ബാംഗ്ലൂരിലെ ഹെല്ലൂര്‍ റോഡില്‍ വീണയ്ക്കും സുധീന്ദ്രനും വേണ്ടി ബാംഗ്ലൂരിലെ 4എ സ്റ്റുഡിയോയിലെ ആര്‍ക്കിടെക്റ്റ് വിജയ് നാരായണനും സംഘവും ചേര്‍ന്ന് ഡിസൈന്‍ ചെയ്ത വീട് അതിന്റെ നിര്‍മ്മാണ സങ്കേതങ്ങളിലെ പ്രത്യേകതകള്‍ കൊണ്ടും നിര്‍മ്മാണ സാമഗ്രികളുടെ തെരഞ്ഞെടുപ്പു കൊണ്ടും ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. ഇക്കോ ഫ്രണ്ട്‌ലി ആയൊരു കെട്ടിടം എന്നത് ക്ലൈന്റിനും ആര്‍ക്കിടെക്റ്റിനും ഒരുപോലെ യോജിക്കാനായ ആശയമായതു കൊണ്ടാണിത് സാധ്യമായത്.

മണ്ണുകൊണ്ട് സ്ട്രക്ചര്‍

വീടിന്റെ മൊത്തത്തിലുള്ള സ്ട്രക്ചര്‍ നിര്‍മ്മാണം സൈറ്റില്‍ നിന്നു ലഭിച്ച മണ്ണുപയോഗിച്ചാണ്. ഈ സൈറ്റിനടുത്തായി ഗവണ്‍മെന്റ് വക റോഡുനിര്‍മ്മാണം നടക്കുന്നുണ്ടായിരുന്നു. ആ നിര്‍മ്മാണജോലികള്‍ക്കിടെ കുഴിച്ചെടുത്ത കുറെയധികം മണ്ണ് വീടുപണിയുവാന്‍ നിശ്ചയിച്ചിരുന്ന ഈ പ്ലോട്ടില്‍ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ലഭിച്ച ആ മണ്ണ് മുഴുവന്‍ ഈ വീടിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുകയായിരുന്നു. ഭിത്തികള്‍ നിര്‍മ്മിക്കാനാവശ്യമായ സ്റ്റെബിലൈസ്ഡ് മഡ് ബ്ലോക്കുകള്‍ സൈറ്റില്‍ തന്നെ നിര്‍മ്മിച്ചു. ഇതിനു പുറമെ റാംഡ് എര്‍ത്ത് രീതി ഉള്‍പ്പെടെ പല നിര്‍മ്മാണസങ്കേതങ്ങളും ഈ വീടിന്റെ സ്ട്രക്ചര്‍ നിര്‍മ്മിതിയില്‍ കാണാം. റൂഫിന് ഫില്ലര്‍സ്ലാബും ലിന്റലിന് ആര്‍ച്ച് റൂഫ് രീതിയും, സ്ട്രക്ചറിന് മണ്ണും, മഡ് ബ്ലോക്കുകളുമാണ്. പ്രീകാസ്റ്റ് ബീമും പ്രീ കാസ്റ്റ് ആര്‍ച്ചുകളും സൈറ്റില്‍ തന്നെ നിര്‍മ്മിച്ചവയാണ്.

പ്രകൃതിയോടിണങ്ങി

വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് ഗ്ലാസ് ഓപ്പണിങ്ങുകള്‍ നല്‍കി. ജനാലകള്‍ക്ക് എം.എസ് കൊണ്ടുള്ള ഫ്രെയ്മുകള്‍ ഉപയോഗിച്ചു. ടോയ്‌ലറ്റുകള്‍ക്കും മറ്റും ഫ്‌ളോറിങ്ങിനായി നാച്വറല്‍ കല്ലുകള്‍ തന്നെ തെരഞ്ഞെടുത്തു. പരമാവധി നാച്വറലായ മെറ്റീരിയലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ് ഈ പരിസ്ഥിതി സൗഹാര്‍ദ്ദ വീട്. തെക്കുഭാഗത്ത് സ്റ്റീല്‍ ഫ്രെയിം വര്‍ക്കില്‍ നല്‍കിയിട്ടുള്ള ഗ്രീന്‍ വാള്‍ ഭാവിയില്‍ വള്ളിച്ചെടികള്‍ പടര്‍ത്തിക്കഴിയുമ്പോള്‍ അകത്തെ ചൂടിനെ ശമിപ്പിക്കും.

ലെതര്‍ ഫിനിഷിലുള്ള കോട്ടാ സ്റ്റോണാണ് ഫ്‌ളോറിങ്ങിന് തെരഞ്ഞെടുത്തിരിക്കുന്നത്; ഇത് ചെലവു കുറഞ്ഞതാണെന്നു മാത്രമല്ല, ഏറെ നാള്‍ ഈടു നില്‍ക്കുന്നു. തെന്നില്ല, ചൂടുപിടിക്കില്ല. പ്രായമായവര്‍ക്ക് ഏറെ അനുയോജ്യമാണ്. ലാമിനേറ്റുകള്‍ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല. ഡ്യൂക്കോ ഫിനിഷ് മെറ്റാലിക് പെയിന്റ് ചെയ്തവയാണ് വാതിലുകള്‍. കുറഞ്ഞ മെയിന്റനന്‍സ് ആവശ്യമായതാണ് കുറഞ്ഞ ബഡ്ജറ്റില്‍ പണിത വീട്.

ലിവിങ്, ഡൈനിങ്, കിച്ചന്‍ ഏരിയകള്‍ക്കു പുറമെ രണ്ടു ബെഡ്‌റൂമുകള്‍ കൂടിയുണ്ട് താഴെ നിലയില്‍. മുകള്‍നിലയില്‍ മൂന്നു ബെഡ്‌റൂമുകള്‍, കിച്ചന്‍, ഒരു ലിവിങ് എന്നിങ്ങനെയാണ് മുറികളുടെ ക്രമീകരണം. വാടകയ്ക്കു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മുകള്‍നിലയുടെ നിര്‍മ്മിതി. അതിനാല്‍ രണ്ടു നിലകളിലും അടുക്കളയ്ക്ക് സ്ഥാനമുണ്ട്. താഴത്തെ നിലയ്ക്ക് ആവശ്യമുള്ള പക്ഷം ഒരു സ്റ്റുഡിയോയോ കഫേയോ ഒക്കെയായി മാറ്റാവുന്ന വിധം വളരെ ഫ്‌ളക്‌സിബിളായ ഡിസൈനാണ്.

സ്‌കൈലൈറ്റുമായി പൂജാമുറി

കിഴക്കുപടിഞ്ഞാറ് ദിക്കിലാണ് വീടിന്റെ സ്ഥാനം. മുന്‍ഭാഗത്തും പിന്‍ഭാഗത്തും സിറ്റൗട്ട് ഉണ്ട്. കിഴക്ക് ഭാഗത്ത് കൂടുതലും ഫ്രെഞ്ച് വിന്‍ഡോകളാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ നിന്നും പിന്നില്‍ വരെ ഒരു നേര്‍രേഖയില്‍ നോട്ടമെത്തും. പിന്‍ഭാഗത്ത് സ്വകാര്യതയ്ക്കായി ചുറ്റുമതില്‍ ഉയര്‍ത്തിക്കെട്ടിയിട്ടുണ്ട്. അകത്തളങ്ങളില്‍ സ്‌കൈലൈറ്റിനു സ്ഥാനം നല്‍കിയിരിക്കുന്നത് പൂജാമുറിയിലാണ്. ഡബിള്‍ ഹൈറ്റ് സ്‌പേസിലാണ് വീടിന്റെ എന്‍ട്രന്‍സ്. മുകള്‍ നിലയുടെ വരാന്ത ഇവിടെ വരുന്നതിനാല്‍ രണ്ടു നിലകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വീടിന്റെ അകത്തേക്ക് കടന്നു ചെന്നാല്‍ ആദ്യം കാണുന്നത് പൂജാ ഏരിയയാണ്. സ്‌കൈലൈറ്റാണ് ഇവിടെ വെളിച്ചം വിതറുന്നത്. ലെവല്‍ വ്യതിയാനങ്ങളുമുള്ളതാണ് റൂഫ് പാറ്റേണ്‍. വീടിന് പുറത്തു നിന്നുമാണ് സ്റ്റെയര്‍കേസ് നല്‍കിയിരിക്കുന്നത്. സ്റ്റെപ്പുകളുടെ ഒരറ്റം ഭിത്തിക്കുള്ളിലേക്ക് നല്‍കി കാന്റിലിവര്‍ ശൈലിയിലാണ് ചെയ്തിരിക്കുന്നത്. കോണ്‍ക്രീറ്റ് അധികം ഉപയോഗിച്ചിട്ടില്ല. സ്റ്റെയര്‍കേസിനടിയിലെ കോര്‍ട്ട് യാര്‍ഡിലും ഭിത്തിയിലുമെല്ലാം നിഴലുകള്‍ ചിത്രമെഴുതുന്നുണ്ട്.

എക്‌സ്‌പോസ്ഡ് ബ്രിക്കുകള്‍ക്കു പോളിഷ് അടിച്ചിട്ടില്ല. റാംഡ് എര്‍ത്ത്, സ്റ്റെബിലൈസ്ഡ് മഡ് ബ്ലോക്ക് എന്നിവ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഭാവിയിലും ഭിത്തികളില്‍ വെള്ളം കിനിയാന്‍ സാധ്യതയില്ല. ചൂടുള്ള കാലാവസ്ഥയിലും ഉള്ളില്‍ ഫാനിന്റെ പോലും ആവശ്യം വരുന്നില്ല എന്നുള്ളതാണ് ഈ വീടിന്റെ ഉള്ളിലെ സുഖകരമായ ജീവിതാന്തരീക്ഷത്തിന്റെ അളവുകോല്‍. പ്ലോട്ടില്‍ ലഭ്യമായ മണ്ണും, പ്രകൃതി തരുന്ന മറ്റു സാമഗ്രികളുമുപയോഗിച്ച് തികച്ചും പ്രകൃതി സൗഹാര്‍ദ്ദപരമായി ചെയ്ത വീട്.

Comments are closed.