വീട്ടുടമസ്ഥരായ ഉണ്ണികൃഷ്ണ വാര്യരും ഗീതാകുമാരിയും ജനിച്ചതും വളര്‍ന്നതും ഒരു വലിയ കൂട്ടുകുടുംബത്തിലായിരുന്നു. ഉദ്യോഗാര്‍ത്ഥം കേരളത്തിനു പുറത്തായിരുന്ന ഇവര്‍ അത്തരം ഒരു അന്തരീക്ഷത്തില്‍ താമസിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടതിനാലാണ് റിട്ടയര്‍മെന്റിനു ശേഷം നാട്ടില്‍ താമസമാക്കാന്‍ ഉറപ്പിച്ചപ്പോള്‍ പഴയ തറവാടിനടുത്ത് തന്റെ സ്വപ്നഗേഹം പണിയാന്‍ തീരുമാനിച്ചത്. ഉണ്ണിക്കൃഷ്ണ വാര്യരും കുടുംബവും ഇവിടെ തന്നെ വീട് വെയ്ക്കാന്‍ തെരഞ്ഞെടുത്തത് സഹോദരങ്ങളും ആ ചുറ്റുവട്ടത്തു തന്നെ തന്നെ താമസിക്കുന്നതു കൊണ്ടു കൂടിയാണ്.

പ്രധാന റോഡില്‍ നിന്നും കുറെ ദൂരെയാണ് വീടിരിക്കുന്ന സ്ഥലം. പ്ലോട്ടില്‍ ഇപ്പോള്‍ വീടിരിക്കുന്നതിന്റെ പുറകുവശത്ത് തരിശ്ശുഭൂമിയും മുമ്പില്‍ തേക്കിന്‍ തോട്ടവുമാണ്.
ആവശ്യം; ആശയം
ഇഗോ ഡിസൈന്‍ സ്റ്റുഡിയോയെയാണ് ഇവര്‍ നിര്‍മാണച്ചുമതല ഏല്‍പ്പിച്ചത്. ഗ്രൗണ്ട് ഫ്‌ളോറില്‍ തന്നെ പരമാവധി മുറികളും വേണമെന്ന് ആദ്യമേ നിര്‍ദ്ദേശിച്ചിരുന്നു. പഴയ നാലുകെട്ട് തറവാടിന്റെ മാതൃകയില്‍ കുറെ അംഗങ്ങള്‍ക്കുള്ള ഒരു വീടെന്ന ആശയത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ചൂട് പരമാവധി കുറച്ച്, കുളിര്‍മയുള്ള അന്തരീക്ഷം വീടിനുള്ളില്‍ സൃഷ്ടിക്കണമെന്നായിരുന്നു ക്ലൈന്റിന്റെ ആവശ്യം.
ഉണ്ണികൃഷ്ണന്റെ മനസ്സിലുള്ള പഴയ നാലുകെട്ട് വീട് പോയികണ്ട് അതിന്റെ വിശദാംശങ്ങള്‍ പഠിക്കുകയാണ് ആര്‍ക്കിടെക്റ്റ് ആദ്യം ചെയ്തത്. അതില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളെ പുതിയ ഡിസൈന്‍ നയങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചു പരിഷ്‌കരിക്കുകയായിരുന്നു. ഇരുപത്, ഇരുപത്തഞ്ച് അംഗങ്ങള്‍ക്ക് താമസിക്കാനുള്ള എല്ലാവിധ സൗകര്യവും, നല്ല കാറ്റും, വെളിച്ചവും ഉള്ള പഴയതറവാടായിരുന്നു ഉണ്ണികൃഷ്ണന്റേത്. ആര്‍ക്കിടെക്റ്റ് പുതിയയൊരു ശൈലിയില്‍ പുതിയ വീട്ടിലും ഇവയെല്ലാം സാധ്യമാക്കുകയായിരുന്നു.
പ്രധാന ഘടകങ്ങള്‍
ഒരു സദ്യ ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ ഒത്തുചേരുന്ന എല്ലാ ആഘോഷങ്ങളും നടത്താന്‍ പറ്റുന്ന വിധത്തില്‍ വലിയ മുറികളും, അടച്ചുകെട്ടിയെടുത്ത പുറംമുറ്റവും എല്ലാമായി കുടുംബങ്ങളുടെ ഒത്തുകൂടലിന് ഉതകുംവിധമുള്ള ഏരിയകള്‍ ഡിസൈന്‍ ചെയ്യുകയായിരുന്നു ആദ്യപടി.
ബഹുമുഖാങ്കണങ്ങള്‍ നല്‍കിയാണ് സ്ഥലവിന്യാസം ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നത്. വിശ്രമിക്കാനുള്ള മുറികള്‍ ഒരുക്കിയിരിക്കുന്നത് തെക്കു പടിഞ്ഞാറുവശത്താണ്. നാടന്‍ ചെടികള്‍ നട്ട് ടെറസില്‍ ഗ്രീന്‍ റൂഫിങ് എന്ന ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നു.
അകത്തളങ്ങളില്‍ വെള്ളനിറം നല്‍കിയതും ഓപ്പണിങ്ങുകളും സ്‌കൈലൈറ്റും കൊടുത്തതും, ഗ്രീന്‍ റൂഫിങ്ങും കാരണം സമീപത്തെ മറ്റുവീടുകളുമായി താരതമ്യപ്പെടുത്തിയാല്‍ ഈ വീടിനകത്തെ ചൂട് 5 മുതല്‍ 7 ഡിഗ്രി വരെ കുറയ്ക്കുന്നുണ്ട്. അതിനാല്‍ എ.സി.യോ, ഫാനോ ഇടേണ്ടതിന്റെ ആവശ്യകത വരുന്നില്ല.
ചെങ്കല്ലുപയോഗിച്ചാണ് ഭിത്തികള്‍ പണിതത്. സ്റ്റീല്‍ ഉപയോഗിച്ചുള്ള ജനലുകളും വാതിലുകളും, എംഡിഎഫ്, പ്ലൈവുഡ് എന്നിവ കൊണ്ടുള്ള കബോര്‍ഡുകള്‍, സ്റ്റെയിന്‍ലസ് സ്റ്റീല്‍ പൈപ്പിന്റെ പര്‍ഗോളകളും ഹാന്റ്‌റെയിലുകളും – നിര്‍മാണത്തിലെ പ്രധാന സാമഗ്രികള്‍ ഇവയാണ്. ബില്‍റ്റ്- ഇന്‍ ഫര്‍ണിച്ചറാണ് മിക്ക മുറികളിലും.
സസ്റ്റയ്‌നബിള്‍ വീട്
സസ്റ്റയിനബിലിറ്റി എന്ന ആശയം ഈ വീട്ടില്‍ ഫലപ്രദമായി പ്രാവര്‍ത്തികമാക്കിയിരിക്കുന്നത് പല മാര്‍ഗ്ഗങ്ങളിലൂടെയാണ്. തെക്കുപടിഞ്ഞാറു ഭാഗങ്ങളിലാണ് ബഫര്‍ (ബാത് + ഡ്രസ്സിങ്) റൂമുകള്‍. ഗ്രീന്‍ഹോം എന്ന ആശയത്തിലൂന്നി ചുറ്റും വരാന്തകള്‍ നല്‍കിയത് ചൂട് പരമാവധി കുറയ്ക്കുന്നു. നാട്ടില്‍ തന്നെ ലഭ്യമായ ചെങ്കല്ല് ഉപയോഗിച്ചാണ് ഭിത്തി നിര്‍മാണം. തടി ഉപയോഗിച്ചിട്ടില്ല. ആകെ രണ്ടു മുറികളില്‍ മാത്രമാണ് ഫാന്‍ കൊടുത്തിട്ടുള്ളത്. ഈ വീട്ടിലെ വൈദ്യുതാവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നത് സോളാര്‍ പാനല്‍ വഴിയാണ്.
ചുറ്റുവട്ടത്തു നിന്നും ലഭ്യമായ മണ്ണും, ചെടികളും മാത്രമാണ് ടെറസില്‍ പച്ച മേലാപ്പു വിരിച്ചു നില്‍ക്കുന്ന റൂഫ് ഗാര്‍ഡന് ഉപയോഗിച്ചിരിക്കുന്നത്. അകത്തളങ്ങളില്‍ വെള്ളനിറം നല്‍കിയതിനാല്‍ പ്രകാശ പ്രതിഫലനം കൂടുന്നു. തന്മൂലം കൃത്രിമ വെളിച്ചത്തിന്റെ ഉപയോഗം കുറയുന്നു. മെറ്റീരിയലുകളുടെ തെരഞ്ഞെടുപ്പും ഡിസൈന്‍ രീതികളും മൂലം 25% നിര്‍മാണച്ചെലവ് കുറയ്ക്കാന്‍ കഴിഞ്ഞു.
സൈറ്റിനഭിമുഖമായ പച്ചപിടിച്ചു വരുന്ന തേക്കിന്‍ തോട്ടത്തിന്റെ ദൃശ്യവും, പച്ചപ്പും, മേല്‍ക്കൂരയിലെ ഗാര്‍ഡനും എല്ലാം ലാന്‍ഡ്‌സ്‌കേപ്പിന്റെ സ്വാഭാവിക ഭംഗി ഉറപ്പാക്കുന്നു.
നാലുകെട്ട് എന്ന പരമ്പരാഗത ആശയത്തിന്റെ ചുവടുപിടിച്ച്, സ്‌കൈലൈറ്റോടു കൂടിയ കോര്‍ട്ട്‌യാര്‍ഡും ചുറ്റുവരാന്തയും, വിശാലമായ ഒത്തുചേരല്‍ ഇടങ്ങളും എല്ലാം പ്രാവര്‍ത്തികമാക്കിയ ഈ വീട് ഭൂമിയുടെ ഒരു പരിഛേദം പോലെയാണ് തോന്നുക.

Leave a Reply

Your email address will not be published. Required fields are marked *