ഇന്‍ഡ്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ ഗോള്‍ഡ് റേറ്റിങ് ലഭിച്ച കേരളത്തിലെ ആദ്യത്തെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റാണ് കാക്കനാടുള്ള നോയല്‍ ഗ്രീന്‍ നേച്വര്‍. 2.5 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഫ്‌ളാറ്റ് സമുച്ചയവും പരിസരവും നിയമാനുസൃതമായ എഫ്.എ.ആര്‍. അനുസരിച്ചും ഗ്രീന്‍ ആര്‍ക്കിടെക്ചറിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടും നിര്‍മ്മിക്കപ്പെട്ടതാണ്. കൊച്ചിയിലെ ജിബു ആന്റ് തോമസ് ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റായ ജിബു ജോണാണ് ഈ കെട്ടിടത്തിന്റെ ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ നിര്‍വഹിച്ചിരുന്നത്.
വില്ല പോലെ അപ്പാര്‍ട്ട്‌മെന്റ്
ചുറ്റുമതില്‍ മുതല്‍ മേല്‍ക്കൂര വരെയുള്ള ഓരോ ഘടകങ്ങളിലും ഏറെ ശ്രദ്ധയര്‍പ്പിച്ചു ചെയ്തിട്ടുള്ള നോയലിന്റെ ലോബിയില്‍നിന്നാല്‍ വെള്ളവും വെളിച്ചവും പോലെയുള്ള പ്രകൃതിയുടെ പരിച്ഛേദങ്ങള്‍ ദൃശ്യമാണ്. പ്രകൃതിയോട് വളരെ അടുത്തുനില്‍ക്കുന്ന ഒരു വില്ലാ അപ്പാര്‍ട്ട്‌മെന്റ് എന്ന നിര്‍മ്മാണ നയമാണിവിടെ. അതായത് മുറ്റം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഓരോ അപ്പാര്‍ട്ട്‌മെന്റിനുമുണ്ട്. ഒരു വീട് അല്ലെങ്കില്‍ വില്ലയുടെ പ്രവേശന മാര്‍ഗം ഒരു സ്വകാര്യ ഗേറ്റിലൂടെയായിരിക്കും. അതിനുസമാനമായി ഇവിടെ ഓരോ അപ്പാര്‍ട്ട്‌മെന്റിലേക്കും കയറുന്നത് ഒരു ചെറിയ ഗേറ്റിലൂടെയാണ്. ഗേറ്റിനപ്പുറം ഹരിതാഭമായ മുറ്റം തന്നെ. ബാല്‍ക്കണിയെ ഇവിടെ മുറ്റമാക്കി മാറ്റിയിരിക്കുന്നു. മുറ്റത്തു നിന്നും രണ്ട് പടികളുടെ ഉയരത്തില്‍ പ്രധാന വാതില്‍. സ്ട്രക്ചറിന്റെ നിര്‍മ്മാണത്തിലെ പ്രത്യേകതയനുസരിച്ച് എല്ലാ ഫ്‌ളാറ്റിലും ബാല്‍ക്കണിയെ പച്ചപ്പുനിറച്ച് ഗാര്‍ഡനാക്കി മാറ്റിയിരിക്കുന്നു. ഒന്നിടവിട്ട് ഒറ്റ, ഇരട്ട നയമനുസരിച്ചാണ് മുകളിലേക്കുള്ള നിര്‍മ്മാണം.
സാധാരണ കാണുന്ന ഫ്‌ളാറ്റുകളിലെ അകത്തളങ്ങളില്‍ നിന്നും വ്യത്യതമാണ് ഫ്‌ളാറ്റിനുള്‍ഭാഗവും. അകത്ത് കിച്ചന്‍ ഉള്‍പ്പെടെ എല്ലാ മുറികളിലും ഹരിതാഭയുണ്ട്. ഗസ്റ്റ് ലിവിങ്ങിലേക്കാണ് പ്രവേശനം. പ്രധാന വാതിലിനോടുചേര്‍ന്നുള്ള ഫ്രഞ്ച് വിന്‍ഡോകള്‍ മുന്‍ഭാഗത്തെ ഹരിതാഭ ഉള്ളിലേക്കെത്തിക്കുന്നു. ഗസ്റ്റ് ലിവിങ്ങിനും ഫാമിലി ലിവിങ്ങിനും ഇടയില്‍ ഭിത്തികളില്ല. ഫാമിലി ലിവിങ്ങില്‍നിന്നും പുറത്തേക്ക് ഇറങ്ങുന്നത് മറ്റൊരു പച്ചപ്പുനിറഞ്ഞ ബാല്‍ക്കണിയിലേക്കാണ്. കിച്ചനില്‍നിന്നും ജനാലകള്‍ തുറക്കുന്നതും ഈ ബാല്‍ക്കണിയിലേക്കുതന്നെ. നടുവില്‍ ഡൈനിങ് ഏരിയ. പ്രധാന വാതിലിനു പുറമെ മറ്റൊരു പ്രവേശനമാര്‍ഗം കൂടിയുണ്ട് മുന്‍ഭാഗത്ത്. ഇത് ഗ്ലാസ് വാതിലാണ്. മുന്‍ഭാഗത്തെ ടെറസിന്റെ കാഴ്ച ഇതുവഴി ഡൈനിങ്ങിലും എത്തിച്ചിരിക്കുന്നു. 3 അറ്റാച്ച്ഡ് ബെഡ്‌റൂമുകള്‍. അതില്‍ രണ്ടെണ്ണത്തില്‍ നിന്നും പച്ചപ്പു നിറഞ്ഞ മറ്റൊരു ടെറസ് ഗാര്‍ഡനിലേക്ക് ഇറങ്ങാം. അങ്ങനെ ഒരു ഫ്‌ളാറ്റിന് തന്നെ മൂന്ന് ഗാര്‍ഡനുകള്‍.
സ്വിമ്മിങ്പൂള്‍, പൂള്‍ ടേബിള്‍, ടി.വി.റൂം, ഗസ്റ്റ്‌റൂം, വിനോദോപാധികളായ കാരംസ് റൂം, ഓപ്പണ്‍ ഷട്ടില്‍ കോര്‍ട്ട്, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, മള്‍ട്ടിജിം, ആംഫി തീയേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും ഈ അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിലുണ്ട്. ഭൂമിയുടെ ട്രോപ്പിക്കലായ സവിശേഷതകളെ അവഗണിക്കാതെ ഫ്‌ളാറ്റ് നിര്‍മ്മിച്ചതുമൂലം സെക്കന്റ് ഫ്‌ളോറിലുള്ള 4 ഫ്‌ളാറ്റുകള്‍ക്ക് കുറച്ച് നാച്വറലായ മുറ്റവും ലഭിച്ചിരിക്കുന്നു. ട്രോപ്പിക്കലായ സവിശേഷതകള്‍ ടെറസ് ഗാര്‍ഡനൊപ്പം ഫ്‌ളാറ്റിനുള്ളില്‍ കാഴ്ചവിരുന്ന് എത്തിക്കുന്നു. 109-ഓളം അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ ഫ്‌ളാറ്റ് സമുച്ചയത്തിലുള്ളത്. എല്ലാ ടെറസിലും ബില്‍ഡര്‍തന്നെ ഗ്രീനറി ചെയ്തു കൊടുക്കുകയും അത് കൃത്യമായി പരിപാലിക്കുകയും ചെയ്യുന്നുണ്ട്.
ഗോള്‍ഡ് റേറ്റിങ് മാനദണ്ഡങ്ങള്‍
സൈറ്റ് സെലക്ഷന്‍, വെള്ളത്തിന്റെ കാര്യക്ഷമത, ഊര്‍ജക്ഷമത, ഹരിത മെറ്റീരിയലുകള്‍, അകത്തളങ്ങളിലെ പരിസ്ഥിതി അനുകൂല ഘടകങ്ങളുടെ ഗുണങ്ങള്‍, ഇന്നവേഷന്‍ & ഡിസൈന്‍ എന്നീ അഞ്ച് ഘടകങ്ങളില്‍ പുലര്‍ത്തിയിരിക്കുന്ന മികവാണ് ഗോള്‍ഡ് റേറ്റിങ്ങിന് ഈ പാര്‍പ്പിട സമുച്ചയത്തെ അര്‍ഹമാക്കിയത്.
ഇതില്‍ ഈ അഞ്ചു ഘടകങ്ങളുടെ കീഴില്‍ വരുന്ന കാര്യങ്ങള്‍ ഇവയാണ്.
സൈറ്റ് സെലക്ഷനും പ്ലാനിങ്ങും
കെട്ടിട നിര്‍മ്മിതിക്കായ് പ്ലാന്‍ തയ്യാറാക്കുന്നതു മുതല്‍ അതിന്റെ വിവിധ സര്‍ട്ടിഫിക്കേഷനുകള്‍, ബില്‍ഡിങ് പെര്‍മിറ്റ് വരെയുള്ള കാര്യങ്ങള്‍ നിയമാനുസൃതം ചെയ്തിരിക്കുന്നു.
മണ്ണൊലിച്ചുപോകാതെ ബാരിക്കേഡ് തീര്‍ത്തു. കുഴിച്ചെടുത്ത മേല്‍മണ്ണ് സൈറ്റില്‍ത്തന്നെ ലാന്‍ഡ്‌സ്‌കേപ്പിനായി പുനരുപയോഗിച്ചു.
കോമണ്‍ ഏരിയകളില്‍ പാലിക്കപ്പെടേണ്ട പ്രാഥമിക സൗകര്യങ്ങളെല്ലാം തയ്യാറാക്കിയിട്ടുണ്ട്. ലോണ്‍ ഏരിയയിലും ആംഫി തീയേറ്ററിലും ഇരിപ്പിട സൗകര്യങ്ങളൊരുക്കിയിരിക്കുന്നു. കോമണ്‍ ഏരിയയില്‍ ശാരീരികാവശതകളുള്ളവര്‍ക്കായി പ്രത്യേകം ടോയ്‌ലറ്റ് ഡിസൈന്‍ ചെയ്തിട്ടുണ്ട്. ബാസ്‌ക്കറ്റ്‌ബോള്‍ പ്ലേ ഏരിയയും ആംഫി തീയേറ്ററും കൂടാതെ കുട്ടികള്‍ക്ക് പ്രത്യേകം പാര്‍ക്ക് കൊടുത്തു. പ്രകൃതിയുടെ സ്വാഭാവിക സവിശേഷതകള്‍ അതേപടി സംരക്ഷിച്ചിട്ടുണ്ട്. 38.49% ഏരിയ ലാന്‍ഡ്‌സ്‌കേപ്പിനായി ഒഴിച്ചുനിര്‍ത്തിയിരിക്കുന്നു.
ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സൗകര്യവും, സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും ആവശ്യമായ വാഹന പാര്‍ക്കിങ് സൗകര്യങ്ങളും ഒരുക്കി. ശാരീരികാവശതകളുള്ളവര്‍ക്കായി പന്ത്രണ്ടോളം കാര്‍ പാര്‍ക്കിങ്ങുകള്‍, നാലു റാമ്പുകള്‍, പ്രത്യേക ടോയ്‌ലറ്റ്, ബ്രെയ്‌ലി-ഓഡിയോ സംവിധാനങ്ങളുള്ള ലിഫ്റ്റ് എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാര്യക്ഷമമായ ജലവിനിയോഗം
ഫലപ്രദമായ റെയിന്‍ വാട്ടര്‍ ഹാര്‍വസ്റ്റിങ് സിസ്റ്റം ഈ പ്രൊജക്റ്റിലുണ്ട്. 285 ഗഘഉ സ്‌റ്റോറേജ് കപ്പാസിറ്റിയുള്ള മെയിന്‍ വാട്ടര്‍ ടാങ്ക് ആണ്. ജലത്തിന്റെ അമിത ഉപയോഗം തടയുന്ന ഫ്‌ളഷ് ഫിക്‌സ്ചറുകളും ഫ്‌ളോ ഫിക്‌സ്ചറുകളും ആണിവിടെ ഉപയോഗിച്ചിരിക്കുന്നത്. ലാന്‍ഡ്‌സ്‌കേപ്പിന്റെ 17.6% ടര്‍ഫ് ഡിസൈനിലുള്ളതാണ്. അധികം ജലം ആവശ്യമില്ലാത്ത ചെടികളാണ് തെരഞ്ഞെടുത്തത്.
സെന്‍ട്രല്‍ ഷട്ട് ഓഫ് വാല്‍വ് ആണ് ജലസേചനത്തിന് ഉപയോഗിച്ചത്. പ്രഷര്‍ റഗുലേറ്റിങ്ങ് ഉപകരണങ്ങള്‍, 50% ലാന്‍ഡ്‌സ്‌കേപ്പ് ഏരിയയില്‍ ഡ്രിപ് ഇറിഗേഷന്‍ ഉപകരണങ്ങള്‍ എന്നിവ കൊടുത്തു.
ചെറു സസ്യങ്ങളും കുറ്റിച്ചെടികളും ജല ലഭ്യതയ്ക്കനുസരിച്ച് പ്രത്യേക മേഖലകളാക്കി തിരിച്ചിട്ടുണ്ട്. മഴവെള്ള ശേഖരണവും മലിനജല ശുദ്ധീകരണ പ്ലാന്റും കോംപൗണ്ടിനുള്ളില്‍ത്തന്നെയുണ്ട്. ടഠജ 9.392 ലിറ്റര്‍ /പ്രതിദിനം ട്രീറ്റഡ് വാട്ടര്‍ ലഭ്യത 86800 ലിറ്റര്‍/പ്രതിദിനം എന്നിങ്ങനെയാണ് കപ്പാസിറ്റി. ലഭ്യമായ ട്രീറ്റഡ് ഗ്രേ വാട്ടര്‍ 100%വും ലാന്റ്‌സ്‌കേപ്പിനുപയോഗിക്കുന്നു. മഴവെള്ളത്തിന്റെ ഉപയോഗം, ട്രീറ്റഡ് വാട്ടറിന്റെ ഉപയോഗം, സ്വിമ്മിങ് പൂളിലെ വെള്ളത്തിന്റെ ഉപഭോഗം എന്നിവ നിര്‍ണയിക്കുന്നതിന് കൃത്യമായ മീറ്റര്‍ റീഡിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എനര്‍ജി എഫിഷ്യന്‍സി
ഊര്‍ജ ഉപഭോഗ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വിലയിരുത്തി 6.94% സംരക്ഷിക്കുന്നു. രണ്ട് നിലകള്‍ക്ക് ചൂടുവെള്ളത്തിന് സോളാര്‍ എനര്‍ജി ഉപയോഗിക്കുന്നു. പ്രൊജക്റ്റിന്റെ എനര്‍ജി എഫിഷ്യന്‍സി റേഷ്യോ 9.86 യൗേ/വൃ ആണ്. എനര്‍ജി എഫിഷ്യന്‍സ് ഫിക്‌സ്ചറുകള്‍ 1.42% ഊര്‍ജലാഭമുണ്ടാക്കുന്നുണ്ട്. എല്‍.ഇ.ഡി. ലൈറ്റുകള്‍, ഠ5 ട്യൂബ് ലൈറ്റുകള്‍, സ്റ്റാര്‍ റേറ്റഡ് ഫാനുകള്‍ എന്നീ ഫിക്‌സ്ചറുകള്‍ ആണിവിടെയുള്ളത്. താമസക്കാരോട് ഋഋഞ & ആഋഋ റേറ്റഡ് ഫിക്‌സ്ചറുകള്‍ ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
പമ്പ്, എക്‌സ്റ്റീരിയറിലെ പ്രകാശ സംവിധാനങ്ങള്‍, ഗ്രേ വാട്ടര്‍ ലാന്‍ഡ്‌സ്‌കേപ്പ് വാട്ടറിങ്, പമ്പിങ്, മുന്‍സിപ്പല്‍ വാട്ടര്‍ പമ്പിങ് എന്നിവയ്ക്ക് എനര്‍ജി മീറ്ററിങ് ഏര്‍പ്പെടുത്തി. ടോട്ടല്‍ കണക്റ്റഡ് ലോഡിന്റെ 11.3% ആണ് ഡിജി സെറ്റിന്റെ കപ്പാസിറ്റി. 125 ഗഢഅയുടെ 2 എണ്ണമുണ്ട്.
മെറ്റീരിയലുകള്‍
മാലിന്യങ്ങള്‍ കൃത്യമായി വേര്‍തിരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ഫ്‌ളാറ്റിലും ഓര്‍ഗാനിക്, പേപ്പര്‍, പ്ലാസ്റ്റിക് എന്നിങ്ങനെ ഇനംതിരിച്ച് വേസ്റ്റുകള്‍ ശേഖരിക്കുവാന്‍ പ്രത്യേകം വേസ്റ്റ് ബിന്നുകള്‍ നല്‍കുന്നുണ്ട്.
മെറ്റല്‍, ഇ-വേസ്റ്റ്, ലാംപ്, ബാറ്ററികള്‍ എന്നിങ്ങനെ ഓരോന്നും പ്രത്യേകം കളക്റ്റ് ചെയ്യുന്നതിനുള്ള പൊതു സൗകര്യം ഉണ്ട്.
ഓര്‍ഗാനിക് വേസ്റ്റ് ട്രീറ്റ്‌മെന്റിനായി ക്രെഡായിയുടെ ബയോ ബിന്നുകള്‍ സൈറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍ സമയത്ത് പരമാവധി മാലിന്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
17.92%ത്തോളം റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുവാന്‍ പറ്റുന്ന ഘടകങ്ങള്‍ ഉള്ള മെറ്റീരിയലുകള്‍ ആണ് തെരഞ്ഞെടുത്തിട്ടുള്ളത്. സ്റ്റീല്‍, സിമന്റ്, ഗ്ലാസ്, അലുമിനിയം എന്നിവ. പ്രോജക്റ്റിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നും ലഭ്യമായ മെറ്റീരിയലുകള്‍ ആണ് (82%) പ്രോജക്റ്റില്‍ ഉപയോഗിച്ചത്. സ്റ്റീല്‍, സിമന്റ്, പ്ലാന്റ്, ബ്രിക്ക്, ക്രഷര്‍സാന്റ് എന്നിവ. പ്രോജക്റ്റിലുപയോഗിച്ചിട്ടുള്ള 50% തടിയും സര്‍ട്ടിഫൈ ചെയ്തവയാണ്.
നല്ല അന്തരീക്ഷം അകത്തളങ്ങളില്‍ കൊണ്ടുവരുന്നതിന് ചില കാര്യങ്ങള്‍ ഉറപ്പാക്കി. പുകവലി നിയന്ത്രണം: എല്ലാ കോമണ്‍ ഏരിയകളിലും കര്‍ശനമായും പുകവലി നിരോധിച്ചിട്ടുണ്ട്. ബില്‍ഡിങ്ങിന്റെ പ്രവേശന കവാടത്തില്‍നിന്ന് 25 ഫീറ്റ് അകലത്തില്‍ സ്‌മോക്കിങ് ഏരിയ കൊടുത്തിട്ടുണ്ട്. ‘നോ സ്‌മോക്കിങ്’ ബോര്‍ഡുകള്‍ ആവശ്യമുള്ളിടത്തെല്ലാം സ്ഥാപിച്ചിട്ടുണ്ട്.
സൂര്യപ്രകാശത്തെ പരമാവധി ഉപയോഗപ്പെടുത്തി. ഗ്ലാസ് ഉപയോഗിക്കുകയാല്‍ കൂടുതല്‍ വെളിച്ചം കടന്നുവരുന്നു. ശുദ്ധവായു കടത്തിവിടുന്ന വെന്റിലേഷനുകള്‍ 30%ത്തില്‍ കൂടുതല്‍ ഉണ്ട്. പെയിന്റുകള്‍, പശ, സീലിങ് എന്നിവ കുറഞ്ഞ ‘ഢഛഇ’ കണ്ടന്റുകള്‍ അടങ്ങിയതാണ്.
അകത്തള സജ്ജീകരണങ്ങള്‍ അതായത് വെളിച്ചം, പ്രകൃതിയുടെ കാഴ്ച ഇവയ്ക്ക് എല്ലാംവേണ്ടി നിര്‍ദ്ദിഷ്ട നിലവാരമുള്ള യു.വി. റെസിസ്റ്റന്റ് ഗ്ലാസാണ് വാതിലുകള്‍, ജനലുകള്‍ എന്നിവയ്ക്ക് ഉപയോഗിച്ചത്.
ഇനോവേഷനും
ഡിസൈനും
പ്രകൃതി സൗഹാര്‍ദ്ദപരമായ ഹൗസ് കീപ്പിങ് സാമഗ്രികള്‍ ഉപയോഗിക്കാന്‍ അന്തേവാസികളെ പ്രേരിപ്പിക്കുന്നു. ഗോഗ്രീന്‍ സന്ദേശം പ്രചരിപ്പിക്കുന്ന ഹാന്റ് ബുക്കുകള്‍ വിതരണം ചെയ്യാനുദ്ദേശിക്കുന്നുണ്ട്. ഗ്രീന്‍ ബില്‍ഡിങ് ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സൈറ്റില്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ള ഗ്രീന്‍ ആശയങ്ങള്‍ എന്തെന്നു കാണിക്കുന്ന സൈന്‍ബോര്‍ഡുകള്‍ സൈറ്റില്‍ സ്ഥാപിക്കുന്നുണ്ട്.
”വില്ലയുടേയും അപ്പാര്‍ട്ട്‌മെന്റിന്റേയും എല്ലാ സൗകര്യങ്ങളും ഒരുമിച്ച് ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പരിസ്ഥിതിയോടും സമൂഹത്തോടും എല്ലാം നമുക്കൊരു കടപ്പാടുണ്ട്. പ്രകൃതിയാണ് എല്ലാം. പ്രകൃതിയെ കഴിവതും ദ്രോഹിക്കാതെയുള്ള നിര്‍മ്മാണ രീതിയാണ് കൈക്കൊണ്ടിരിക്കുന്നത്. ഇത് ഭാവി തലമുറയ്ക്ക് കൊടുക്കുന്ന ഒരു മുന്നറിയിപ്പു കൂടിയാണ്. പൊല്യൂഷന്‍ ഇല്ലാതെ, കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗം സാദ്ധ്യമാക്കിക്കൊണ്ട് ജലത്തിന്റെ അമിത ഉപയോഗം ഒഴിവാക്കി പ്രകൃതിയോടിണങ്ങിയുള്ള ജീവിതം. ഭാവി തലമുറയില്‍ നിന്നും കടമെടുത്തുകൊണ്ടാണ് നാമിന്നു ജീവിക്കുന്നത് എന്നോര്‍ക്കണം. ഞങ്ങളുടെ ഇനിയുള്ള എല്ലാ പ്രോജക്റ്റുകളും ഐ.ജി.ബി.സി.യുടെ മാനദണ്ഡങ്ങളനുസരിച്ചായിരിക്കും. ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള നാല് പ്രോജക്റ്റുകള്‍ക്കും ഐ.ജി.ബി.സി.യുടെ പ്രാഥമിക അംഗീകാരം ലഭിച്ചിട്ടുണ്ട്. വരുന്ന 10-15 വര്‍ഷത്തിനുള്ളില്‍ കേരത്തിലെ എല്ലാ പ്രോജക്റ്റുകളും ഗ്രീനായി മാറും. കാരണം അത് നമ്മുടെ ആവാസ്ഥ വ്യവസ്ഥയുടെ ആവശ്യമാണ്.’ എന്നാണ് നോയല്‍ ഗ്രീനേച്ചറിന്റെ എം.ഡി. ജോണ്‍ തോമസിന് പറയുവാനുള്ളത്.
”ഇതൊന്നും ഒരു ആര്‍ക്കിടെക്റ്റിന് തനിയെ ചെയ്യാന്‍ കഴിയുന്നതല്ല. മറിച്ച് ബില്‍ഡറുടെ പൂര്‍ണമായ സഹകരണം ഉണ്ടെങ്കില്‍ മാത്രം സാധ്യമാകുന്നതാണ്. ഗ്രീന്‍ ഘടകങ്ങളെ കൂട്ടുപിടിക്കുന്ന നിര്‍മ്മാണ രീതി ചെലവ് കൂടും. പ്രത്യേകിച്ച് ഡബിള്‍ ഹൈറ്റിലുള്ള നിര്‍മ്മാണം. ഇവിടെ ബില്‍ഡറായ നോയല്‍ ഗ്രൂപ്പിന്റെ സഹകരണം വളരെയുണ്ടായിരുന്നു” ആര്‍ക്കിടെക്റ്റ് ജിബു ജോണും വിശദമാക്കുന്നു.
കെട്ടിട നിര്‍മ്മാതാക്കള്‍ സാധാരണയായി പണി തീര്‍ന്നുകഴിഞ്ഞോ അല്ലെങ്കില്‍ പണി തുടങ്ങുമ്പോഴോ ആണ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയും അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത്. ഇവിടെ ഈ പ്രൊജക്റ്റില്‍ സൈറ്റ് സെലക്ഷന്‍ ഘട്ടം മുതല്‍ ഐ.ജി.ബി.സി.യുടെ മാനദണ്ഡങ്ങള്‍ പാലിച്ചുപോന്നു. പ്രീ സര്‍ട്ടിഫിക്കേഷന്‍ എന്നാണ് ഈ ഘട്ടത്തെ പറയുന്നത്. കെട്ടിടം പണിതപ്പോള്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ ഭാവിയിലും പാലിക്കുകയും അത് പാലിക്കപ്പെടുന്നുണ്ട് എന്ന് ബോധ്യപ്പെടുത്താന്‍ കടപ്പെട്ടവരുമാണ്, അംഗീകാരം നേടുന്ന ബില്‍ഡര്‍. ഗ്രീന്‍ ബില്‍ഡിങ്ങുകള്‍ വാഗ്ദാനം നല്‍കുന്ന ജീവിതചര്യ പ്രകൃതിക്ക് നിരക്കുന്നതാകയാല്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഈയൊരു ഡിസൈനിങ് രീതി അനുവര്‍ത്തിച്ചു തുടങ്ങുമെന്നു തന്നെയാണ് ആര്‍ക്കിടെക്റ്റ് ജിബു ജോണിന്റെയും ബില്‍ഡര്‍ ജോണ്‍ തോമസിന്റെയും വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *