September 8th, 2015
ആഗ്രഹത്തിനൊത്ത്

 

പച്ചപ്പരവതാനി വിരിച്ച മുറ്റത്തിന് കേരവൃക്ഷങ്ങള്‍ അതിരിട്ടു നില്‍ക്കുന്നു. 70 സെന്റിന്റെ പ്ലോട്ടിനു നടുവില്‍ സ്വാഭാവികമായി പൊട്ടിമുളച്ചതുപോലെ ഗ്രേ വൈറ്റ് നിറങ്ങളിലുള്ള ഒരു വീട്. പുറത്തെ പച്ചപ്പിന്റെ കാഴ്ചകള്‍ അകത്തളങ്ങളിലെത്തിക്കുന്ന വലിയ ജാലകങ്ങള്‍ കണ്‍തുറക്കുന്നതാണ് വീടിന്റെ മുഖകാന്തി. കോഴിക്കോട്ടുള്ള ഡിസൈന്‍ ഫാക്ടറിയിലെ ഡിസൈനറായ മുഹമ്മദ് ഷെറീഫാണ് ഈ വീടിന്റെ ആര്‍ക്കിടെക്ചറല്‍, ഇന്റീരിയര്‍ വര്‍ക്കുകള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്.
അകത്തളങ്ങള്‍ വിശാലവും ഏറെക്കുറെ കാലിക ശൈലിക്കനുസരിച്ചുള്ളതുമാണ്. വീട്ടുടമയായ മുസ്തഫയ്ക്ക് ‘അകത്തളങ്ങളിലെ ഓരോ ഇടവും വിശാലമാകണം; തിക്കും തിരക്കും ഇല്ലാത്തതായിരിക്കണം; കണ്ടാല്‍ റിച്ച്‌ലുക്ക് ഉണ്ടാവണം’ എന്നെല്ലാം നിര്‍ബന്ധമായിരുന്നു. മറ്റൊരാഗ്രഹമായിരുന്നു, കാറ്റും വെളിച്ചവും കടന്നുവരുന്ന തുറന്ന അകത്തളങ്ങള്‍.
സിറ്റൗട്ട്, മജ്‌ലിസ്, ലിവിങ്, ഫാമിലി ലിവിങ്, ലേഡീസ് സിറ്റിങ്, പ്രെയര്‍ ഏരിയ, 2 ബെഡ്‌റൂമുകള്‍, കിച്ചന്‍, വര്‍ക്കേരിയ, വര്‍ക്കിങ് കിച്ചന്‍ ഇത്രയും ഇടങ്ങളാണ് താഴത്തെ നിലയില്‍. മുകളില്‍ ലിവിങ്, സ്റ്റഡി ഏരിയ, 3 ബെഡ്‌റൂമുകള്‍, ഒരു സ്വിമ്മിങ് പൂള്‍, മുന്‍ഭാഗത്ത് ഒരു ബാല്‍ക്കണി എന്നിവയും.
പാതി കന്റംപ്രറി
സെമി കന്റംപ്രറി ശൈലിയാണ് എല്ലായിടത്തും സ്വീകരിച്ചിരിക്കുന്നത്. സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷന്‍ സംവിധാനമാണ് വീടിനകത്ത്. ഡബിള്‍ ഹൈറ്റില്‍ ചെയ്തിരിക്കുന്ന അകത്തളങ്ങളുടെ ഭിത്തിയുടെ മുകള്‍ഭാഗത്തു വരെ ജനലുകള്‍ നല്‍കിയിരിക്കുന്നു. ഇത് വീടിനുള്ളില്‍ കാറ്റും വെളിച്ചവും എത്തിക്കുകയും ചൂടു കുറയ്ക്കുകയും ചെയ്യുന്നു. ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ് ഇവയൊക്കെ തമ്മില്‍ മറ തീര്‍ത്തിട്ടുണ്ടെങ്കിലും അവ ഭാഗികമായാണ് ചെയ്തിരിക്കുന്നത്. ഫാമിലി ലിവിങ്ങും ലേഡീസ് സിറ്റിങ് ഏരിയയും തമ്മില്‍ വേര്‍തിരിക്കുന്നത് നടുവില്‍ ഡബിള്‍ ഹൈറ്റില്‍ തീര്‍ത്തിരിക്കുന്ന സ്‌കൈലൈറ്റ് കോര്‍ട്ട്‌യാര്‍ഡാണ്. ചെടികള്‍ക്കും സ്ഥാനം നല്‍കിയിരിക്കുന്ന, സൂര്യപ്രകാശം എത്തിനോക്കുന്ന ഈ പെബിള്‍ കോര്‍ട്ട്‌യാര്‍ഡിന് അകത്തളത്തില്‍ സുപ്രധാന സ്ഥാനമുണ്ട്.
തേക്കുതടിയില്‍ ഹാന്റ്‌റെയ്‌ലുകള്‍ തീര്‍ത്തിരിക്കുന്ന സ്റ്റെയര്‍കേസിന്റെ സ്ഥാനം ഡൈനിങ് ഏരിയയില്‍ നിന്നുമാണ്. കസ്റ്റംമെയ്ഡ് ഫര്‍ണിച്ചറാണ് ഡൈനിങ് ഏരിയയില്‍. വിശാലമായ ഡൈനിങ് ഏരിയയുടെ ഒരരുകില്‍ കൊറിയന്‍ സ്റ്റോണ്‍ ഉപയോഗിച്ച് വാഷ് ഏരിയയെ ശ്രദ്ധേയമാക്കിയിരിക്കുന്നു. വലിയ മിററും ലൈറ്റിങ്ങും വാഷ് ഏരിയയെ ആകര്‍ഷകമാക്കുന്നു. എല്ലായിടങ്ങളിലും വുഡും ജിപ്‌സവും ഉപയോഗിച്ച് സീലിങ് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഓരോയിടത്തും ഓരോ തീമാണ് സീലിങ്ങിന്. ഗൃഹനാഥന്‍ മുസ്തഫയുടെ അഭിപ്രായമനുസരിച്ച് വീടിന് ‘റിച്ച് ലുക്ക്’ നല്‍കുന്നത് ഈ അലങ്കാരങ്ങളാണ്.
തീം അനുസരിച്ച്
ബെഡ്‌റൂമുകള്‍ പലതരം ഒരുക്കങ്ങളാല്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. വുഡന്‍ ഫ്‌ളോറിങ്ങിന്റെ പ്രൗഢിയോടെ ഒരുക്കിയിരിക്കുന്ന മാസ്റ്റര്‍ ബെഡ്‌റൂമിന് കസ്റ്റംമെയ്ഡ് ഫര്‍ണിച്ചറാണ്. കട്ടിലിന്റെ ഹെഡ്‌ബോഡും അതിനോട് ചേര്‍ന്നുള്ള ഭിത്തിയും ഹൈലൈറ്റ് ചെയ്തിരിക്കുന്നു. സീലിങ്ങിലുള്ളത് വുഡന്‍ പര്‍ഗോളകളും. മാസ്റ്റര്‍ ബെഡ്‌റൂമിനോട് ചേര്‍ന്ന് ഗ്ലാസ് പാര്‍ട്ടീഷന്‍ നല്‍കി അതിനപ്പുറം തീര്‍ത്തിരിക്കുന്ന സ്വിമ്മിങ് പൂള്‍ ആഡംബരവും ആകര്‍ഷകത്വവും ഉറപ്പാക്കുന്നു.
കിഡ്‌സ്‌റൂമിന്റെ ഒരുക്കങ്ങള്‍ മുഴുവന്‍ മാംഗോ തീമിലാണ്. കട്ടിലിന്റെയും ബെഡിന്റെയും ആകൃതി വരെ മാങ്ങയുടെ ആകൃതിയിലാണ്. ഇവ സൈറ്റില്‍ വച്ചു തന്നെ ചെയ്‌തെടുത്തതാണ്. ഭിത്തിയിലെ മഞ്ഞയും പച്ചയും നിറത്തിലുള്ള മാംഗോ ഡിസൈനുകള്‍ മുറിക്ക് ഏറെ ആകര്‍ഷകത്വം പകരുന്നു.
അടുക്കളയ്ക്ക് ഐലന്റ് മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. തൊട്ടടുത്തുതന്നെ വര്‍ക്കേരിയയും വര്‍ക്കിങ് കിച്ചനുമുണ്ട്. വെള്ളനിറത്തിനാണ് അടുക്കളയില്‍ പ്രാമുഖ്യം. കൊറിയനാണ് കൗണ്ടര്‍ടോപ്പിന്. അടുക്കളയിലെ സീലിങ്ങും വുഡും ഇന്‍ഡയറക്റ്റ് ലൈറ്റിങ്ങും കൊണ്ട് ആകര്‍ഷകമാക്കാന്‍ മുഹമ്മദ് ഷെരീഫ് മറന്നില്ല.
പ്ലോട്ട് മൊത്തത്തില്‍ 70 സെന്റ് ഉണ്ടായിരുന്നതുകൊണ്ട് ലാന്‍ഡ്‌സ്‌കേപ്പും വിശാലമായി തന്നെ ഒരുക്കുവാന്‍ കഴിഞ്ഞു. പ്ലോട്ടിലുണ്ടായിരുന്ന കിണറിനെ സംരക്ഷിച്ച് മഴവെള്ള സംഭരണി കൂടിയാക്കിയിട്ടുണ്ട്. സ്ഥലവിസ്തൃതി ഉണ്ടായിരുന്നതിനാല്‍ വീട്ടില്‍ നിന്ന് അല്പം അകന്ന് ഒരു ഭാഗത്ത് ഔട്ട് ഹൗസിനും സ്ഥലം കണ്ടെത്തിയിരിക്കുന്നു. ഇവിടെയാണ് ഡ്രൈവേഴ്‌സ് റൂമും മറ്റ് സൗകര്യങ്ങളും. വീട്ടുകാരുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ച് ആകര്‍ഷകത്വവും ആഡംബരവും ഇഴചേര്‍ത്ത് സെമി കന്റംപ്രറി ഡിസൈനിങ് നയത്തിലൊരുക്കിയ വീട് ഡിസൈനര്‍ക്കും വീട്ടുകാര്‍ സംതൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *