June 25th, 2015
‘എക്‌സ്ട്രാ’ ഓഡിനറി

നാട്ടില്‍ പിക്കപ്പ് ഓട്ടോ ഓടിച്ചിരുന്ന ഒരാളാണ് ജീവിതത്തിലെ പ്രധാനപ്പെട്ട പാഠം എന്നെ പഠിപ്പിച്ചത്. 15 വര്‍ഷമായി അദ്ദേഹത്തെ എനിക്ക് അറിയാം. മറ്റു വണ്ടികള്‍ ഓട്ടം കാത്തുകിടക്കുമ്പോള്‍ ഇയാള്‍ക്കുമാത്രം സ്റ്റാന്‍ഡില്‍ വരാന്‍ സാധിക്കാത്തവിധം ഓട്ടം കിട്ടുന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഒരിക്കല്‍ ഈ വണ്ടി ഒരാവശ്യത്തിനായി വിളിച്ചപ്പോഴാണ് അതിന്റെ കാരണം അനുഭവത്തില്‍ നിന്നും മനസ്സിലായത്. സാധാരണ ഡ്രൈവര്‍മാര്‍ സാധനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചശേഷം ഉടമസ്ഥര്‍ അതിറക്കാനായി കാത്തു നില്‍ക്കും. എന്നാല്‍ ഇദ്ദേഹം ഉടമസ്ഥന്റെ അതേ ഉത്തരവാദിത്വത്തോടെ സാധനങ്ങള്‍ ഇറക്കാന്‍ കൂടും. ഓട്ടത്തിനുള്ള കൃത്യം വാടകയല്ലാതെ ഒരു രൂപ പോലും അധികം വാങ്ങില്ല. അയാള്‍ പഠിപ്പിച്ച പാഠം ഇങ്ങനെ – ‘എക്‌സ്ട്രാ’ ആയി ജോലി ചെയ്യുന്നവര്‍ക്ക് മല്‍സരമില്ല എന്നതാണ്.” ഒരു പ്രമുഖ ദിനപത്രത്തിലെ പംക്തിയില്‍ കോളമിസ്റ്റ് മധുഭാസ്‌കര്‍ എഴുതിയ സ്വാനുഭവമാണ് ഇവിടെ വിവരിച്ചത്.
ഏതു മേഖലയിലായാലും ഇങ്ങനെ ഏതെങ്കിലും ‘എക്‌സ്ട്രാ’ ഓഡിനറിയായി ചെയ്യുന്നവരെയാണ് ഇന്നെല്ലാവര്‍ക്കും പ്രിയം. ജിന്‍ഷോ ജോസ് എന്ന കോഴിക്കോട്ടുകാരനായ ഇന്റീരിയര്‍ ഡിസൈനറെ ക്ലൈന്റുകള്‍ക്ക് പ്രിയങ്കരനാക്കി മാറ്റുന്നതും അദ്ദേഹം നല്‍കുന്ന ‘എക്‌സ്ട്രാ’ ഡിസൈനിങ് ചേരുവകളാണ്. അതിനുള്ള ഒരു ഉദാഹരണമാണ് കോഴിക്കോട് വെള്ളിമാട്കുന്നിലുള്ള ‘കോക്കനട്ട് ഗ്രോ’ എന്ന വില്ലാ സമുച്ചയത്തിലെ ഡോക്ടര്‍ ചന്ദ്രന്റെ വീട്. അവിടുത്തെ മറ്റ് വില്ലകള്‍ക്കില്ലാത്ത ചില ‘അസാധാരണത്വങ്ങള്‍’ ഈ വില്ലയ്ക്കുണ്ട്.
‘എക്‌സ്ട്രാ’ കോര്‍ട്ട്‌യാര്‍ഡ്
ആര്‍ക്കിടെക്റ്റ് നിഷാന്‍ ഡിസൈന്‍ ചെയ്ത വില്ലാ പ്രൊജക്റ്റിലെ ഈ 20-ാം നമ്പര്‍ വീട് ഡോക്ടര്‍ ചന്ദ്രന്‍ തന്റെ മകള്‍ ഡോ. അഞ്ജുവിനും ഭര്‍ത്താവ് ഡോ. വിഷ്ണുവിനും വേണ്ടി വാങ്ങിയതാണ്. ”മകള്‍ക്ക് നല്‍കുമ്പോള്‍ ഏറ്റവും മികച്ചതാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വീടിന്റെ ആര്‍ക്കിടെക്ചര്‍ ഡിസൈനും പരിസരവുമൊക്കെ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഇന്റീരിയര്‍ ഡിസൈനിങ് ജിന്‍ഷോയെ ഏല്‍പ്പിച്ചപ്പോള്‍ തന്നെ എന്തെങ്കിലുമൊക്കെ അധികമായി അദ്ദേഹം ചെയ്യുമെന്നുറപ്പുണ്ടായിരുന്നു. കാരണം മുന്‍പ് ഏല്‍പ്പിച്ചിരുന്ന എന്റെ ഓഫീസ് പ്രോജക്റ്റില്‍ ഞാന്‍ ആവശ്യപ്പെടാതെ തന്നെ ഒരു ‘മെസനില്‍ ഫ്‌ളോര്‍’ ഒരുക്കി സൗകര്യം കൂട്ടി അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ജിന്‍ഷോ എക്‌സ്ട്രായായി കൂട്ടിചേര്‍ത്ത കോര്‍ട്ട്‌യാര്‍ഡും അവിടുത്തെ സിറ്റിങ് ഏരിയയുമാണ് മകള്‍ക്കും ഭര്‍ത്താവിനും ഏറ്റവുമധികം ഇഷ്ടപ്പെട്ടത്” ഡോക്ടര്‍ ചന്ദ്രന്‍ പറയുന്നു.
പുത്തന്‍ മെറ്റീരിയലുകള്‍
ഫാമിലി ലിവിങ് കം ഡൈനിങ്ങിനോട് ചേര്‍ന്ന് കോമ്പൗണ്ടിന്റെ പുറകുവശത്ത് വെറുതെ കിടന്നിരുന്ന സ്ഥലം മനോഹരമായ എക്‌സ്റ്റേണല്‍ കോര്‍ട്ട് യാര്‍ഡാക്കി മാറ്റുകയായിരുന്നു. കോര്‍ട്ട്‌യാര്‍ഡിന് അതിരാവുന്ന കോമ്പൗണ്ട് വാള്‍ ടൈല്‍ പതിപ്പിച്ച് ഭംഗിയാക്കിയിട്ടുണ്ട്. അതിനിണങ്ങുന്ന റസ്റ്റിക് ടൈല്‍ തറയുടെ അഴക് കൂട്ടുന്നു. വുഡും, എംഎസും ചേര്‍ന്ന ആന്റിക് ഫര്‍ണിച്ചറും അലങ്കാരമുളകളും വാള്‍ വാഷര്‍ ലൈറ്റിങും കൂടിയാകുമ്പോള്‍ വിശ്രമിക്കുവാന്‍ പറ്റിയ ശാന്തസുരഭില ഇടമായി മാറുന്നു. സുരക്ഷിതത്വത്തിനായി മുകളില്‍ എംഎസ് ഗ്രില്‍ സ്ഥാപിച്ച് അതിനു മുകളിലായി ടഫന്റ് ഗ്ലാസ് ഉറപ്പിച്ചിട്ടുണ്ട്.
”ഡൈനിങ്ങിന്റെ ഭാഗത്തുണ്ടായിരുന്ന ചെറിയ വിന്റോ പൊളിച്ചു നീക്കി അവിടെ മുഴുനീളന്‍ ഗ്ലാസ് ഡോര്‍ കൊടുത്തു. കോര്‍ട്ട്‌യാര്‍ഡ് ഏരിയ ഡൈനിങ്ങിന്റെ ഭാഗമായി തോന്നുവാനിതുപകരിച്ചു. ഇന്റീരിയര്‍ ഡിസൈനിങ് സംബന്ധിയായ സൗകര്യങ്ങളെല്ലാം ഒരുക്കിയത് പ്ലൈവുഡും വെനീറും മെംബ്രേന്‍ ഷീറ്റും കൊണ്ടാണ്. ജോയിന്റില്ലാതെ വരേണ്ട ഭാഗങ്ങളിലെല്ലാം അതായത് കിച്ചന്‍ കബോഡുകളിലും മറ്റും മെംബ്രേന്‍ ഷീറ്റാണുപയോഗിച്ചത്. ജോയിന്റ് ഫ്രീയായി വളച്ചെടുക്കാനാകും എന്നതാണിവയുടെ ഗുണം” ജിന്‍ഷോ ജോസ് പറയുന്നു.
ലിവിങ് റൂമിലും, ഡൈനിങ് റൂമിലും ഫാമിലി ലിവിങ് റൂമിലും പെയിന്റിങ്ങിന്റെ വൈജാത്യം കൊണ്ട് ഓരോരോ ഷോവാളുകള്‍ തീര്‍ത്തിട്ടുണ്ട്. ലിന്റല്‍ ഭാഗത്തായി പ്ലൈവുഡും വെനീറും കൊണ്ട് ബോക്‌സ് ടൈപ്പ് ഡിസൈന്‍ കൊടുത്തു അതിനുള്ളിലായി കണ്‍സീല്‍ഡ് ലൈറ്റുകള്‍ സ്ഥാപിച്ചാണ് ഈ ഷോ ഭിത്തികള്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.
ബ്രാസ് കൊണ്ടുള്ള ഹാന്റ്‌റേലുകളുടെ ഡിസൈനിങ്ങിന് ഇണങ്ങുംവിധം പൂജാസ്‌പേസിന്റെ വാതില്‍ മുറിച്ചെടുത്ത് ചെയ്തു ഡിസൈനാക്കുകയായിരുന്നു. അതില്‍ പൂശിയിരിക്കുന്ന ബ്രാസ്‌കളര്‍ പെയിന്റ് സ്റ്റെയറും പൂജാമുറിയുമൊക്കെ ഒറ്റ യൂണിറ്റു പോലെയാക്കി മാറ്റുന്നുമുണ്ട്. ആ മുറിയിലുള്ള അലങ്കാര മണ്‍കുടങ്ങള്‍ക്കു പോലും ബ്രാസ് നിറമാണ് കൊടുത്തിട്ടുള്ളത്.
ബെഡ്‌റൂമുകള്‍ ഓരോന്നും ഓരോ തീം കളറിന്റെ അടിസ്ഥാനത്തിലാണ് ഡിസൈന്‍ ചെയ്തത്. കട്ടിലില്‍ നിന്നും ഹെഡ്‌റെസ്റ്റിന്റെ ഭാഗമായി ഭിത്തിയിലേക്കും സീലിങ്ങിലേക്കും ഒഴുകി പരക്കുന്ന ഡിസൈന്‍ ഓരോ മുറിയിലും വ്യത്യസ്തമായ അഴകളവുകള്‍ തീര്‍ക്കും വിധമാണൊരുക്കിയിരിക്കുന്നത്.
തീം കളര്‍
ബെഡ്‌റൂമുകള്‍
”എം.എസ്. സ്‌ക്വയര്‍ പൈപ്പുകള്‍ കൊണ്ട് സ്ട്രക്ച്ചറുണ്ടാക്കി പ്ലൈവുഡും വെനീറും കൊണ്ടു പൊതിഞ്ഞാണ് കട്ടിലുകള്‍ നിര്‍മ്മിച്ചത്. മാസ്റ്റര്‍ ബെഡ്‌റൂമില്‍ ഗോള്‍ഡന്‍ തീമും, മറ്റുള്ള ബെഡ്‌റൂമുകളില്‍ സില്‍വര്‍ ബ്ലൂ, റെഡ് എന്നീ നിറങ്ങളുമാണ് തീമാക്കിയത്. വ്യത്യസ്ത പാറ്റേണിലുള്ള വെനീറുകള്‍ ഇതിനായി തെരഞ്ഞെടുത്തു. ഡ്രസിങ് ഏരിയ, സ്റ്റഡി ടേബിള്‍, കബോഡുകള്‍ എന്നിവയും ഒരേ സ്റ്റൈലിലുള്ള വെനീര്‍ കൊണ്ടു പൊതിഞ്ഞു. കര്‍ട്ടനുകള്‍, റഗുകള്‍, കുഷ്യനുകള്‍, കാര്‍പ്പെറ്റ്, ബെഡ് സ്‌പ്രെഡ്, അലങ്കാരപ്പാത്രങ്ങള്‍, കുടങ്ങള്‍, അലങ്കാരവസ്തുക്കള്‍ എന്നിങ്ങനെ എല്ലാം ഒരേ തീമിനെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുത്തത്. തീം അതേ പോലെ പിന്‍തുടരുന്ന ഡിസൈനര്‍ ടൈലുകളാണ് ബാത്ത്‌റൂമുകള്‍ക്കായി തെരഞ്ഞെടുത്തത്” ജിന്‍ഷോ പറയുന്നു.
ലൈറ്റിങ്ങിലുണ്ടൊരു…
കണ്‍സീല്‍ഡ് ലൈറ്റുകളും ഹാങ്ങിങ് ലൈറ്റുകളും വാള്‍ വാഷര്‍ ലൈറ്റുകളും പെന്റന്റ് ലൈറ്റുകളുമൊക്കെ ഒരുക്കുന്ന ലൈറ്റിങ് സംവിധാനങ്ങള്‍ക്കിടയില്‍ കാഴ്ച്ചക്കാരെ കൗതുക പരതന്ത്രരാക്കുന്ന ഒരു ലൈറ്റിങ് സംവിധാനം കൂടി ഇന്റീരിയര്‍ ഡിസൈനര്‍ മുകള്‍നിലയിലെ ബെഡ്‌റൂമിലൊരുക്കിയിട്ടുണ്ട്. വേവ് ഡിസൈന്‍ അലങ്കാരത്തിന്റെ അലയൊലികള്‍ തീര്‍ക്കുന്ന ആ ബെഡ്‌റൂമിലെ ഹെഡ്‌റെസ്റ്റിന്റെ ഭാഗമായി ഭിത്തിയിലേക്ക് പടരുന്ന പാനലിങ്ങില്‍ നിഷുകള്‍ തീര്‍ത്ത് അവിടെ ഗ്ലാസ്സ് ബ്ലോക്കുകള്‍ സ്ഥാപിച്ചു. അതിനടിയില്‍ സി.എഫ്.എല്‍. ട്യൂബ് ലൈറ്റുകള്‍ ഉറപ്പിച്ചൊരുക്കിയിരിക്കുന്ന ലൈറ്റിങ് സംവിധാനം ജിന്‍ഷോയുടെ ‘എക്‌സ്ട്രാ’ ഓഡിനറി ഡിസൈനിങ് പാടവം എടുത്തു കാണിക്കുന്ന ഒന്നാണ്.
‘നോ മ്യൂസിക് നോ ലൈഫ്’ എന്നെഴുതിയ വാതിലിനു മറുവശത്തുള്ള എന്റര്‍ടെയ്ന്‍മെന്റ് റൂമിനുമുണ്ട് ഇങ്ങനെ ഒത്തിരി ഓഡിനറിയല്ലാത്ത കഥകള്‍. പി.വി.സി. ബോര്‍ഡുകള്‍ക്കു മുകളില്‍ പ്രിന്റ് ചെയ്ത മ്യൂസിക് ഇന്‍സ്ട്രുമെന്റുകളും, സംഗീതത്തിലെ മഹാരഥന്‍മാരുടെ ചിത്രങ്ങളും, റഫ് ടെക്‌സ്ച്ചര്‍ പെയിന്റടിച്ച ഭിത്തിയും, ജിപ്‌സം ഫാള്‍സ് സീലിങും, എല്‍ഇഡി ലൈറ്റുകളും, മ്യൂസിക് സിസ്റ്റവും വലിയ പ്രൊജക്ടര്‍ സ്‌ക്രീനുമൊക്കെ സംഗീതത്തിന്റെയും ചലച്ചിത്രങ്ങളുടെയുമൊക്കെ മാസ്മരിക ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ പര്യാപ്തമായവയാണ്.
ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ ജിന്‍ഷോയുടെ നാട്ടിലെ ആദ്യ പ്രൊജക്റ്റുകളിലൊന്നായിരുന്നു ഇത്. ഗള്‍ഫിലെ പ്രവൃത്തി പരിചയത്തിന്റെ മികവും ജിന്‍ഷോ സ്റ്റൈലിലുള്ള ‘എക്‌സ്ട്രാ’ കാര്യങ്ങളും കൂട്ടിയിണക്കിയതാണ് ഈ പ്രോജക്റ്റിനെ ‘എക്‌സ്ട്രാ’ ഓഡിനറിയാക്കി മാറ്റുന്നത്.

Leave a Reply

Your email address will not be published. Required fields are marked *