ഉപയോഗശൂന്യമായ ഷിപ്പിങ് കണ്ടെയ്നര്‍ ബ്ലോക്കുകള്‍ കൊണ്ട് അസ്സലൊരു റെസ്റ്റോറന്റ്
ബൈപ്പാസില്‍ എവിടെയോ കണ്ടെയ്നര്‍ റെസ്റ്റോറന്റ് ഉണ്ടെന്ന് കേട്ടു. അത് ലക്ഷ്യമാക്കി വൈറ്റില-ആലപ്പുഴ ഹൈവേയിലൂടെ ഒരു യാത്ര നടത്തി. സത്യം പറയാല്ലോ, ‘കലക്കി മോനേ’ എന്ന് പറഞ്ഞു പോയി. അത്ര ഗംഭീരം.
സസ്റ്റയ്നബിള്‍ ആക്കിടെക്ചറിന്റെ തത്ത്വങ്ങളിലൂന്നി നിര്‍മ്മിച്ചതാണ് ‘ഫുഡ് ബാരല്‍’ എന്ന റെസ്റ്റോറന്റ്. ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന നിരവധി സാധനങ്ങള്‍ പുനരുപയോഗിക്കാമെന്ന് തെളിയിച്ചു തരുന്നതാണ് ഈ റെസ്റ്റോറന്റ്. കേരളത്തിലെ ആദ്യത്തെ 2 സ്റ്റോറീഡ് കണ്ടെയ്നര്‍ ഷോപ്പാണ് കുണ്ടന്നൂരിലെ ‘ഫുഡ് ബാരല്‍ റെസ്റ്റോറന്റ്’.
ഹാര്‍ലി ഓണേഴ്സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഈ റെസ്റ്റോറന്റ് ഓപ്പണ്‍ എയര്‍ മാതൃകയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 18 സെന്റ്പ്ലോട്ടില്‍ റീസൈക്കിള്‍, റെഡ്യൂസ്, റീയൂസ് എന്നീ വാക്കുകളുടെ പര്യായമായാണ് ഈ ‘ന്യൂജന്‍’ നിലകൊള്ളുന്നത്. കണ്ടാലൊന്ന് അതിശയിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മിതി ‘കാര്ഗോടെക്ചര്’ എന്ന പുതിയ ആശയമാണ് ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്. ഉപയോഗശൂന്യമായ ഷിപ്പിങ് കണ്ടെയ്നര്‍ ബ്ലോക്കുകള്‍ കൊണ്ട് അസ്സലൊരു റെസ്റ്റോറന്റ് ഡിസൈന്‍ ചെയ്തത് ആവിഷ്കാര് ആര്‍ക്കിടെക്റ്റ്സിലെ ആര്‍ക്കിടെക്റ്റ് ആതിരയും ഡിസൈനര്‍ സുബി സുരേന്ദ്രനും ചേര്‍ന്നാണ്. പുതുമകളെ ഇഷ്ടപ്പെടുന്ന ആതിരയും പ്രകൃതിയെ സ്നേഹിക്കുന്ന ഭര്‍ത്താവ് സുബിയുടെയും ആശയചേര്ച്ചയാണ് ഈ ഒരു സംരംഭത്തിലേക്ക് വഴിതെളിച്ചത്.
പ്ലോട്ടിലുണ്ടായിരുന്ന മാവ് മുറിച്ചു മാറ്റാതെ അതിനെ കേന്ദ്രമാക്കിയാണ് റെസ്റ്റോറന്റ് ഒരുക്കിയത്. എല്‍ഇഡി ബള്‍ബുകളും തോരണങ്ങളും തൂക്കി മാവിനെ സുന്ദരനാക്കിയിട്ടുണ്ട്. മാവിന് ചുറ്റുമായി അതിഥികള്‍ക്കായുള്ള ഇരിപ്പിടവും കുട്ടികള്‍ക്കായി പ്ലേ ഏരിയയും സജ്ജമാക്കി. കോമ്പൗണ്ട് വാളില്‍ ഗ്രാഫിറ്റി വര്‍ക്കുകള്‍ നല്കി ആകര്‍ഷകമാക്കി. കാറ്റാടി മരം കൊണ്ട് ഫെന്‍സ് ഒരുക്കിയത് ഭംഗിക്കുവേണ്ടി മാത്രമല്ല. അടുത്തുള്ള ഷോപ്പില്‍ നിന്നു വരുന്ന ചൂടു കാറ്റിനെ പ്രതിരോധിക്കാനും കൂടിയാണ്. ‘ഹാജി അലിസ്’ ജ്യൂസ് കൗണ്ടറും ‘ആവി’ നാടന്‍ ഭക്ഷണശാലയും വെവ്വേറെ ബ്ലോക്കുകളിലായി മാവിനടുത്ത് സ്ഥിതി ചെയ്യുന്നു.
നിലവിലുണ്ടായിരുന്ന 2 ബ്ലോക്കുകളിലേക്ക് പുതിയൊരു കണ്ടെയ്നര്‍ അതിഥിയെ കൂടി ചേര്‍ത്തു വച്ചാണ് ആര്‍ക്കിടെക്റ്റ് ആതിര റെസ്റ്റോറന്റ് ഡിസൈന്‍ ചെയ്തത്. ”വഴിയരികില്‍ കിടന്ന് തുരുമ്പെടുത്ത് പോവുന്നതിനു പകരം നല്ലൊരു കെട്ടിടമാക്കി മാറ്റാം എന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ കെട്ടിടങ്ങളെക്കാള്‍ നിര്‍മ്മാണ ചെലവ് പകുതി മതിയാവും മൂന്നാഴ്ച്ച കൊണ്ട് പണി തീര്‍ക്കാനും സാധിച്ചു”. ആതിര പറയുന്നു.
ചെറിയൊരു ഫൗണ്ടേഷന് നല്കി 20 അടിയുടെ രണ്ടെും 40 അടിയുടെ ഒരു ഷിപ്പിങ്ങ് കണ്ടെയ്നറും ഒന്നിനു മുകളില്‍ ഒന്നായി കൂട്ടിച്ചേര്‍ത്ത് മുകളിലെ നിലയിലേക്ക് ഒരു സ്റ്റെയര്‍കേസും കൊടുത്തു. മൂന്നാഴ്ച കൊണ്ട് പണി തീര്‍ത്ത, 650 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഈ റെസ്റ്റോറെന്റ് ‘പെട്ടിയിലാക്കാനും’ നിമിഷനേരം മതി. ലേബര്‍ ചാര്‍ജും പണിക്കാരും കുറവാണെന്നതും ഇതിനെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു
”കഴുകി ട്രീറ്റ് ചെയ്ത കണ്ടെയ്നറുകള്‍ ഉപയോഗിച്ചതിനാല്‍ 30% ശതമാനത്തോളം ചെലവ് കുറക്കാന്‍ സാധിച്ചു. ഭാരതീയര്‍ ഈ ചെലവു കുറഞ്ഞ നിര്‍മ്മാണ രീതിയുടെ അനന്ത സാധ്യതകളെപ്പറ്റി ഇനിയും ബോധവാന്മാരാകേണ്ടതുണ്ട്” ഡിസൈനര്‍ സുബി പറയുന്നു.
കിച്ചന് കം ഡെലിവറിയാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. നിലവില്‍ താഴെയുള്ള കണ്ടെയ്നര്‍ ഫുഡ്കോര്ട്ടായി പ്രവര്‍ത്തിക്കുന്നു. ‘ഓ മൈ കേക്ക്’, ‘മാംഗോ ട്രീ’, ‘ദോശ കോര്‍ണര്‍ എന്നീ മൂന്നു കൗണ്ടറുകളാണ് നിലവില്‍ താഴത്തെ കണ്ടെയ്നറില്‍ ഉള്ളത്. മുകളിലെ കണ്ടെയ്നറില്‍ കസ്റ്റമേഴ്സിന് ഇരിപ്പിടസൗകര്യം ഏര്‍പ്പെടുത്തി. കൂടാതെ ഒരു ബാല്‍ക്കണിയും ഇരുന്നു കഴിക്കുവാനൊരിടവും അവിടെ നല്‍കിയിട്ടുണ്ട്.
കാര്‍ഗോ ബോക്സുകളുടെ വുഡുകള്‍ കൊണ്ട് ഫര്‍ണിച്ചറുകള്‍ നിര്‍മ്മിക്കുകയും നിലം വിനൈല്ഷീറ്റ് വിരിക്കുകയും ചെയ്തു. ഡിസൈനര്‍ കയര്‍ മാറ്റുകള്‍ കൊണ്ടാണ് വാള് ഹാങ്ങിങ്ങ് ഒരുക്കിയത്. ഉള്ളില്‍ ചൂട് അധികമാകയാല്‍ അതിന് പരിഹാരമെന്നോണം തെര്‍മല്‍ ഇന്‍സ്റ്റലേഷനും നല്കി. ഗ്ലാസുകൊണ്ടുള്ള ഒരു കവറിങ്ങും ഡോറും കൂടി നല്‍കിയതോടെ സംഗതി ഉഷാര്‍.
റീസൈക്കിള്‍ ചെയ്ത വിവിധ മെറ്റീരിയലുകള്‍ ചേര്‍ത്തൊരുക്കിയ ഈ ‘ന്യൂജെന്‍’ റെസ്റ്റോറന്റ് ഇന്ന് യുവാക്കളുടെ ഹരമാണ്. ഒരു ഈവനിങ് വാക്കിനു പോകുമ്പോള്‍ ഒന്നിവിടെ കയറിയാല്‍ ആരും പറഞ്ഞു പോകും ‘കലക്കി മോനേ !!’ എന്ന്.