July 7th, 2014
ഇതല്ലേ സോഷ്യല്‍ ആര്‍ക്കിടെക്ചര്‍?

ജീവിത പാതയില്‍ ഒരു കൂര കുത്തിക്കൂട്ടാന്‍ കൊല്ലത്തുകാരനായ രവീന്ദ്രന്‍ കര്‍മ്മ എന്ന മനുഷ്യന്‍ നടത്തിയ സഹനങ്ങള്‍ക്കിടയില്‍ സഹോദരിയുടെ വേര്‍പാടുണ്ട്, അവരുടെ അനാഥരായ മക്കളുടെ കണ്ണുനീരുണ്ട്, മുന്തിയ ആള്‍ക്കാര്‍ താമസിക്കുന്ന ഹൗസിങ് കോളനിയില്‍ പോയി ഒന്നരസെന്റ് സ്ഥലം വാങ്ങിയതിന് സഹിച്ച അപമാനത്തിന്റെ കദനകഥയുമുണ്ട്. ഇതിനെല്ലാം പുറമെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ആര്‍ക്കിടെക്റ്റിന്റെ നിശ്ചയദാര്‍ഢ്യം നിറഞ്ഞ പ്രവര്‍ത്തനവും കൂടിയുണ്ട്.
‘ശരാശരിയോ അതില്‍ താ ഴ്ന്നതോ ആയ വരുമാനമുള്ളവന് നല്ലൊരു വീടു വയ്ക്കണമെങ്കില്‍ നടക്കില്ല എന്നതാണ് ഇന്നത്തെ സാഹചര്യം. സ്വിമ്മിങ് പൂളില്ലാത്ത, ലാന്‍ഡ്‌സ്‌കേപ്പില്ലാത്ത, മുന്തിയ നിര്‍മ്മാണ സങ്കേതങ്ങളും സാമഗ്രികളുമില്ലാത്ത, നിറമില്ലാത്ത ചുമരുകളുള്ള വീടിനെക്കുറിച്ച് ധനികര്‍ക്ക് ചിന്തിക്കാനാവില്ല. എന്നാല്‍ ഒരു ശരാശരിക്കാരന് കയറിക്കിടക്കാന്‍ ഒരു പാര്‍പ്പിടമാണാവശ്യം. അത് നിര്‍മ്മിച്ചു കൊടുക്കാന്‍ ഒരു ആര്‍ക്കിടെക്റ്റിന് കഴിഞ്ഞില്ലെങ്കില്‍ അയാള്‍ പഠിച്ച പ്രൊഫഷണല്‍ കോഴ്‌സുകൊണ്ട് എന്തു മെച്ചമാണുള്ളത്? ആര്‍ക്കിടെക്റ്റുകള്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവരായിരിക്കണം. സോഷ്യല്‍ ഡിസൈനുകള്‍ വഴി ഒരു വ്യക്തിയുടെ ജീവിതനിലവാരത്തില്‍ തന്നെ പ്രകടമായ മാറ്റം കൊണ്ടു വരുവാന്‍ സാധിക്കും.” ആര്‍ക്കിടെക്റ്റ് മനോജ് കുമാര്‍ കിണി പറയുന്നു. കൊല്ലത്ത് ഒന്നര സെന്റില്‍ 4.5 ലക്ഷത്തിന് ആര്‍ക്കിടെക്റ്റ് മനോജ് കുമാര്‍ കിണി പണിതീര്‍ത്ത വീട് ഇത്തരത്തില്‍ ഒരു വ്യക്തിയുടെ ജീവിതനിലവാരം തന്നെ ഉയര്‍ത്താനായ ഒന്നാണ്.
പരിമിതികള്‍ക്കൊടുവില്‍
മെച്ചപ്പെട്ട സാമ്പത്തിക ചുറ്റുപാടുള്ള ആളുകള്‍ താമസിക്കുന്ന ഒരു ഹൗസിങ് കോളനിയുടെ നടുവില്‍ വെറും സാധാരണക്കാരനായ രവീന്ദ്രന്‍ വാങ്ങിയത് ഒന്നരസെന്റ് സ്ഥലം. പ്ലോട്ടിനെ ചുറ്റി റോഡ്. തൊട്ടടുത്ത് ഒരു ക്ഷേത്രം. പരിമിതികള്‍ വേണ്ടത്ര. പരാതികളും ഏറെ. വര്‍ക്ക്‌ഷോപ്പ് ഉടമയായ രവീന്ദ്രന്റെ ജീവിതനിലവാരത്തിനു നേരെ ഉയര്‍ന്ന പരിസരവാസികളുടെ അഭിപ്രായപ്രകടനങ്ങള്‍ രവീന്ദ്രന്റെയും ഭാര്യ മിനി, മക്കളായ മഞ്ചിമ, നവനീത് കൃഷണന്‍ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ മനസ് തകര്‍ത്തു. ഇവിടെ വീടുപണി നടക്കില്ല; ഇനിയെന്ത് ചെയ്യും എന്നുള്ള ചിന്താഭാരത്തോടെ ഈ സ്ഥലം വാങ്ങിക്കുവാന്‍ പ്രേരിപ്പിച്ച തന്റെ അധ്യാപകനും അഭ്യുദയകാംക്ഷിയുമായ മാഷിനെ രവീന്ദ്രന്‍ ചെന്നു കണ്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍ രവീന്ദ്രന് അല്പം ആശ്വാസം പകര്‍ന്നു. ആ അധ്യാപകന്‍ തന്റെ മകനും ആര്‍ക്കിടെക്റ്റുമായ മനോജ് കിണിയോട് മനോജിന്റെ ബാല്യകാല സുഹൃത്തുകൂടിയായ രവീന്ദ്രന്റെ അവസ്ഥ വിവരിച്ചു. രവീന്ദ്രന് എങ്ങനെയും ഒരു വീട്. അതായി പിന്നീടവരുടെ കൂട്ടായ ലക്ഷ്യം.
രവീന്ദ്രന് വര്‍ക്ക്‌ഷോപ്പാണ്. വീടുപണി തുടങ്ങും മുമ്പേ ആര്‍ക്കിടെക്റ്റ് രവീന്ദ്രനോട് പറഞ്ഞു, വര്‍ക്ക്‌ഷോപ്പില്‍ പണികഴിഞ്ഞു മിച്ചം വരുന്ന സ്റ്റീല്‍ കമ്പിയായാലും പൈപ്പായാലും എന്തായാലും സൂക്ഷിച്ചു വയ്ക്കുക എന്ന്.
ഒരു നേര്‍രേഖയിലാണ് വീടിന്റെ പ്ലാന്‍ മനോജ് തയ്യാറാക്കിയത്. സെറ്റ്ബാക്ക് വിടാന്‍ സ്ഥലം, ക്ഷേത്രത്തേക്കാള്‍ ഉയരം പാടില്ല, ഇങ്ങനെയുള്ള കാര്യങ്ങള്‍ പരിഗണിച്ചിരുന്നു. റോഡില്‍ നിന്നും ഒരുമീറ്റര്‍ സെറ്റ്ബാക്ക് കൊടുത്തു. ഒരു വശത്ത് 1.20 മീറ്ററും മറുവശത്ത് 1 മീറ്ററും ഒഴിച്ചിട്ട് ചുറ്റുമതിലിനുള്ള സ്ഥലവും കണ്ടെത്തിയപ്പോള്‍ അടുത്ത പ്രശ്‌നം തൊട്ടടുത്ത വീട്ടില്‍ നിന്നും 60 സെന്റീമീറ്ററില്‍ കൂടുതല്‍ ദൂരമില്ലാത്തവശത്ത് വരുന്ന ഭിത്തിയില്‍ ജനല്‍ വയ്ക്കുവാന്‍ പറ്റില്ല. ആര്‍ക്കിടെക്റ്റ് മനോജ് അതിനും പരിഹാരം കണ്ടു. ഭിത്തിയില്‍ ഉയരത്തില്‍ റൂഫിനോടു ചേരുന്ന ഭാഗത്ത് നീളമുള്ള സ്റ്റീല്‍ കമ്പികള്‍ ഉപയോഗിച്ച് ലൂവറുകള്‍ സ്ഥാപിച്ചു. മറുവശത്ത് സാധാരണ ജനലുകള്‍തന്നെ കൊടുത്തു. വീടിനുള്ളില്‍ കാറ്റിനും വെളിച്ചത്തിനും ഇങ്ങനെ വഴിയൊരുക്കി.
മഡ്ബ്രിക്കുകള്‍ കൊണ്ട് സ്ട്രക് ചര്‍ തീര്‍ത്തു. ബലത്തിനു വേണ്ടത്ര മാത്രം സിമന്റ് ചേര്‍ത്തു. പ്ലോട്ടിലുണ്ടായിരുന്ന ആകെ ഒരു മരം പ്ലാവായിരുന്നു. അത് മുറിച്ച് തടിപ്പണികള്‍ നടത്തി. പിന്നെ വര്‍ക്ക് ഷോപ്പിലെ മിച്ചം വന്ന സ്റ്റീല്‍ കഷ്ണങ്ങള്‍ വെല്‍ഡ് ചെയ്ത് ഡിസൈന്‍ പാറ്റേണ്‍ തീര്‍ത്ത് ജനാലകള്‍ക്കു ഗ്രില്ലു സ്ഥാപിച്ചു. റൂഫിന് ട്രസ് വര്‍ക്കാണ്. ടൈലുകടകളുടെ ഗോഡൗണില്‍ നിന്നും തിരിവായി ഉപേക്ഷിച്ചിട്ടിരുന്ന ടൈലുകള്‍ ശേഖരിച്ചു. ബ്രിക്ക് വര്‍ക്കിനു മാത്രം പുറത്തുള്ള പണിക്കാരെ വിളിച്ചു. ബാക്കിയെല്ലാം രവീന്ദ്രന്റെ അധ്വാനമാണ്.
എല്ലാം തികഞ്ഞ്
പുറത്തുനിന്നും കടക്കുന്നത് ഒരു കൊച്ചു ഫോയറിലേക്ക്; അവിടെ ഇരുപുറവുമുള്ള സ്റ്റോറേജ് കബോഡുകള്‍ക്കു മുകളില്‍ തന്നെയാണ് ഇരിപ്പിടവും ഒരുക്കിയത്. ഫോയറില്‍ നിന്നും രണ്ടുപടി താഴ്ത്തി ഡ്രോയിങ് കം ഡൈനിങ്. ടി.വി. കാണാനും എല്ലാം സ്ഥലം ഇവിടെയാണ്. ഡ്രോയിങ്ങിനപ്പുറം ഒരു ചെറിയ ഇടനാഴി, ഒരു ബെഡ്‌റൂം, കിച്ചന്‍. പുറത്ത് ഒരു ബാത്ത്‌റൂം. ഒരു വീടിന്റെ അടിസ്ഥാനാവശ്യങ്ങള്‍ ഏതാണ്ടെല്ലാം ഉള്‍ക്കൊള്ളിച്ചു ആര്‍ക്കിടെക്റ്റ്. രണ്ട് കുട്ടികള്‍ക്ക് വേണ്ടി പഠനമുറിയോ, ബെഡ്‌റൂമോ കൂടി ഉണ്ടാക്കാനാകുമോ എന്ന ചിന്തയില്‍ നിന്നും വീടുപണി കുറെ കൂടി വിപുലീകരിക്കുകയായി. ഡ്രോയിങ് ഏരിയക്ക് ഡബിള്‍ ഹൈറ്റ് നല്‍കി. പലയിടത്തു നിന്നും ശേഖരിച്ചു വച്ച കമ്പികള്‍ കൊണ്ട് ഒരു ഇടുങ്ങിയ ലാഡര്‍ എന്നു പറയാവുന്ന ഒരു ഗോവണിയും കൈവരിയും തീര്‍ത്തു. താഴെ നിലയിലെ കിച്ചന്റെയും ബെഡ്‌റൂമിന്റെയും മുകളില്‍ വരത്തക്കവിധം കോമണ്‍ ബാത്ത് റൂമോടെ അറ്റാച്ച്ഡ് ബെഡ്‌റൂമുകള്‍ പണിതു. അതോടെ കുട്ടികളുടെ ആവശ്യ ങ്ങള്‍ക്കു പരിഹാരമായി. ‘കാര്യമായ ഇന്റീരിയര്‍ വര്‍ക്കുകളൊന്നും തന്നെ ഇവിടെ ചെയ്തിട്ടില്ല. അതൊക്കെ ഭാവിയില്‍ ഉള്ളതിനനുസരിച്ചെന്ന്’ രവീന്ദ്രന്‍ പറഞ്ഞു. പ്രത്യേകം ഡൈനിങ് ഏരിയ, കിച്ചനില്‍ കബോഡുകള്‍, വര്‍ക്കേരിയ തുടങ്ങിയ സ്വപ്നങ്ങളേയും ആഗ്രഹങ്ങളേയും അടക്കി നിറുത്തിയിരിക്കുകയാണ് ഇവര്‍. അതിനുള്ള സ്ഥലവും സാധ്യതകളും മനോജ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ‘കയറികിടക്കാന്‍ ഞങ്ങള്‍ക്ക് നല്ലൊരു വീടു ലഭിച്ചല്ലോ. അതുതന്നെ ധാരാളമാണ്. ഇനിയൊക്കെ വരവിനനുസരിച്ച്’ രവീന്ദ്രന്‍ വളരെ സന്തുഷ്ടനാണ്.
മനോജ് കിണി എന്ന ആര്‍ക്കിടെക്റ്റ് ഇത് സ്വന്തം വീടുനിര്‍മ്മാണമായാണ് കണ്ടത്. ഇതില്‍ അദ്ദേഹത്തിനു കിട്ടിയ പ്രതിഫലം മാനസിക സംതൃപ്തി മാത്രമാണ്. ഈ വീടു നിര്‍മ്മാണത്തോടെ രവീന്ദ്രന്‍ കര്‍മ്മ എന്ന മനുഷ്യനും കുടുംബത്തിനും കൊല്ലത്ത് കൈരളി നഗര്‍ എന്ന ഹൗസിങ് കോളനിയിലും, കുട്ടികള്‍ക്ക് അവരുടെ സ്‌കൂളിലും ഉണ്ടായ അംഗീകാരം, വളര്‍ച്ച ഇവയൊക്കെ വളരെ വലുതാണ്. അതുവഴി അവര്‍ക്ക് ലഭിച്ച വൈകാരിക സുരക്ഷിതത്വവും അളക്കാനാവാത്തതാണ്.
‘ഇത്തരമൊരു 50 വീടുകള്‍ തീര്‍ക്കുക വഴി ഒരു സമൂഹത്തെ തന്നെ മാറ്റുവാന്‍ കഴിയും. കയറിക്കിടക്കുവാന്‍ ഒരു വീട് സ്വന്തമാകുന്നതോടെ ഒരുവന് സമൂഹത്തിലുണ്ടാകുന്ന അംഗീകാരം ചെറുതല്ല. അതുവഴി അവന്റെ ചുറ്റുപാടുകളും വ്യക്തിബന്ധങ്ങളും വ്യക്തിത്വവുമാണ് വികസിക്കുന്നത്. ഒപ്പം സമൂഹവും വികസിക്കുകയാണ്. ഇവിടെയാണ് ആര്‍ക്കിടെക്റ്റിന്റെ സാമൂഹിക പ്രതിബദ്ധത പൂര്‍ത്തിയാകുന്നത്. ഇവിടെയാണ് ആര്‍ക്കിടെക്ചറിന്റെ സാമൂഹ്യ പ്രസക്തി. എല്ലാ ആര്‍ക്കിടെക്റ്റുകളും ഒരു വര്‍ഷത്തില്‍ ഒന്ന് എന്ന കണക്കില്‍ ഇത്തരം പ്രോജക്റ്റുകള്‍ ചെയ്യാനുള്ള ഹൃദയവിശാലത കാണിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഇവിടുത്തെ പാര്‍പ്പിടനിര്‍മ്മാണാവശ്യം ഒരു പരിധിവരെ നിറവേറും. അതിനുവേണ്ടി സ്വയം പാകപ്പെടുവാന്‍, പേരിനോടും പെരുമയോടും കനത്ത ഫീസിനോടും വിട്ടുവീഴ്ച ചെയ്യാന്‍ നമ്മുടെ ആര്‍ക്കിടെക്റ്റുകള്‍ക്കാവണം.” ആര്‍ക്കിടെക്റ്റ് മനോജ് കുമാറിന് പറയാനുള്ളത് ഇത്രമാത്രം’. ഈ വീടുതന്നെയല്ലേ സോഷ്യല്‍ ആര്‍ക്കിടെക്ചറിന്റെ യഥാര്‍ത്ഥ ഉദാഹരണം?

2 thoughts on “ഇതല്ലേ സോഷ്യല്‍ ആര്‍ക്കിടെക്ചര്‍?

  1. ഈ വീടിനു നല്കുന്ന 100 മാർകിനെക്കൾ മനോജ്‌ കിനിയെന്ന്ന ആർകിറ്റെച്റ്റിന്റെ സാമൂഹിക പ്രതിബനതതക്കു 100 മാര്ക്ക്.

Leave a Reply

Your email address will not be published. Required fields are marked *