അറുപതുകളുടെ അവസാനത്തോടെയും എഴുപതുകളുടെ ആരംഭത്തോടെയുമാണ് നിര്‍മാണ ബദലുകളെക്കുറിച്ചു കേരളമറിയുന്നത്. അങ്ങിങ്ങ് ഈദൃശ ശ്രമങ്ങള്‍ നടന്നിരിക്കാമെങ്കിലും ഇതു നമ്മെ വ്യക്തതയോടെ കാണിച്ചു തരാന്‍ ബ്രിട്ടനില്‍ നിന്ന് വിവിധ രാജ്യങ്ങളിലൂടെ ഇവിടെ എത്തി താവളമടിച്ച, ദിവംഗതനായ ആര്‍ക്കിടെക്റ്റ് ഡോ. ലാറി ബേക്കര്‍ വേണ്ടി വന്നു! തികഞ്ഞ ഗാന്ധി ശിഷ്യന്‍!

അന്ന് ഭാരതം യുദ്ധാനന്തര ക്ഷാമകാലം തരണം ചെയ്യുകയായിരുന്നു. എവിടെയും ദാരിദ്ര്യം. ഭക്ഷണമില്ല, പണവുമില്ല; ഭൂപരിഷ്‌ക്കരണം നടപ്പില്‍ വരുന്നതേയുള്ളൂ; ജന്മി കുടിയാന്‍ വ്യവസ്ഥിതിയും അന്ത്യഘട്ടത്തില്‍; നഗരങ്ങള്‍ വളര്‍ന്നിട്ടില്ല; തൊഴിലില്ലായ്മ രൂക്ഷം; വ്യവസായശാലകളില്ല; സിമന്റും കമ്പിയും കിട്ടാനില്ല.

മലയാളക്കരയ്ക്കും ഇവിടത്തെ കാലാവസ്ഥയ്ക്കും ഇണങ്ങുന്ന പാരമ്പര്യ വാസ്തു ശൈലി, ബദല്‍ നിര്‍മ്മിതികള്‍ക്ക് എത്രയധികം ഉപയോഗപ്പെടുത്താമെന്ന് ബേക്കര്‍ പരീക്ഷണമാരംഭിച്ചു-തന്റെ അചുംബിത സൃഷ്ടിവൈഭവത്തിലൂടെ; നടപ്പുകാലഘട്ടത്തിനനുയോജ്യമായ ചെലവു കുറഞ്ഞ വാസ്തുശില്പ ശൈലി ഇവിടുത്തെ പാരമ്പര്യത്തിലൂന്നി നിന്നു കൊണ്ട് അദ്ദേഹം ഉരുത്തിരിച്ചെടുത്തു. തേയ്ക്കാത്ത ഇഷ്ടികച്ചുവരുകളുടെ ചാരുതയും, ഇഷ്ടിക ജാലികളുടെ ഉപയോഗക്ഷമതയും, ഓടുവച്ചു വാര്‍ത്ത ചരിഞ്ഞ മേല്‍ക്കൂരകളുടെ അകംപൊരുളും പുറംകമനീയതയും ആ പെരുന്തച്ചന്‍ നമുക്കു ബോധ്യപ്പെടുത്തിത്തന്നു. അതും അന്നത്തെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും കൈപ്പിടിയിലൊതുങ്ങുന്ന ചെലവില്‍- പ്രകൃതിയെ ഹനിക്കാതെ. ഓരോ പണിസ്ഥലത്തും പണിയായുധമെടുത്ത് അദ്ദേഹം മേസ്തിരിവേഷവും നിത്യേന കെട്ടി! കൂടെക്കൂട്ടിയ ഓരോ കല്‍പ്പണിക്കാരനേയും അദ്ദേഹം മേസ്തിരിയാക്കി മാറ്റി. തന്റെ പ്രവൃത്തി കച്ചവടമാക്കിയതുമില്ല. യാഥാര്‍ത്ഥ്യമായതും ജനകീയ അടിത്തറയിലുറച്ചതും സാമൂഹ്യ-സാമ്പത്തിക സാംഗത്യമുള്ളതും കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും സര്‍വ്വോപരി പാരമ്പര്യത്തിനിണങ്ങിയതുമായ ഒരു ബദല്‍ നിര്‍മ്മിതിശൈലി പ്രതിഭാധനനായ ലാറി ബേക്കര്‍ സമ്മാനിച്ചു. അതിനാല്‍ ഓരോ ബേക്കര്‍ നിര്‍മ്മിതിയും നാടിനിണങ്ങിയ നിര്‍മ്മിതിയ്ക്ക് മകുടോദാഹരണമായി മാറി.

ഒറ്റപ്പെട്ട ചില ശ്രമങ്ങള്‍

അറുപതുകളുടെ അവസാന ഘട്ടത്തോടെ തന്നെ റൂര്‍ക്കിയിലെ കേന്ദ്രകെട്ടിട ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (സി.ബി.ആര്‍.ഐ.) നിരവധി ബദല്‍ പാര്‍പ്പിട നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ രാജ്യത്തിനു വേണ്ടി വികസിപ്പിച്ചെടുത്തിരുന്നു. അടിസ്ഥാനം മുതല്‍ മേല്‍ക്കൂര വരെയുള്ള സമസ്ത ഘടകങ്ങളിലും അവര്‍ സ്വന്തം ഗവേഷണ ലഘുലേഖകള്‍ പുറത്തിറക്കി. ദുര്‍ലഭ നിര്‍മ്മാണവസ്തുക്കളായ സിമന്റും കമ്പിയും ലാഭിക്കുന്നതിനും, ചെലവു കുറഞ്ഞതും ഉറപ്പുള്ളതും നഗര-നാട്ടിന്‍പുറങ്ങള്‍ക്കിണങ്ങുന്നതുമായ സാങ്കേതിക വിദ്യകള്‍ ആര്‍ക്കും പ്രയോഗിക്കാനുതകുന്ന വിധത്തിലുള്ളതുമായിരുന്നു അവരുടെ വിവരണങ്ങളും സ്‌കെച്ചുകളും. വിവിധ മണ്‍ഭിത്തി നിര്‍മ്മാണങ്ങളും, മണ്‍തേയ്ക്കല്‍ അഥവാ പൂശലും, പരമ്പരാഗത ജനല്‍, വാതിലുകള്‍ക്കു പകരം തടി ലാഭിക്കുന്ന മാര്‍ഗ്ഗങ്ങള്‍, കമ്പി ലാഭിക്കുന്ന ലിന്റലുകളും ബീമുകളും, മേല്‍ക്കൂരയ്ക്കു പ്രീകാസ്റ്റ് ഷെല്ലുകളും വാഫറുകളും തുടങ്ങിയവ ഇവയില്‍ ചിലതു മാത്രം. അക്കാലങ്ങളില്‍ അവ ഒട്ടൊക്കെ ജനകീയവുമായി. ഉദാഹരണത്തിന് എഴുപതുകളില്‍ വരെ തിരുവനന്തപുരത്തു നിലനിന്നിരുന്ന സ്വയംതൊഴില്‍ വ്യാപൃത എഞ്ചിനീയര്‍മാരുടെ സംരംഭമായ ‘എന്‍കോസ്’ ഇമ്മാതിരി സാങ്കേതിക വിദ്യകളുപയോഗിച്ചു നിരവധി കെട്ടിടങ്ങള്‍ പണിതു. ഭദ്രമായി അവ ഇന്നും നിലനില്‍ക്കുന്നു. മറ്റു പല എഞ്ചിനീയര്‍മാരും ഈ പാത പിന്തുടര്‍ന്നിട്ടുണ്ട്; കേരളത്തിലുടനീളം- അക്കാലം മുതല്‍ക്കു തന്നെ.

വഴിമാറിയതെങ്ങനെ?

എണ്‍പതുകളുടെ തുടക്കം മുതല്‍ ഗള്‍ഫുപണം ഇവിടേയ്ക്കു വ്യാപകമായി ഒഴുകി ത്തുടങ്ങി. കൂട്ടു കുടുംബ വ്യവസ്ഥിതി, നിയമം മുഖേന തകര്‍ന്നു. ഭൂപരിഷ്‌ക്കരണ നിയമവും ഫലം കണ്ടു. ഇക്കാരണങ്ങളാല്‍ തന്നെ അണുകുടുംബങ്ങള്‍ വ്യാപകമായി തുടങ്ങി. ഭൂമി ചെറുതുണ്ടുകളാക്കി ക്രയവിക്രയം ചെയ്തു തുടങ്ങി. യുദ്ധഭീതി തീര്‍ന്നു. ഹരിതവിപ്ലവം വിജയം കണ്ടുതുടങ്ങി. ഭക്ഷ്യക്ഷാമം കുറഞ്ഞു. കൃഷിയിടങ്ങള്‍ ക്രമേണ പുരയിടങ്ങളായി മാറിത്തുടങ്ങി. ഇതിനു രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക കാരണങ്ങളുണ്ട്. പ്രധാനകാരണം സാമ്രാജ്യശക്തികള്‍ തകര്‍ന്നു എന്നതു തന്നെ.

അടുത്ത ദശാബ്ദം സാമ്പത്തിക ഉദാരവല്‍ക്കണത്തിന്റേതായിരുന്നു. ലോണുകള്‍ സുലഭമായി. ജനത്തിന്റെ വാങ്ങല്‍ശേഷി ഉയര്‍ന്നു. ഐ ടി, ടൂറിസം മേഖലകള്‍ പച്ചപിടിച്ചു. ക്രമേണ കേരളം ഒരു വിപണിയായി മാറി. ഗള്‍ഫ് -വിദേശ പണത്തിന്റെ ഒഴുക്കു തുടര്‍ന്നു. നാട്ടിന്‍ പുറങ്ങളില്‍ വിദേശ, സ്വദേശ മലയാളികള്‍ കൂറ്റന്‍ വീടുകള്‍ പണിതുയര്‍ത്തി. ഫ്‌ളാറ്റുകളും വില്ലകളും വ്യാപകമായി.

ഉപ്പോളം വരുമോ ഉപ്പിലിട്ടത്? ബേക്കര്‍ പാത പിന്തുടരുന്നു എന്ന് അവകാശപ്പെടുന്ന ചിലര്‍ പൂശാത്ത ഇഷ്ടികച്ചുവരുകളും ഓടുവച്ചു വാര്‍ത്ത മേല്‍ക്കൂരകളുമായി പുറപ്പെട്ടു എങ്കിലും, പാതിവഴിയില്‍ മതിയാക്കേണ്ടി വന്നു. ഇതിനിടെ ‘ലോ കോസ്റ്റ്’ വീടുകള്‍ക്കു ബുദ്ധിജീവി പരിവേഷവും കൈവന്നു. ”പണം എത്രവേണമെങ്കിലും ചെലവാക്കാം- ഒരു ലോ കോസ്റ്റ് വീട് എനിക്കും വേണം” എന്ന് ഒരു ബുജി ഇക്കാലത്തു പറഞ്ഞുവത്രേ!

ഇതിനിടെ റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ടു നിരയും പുരയും പിഴുതു കൊണ്ടുവന്നു നടുന്ന ശൈലിയും തൊണ്ണൂറുകളില്‍ വ്യാപകമായി. ഇപ്രകാരം പുനരുപയോഗത്തിനും ചംക്രമണത്തിനും ക്ഷമതയുള്ളതാണ് തടിയില്‍ തീര്‍ത്ത കേരള വാസ്തുശില്പങ്ങളെന്നും തെളിയിക്കപ്പെട്ടു. ഇതും ബദല്‍ തന്നെ.

നാം എവിടേയ്ക്കാണ്?

ഇന്ന് ഒരു മേഖലയിലും നമുക്കു സ്വദേശി തൊഴിലാളികള്‍ പേരിനു പോലുമില്ലല്ലോ! ലാറി ബേക്കര്‍ പഠിപ്പിച്ച മേസ്തിരി കുലം ഏറെക്കുറെ അന്യം നിന്നിരിക്കുന്നു. അന്യദേശ തൊഴിലാളി എന്തെങ്കിലും വച്ചു കെട്ടിത്തന്നാല്‍ അവ കൊണ്ടു മലയാളി ഇന്നു തൃപ്തിയടയുന്നു. എന്തെല്ലാമോ കൊണ്ടു പൊതിഞ്ഞും, മുന്തിയ പെയിന്റുകള്‍ വാരിക്കോരിയടിച്ചും ഇമ്മാതിരി കെട്ടിടങ്ങളെ എങ്ങനെയെങ്കിലും നാം പല്ലിളിപ്പിച്ചു നിര്‍ത്തുന്നു. പണം ചെലവാക്കാന്‍ മലയാളിക്കിന്നു മടിയൊന്നുമില്ല; പണിതുയര്‍ത്തി അയല്‍ക്കാരനെ വെല്ലണമെന്ന ഒറ്റ ജ്വരമേയുള്ളൂ. ഈ പാച്ചിലിനിടെ എന്തു ബദല്‍? ആര്‍ക്കുവേണ്ടി? അതാണ് നയം.ഇല്ലെന്നില്ല; മണ്ണു കൊണ്ടും മുള കൊണ്ടും വെട്ടുകല്ലു കൊണ്ടും മണ്‍കട്ട കൊണ്ടും വീടുകളും റിസോര്‍ട്ടുകളും മറ്റു കെട്ടിടങ്ങളും മെനഞ്ഞെടുക്കുന്ന വിദഗ്ധര്‍ ഇന്നും ഇവിടെയുണ്ട്. വ്യയക്ഷമതയുള്ളത് എന്ന് മിക്കവരും അവകാശപ്പെടുന്നുമില്ല. കെട്ടിടമുടമയ്ക്ക് ‘ബുജി’ പരിവേഷം ലഭിക്കുമെന്ന മെച്ചവുമുണ്ട്. പക്ഷേ, ജനകീയ ബദലാകുന്നില്ല ഇവ. എന്നാല്‍ സാധാരണമായിട്ടുള്ളതും ജനകീയമായിട്ടുള്ളതുമായ സാങ്കേതികവിദ്യ തന്നെ കയ്യടക്കത്തോടെ കൈകാര്യം ചെയ്ത്, വിദഗ്ധ രൂപകല്പനയിലൂടെ ധൂര്‍ത്തൊഴിവാക്കി, പ്രകൃതി വിഭവങ്ങള്‍ ആവുന്നത്ര പരിരക്ഷിച്ചു കൊണ്ട് നമുക്ക് വീടുകളും മറ്റെടുപ്പുകളും ഉണ്ടാക്കാം. ഇപ്രകാരമുള്ള നിര്‍മ്മിതികളല്ലേ സ്വാഭാവികമായും ജനകീയ വാസ്തുശൈലിയാകേണ്ടത്? കൂടുതല്‍ കൂടുതല്‍ കടക്കെണിയില്‍ പെടുന്നതില്‍ നിന്ന് ഒരുവനെ രക്ഷപ്പെടുത്താന്‍ ഉതകുന്നത്? ഒരു കാര്‍ വാങ്ങുമ്പോള്‍ അത് പില്‍ക്കാലത്ത് അനായാസേന വിറ്റഴിച്ച് റീസെയില്‍ വില കിട്ടണമെന്ന് നാം ആഗ്രഹിക്കുമല്ലോ? വീടിനും കെട്ടിടങ്ങള്‍ക്കും വേണ്ടേ തക്കതായ റീസെയില്‍ മൂല്യം? എന്നാലല്ലേ അവ ജനകീയ ബദലാകൂ? സാങ്കേതിക വിദഗ്ധര്‍ ഏതു ദിശയില്‍ ചലിക്കണം എന്നു ചിന്തിക്കുക.

(ലേഖകന്‍: മംഗളം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ആണ്)

 

Leave a Reply

Your email address will not be published. Required fields are marked *