July 11th, 2016
പിഴയ്ക്കാത്ത കണക്കുകൂട്ടല്‍

വീട് ഡിസൈന്‍ ചെയ്യുന്നതിനായി പീറ്റര്‍ ജോസിനെ
ഏല്‍പ്പിക്കുമ്പോള്‍ ബഡ്ജറ്റിനെക്കുറിച്ചും വീടിന് വേണ്ട സ്ഥലസൗകര്യങ്ങളെക്കുറിച്ചും
ആദ്യം തന്നെ പറഞ്ഞിരുന്നു. അതനുസരിച്ച് വീടിന്റെ ഇന്റീരിയറിനും
എക്സ്റ്റീരിയറിനും കൂടി ആകെ ചെലവായത് 20 ലക്ഷം രൂപ

കയ്യിലുള്ള പണത്തെക്കാള്‍ വലി യ തുക മുടക്കി വീട് വയ്ക്കുന്നവര്‍ പണയം വയ്ക്കുന്നത് സ്വന്തം മനസമാധാനമാണ്. എന്താ യാലും മനസ്സമാധാനം പണയം വച്ച് വീട് പണിയുവാന്‍ എഴുപുന്ന സ്വദേശി സിബി തയ്യാറായിരുന്നില്ല. അതിനാല്‍ വീട് ഡിസൈന്‍ ചെയ്യുന്നതിനായി ഡിസൈനര്‍ പീറ്റര്‍ ജോസിനെ ഏല്‍പ്പിക്കുമ്പോള്‍ ബഡ്ജറ്റിനെക്കുറിച്ചും വീടിന് വേണ്ട സ്ഥലസൗകര്യങ്ങളെക്കുറിച്ചും ആദ്യം തന്നെ പറഞ്ഞിരുന്നു. അതനുസരിച്ച് വീട് ഡിസൈന്‍ ചെയ്തപ്പോള്‍ ഇന്റീരിയറിനും എക്സ്റ്റീരിയറിനും കൂടി ചെലവായത് ആകെ 20 ലക്ഷം രൂപയാണ്. നീളമുള്ളതും പുറകിലേക്ക് മാത്രം വീതി കൂടിയതുമായ ആറ് സെന്റ് സ്ഥലത്ത്, പ്ലോട്ടിന്റെ സ്വഭാവത്തിനനുസരിച്ച് രണ്ട് നിലകളിലായാണ് വീട് ഒരുക്കിയിരിക്കുന്നത്.

ലളിത മനോഹരം
സമകാലിക ശൈലിയിലാണ് എലിവേഷന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സണ്‍ഷേഡുകളും ഡോര്‍ കം വിന്റോകളും ബാല്‍ക്കണിയുമാണ് വീടിന്റെ പുറം മോടി കൂട്ടുന്ന ഘടകങ്ങള്‍. ”1700 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തിലുള്ള വീടിന്റെ ഭിത്തി ചെങ്കല്ലുകൊണ്ടുള്ളതാണ്. അതിനാല്‍ ചിലവ് ഇരുപത് ശതമാനത്തോളം ചുരുക്കാന്‍ സാധിച്ചു.” ഡിസൈനര്‍ പീറ്റര്‍ ജോസ് പറയുന്നു. ഭിത്തികള്‍ പുട്ടിയിടാതെ വെറുതെ പെയിന്റ് ചെയ്തു. നല്ല ഉറപ്പുള്ള മണ്ണായതിനാല്‍ ഫൗണ്ടേഷനു മിനിമം പണികളെ വേണ്ടി വന്നുള്ളൂ. ഈ രണ്ട് കാര്യങ്ങളും മണലിന്റെയും സിമന്റിന്റെയും അളവ് കുറയ്ക്കാന്‍ സഹായിച്ചു.

മിനിമലിസ്റ്റിക് അകത്തളം
മൂന്ന് ബെഡ്‌റൂമുകള്‍, ലിവിങ് കം ഡൈനിങ് ഏരിയ, കിച്ചന്‍, വര്‍ക്ക് ഏരിയ, കാര്‍പോര്‍ച്ച്, ഓഫീസ് റൂം, അപ്പര്‍ ലിവിങ് എന്നിവയാണ് ഈ വീട്ടിലെ സ്ഥലസൗകര്യങ്ങള്‍. ഓപ്പണ്‍ നയത്തിലാണ് മുറികള്‍ വിന്യസിച്ചിരിക്കുന്നത്. മുകള്‍ നിലയില്‍ നിന്നും താഴെ നിലയിലേക്കുള്ള ആശയ വിനിമയത്തിനായി ഓപ്പണ്‍ ബാല്‍ക്കണിയോടു കൂടിയാണ് മുകള്‍ നില ഡിസൈന്‍ ചെയ്തിരിക്കുന്നത്. താഴെ നിലയുടെയും മുകള്‍ നിലയുടെയും ഇടയില്‍ സ്റ്റെയര്‍ ലാന്റിങ്ങിലാണ് ഓഫീസ്‌റൂം ഒരുക്കിയിരിക്കുന്നത്. മുറികളിലെല്ലാം വളരെ മിനിമലായി മാത്രമേ ഫര്‍ണിച്ചര്‍ ഉപയോഗിച്ചിട്ടുള്ളൂ. ”കൈവശമുണ്ടായിരുന്ന തടിക്ക് പുറമേ വളപ്പിലെ മരങ്ങളും ചേര്‍ത്ത് ഫര്‍ണിച്ചര്‍ തീര്‍ത്തു. അതിനാല്‍ മരപ്പണിയിനത്തില്‍ വലിയൊരു തുക ലാഭമുണ്ടായെന്ന്” സിബി അഭിപ്രായപ്പെടുന്നു. മുറികളില്‍ ഡോര്‍ കം വിന്റോകള്‍ ഉപയോഗിച്ചതിനാല്‍ വീടിനകത്ത് ധാരാളം വായുവും വെളിച്ചവും എത്തുന്നതിനോടൊപ്പം ബ്രിക്കുകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. വിട്രിഫൈഡ് ടൈലുകളും സെറാമിക് ടൈലുകളും വുഡന്‍ ടൈലുകളുമാണ് ഫ്‌ളോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. ഈ ടൈലുകളുടെയെല്ലാം ബാക്കി വന്ന കഷ്ണങ്ങളാണ് സ്റ്റെയര്‍കേസിനും കാര്‍ പോര്‍ച്ചിനുമെല്ലാം ഉപയോഗിച്ചിരിക്കുന്നത്.

അടുക്കളയിലെ സൗകര്യങ്ങള്‍ ആധുനികമാണെങ്കിലും നിര്‍മ്മാണം ലളിതമാണ്. കിച്ചനിലെ ക്യാബിനറ്റുകള്‍ക്കെല്ലാം പ്ലൈവുഡാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
സൗകര്യങ്ങളുടെ വെട്ടിച്ചുരുക്കലുകള്‍ കൊണ്ടല്ല സിബിയുടെ വീട് 20 ലക്ഷത്തിനുള്ളില്‍ തീര്‍ക്കാനായത്; മറിച്ച് ഡിസൈനറും ക്ലൈന്റും തമ്മിലുണ്ടായിരുന്ന പരസ്പരധാരണ കൊണ്ടാണ്. ഈ ധാരണയുണ്ടെങ്കില്‍ ആര്‍ക്കും തന്റെ കണക്കു കൂട്ടലുകള്‍ക്കനുസരിച്ചുള്ള ബഡ്ജറ്റില്‍ വീട് പണി പൂര്‍ത്തിയാക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് സിബിയുടെ വീട്.

Leave a Reply

Your email address will not be published. Required fields are marked *