ഇനി 3R നൊപ്പം 2R കൂടി

ആര്‍ക്കിടെക്റ്റ് ബി. സുധീര്‍

നമ്മള്‍ എന്താണ്, എന്തായിരുന്നു എന്ന് സ്വയം മനസ്സിലാക്കാനും കണ്ടുപിടിക്കാനുമുള്ള ഒരവസരമാണിത്. ആര്‍ക്കിടെക്ചര്‍ ഫീല്‍ഡില്‍ എന്റെ ഗുരുനാഥനായ ജി. ശങ്കര്‍ പറയുമായിരുന്നു ഒരു ആര്‍ക്കിടെക്റ്റ് എന്നു പറഞ്ഞാല്‍ ഒരു ടീച്ചര്‍ കൂടിയാണ് എന്ന്. ആളുകളുടെ ആവശ്യങ്ങളെയും സ്വപ്‌നങ്ങളെയും വേര്‍തിരിച്ച് മനസ്സിലാക്കുവാന്‍ കൂടി ഒരു ആര്‍ക്കിടെക്റ്റിന് കഴിയണം. അതുകൊണ്ടാണ് ഒരു ആര്‍ക്കിടെക്റ്റ് ഒരു നല്ല അധ്യാപകന്‍ കൂടിയായിരിക്കണം എന്ന് പറയുന്നത്. ഇപ്പോള്‍ സ്വസ്ഥമായിരിക്കുന്ന ഈ വേളയില്‍ ഞാന്‍ ഒന്നുകൂടി ഓര്‍ക്കുകയാണ് ആ വാക്കുകളുടെ പൊരുള്‍ എന്തായിരുന്നുവെന്ന്. ഒരു ആര്‍ക്കിടെക്റ്റ് ഒരു ഡിസൈനര്‍ മാത്രമല്ല, അതിലുപരി ഡിസൈന്‍ ഫിലോസഫി അറിയുന്ന അധ്യാപകന്‍ കൂടിയാണ്.
പ്രകൃതി ദുരന്തങ്ങളും നിപ്പ പോലുള്ള വൈറസ് ആക്രമണങ്ങളും കഴിഞ്ഞ് കോവിഡിന്റെ കാലത്തിലെത്തി നില്‍ക്കുകയാണ് നമ്മള്‍. എല്ലാത്തരത്തിലും മാറേണ്ട സമയമാണിത്. പ്രത്യേകിച്ച് ആര്‍ക്കിടെക്ചറും നിര്‍മ്മാണമേഖലയും. ഈ ആശയങ്ങള്‍ കൊട്ടിഘോഷിക്കുന്ന സമയമാണിത്. അതില്‍ നാം പാലിക്കേണ്ടത് 3 R എന്ന തത്ത്വം തന്നെയാണ്. റെഡ്യൂസ്, റീയൂസ്, റീസൈക്കിളിങ് എന്നതാണ് 3R തത്ത്വം. ഇതിനൊപ്പം ഒന്നു രണ്ടു പോയിന്റുകള്‍ കൂടി ചേര്‍ത്തുവയ്ക്കാം. റീസണ്‍സ്, റെഫ്യൂസ്. ഒരു നിര്‍മ്മാണത്തിനായി പണം മുടക്കുമ്പോള്‍ ആദ്യം ചിന്തിക്കുക ഇത്രയൊക്കെ നമുക്ക് ആവശ്യമുണ്ടോ എന്നാണ്. ഇത്തരത്തിലൊരു ചിന്ത അനാവശ്യങ്ങള്‍, തെറ്റുകള്‍, ആര്‍ഭാടം, അഹങ്കാരം എന്നിവയൊക്കെ ഒഴിവാക്കാന്‍ സഹായിക്കും. ഇതാണ് റീസണ്‍, റെഫ്യൂസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിലെ തന്നെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്. ഈയവസരത്തില്‍ നാം ചിന്തിക്കേണ്ടത് നമ്മുടെ വീടുകളിലേയ്ക്ക്, കെട്ടിടങ്ങളിലേയ്ക്ക് വിദേശ നിര്‍മ്മിത ഫര്‍ണിച്ചര്‍, സാമഗ്രികള്‍, അലങ്കാരവസ്തുക്കള്‍ ഇവയൊന്നും വാങ്ങുന്നതിനെക്കുറിച്ചല്ല, മറിച്ച്, നമ്മുടെ നാട്ടിലെ ആര്‍ട്ട്, ക്രാഫ്റ്റ്, ഫര്‍ണിച്ചര്‍, പ്രാദേശികമായ നിര്‍മ്മാണരീതികള്‍, മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാമായിരിക്കണം. ഇത് രാജ്യത്തിന്റെ നന്മയെക്കൂടി ലക്ഷ്യമിട്ടാണ്. പ്രാദേശികമായ തെരഞ്ഞെടുപ്പും തിരിച്ചുപോകലും നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുഷ്ടിപ്പെടുത്തും എന്നതില്‍ സംശയമില്ല. അതിനാല്‍ ഗ്രീന്‍ സമീപനം ഒന്നു കൂടി ഊട്ടിയുറപ്പിക്കാം. ജീവിതരീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാം. വീടുവയ്ക്കുമ്പോള്‍ വീടിനോടനുബന്ധിച്ച് സ്വിമ്മിങ്പൂള്‍ എന്നത് പലരുടെയും സ്വപ്‌നമാണ്. അതൊരാവശ്യമല്ലയെന്ന് നാം തിരിച്ചറിയണം. അത്തരം ആവശ്യങ്ങളുമായി എത്തുന്ന ക്ലയന്റിനെ പറഞ്ഞു മനസ്സിലാക്കുവാനും തിരുത്തുവാനും ആര്‍ക്കിടെക്റ്റുകള്‍ക്കും ഡിസൈനര്‍മാര്‍ക്കും കഴിയണം. ചെലവ് കൂട്ടുന്ന ഘടകങ്ങളാണിതെല്ലാം. പഴയൊരു വീടുണ്ടെങ്കില്‍ അതിനെ ഇടിച്ചു പൊളിച്ചു കളയാതെ റെനവേഷന്‍ നടത്തി ഉപയോഗിക്കാം. ഇറ്റാലിയന്‍ ഫര്‍ണിച്ചര്‍, കിച്ചന്‍, ചൈനീസ് ഉത്പന്നങ്ങള്‍ എന്നിവയെയെല്ലാം നമുക്ക് മാറ്റി നിര്‍ത്താം. Made in India, Make in India എന്നതാകട്ടെ ആപ്തവാക്യം. അതുവഴി രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കാം.
ആര്‍ക്കിടെക്ചറിനെ സംബന്ധിച്ചു പറഞ്ഞാല്‍ സാമ്പത്തിക രംഗം വളരെ പരിതാപകരമായ അവസ്ഥയിലാണ്. നേരാംവണ്ണം ശമ്പളം കൊടുക്കാന്‍ പോലും ഗവണ്‍മെന്റിന് വകയില്ല. അതുകൊണ്ടുതന്നെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലുള്ള വലിയ പ്രോജക്റ്റുകള്‍ക്ക് സാധ്യതയില്ല. അത്തരം വരുമാനങ്ങളെല്ലാം ഇനി ആര്‍ക്കിടെക്ചര്‍ മേഖലയില്‍ കുറവായിരിക്കും. അതിനാല്‍ ഓഫീസ് എന്നത് ഭീമമായ ചെലവ് വരുത്തിവയ്ക്കുന്ന ഒന്നാകരുത്. പകരം, ഒരു കണ്‍സോര്‍ഷ്യം എന്ന സംവിധാനത്തിലേയ്ക്ക് മാറേണ്ടി വരും. വീടുകളിലിരുന്നും ജോലി ചെയ്യാം. സൂം, വെബിനാര്‍ എന്നിവ ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. ഇത്തരം ടെക്‌നോളജികള്‍ മടി കൂടാതെ ഈ കൊറോണക്കാലത്ത് നമ്മള്‍ ഉപയോഗിച്ചു തുടങ്ങി. വര്‍ക്ക് ഫ്രം ഹോം എന്നത് ഇനിയൊരു വര്‍ക്കിങ് കള്‍ച്ചറായി തന്നെ മാറണം. സ്‌ക്രീന്‍ ഷെയര്‍, ത്രീഡി വ്യൂ മുതലായ സംവിധാനങ്ങള്‍ ഉള്ളതുകൊണ്ട് അത്യാവശ്യ ജോലിയുള്ളവര്‍ മാത്രം ഓഫീസില്‍ വരികയും അല്ലാത്തവര്‍ വീട്ടിലിരുന്ന് ഇത്തരം ടെക്‌നോളജികള്‍ ഉപയോഗിച്ച് ജോലിയെടുക്കുകയും ചെയ്യുന്ന ഒരു പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കണം. ടെക്‌നോളജി വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ ചെലവ് കുറച്ചുകൊണ്ട് ജോലി ചെയ്യാം. ഇപ്പോള്‍ നാം ഏവരും വീട്ടിലിരുന്ന് ജോലി ചെയ്തു. അങ്ങനെയെങ്കില്‍ പുതിയ ടെക്‌നോളജി ഉപയോഗിച്ച് ഡല്‍ഹിയിലോ, അമേരിക്കയിലോ, ഇറ്റലിയിലോ ഉള്ള പ്രോജക്റ്റുകള്‍ എന്തുകൊണ്ട് നമുക്ക് ഇവിടെയിരുന്ന് ചെയ്തുകൂടാ. അങ്ങനെ ടെക്‌നോളജിയുടെ സഹായത്താല്‍ ലോകമാകെ ഒരു പ്ലാറ്റ്‌ഫോം എന്ന തരത്തിലേക്ക് മാറി ചിന്തിക്കുവാന്‍ നാം തയ്യാറാകണം. ഇത്രയും കാലം നമ്മള്‍ ഒരു കൊക്കൂണിലെന്നവിധം ഒതുങ്ങിയിരിപ്പായിരുന്നു. അറിയാമായിരുന്നിട്ടുപോലും പല സാങ്കേതികവിദ്യയും നാം ഉപയോഗിക്കുവാന്‍ തയ്യാറായില്ല. തിരുവനന്തപുരത്തുകാരന്‍ തിരുവനന്തപുരത്ത് മാത്രമിരുന്ന് ജോലി ചെയ്യുന്ന രീതിയായിരുന്നു. ഇനി അത് മാറണം. ഏതൊരാള്‍ക്കും എവിടെയിരുന്നും ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള വര്‍ക്കുകള്‍ ചെയ്യാം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറണം. ടാലന്റ്, ടെക്‌നോളജി എന്നിവയെ അടിസ്ഥാനമാക്കിയാവും ഇനിയുള്ള പ്രൊഫഷന്‍. അത് ആര്‍ക്കിടെക്ചറിലും എല്ലാ മേഖലകളിലും അങ്ങനെ തന്നെയായിരിക്കും.
വ്യക്തി ബോധം, സാമൂഹ്യബോധം, ശുചിത്വം, എന്നിവയാണ് ഇനി നാം മാറേണ്ട മറ്റൊരു മേഖല. സൈറ്റിലെ ജോലിക്കാരുടെ സുരക്ഷിതത്വം, നമ്മുടെ ഓഫീസിലെ അന്തരീക്ഷം, വ്യക്തി, സമൂഹ ശുചിത്വബോധം ഇവയൊക്കെ വളര്‍ത്തിയെടുക്കണം. തുറന്ന സ്ഥലത്ത് മറയില്ലാതെ തുപ്പുക, തുമ്മുക എന്നിവയൊക്കെ നമ്മള്‍ മലയാളികളുടെ ശീലമാണ്. ഇവയെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള ആരോഗ്യകരമായ ഒരന്തരീക്ഷം സൃഷ്ടിക്കണം. സൈറ്റുകളിലും അവിടെ പണിയെടുക്കുന്ന ആളുകളുടെ ആവശ്യങ്ങളും ആരോഗ്യവും ശുചിത്വവും പ്രധാനമാണ് എന്ന് മനസ്സിലാക്കി അതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. കൃത്യമായ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ഒരു വര്‍ക്കിങ് കള്‍ച്ചര്‍ നിലവില്‍ വന്നേ മതിയാകൂ.
ഇനിയുള്ള കാലം ഏതു ജോലിയിലും വൈദഗ്ധ്യമുള്ളവര്‍ക്ക് മുന്‍ഗണന എന്നതായിരിക്കും വരാന്‍ പോകുന്നത്. സര്‍ട്ടിഫൈഡ് ആയിട്ടുള്ള ജോലിക്കാര്‍ക്ക് പ്രാധാന്യം കൈവരും. പ്ലംബിങ്, ഇലക്ട്രിക്കല്‍, ടൈലിങ്, കാര്‍പെന്ററി എന്നിവയിലൊക്കെ സര്‍ട്ടിഫൈഡ് ആയിട്ടുള്ള കോഴ്‌സുകള്‍ വരണം. ഇതൊന്നും മോശമായ തൊഴില്‍ മേഖലകളല്ല. ഏതൊരു ജോലിക്കും വൈദഗ്ധ്യമുള്ളവരെ വാര്‍ത്തെടുക്കണം. ഇങ്ങനെയുള്ള തൊഴില്‍ മേഖലകള്‍ വികസിക്കണം. നമ്മുടെ നാട്ടില്‍ ധാരാളം ആളുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും. ജോലിയുടെ നിലവാരവും ഗുണവും ഉയര്‍ത്തണം. സ്വയം അച്ചടക്കമുള്ളവരാകണം നമ്മളെല്ലാവരും എല്ലാ കാര്യത്തിലും. അനുഭവസമ്പത്തുള്ളവരാണ് നമ്മള്‍. കാലാവസ്ഥാവ്യതിയാനം എന്നൊക്കെ പറഞ്ഞാല്‍ ഇന്ന് ആളുകള്‍ക്ക് മനസ്സിലാവും. വീടിനോടനുബന്ധിച്ച് ലാന്‍ഡ്‌സ്‌കേപ്പും മറ്റും ചെയ്യുമ്പോള്‍ ഇത്രയും കാലം ആളുകള്‍ പലരും പറഞ്ഞിരുന്നത് മറ്റൊരിടത്തും കാണാത്ത തരത്തിലുള്ള ലാന്‍ഡ്‌സ്‌കേപ്പ് വേണമെന്നായിരുന്നു. ഇത്തരം സങ്കല്‍പങ്ങളൊക്കെ മാറ്റിവച്ച് വീടിനു ചുറ്റും ഹരിതാഭമാക്കാന്‍ കൃഷിയിലേക്കിറങ്ങാം. വിദേശരാജ്യങ്ങളിലെ മരങ്ങള്‍ കൊണ്ടുവന്ന് ലാന്‍ഡ്‌സ്‌കേപ്പ് ഒരുക്കാതെ നമ്മുടെ നാട്ടിലെ ചെടികള്‍ക്ക് പ്രാധാന്യം നല്‍കാം. ഒപ്പം വാഴയും ചീരയും നമ്മുടെ വീട്ടിലേക്ക് ആവശ്യമായ മറ്റു പച്ചക്കറികളും നട്ടുവളര്‍ത്തിക്കൂടെ. ലാന്‍ഡ്‌സ്‌കേപ്പിങ് എന്നാല്‍ ഫാമിങ് എന്നാവണം ഇനിയുള്ള കാലം.
പുറം രാജ്യങ്ങളില്‍ നിന്നും ധാരാളം കമ്പനികള്‍ ഇന്ത്യയിലേക്ക് വരാനും ഇന്‍വെസ്റ്റ്‌മെന്റ് നടത്താനും സാധ്യതയുണ്ട്. ഇത് നമ്മുടെ വളര്‍ച്ചയ്ക്കും വികസനത്തിനും വന്‍ സാധ്യതകളാണ് തുറന്നു നല്‍കുക. അതില്‍ ആര്‍ക്കിടെക്ചറല്‍ ഡിസൈനിങ്ങിനും വലിയ പ്രാധാന്യമുണ്ട്. ഇതെല്ലാം മനസ്സിലാക്കി ശ്രദ്ധയോടെ നാം മുന്നോട്ടു നീങ്ങണം.

About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*