പരമാവധി തുറന്നതും, ഏറെ വായുസഞ്ചാരമുള്ളതും, എല്ലായിടത്തും മിനിമലിസ്റ്റിക് നയം പിന്‍തുടരുന്നതുമായ ഈ വീടിന്റെ ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് കോഴിക്കോട് എന്‍സംബ്ലിയിലെ ചീഫ് ആര്‍ക്കിടെക്റ്റ് ബിജിത്ത് ഭാസ്‌കറാണ്.

ലാളിത്യം മുഖമുദ്രയാക്കി ക്കൊണ്ടും പരമ്പരാഗത ശൈലിയെ കന്റംപ്രറി ശൈലിയോട് ചേര്‍ത്തു നിര്‍ത്തിയും മലപ്പുറത്ത് ഐക്കരപാടിയില്‍ പണിതിട്ടുള്ള ഈ വീട് ഒരു കോംപാക്റ്റ് ഡിസൈന്‍ ആണ്. അതിലുപരി ആര്‍ക്കിടെക്ചറിന്റെ തത്ത്വങ്ങളെ ലളിതവല്‍ക്കരിക്കുന്ന ഒന്നുമാണ്. പരമാവധി തുറന്നതും, ഏറെ വായുസഞ്ചാരമുള്ളതും, എല്ലായിടത്തും മിനിമലിസ്റ്റിക് നയം പിന്‍തുടരുന്നതുമായ ഈ വീടിന്റെ ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് കോഴിക്കോട് എന്‍സംബ്ലിയിലെ ചീഫ് ആര്‍ക്കിടെക്റ്റ് ബിജിത്ത് ഭാസ്‌കറാണ്.

കുത്തനെയുള്ള മേല്‍ക്കൂരയുമായി, പ്ലോട്ടില്‍ ഉണ്ടായിരുന്ന ഒരു പഴയ വീട് പൊളിച്ചു കളഞ്ഞ് മോഡേണ്‍ ആശയത്തില്‍ പുതുതായൊന്ന് സൃഷ്ടിക്കുവാനായിരുന്നു വീട്ടുടമയായ ആസാദ്, ആര്‍ക്കിടെക്റ്റ് ബിജിത്ത് ഭാസ്‌ക്കറിനോട് ആവശ്യപ്പെട്ടത്.

സമൃദ്ധമായി മഴ ലഭിക്കുന്ന കേരളത്തിലെ കാലാവസ്ഥയില്‍ ഓടിട്ട ചെരിഞ്ഞ മേല്‍ക്കൂരകള്‍ പണ്ടുമുതലേ സാധാരണമാണ്. ആധുനികശൈലിയിലേക്ക് വരുമ്പോള്‍ ചെരിഞ്ഞ മേല്‍ക്കൂര ഉണ്ടായാല്‍ മാത്രം പോരാ എന്നു വരുന്നതിനാല്‍ പുതിയ വീട്ടില്‍ ചില പരിഷ്‌കാരങ്ങള്‍ കാണാം. കന്റംപ്രറിയാണ് ഡിസൈനിങ് നയമെന്നതിനാല്‍ തുറന്ന മട്ടിലാണ് വീട്. അകത്തളങ്ങളില്‍ നിറയെ കാറ്റും വെളിച്ചവും. തുറന്ന നയത്തിലുള്ള ഡിസൈനിങ്ങും വീടിനു തെരഞ്ഞെടുത്ത വെളുത്ത നിറവും കൂടിയാവുമ്പോള്‍ ഗൃഹനാഥന്റെ മനസിലുദിച്ച സങ്കല്പത്തിനു പൂര്‍ത്തീകരണമായി. ഒന്നും അധികമായിട്ടില്ലാത്ത വീടായി ഇത്.

വിശാലമായ പൂമുഖം എന്ന പരമ്പരാഗത ആശയത്തെ പുതിയ നയത്തില്‍ തുറസായ രീതികൊണ്ട് ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ”നീളമുള്ളതും വിശാലവുമായ ഈ സിറ്റൗട്ട് അതിഥികള്‍ കൂടുമ്പോള്‍ ഏറെ പ്രയോജനകരമാണെന്ന്” ഗൃഹനാഥന്‍ ആസാദ് പറയുന്നു. വൈകുന്നേരങ്ങളില്‍ ഇവിടെ ഒത്തുകൂടി സമയം ചെലവഴിക്കാന്‍ വീട്ടുകാര്‍ ഏറെ ഇഷ്ടപ്പെടുന്നു. 3640 സ്‌ക്വയര്‍ഫീറ്റിലുള്ള വീടിന്റെ ചുറ്റിനും, ടെറസ്സിലും ഒക്കെ പച്ചപ്പിനു പ്രാധാന്യമുണ്ട്.

നാലു മേഖലകള്‍
വീടിനെ പ്രധാനമായും നാലു മേഖലകളായി തിരിച്ചിരിക്കുകയാണ് -അവിടെ നടക്കുന്ന പ്രവൃത്തികള്‍ക്കനുസരിച്ച്. ലിവിങ്ങും സിറ്റൗട്ടും ഉള്‍പ്പെടുന്ന പബ്ലിക് ഏരിയ, ഹാള്‍ ഉള്‍പ്പെടുന്ന സെമി പബ്ലിക് ഏരിയ, പ്രൈവറ്റ് ഏരിയകളായ ബെഡ്‌റൂമുകള്‍, സര്‍വ്വീസ് മേഖലകളായ അടുക്കളയും അനുബന്ധ സ്ഥലങ്ങളും എന്നിങ്ങനെ. വീടിന്റെ പ്രധാന ഏരിയകളും സര്‍വീസ് ഏരിയകളും തമ്മില്‍ വേര്‍തിരിച്ചിരിക്കുന്നത് ലേഡീസ് സിറ്റിങ് ഏരിയയാണ്. ഇവിടുടേയ്ക്ക് പ്രത്യേകം പ്രവേശന മാര്‍ഗ്ഗമുണ്ട്. ഈ ഏരിയ മലബാറിലെ പരമ്പരാഗത മുസ്ലീം ഭവനങ്ങളില്‍ പൊതുവേ കാണാറുള്ളതാണ്.
മിനിമലിസം എന്ന നയം അകത്തളങ്ങളില്‍ എല്ലായിടത്തും കാണാനാവും. ലിവിങ്, ഡൈനിങ്, ഫാമിലി ഏരിയകള്‍ തുടങ്ങി എല്ലായിടത്തും ആവശ്യത്തിനുതകുന്ന ഇരിപ്പിടങ്ങളും അലങ്കാരങ്ങളും മാത്രം. വെള്ളയും വുഡന്‍ ബ്രൗണ്‍ നിറവും ചേരുന്ന ഫാള്‍സ് സീലിങ് ലാളിത്യത്തിന് നിദാനമാകുന്നു. ലിവിങ് ഏരിയയില്‍ നല്‍കിയിരിക്കുന്ന വെന്റിലേഷനുകള്‍ വീട്ടകം തെളിച്ചമുള്ളതാക്കി മാറ്റുന്നു. ഫാമിലി ലിവിങ് മാത്രം ഡബിള്‍ഹൈറ്റിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇവിടെയും ദൃശ്യമാകുന്ന തുറസ്സായ നയം ഇരുനിലകളും തമ്മില്‍ ആശയ വിനിമയം സാധ്യമാക്കുന്നു.

സ്റ്റെയര്‍കേസ് കേന്ദ്രബിന്ദു
കാലികശൈലിയില്‍ അല്പം വളവും തിരിവുമൊക്കെയായി ഡിസൈന്‍ ചെയ്തിരിക്കുന്ന സ്റ്റെയര്‍കേസ് അകത്തളങ്ങളുടെ പ്രധാനാകര്‍ഷണങ്ങളിലൊന്നാണ്. തടിയും സ്റ്റീലും സമ്മേളിപ്പിച്ചുകൊണ്ടുള്ള സിംപിള്‍ ഡിസൈന്‍. ഫോയര്‍ ഏരിയ അതിഥികള്‍ക്കുള്ള മുറിയില്‍ നിന്നും വേറിട്ടാണ്. ”ഗ്രേ, വൈറ്റ് കളര്‍ കോംപിനേഷനാണ് വീടിനാകെ. നാച്വറല്‍ ഗ്രനൈറ്റ്, സ്റ്റോണ്‍ ക്ലാഡിങ് എന്നിവ ഈ നിറക്കൂട്ടിനെ പിന്താങ്ങുന്നു. ക്ലേ ടൈല്‍ ഗ്രേകളര്‍ പെയിന്റ് ചെയ്ത് നിറം മാറ്റിയെടുത്തിരിക്കുകയാണ്. ഫസാഡിലാകട്ടെ പ്ലെയ്ന്‍ ഗ്ലാസ് ഉപയോഗിച്ചുള്ള ട്രല്ലിസ് വര്‍ക്കാണ് പോര്‍ച്ചിന് നല്‍കിയത്. ജോയിന്റുകള്‍ക്ക് മാത്രം വെളുത്ത നിറവും. ഗ്രേകളറിലുള്ള, മാറ്റ് ഫിനിഷ് ഉള്ള വിട്രിഫൈഡ് ടൈല്‍, വുഡന്‍ ഫ്‌ളോറിങ്, സ്റ്റോണ്‍ വര്‍ക്കുകള്‍ എല്ലാം ശ്രദ്ധാപൂര്‍വ്വം കളര്‍ തീമനുസരിച്ച് തെരഞ്ഞെടുത്തവ തന്നെ” ആര്‍ക്കിടെക്റ്റ് ബിജിത്ത് ഭാസ്‌കര്‍ പറയുന്നു.

പച്ചപ്പ് കിടപ്പുമുറികളിലും
തികച്ചും സ്വകാര്യത നിറഞ്ഞ കിടപ്പുമുറികള്‍; രണ്ടെണ്ണം താഴത്തെ നിലയിലും രണ്ടെണ്ണം മുകള്‍നിലയിലുമാണ്. കൂടാതെ ഗ്രൗണ്ട് ഫ്‌ളോറില്‍ വിസിറ്റേഴ്‌സ് റൂം, വലിയ ഹാള്‍, ലേഡീസ് സിറ്റിങ്, കിച്ചന്‍, സര്‍വ്വീസ് ഏരിയ എന്നിവയും. മുകള്‍നിലയില്‍ കുട്ടികളുടെ ബെഡ്‌റൂമിനു പുറമെ ഒരു മീഡിയാ റൂം കൂടിയുണ്ട്. മുകള്‍നിലയിലെ കിടപ്പുമുറികള്‍ക്ക് അനുബന്ധമായി വരുന്ന പച്ചപ്പു നിറഞ്ഞ ടെറസ്സ് ഒരു അധിക സൗകര്യമാണ്; സൗന്ദര്യവുമാണ്.

പ്രധാന മേല്‍ക്കൂരയില്‍ നിന്നും സ്റ്റീല്‍ റാഫ്റ്ററുകള്‍ നല്‍കി ടെറസ് ഏരിയയെ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഇതിനു മുകളില്‍ മംഗലാപുരം ഓടുകള്‍ പാകിയാണ് അടുത്ത മേല്‍ക്കൂര. ട്രെസ് വര്‍ക്ക് ചെയ്തിരിക്കുന്ന ഈ ഏരിയ വീടിന് ഒരു നില കൂടിയുണ്ടെന്ന് തോന്നിപ്പിക്കുന്നു. ഇവിടം വ്യായാമത്തിനും കുടുംബാംഗങ്ങളുടെ ഒത്തുചേരലിനും ഉപയോഗിക്കുന്നു. തികച്ചും വാട്ടര്‍ പ്രൂഫായ ഈ മേല്‍ക്കൂര ചോര്‍ച്ചയെന്ന ഭാവികാല ഭയം ഒഴിവാക്കുന്നു. ഡിസൈന്‍ എലമെന്റുകളോ, അലങ്കാ രങ്ങളോ ഒന്നും അമിതമായി ഉപയോ ഗിക്കാത്ത വളരെ സിംപിള്‍ ആയ ഡിസൈനെങ്കിലും ആകെ ഗംഭീരമായിരിക്കുന്നു വീട്, എന്ന തോന്നല്‍ സൃഷ്ടിക്കാന്‍ ആര്‍ക്കിടെക്റ്റ് ബിജിത്ത് ഭാസ്‌ക്കറിന് സാധിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *