Project Specifications

സൗരഭ് അഗര്‍വാളിനുവേണ്ടി അഹമ്മദാബാദിലെ കര്‍ണാവതി ക്ലബ്ബിനു പിന്നിലായി നഗര പ്രാന്തത്തില്‍ അഹമ്മദാബാദിലെ സമാര്‍ക്ക് ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് സമര്‍ത്ഥ് മറാഡിയ ഡിസൈന്‍ ചെയ്ത 48 സെന്റില്‍ 900 സ്‌ക്വയര്‍ മീറ്ററിലുള്ള ഈ വീട് അതിലുപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളുടെ പ്രത്യേകതകൊണ്ടും നിര്‍മ്മാണരീതികൊണ്ടും സവിശേഷ ശ്രദ്ധ പിടിച്ചു പറ്റുന്നു.

വ്യത്യസ്തമീ സ്‌കൈലൈറ്റ്

അഞ്ചു ബെഡ്‌റൂമുകളോടു കൂടിയ ഈ വീടിന്റെ നാച്വറല്‍ ലൈറ്റിങ് സംവിധാനമാണ് പ്രധാന ഫോക്കല്‍ പോയിന്റ്. മുന്‍പിലുള്ള വിശാലമായ പുല്‍ത്തകിടിക്ക് അഭിമുഖമായാണ് വീടിന്റെ പൊതു ഇടങ്ങളൊക്കെയും. എക്‌സ്‌പോസ്ഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് സ്ട്രക്ചറിന്റെ മുഴുവന്‍ നിര്‍മ്മിതി. റോഡില്‍

നിന്നും വന്ന് വരാന്തയിലൂടെ വീടിനുള്ളിലേക്ക് കടക്കുമ്പോള്‍ പ്രവേശന കവാടം മുതല്‍ സീലിങ്ങിലെ പര്‍ഗോളകള്‍ക്കിടയിലൂടെ എത്തുന്ന നാച്വറല്‍ ലൈറ്റ് ഇടനാഴി വഴി ഉള്ളിലേക്കുകടക്കുമ്പോഴും നമ്മേ വഴികാണിക്കും. പൂമുഖം എന്ന സങ്കല്പത്തിലാണ് ഇവിടെ വരാന്ത ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഉയരം കൂടിയും കുറഞ്ഞും വീടിന്റെ പുറംകാഴ്ച പലലെവലുകളില്‍ പരന്നു കിടക്കുന്നു. ഡബിള്‍ ഹൈറ്റിലുള്ള വീടിന്റെ പ്രവേശനമാര്‍ഗ്ഗത്തിന് അത്രതന്നെ ഉയരമുള്ള പിവട്ടഡ് ഡോറാണ്. ബര്‍മ്മാ തേക്കുപയോഗിച്ചാണ് ഈ പ്രധാന വാതിലിന്റെ നിര്‍മ്മിതി.

സ്റ്റെയര്‍കേസാണ് താരം

ഉള്ളിലേക്ക് കടന്നാല്‍ ആദ്യം ശ്രദ്ധയാകര്‍ഷിക്കുക സ്റ്റെയര്‍കേസാണ്. ‘ഹെലിക്കല്‍’ ആകൃതിയിലുള്ള സ്റ്റെയര്‍കേസ് ആകൃതി കൊണ്ടും സീലിങ്ങിന്റെ സ്‌കൈലൈറ്റ് കടന്നു വരുന്ന പര്‍ഗോളകളുടെ ഡിസൈന്‍ കൊണ്ടും ഏറെ ശ്രദ്ധേയമാണ്. വടക്കു ഭാഗത്തുനിന്നുമുള്ള നാച്വറല്‍ ലൈറ്റിനെ ഉള്ളിലെത്തിക്കും വിധം സെന്‍ട്രല്‍ ഫോയറില്‍ നിന്നുമാണ് സ്റ്റെയര്‍ കേസിന്റെ സ്ഥാനം. മുകളില്‍ നിന്നും ഊര്‍ന്നുവീഴുന്ന സൂര്യപ്രകാശമാണ് അകത്തളത്തിലെല്ലാം നമ്മെ വഴി നടത്തുക. പൊതു ഇടങ്ങളുടെ ഭിത്തികള്‍ ഗ്ലാസുപയോഗിച്ചാണ്. ഇത് പുറത്തെ പ്രകൃതിയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നു. ഗ്ലാസുപയോഗിച്ചിരിക്കുന്ന ഇടങ്ങളിലെല്ലാം ഗ്ലാസിനൊപ്പം സുരക്ഷയ്ക്കായി അലുമിനിയം ഫെനിസ്‌ട്രേഷന്‍ സംവിധാനവും ഉപയോഗിച്ചിരിക്കുന്നു. ഇരിപ്പിടങ്ങളുടെ സമൃദ്ധിയുള്ള ഡ്രോയിങ് ഏരിയ വരാന്തയുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. പുറത്തെ ഓപ്പണ്‍ സ്‌പേസുമായി ആവശ്യാനുസരണം ഇടപഴകുവാന്‍ കഴിയും വിധമാണ് വലിയ ഗ്ലാസ് വാതിലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരുപാട് വര്‍ണ്ണങ്ങളൊന്നും എടുത്തു പ്രയോഗിച്ചിട്ടില്ല. അകത്തളങ്ങളിലെ ഫര്‍ണിഷിങ്ങില്‍ നിറങ്ങള്‍ക്കു സ്ഥാനം നല്‍കിയിട്ടുണ്ട്.

കിടപ്പുമുറികളുടെ പുറത്തെ ഭിത്തിക്ക് ഇറ്റലിയിലെ റോമിലുള്ള ക്വാറികളില്‍ നിന്നും നേരിട്ടു തെരഞ്ഞെടുത്ത നവോന ട്രവെര്‍ട്ടിനോ സ്ലാബുകളാണ്.കിടപ്പുമുറികളുടെ പുറത്തെ ഭിത്തിക്ക് ഇറ്റലിയിലെ റോമിലുള്ള ക്വാറികളില്‍ നിന്നും നേരിട്ടു തെരഞ്ഞെടുത്ത നവോന ട്രവെര്‍ട്ടിനോ സ്ലാബുകളാണ്

റിഫ്‌ളക്ഷന്‍ പൂളുമായി ഡ്രോയിങ് ഏരിയ

അകത്തളത്തില്‍ വളരെ മിതമായ മെറ്റീരിയലുകളും, ഡിസൈനിങ് നയവുമാണ് ഉപയോഗിച്ചിട്ടുള്ളത്. എക്‌സ്‌പോ സ്ഡ് ആര്‍സിസി സ്ട്രക്ചര്‍, ട്രവര്‍ട്ടിനോ ക്ലാഡിങ്, ഏറെ വലിപ്പമുള്ള ഗ്ലാസ് ഓപ്പണിങ്ങുകള്‍, ബര്‍മ്മതേക്കുപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ഫര്‍ണിച്ചര്‍, 83 ഇഞ്ച് നീളമുള്ള വലിയ ഗ്ലാസിലൂടെ പകല്‍ മുഴുവന്‍ വീടിനുള്ളില്‍ എത്തുന്നത് സമൃദ്ധമായ നാച്വറല്‍ ലൈറ്റ്. രാത്രിയില്‍ ഈ ഗ്ലാസും നൈറ്റ് ലൈറ്റും ചേര്‍ന്ന് ഒരു ശില്പം പോലെ വര്‍ത്തിക്കുന്നു, വീട്. എക്‌സ്‌പോസ്ഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ഈ വാസ്തുശില്പത്തിന്റെ നിര്‍മ്മാണ വേളയില്‍ തന്നെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളും വയറിങ്ങുകളുമെല്ലാം ഭിത്തിയ്ക്കും ഭിത്തിയിലെ ക്ലാഡിങ്ങിനും ഉള്ളിലൂടെ നല്‍കിയിരിക്കുന്നു. ഡ്രോയിങ് റൂമിനും പൂമുഖത്തെ പ്രവേശന കവാടത്തിനുമിടയിലൂടെ ഒഴുകുന്ന റിഫ്‌ളക്ഷന്‍ പൂള്‍ കുളിര്‍മ്മയുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നതോടൊപ്പം ഡ്രോയിങ് റൂമിന് കാഴ്ചവിരുന്നും തീര്‍ക്കുന്നു. മഞ്ഞനിറത്തിന്റെ അകമ്പടിയോടെയാണ് ഡൈനിങ് ഏരിയയിലെ ഫര്‍ണിച്ചര്‍ വിന്യസിച്ചിരിക്കുന്നത്. മാസ്റ്റര്‍ ബെഡ്‌റൂമിന്റെ സ്ഥാനം ഫസ്റ്റ് ഫ്‌ളോറിലാണ്. ഫാമിലി ലിവിങ്ങിനാകട്ടെ ക്ലാഡിങ് ചെയ്ത ഭിത്തിയും, ക്ലാഡിങ്ങിന്റെ ഡിസൈന്‍ നയം കടമെടുത്ത് ചെയ്തിരിക്കുന്ന ഫര്‍ണിച്ചര്‍ ഡിസൈനും, ബാല്‍ക്കണിയിലെ പച്ചപ്പും ഭംഗിപകരുന്നു. കുട്ടികളുടെ കിടപ്പുമുറിക്ക് അല്പം നിറച്ചാര്‍ത്ത് നല്‍കിയിട്ടുണ്ട്. കട്ടിലുമായി ചേര്‍ന്ന് ഇന്‍ബില്‍റ്റായി കുട്ടികള്‍ക്കിരുന്നു പഠിക്കാനും കളിക്കുവാനുമുള്ള സ്ഥലം ഒരു ഡെക്ക് പോലെ വുഡുപയോഗിച്ചു തീര്‍ത്തിരിക്കുന്നു.

വളരെ കുറച്ചു മെറ്റീരിയലുകള്‍ മാത്രം ഉപയോഗിച്ച് മിനിമലിസ്റ്റിക് നയത്തില്‍ വിശാലമായി ഒരുക്കിയിരിക്കുന്ന അകത്തളങ്ങള്‍. ഒരിടത്തും അധികമായി ഒന്നുമില്ല. സമൃദ്ധമായ നാച്വറല്‍ ലൈറ്റ് എല്ലായിടത്തുമെത്തുന്നുണ്ട്, സൂര്യപ്രകാശം ഉള്ളിലേക്ക് വഴി കാണിക്കുന്ന ഈ വീട് അതിന്റെ നിര്‍മ്മാണവൈവിധ്യത്താല്‍ ശ്രദ്ധേയമാകുന്നു.

 

Comments are closed.