August 7th, 2015
ഇതൊന്നു വേറെ തന്നെ

 

ഒരു വ്യത്യസ്തതയുള്ള വീട്’ എന്നാണ് കേഡന്‍സ് ആര്‍ക്കിടെക്റ്റ്‌സ് ബാംഗ്ലൂരില്‍ ബാഗ്‌റെച്ചക്കു വേണ്ടി ചെയ്തിരിക്കുന്ന വീടിനെ വിശേഷിപ്പിക്കുന്നത്. ‘എന്തോ ഒരു’ വ്യത്യസ്തത ഉണ്ടെന്നു മാത്രമല്ല; നിര്‍മ്മാണത്തില്‍ സ്വീകരിച്ചിട്ടുള്ള വ്യത്യസ്ത നയങ്ങള്‍ അകത്തുനിന്നും പുറത്തുനിന്നും വളരെ വ്യക്തമാണു താനും. ഒട്ടും സങ്കീര്‍ണ്ണമല്ലാത്ത, ലളിതവും, തുറസ്സായതും, ഋജുവായതുമായ ഡിസൈനിങ് നയത്തിലൂടെ ഒഴിഞ്ഞ സ്‌പേസുകളുടെ ആഘോഷമായി ഒരുക്കിയിരിക്കുന്നു, വീടിന്റെ അകത്തളം. ഓഫീസ് സ്‌പേസും വീടും വളരെ കൃത്യമായി – ഓഫീസു മൂലം കുടുംബാന്തരീക്ഷത്തിനോ മറിച്ചോ, യാതൊരു ശല്യവുമില്ലാത്ത വിധം ഡിസൈന്‍ ചെയ്തിരിക്കുന്ന വീട് ആധുനികങ്ങളായ പല മെറ്റീരിയലുകളും സംയോജിപ്പിച്ചുപയോഗിച്ച് വളരെ ആര്‍ജ്ജവത്തോടെ ഡിസൈന്‍ ചെയ്തിരിക്കുന്നു. ‘യങ് ആര്‍ക്കിടെക്റ്റ് അവാര്‍ഡ്’ മത്സരത്തില്‍ ‘റസിഡന്‍ഷ്യല്‍ ഇന്റീരിയേഴ്‌സ്’ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ‘റെസിഡന്‍സ്’ വിഭാഗത്തില്‍ കമന്റേഷനും കരസ്ഥമാക്കിയ ബാംഗ്ലൂരിലെ കേഡന്‍സ് ആര്‍ക്കിടെക്റ്റ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്ന ബാഗ്‌റെച്ച റസിഡന്‍സില്‍ ജൂറിഅംഗങ്ങള്‍ കണ്ടെത്തിയ സവിശേഷതകള്‍ ഇവ തന്നെയായിരുന്നു.
ബാംഗ്ലൂരിലെ തിരക്കേറിയ ഒരു റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഇരുവശങ്ങളിലും വാഹനപാതകളുള്ള ഒരു കോര്‍ണര്‍ സ്‌പേസില്‍ 5 സെന്റിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടാണ് ആര്‍ക്കിടെക്റ്റ് വിക്രം രാജശേഖറിന്റെ നേതൃത്വത്തില്‍ കേഡന്‍സ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്ലോട്ട് വളരെ ചെറുതായതു കൊണ്ടും റോഡിന് തൊട്ടടുത്തായതു കൊണ്ടും, വീടും പരിസരവും തമ്മില്‍ വളരെ ഡയനാമിക്കായ ഒരു ബന്ധമാണ് ആര്‍ക്കിടെക്റ്റ് സാധ്യമാക്കിയത്. അതുതന്നെയാവാം ഈ വീട് ഐകകണ്‌ഠ്യേന ഒന്നാം സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടാന്‍ കാരണമായതും.
മൂന്നു ലെവലുകളില്‍
സ്വകാര്യ ഇടങ്ങളായ ഓഫീസ്, സ്റ്റോര്‍ ഏരിയ, സര്‍വെന്റ്‌സ് റൂം, ടോയ്‌ലറ്റ്, ബാത്ത്‌റൂം, കാര്‍പാര്‍ക്കിങ് തുടങ്ങിയ ഫാമിലിയുമായി ബന്ധമില്ലാത്ത പൊതുഏരിയകളെല്ലാം ഗ്രൗണ്ട് ഫ്‌ളോറില്‍ ഒതുക്കണമെന്നും ഫാമിലി ഏരിയകളെല്ലാം ഫസ്റ്റ് ഫ്‌ളോര്‍ മുതല്‍ മുകളിലേക്ക് വരണമെന്നും ക്ലയന്റിന് നിര്‍ബന്ധമുണ്ടായിരുന്നു. ഓഫീസും വീടും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത് എന്നും പറഞ്ഞിരുന്നു. വീടിന്റെ മുന്നിലും, ഒരു വശത്തും റോഡുണ്ട്. ഒരുപാട് ഏരിയ ഇല്ലാത്തതു കൊണ്ടു തന്നെ ആവശ്യമുള്ള ഇടങ്ങളെ അവയുടെ ധര്‍മ്മമനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ടായിരുന്നു. മുറികളുടെ ആഴവും വ്യാപ്തിയും കൂട്ടിയാണ് അകത്തളങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
വീട് റോഡിനോടു ചേര്‍ന്നാകയാല്‍ ഉള്ളിലേക്കു തിരിഞ്ഞിരിക്കും വിധമുള്ള ഒരു ഇന്‍ട്രോവെര്‍ട്ടഡ് പ്ലാന്‍ ആണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഫസ്റ്റ് ഫ്‌ളോറിലെ ഫാമിലി ഏരിയകളില്‍ ഫോയറില്‍ നിന്നും ലിവിങ്ങിലേക്കെത്തുമ്പോള്‍ മുറിയുടെ ആഴവും വ്യാപ്തിയും ഇരട്ടിക്കുന്നത് തുറന്ന നയത്തിന്റെ ചുവടു പിടിച്ചാണ്. ഇവിടം ഡബിള്‍ഹൈറ്റില്‍ വീടിന്റെ മുകള്‍ നിലയുമായി ആശയവിനിമയം സാധ്യമാക്കും വിധം തുറസ്സായതാണ്. ഫോയറിന്റെയും ലിവിങ്ങിന്റെയും ഭാഗമായി വരുന്ന വലിയ ഭിത്തിക്ക് ടൈല്‍ ക്ലാഡിങ് നല്‍കിയിരിക്കുന്നു. ലിവിങ്ങിലെ ഇരിപ്പിടങ്ങളുടെ നേരെ എതിരറ്റത്തായി ഇന്‍ബില്‍റ്റായി നിര്‍മ്മിച്ചിരിക്കുന്ന തടികൊണ്ടുള്ള ഇരിപ്പിടങ്ങളോടു കൂടിയ കോര്‍ട്ട്‌യാര്‍ഡ് തുറസ്സായ ഡബിള്‍ ഹൈറ്റിലുള്ള ലിവിങ്ങിന് ബാലന്‍സ് നല്‍കുന്നു. ഇത് അകത്തളങ്ങളുടെ ഒഴുക്കിന് ഇടക്കൊരു ബ്രേക്ക് നല്‍കുന്നുണ്ട്. വളരെ മിനിമലായ ഡിസൈനിങ് നയമാണ് അകത്തളങ്ങളില്‍ പിന്‍തുടര്‍ന്നിരിക്കുന്നത്. അകത്തെ ഡബിള്‍ഹൈറ്റിന്റെ വ്യാപ്തി പുറമേ അറിയാത്തവിധം ഭിത്തികള്‍ സ്വകാര്യത തീര്‍ത്തിരിക്കുന്നു.
ഫസ്റ്റ്ഫ്‌ളോറിന്റെ പുറം കാഴ്ചയില്‍ ഏതാനും സ്‌ക്വയര്‍ പാറ്റേണുകളാണ് എലിവേഷന്റെ ഭാഗമായി എടുത്തു കാണുന്നത്. റഫ് കോണ്‍ക്രീറ്റ് ഫിനിഷും, അതിന് കോണ്‍ട്രാസ്റ്റായി സ്മൂത്ത് പ്ലാസ്റ്ററിങ് പ്രതലവും, വുഡന്‍ പാനലിങ്ങും, ഡ്രസ്ഡ് സ്റ്റോണ്‍ ടൈലുകളും വീടിന്റെ എടുപ്പു കൂട്ടുന്ന ഘടകങ്ങളാകുന്നു.
മിനിമലിസ്റ്റിക് നയത്തില്‍
”അകത്തേക്കു തിരിഞ്ഞുള്ള പ്ലാന്‍ തീരുമാനമായിക്കഴിഞ്ഞപ്പോള്‍ ഫങ്ഷണാലിറ്റിയുടെ അടിസ്ഥാനത്തില്‍ അകത്തളങ്ങളെ ക്രമീകരിക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളിയായി നിന്നിരുന്നത്” കേഡന്‍സിന്റെ ചീഫ് ആര്‍ക്കിടെക്റ്റ് വിക്രം രാജശേഖര്‍ പറയുന്നു. വുഡും ഗ്ലാസും ചേര്‍ത്താണ് സ്റ്റെയര്‍കേസിന്റെ ഡിസൈന്‍. പച്ചപ്പുനിറഞ്ഞ ബാല്‍ക്കണിയോടു കൂടിയ ഡൈനിങ് ഏരിയ. ഭിത്തികളുടെ മറവ് എങ്ങുമില്ല. എന്നാല്‍ ആവശ്യത്തിനു സ്വകാര്യതയുമുണ്ട്. വെളുപ്പു നിറത്തിനും വുഡന്‍ ബ്രൗണ്‍ നിറത്തിനുമാണ് അകത്തളങ്ങളില്‍ പ്രാധാന്യം. അധികം വര്‍ണ്ണങ്ങളൊന്നും പ്രയോഗിച്ചിട്ടില്ല. ബെഡ്‌റൂമില്‍ മാത്രം ചെറിയതോതില്‍ നിറങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. മാസ്റ്റര്‍ ബെഡ്‌റൂമിന്റെ വിശാലമായ ഡോര്‍ കം വിന്‍ഡോകള്‍ പുറത്തെ പച്ചപ്പിനെ കൂടി ഉള്ളിലെത്തിച്ചിരിക്കുന്നു.
വളരെക്കുറച്ച് അതും അത്യാവശ്യത്തിനു മാത്രമാണ് ഫര്‍ണിച്ചര്‍. അകത്തളങ്ങളിലെ ഓരോ ഇടവും വിശാലമാണ്. എന്നാല്‍ ഇവിടെയൊന്നും സാധനസാമഗ്രികള്‍ കുത്തിനിറച്ചിട്ടില്ല; ഒഴിഞ്ഞ സ്ഥലത്തിന് പ്രാധാന്യം കിട്ടിയിട്ടുണ്ട്. അമിതമായ അലങ്കാരപ്രയോഗങ്ങളില്ല; നിറക്കൂട്ടുകള്‍ ഇല്ല. എല്ലാം മിനിമം മാത്രം. ടിവി ഏരിയയുടെ ഭിത്തിയും സീലിങ്ങും ചേര്‍ത്ത് പ്രത്യേക ആകൃതിയില്‍ ചെയ്തിരിക്കുന്ന വുഡന്‍ ക്ലാഡിങ്ങും, ഫാള്‍സ് സീലിങ്ങും റൂഫിനോട് ചേര്‍ന്നുള്ള ഗ്ലാസ് ഭിത്തിയും ശ്രദ്ധേയം. വീടിന്റേതായ അന്തരീക്ഷത്തെ 3 ലെവലുകളിലായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഫസ്റ്റ് ഫ്‌ളോറില്‍ ഗസ്റ്റ് ലിവിങ്, ഡൈനിങ്, ഒരു ബെഡ്‌റൂം, കിച്ചന്‍ ഇത്രയും ഇടങ്ങളാണെങ്കില്‍ സെക്കന്റ് ഫ്‌ളോറില്‍ നടുവില്‍ വലിയൊരു ഫാമിലി ലിവിങ് കൂടാതെ മൂന്നു ബെഡ്‌റൂമുകള്‍. മൂന്നാമത്തെ ഫ്‌ളോറില്‍ ഒരു കിടപ്പുമുറിയും ഹോം തീയറ്ററും വിശാലമായ ഓപ്പണ്‍ ടെറസുമാണ്. വീടിന് ഇത്രയും നിലകളുണ്ടെന്ന് പുറത്തുനിന്നു നോക്കിയാല്‍ മനസ്സിലാവുകയില്ല. മൂന്നാമത്തെ ലെവലില്‍ ചുറ്റുവരാന്ത നല്‍കിയിരിക്കുന്നു.
സവിശേഷം റൂഫ് പാറ്റേണ്‍
വീടിന്റെ റൂഫ് ശ്രദ്ധയാകര്‍ഷിക്കുന്ന വിധമാണ് ചെയ്തിട്ടുള്ളത്. മൂന്നു നിലയുടെ മുകളില്‍ ട്രസ്‌റൂഫു പോലെ നല്‍കി ചുറ്റിനും വരാന്തയും ഓപ്പണ്‍ ഏരിയകളും എല്ലാം ഉണ്ട്. ഇതിനെയെല്ലാം കവര്‍ ചെയ്തു കൊണ്ടാണ് ഒരു വശത്തേക്ക് സ്ലോപ്പ് നല്‍കി ചെയ്തിരിക്കുന്ന ട്രസ് റൂഫ്. പ്ലോട്ടിന്റെ കോര്‍ണര്‍ ആകൃതിയോട് സാമ്യപ്പെടുത്തിയിരിക്കുന്നു റൂഫിന്റെ ഡിസൈനും. വീടിനു മുന്നില്‍ അധികം സ്ഥലമില്ലാത്തതിനാല്‍ ഉരുട്ടി നീക്കാവുന്ന ഗേറ്റിനാണ് സ്ഥാനം നല്‍കിയിരിക്കുന്നത്. ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്യാനുള്ള സ്ഥലസൗകര്യമില്ല. അഥവാ ചെയ്താല്‍തന്നെ അതിനെ വീടുമായി ബന്ധിപ്പിക്കുക ബുദ്ധിമുട്ടാണ്. അതിനാല്‍ പ്ലോട്ടിനു ചുറ്റുമുള്ള മരങ്ങളും പച്ചപ്പും വിശാലമായ പുറംകാഴ്ചകളെയും കൂടി ആര്‍ക്കിടെക്റ്റ് പ്ലോട്ടിനുള്ളിലേക്ക്, വീടിനകത്തേക്ക് ബന്ധിപ്പിച്ചു. വീടിനു ചുറ്റും സ്വന്തമായി ലാന്‍ഡ്‌സ്‌കേപ്പ് ഇല്ലെങ്കിലും വീട്ടിലുള്ളവര്‍ക്ക് പച്ചപ്പും പ്രകൃതി ഭംഗിയുമൊന്നും നിഷേധിച്ചിട്ടില്ല എന്ന് സാരം. സ്ട്രക്ചര്‍ നിര്‍മ്മാണത്തിലെ ആര്‍ക്കിടെക്ചറല്‍ സവിശേഷതകളാണ് ഇതിനു സഹായകരമായിരിക്കുന്നത്. ഇങ്ങനെ ആര്‍ക്കിടെക്ചറിലും ഇന്റീരിയര്‍ ഡിസൈനിങ്ങിലും മൊത്തത്തില്‍ സ്വീകരിച്ചിട്ടുള്ള വ്യത്യസ്തസമീപനങ്ങള്‍ മൂലം ഈ വീട് ‘ഒന്നു വേറെ തന്നെ’ എന്ന് ആരും ചിന്തിക്കാതിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *