മക്കളുടെ രണ്ടുപേരുടെയും ബെഡ്‌റൂമിന് നടുവിലാണ് ഫാമിലി ലോഞ്ച്. ഇവിടെ തറയില്‍ കേര്‍വാകൃതിയില്‍ ഒരു ഭാഗം ഉയര്‍ത്തി ഒരു ഡെക്ക് പോലെ തീര്‍ത്ത് ലോ സീറ്റിങ് ഒരുക്കിയിരിക്കുന്നു. ഈ ലോഞ്ചിന്റെ നീളമുള്ള ബാല്‍ക്കണി നിറയെ മുല്ലച്ചെടികളാണ്. ഇവിടുത്തെ ബാല്‍ക്കണി ഡബിള്‍ ഹൈറ്റിലാണ്. ബാല്‍ക്കണിയുടെ ഫ്‌ളോറില്‍ പെബിള്‍ കോര്‍ട്ട്‌യാര്‍ഡില്‍ വെള്ളം നിറച്ച് അതിനു മുകളില്‍ ഗ്ലാസും എല്‍ഇഡി ലൈറ്റിങ്ങും നല്‍കി ചെയ്തിരിക്കുന്ന കൊച്ചരുവിയുടെ പ്രതീതി ജനിപ്പിക്കുന്ന ഫ്‌ളോര്‍ അക്വേറിയത്തില്‍ മത്സ്യങ്ങള്‍ നീന്തി തുടിക്കുന്നത് കാണാം. ഫാമിലി ലോഞ്ചിന്റെ ഒരു ഭിത്തിയാകട്ടെ ഒരു ഫോട്ടോ ആല്‍ബം വാളും. കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ കണ്ട് ആസ്വദിക്കുവാനുതകുന്നു, ഈ ഫോട്ടോ ആല്‍ബം വാളില്‍. ഫ്‌ളാറ്റിന്റെ താഴത്തെ നില ബാല്‍ക്കണിയുടെ മധ്യത്തിലാണ് എന്നു തന്നെ പറയാം.

മാസ്റ്റര്‍ ബെഡ്‌റൂം തെക്ക് പടിഞ്ഞാറ് ദിശയിലാണ്. ഇതിനോടു ചേര്‍ന്നുള്ള ബാല്‍ക്കണിയിലേക്ക് ഇറങ്ങിയാല്‍ ഒരു മുളങ്കാട്ടില്‍ നില്‍ക്കുന്ന പ്രതീതിയാണ്. ശക്തമായ പടിഞ്ഞാറന്‍ വെയിലില്‍ നിന്നും മാസ്റ്റര്‍ ബെഡ്‌റൂമിനെ സംരക്ഷിക്കുകയും കുളിര്‍മയുള്ള അന്തരീക്ഷം പകരുകയും ചെയ്യുന്നു. ഒമ്പതുനില പൊക്കത്തിലായതിനാല്‍ ശക്തമായ കാറ്റ് മുളങ്കാടുകളെ തഴുകി കടന്നുവരുമ്പോള്‍ കാറ്റിലുലയുന്ന മുളകള്‍ തറയിലും ഭിത്തിയിലും വിവിധാകൃതിയിലുള്ള നിഴലുകള്‍ വീഴ്ത്തി ചലിക്കുന്ന ചിത്രം വരയ്ക്കുന്നു. മുളച്ചെടികളുടെ ഇലകളില്‍ തട്ടി കടന്നുപോകുന്ന കാറ്റിലൂടെ ദലമര്‍മ്മരം സദാ സംഗീതം പൊഴിക്കുന്നുണ്ടിവിടെ. ബാല്‍ക്കണികള്‍ ഔട്ട്‌ഡോര്‍ സ്‌പേസിന്റെ അഥവാ മുറ്റത്തിന്റെ കുറവും തീര്‍ക്കുന്നതിനാല്‍ ഈ ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റ് ആകാശവീട് തന്നെയാകുന്നു.

 

Comments are closed.