ആര്‍ഭാടം വേണ്ട; കോമണ്‍സെന്‍സ് വേണം

ആര്‍ക്കിടെക്റ്റ് സിന്ധു വി

കേരളം പോലെ ഇത്ര നല്ല ഭൂമി വേറെ എവിടെയുണ്ട്? മറ്റു രാജ്യങ്ങളെ, അവിടുത്തെ തൊഴില്‍, സംസ്‌കാരം ഇവയൊക്കെ നോക്കി പഠിക്കാതെ നമ്മുടെ നാടിന്റെ സംസ്‌കാരവും കാലാവസ്ഥയും അതിനു അനുബന്ധിച്ചുള്ള ജീവിത രീതിയും, വസ്ത്ര ധാരണവും നിര്‍മ്മാണവും ഒക്കെയായി മുന്നോട്ടു പോകണം. ഇത്തരം കാര്യങ്ങളെക്കുറി ച്ച് ആലോചിക്കേണ്ട സമയമാണ് ഇത്. കൃഷി നല്ലൊരു അവസരമായി തെരഞ്ഞെടുക്കാം അവനവന് ആവശ്യമുള്ളത് എങ്കിലും സ്വയം ഉല്പാദിപ്പിക്കുവാനാകണം. ഭൂമി മുഴുവന്‍ കെട്ടിടം പണിതു കൂട്ടാനുള്ളതല്ല. കൃഷിഭൂമിയും വേണം. കൃഷി ഭൂമിയെ കുറിച്ച് പറയുകയാണെങ്കില്‍ വളരെ തിരക്കുപിടിച്ച ഒരു നഗരത്തിനു നടുവില്‍ കുറെ സ്ഥലം കൃഷിക്കായി മാറ്റിയിടുന്നതില്‍ അര്‍ത്ഥമില്ല. കൃഷിഭൂമി വാസസ്ഥലങ്ങള്‍ക്ക് പുറത്താകണം. ഈ കാര്യത്തില്‍ സര്‍ക്കാരും ശ്രദ്ധിക്കേണ്ടതുണ്ട്. ‘ഔട്ട് ഓഫ് ദി ബോക്‌സ്’ ആയി ചിന്തിക്കാന്‍ കഴിയണം. എല്ലാത്തിനും ഗവണ്മെന്റിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വിദ്യാഭ്യാസത്തിലൂടെ പലപ്പോഴും സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ലഭിക്കുക. ഒരു അടിസ്ഥാന യോഗ്യത മതി. ബാക്കി നമ്മുടെ കോമണ്‍ സെന്‍സ് കൊണ്ട് നാം രൂപപ്പെടുത്തി എടുക്കേണ്ടതാണ്. സഹായിക്കുവാനുള്ള മനസ് ഉണ്ടാകണം. ഈഗോ കളഞ്ഞ് ഒത്തൊരുമയോടെ മുന്നോട്ടു പോകണം. നമ്മുടെ വിഭവങ്ങള്‍ നന്നായി ഉപയോഗിക്കണം. നമ്മുടെ തൊഴില്‍ മേഖലകള്‍ വിപുലമാകണം. വര്‍ഷം തോറും ഒരുപാട് ആര്‍ക്കിടെക്റ്റുകളും ഡോക്ടര്‍മാരും പഠനം കഴിഞ്ഞു പുറത്തിറങ്ങുന്നു. ഇവരെല്ലാം എവിടെ ജോലി ചെയ്യും. ഈ രണ്ടു മേഖലകള്‍ അല്ലാതെ മറ്റ് എന്തൊക്കെ തരം കഴിവുകളും ജോലികളും ജോലി സാധ്യതകളും ഇവിടെയുണ്ട്. അതൊന്നും നാം പ്രയോജനപ്പെടുത്തുകയോ, അത്തരം കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കുകയോ ചെയ്യുന്നില്ല.
മറ്റ് നാടുകളിലെ തൊഴിലാളികള്‍ ഇവിടെ ധാരാളമുണ്ട്. ഗള്‍ഫ് നാടുകളിലും മറ്റുമായി എത്ര മലയാളികളാണ് ജോലി ചെയ്യുന്നത്. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നമ്മുടെ എത്ര ആളുകളാണ് തൊഴില്‍ നഷ്ട്ടപ്പെട്ട് ഇങ്ങോട്ട് തിരിച്ചെത്തുന്നത് ഇവര്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ നോക്കിയിട്ടുണ്ടോ? എന്തുകൊണ്ടാണ് ഇത്രയധികം തൊഴില്‍ ഇല്ലായ്മ ഇവിടെ കൂടാന്‍ കാരണം? ആളുകള്‍ പ്രാദേശികമായ തൊഴിലിലേക്കും തൊഴില്‍ സാധ്യതകളിലേക്കും തിരിച്ചു വരുവാന്‍ തയ്യാറാകാത്തതുകൊണ്ടാണ്. ഇവിടുത്തെ മറുനാടന്‍ തൊഴിലാളികളെ നോക്കൂ. അവര്‍ ലളിതമായ ജീവിതം വസ്ത്ര ധാരണം, ഭക്ഷണം ഒക്കെയായി ജീവിക്കുന്നവര്‍ ആണ്. അതുകൊണ്ടു തന്നെ അവരുടെ കയ്യില്‍ പണം ഉണ്ട്. എന്തുകൊണ്ടാണ് നമ്മുടെ കയ്യില്‍ പണമില്ലാത്തത്. നമുക്ക് ഒരുപാട് ചെലവുകളും ആര്‍ഭാടവും ആണ്. ഇത്രയധികം ചെലവഴിക്കേണ്ടതുണ്ടോ, നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ആര്‍ക്കിടെക്റ്റുകളുടെ സമൂഹവും മാറി ചിന്തിക്കേണ്ട സമയമായി. ഒരു ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ എന്ത് ഡിസൈന്‍ ചെയ്യുമ്പോഴും ആ ഡിസൈനിനേയും, അതിനു പിന്നില്‍ ഉള്ള കാര്യങ്ങളെയും കുറിച്ച് ഒരു പുനര്‍ ചിന്ത നന്നായിരിക്കും. ആ ഡിസൈന്‍ ഒരു കെട്ടിടമായി മാറുമ്പോള്‍ അതുകൊണ്ട് എന്തൊക്കെ ആവശ്യങ്ങള്‍ നിറവേറുന്നുണ്ട്, അതിന് എന്തൊക്കെ പരിമിതികള്‍ ഉണ്ട്, ഇത്തരം നിര്‍മ്മാണങ്ങള്‍ ആവശ്യമാണോ, ഇതൊക്കെ ആലോചിക്കുകയും പുതിയൊരു നിര്‍മ്മാണ സംസ്‌കാരം രൂപപ്പെടുത്തി എടുക്കുകയും ചെയ്യേണ്ട സമയമാണിത്.

About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*