October 7th, 2016
ഏഴ് സെന്റില്‍ ഏഴഴക്

പ്ലോട്ടിന്റെ കുറവുകളും മെച്ചങ്ങളും ഉള്‍ക്കൊണ്ട് പ്ലാന്‍ വരച്ചാല്‍ ഏത് സ്ഥലത്തും വീട് വയ്ക്കാം എന്ന് തെളിയിച്ചു കൊണ്ടാണ് ആര്‍ക്കിടെക്റ്റ് സുജിത് കെ നടേഷ് മോഹന്റെ വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

കൊച്ചി എളമക്കരയില്‍ ആദ്യമുണ്ടായിരുന്ന നാല് സെന്റ് സ്ഥലത്തെ വീട് പൊളിച്ച് മാറ്റി അതിനോട് ചേര്‍ന്ന് തന്നെ മൂന്ന് സെന്റ് കൂടി വാങ്ങി വീട് പണിയാന്‍ തീരുമാനിച്ചപ്പോള്‍ മോഹനെ പലരും നിരുല്‍ സാഹപ്പെടുത്തി. കാരണം, ഒട്ടും വീതി ഇല്ലാത്ത ദീര്‍ഘചതുരാകൃതിയിലായിരുന്നു ആ പ്ലോട്ട്. എന്നാല്‍ വര്‍ഷങ്ങളായി തമസിച്ചുവരുന്ന സ്ഥലത്ത് നിന്ന് പെട്ടെന്ന് മാറാന്‍ മോഹനും കുടുംബത്തിനും കഴിയുമായിരുന്നില്ല. എന്തായാലും ഇവിടെ തന്നെ വീട് പണിയുമെന്ന ഉറച്ച തീരുമാനത്തില്‍ മോഹന്‍ സമീപിച്ചത് ആര്‍ക്കിടെക്റ്റ് സുജിത്ത് നടേശിനെയാണ്. പ്ലോട്ടിന്റെ കുറവുകളും മെച്ചങ്ങളും ഉള്‍ക്കൊണ്ട് പ്ലാന്‍ വരച്ചാല്‍ ഏത് സ്ഥലത്തും വീട് വയ്ക്കാം എന്ന് തെളിയിച്ചു കൊണ്ടാണ് മോഹന്റെ വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പ്ലോട്ടിനനുസരിച്ച് എലിവേഷന്‍
രണ്ട് നിലകളിലായാണ് വീട് ഒരുക്കിയിരിക്കുന്നത്. വീതി കുറഞ്ഞ് നീളത്തിലുള്ള പ്ലോട്ടിനനുസരിച്ച് നീളത്തിലാണ് വീടിന്റെ ഡിസൈന്‍. ചുറ്റും ധാരാളം വീടുകള്‍ ഉള്ള പ്രദേശമായതിനാല്‍ അവയില്‍ നിന്നൊക്കെ വ്യത്യസ്തമായ രീതിയില്‍ ആരുടെയും ശ്രദ്ധ കവരുന്ന വിധത്തിലാണ് എലിവേഷന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എലിവേഷനില്‍ ബാല്‍ക്കണിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ബാല്‍ക്കണിയെ മുഖപ്പുമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു. ബാല്‍ക്കണിക്ക് മുകളില്‍ ജിഐ പൈപ്പുകള്‍ കൊണ്ട് പര്‍ഗോള തീര്‍ത്ത് ഗ്ലാസ് ഷേഡ് നല്‍കുകയും സ്‌ട്രൈപ്പുകള്‍ പോലെയുള്ള ഡിസൈന്‍ നല്‍കുകയും ചെയ്തതോടെ ഇവിടം ഒരു സ്‌ക്രീന്‍ പോലെ വര്‍ത്തിക്കുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം കാര്‍പോര്‍ച്ചിനും ഇതേ ഡിസൈനിങ് രീതി അവലംബിച്ചിരിക്കുന്നു. സണ്‍ ഷേഡുകള്‍ക്ക് സ്ഥാനമുണ്ടെങ്കിലും സണ്‍ഷേഡ് ആണ് എന്ന് തോന്നാത്ത വിധം അവയെ ആര്‍ക്കിടെക്റ്റ് സമര്‍ത്ഥമായി ഡിസൈന്‍ ചെയ്തിരിക്കുന്നു. കാര്‍പോര്‍ച്ചില്‍ നിന്നാണ് സിറ്റൗട്ടിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നത്. കാര്‍പോര്‍ച്ചിന്റെയും സിറ്റൗട്ടിന്റെയും തുടര്‍ച്ചയായി അവയുടെ പിന്നിലായാണ് മുറികളെല്ലാം ക്രമീകരിച്ചിരിക്കുന്നത്. മാസ്റ്റര്‍ബെഡ്‌റൂം, കിച്ചന്‍, വര്‍ക്കിങ് കിച്ചന്‍, ഗസ്റ്റ് ലിവിങ്, ഡൈനിങ്‌റൂം എന്നിവ ഗ്രൗണ്ട് ഫ്‌ളോറിലാണ്. സെക്കന്റ് ഫ്‌ളോറില്‍ രണ്ട് കിടപ്പുമുറികള്‍, ഫാമിലി ലിവിങ് എന്നിവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

മൂന്ന് നിയമങ്ങള്‍
”മുറികള്‍ക്കെല്ലാം നല്ല വലുപ്പം വേണം, ആവശ്യത്തിന് കാറ്റും വെളിച്ചവും മുറികളിലെത്തണം, ലളിതമായ ഇന്റീരിയര്‍ ആയിരിക്കണം” ക്ലൈന്റിന്റെ ഈ മൂന്ന് ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ആര്‍ക്കിടെക്റ്റ് സുജിത്ത് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വെള്ള നിറമാണ് പൊതുവേ ഉപയോഗിച്ചിട്ടുള്ളത്. ഇതിനോട് ചേരുന്ന ഓഫ് വൈറ്റ് നിറമാണ് തറയില്‍ പാകിയിരിക്കുന്ന വിട്രിഫൈഡ് ടൈലിന്. റൂമിന്റെ വിശാലതയ്ക്ക് ഭംഗം വരുത്താതെയാണ് ഫര്‍ണിച്ചര്‍ എല്ലാം ക്രമീകരിച്ചിരിക്കുന്നത്. വീടിനുള്ളിലേക്ക് വെളിച്ചം എത്തുന്നതിനായി ധാരാളം ജനാലകളും നല്കിയിട്ടുണ്ട്. കിടപ്പുമുറികളൊഴിച്ച് ബാക്കിയിടങ്ങളിലൊന്നും പാര്‍ട്ടീഷന്‍ ചെയ്യാത്തത് മൂലം ധാരാളം സ്ഥലമുള്ള വീട് എന്ന പ്രതീതിയാണ് ലഭിക്കുന്നത്.

കുളിര്‍മ്മയേകുന്ന ലിവിങ്
വീട്ടിലെത്തുന്ന അതിഥികള്‍ക്ക് ഊഷ്മള സ്വീകരണം നല്‍കുന്ന വിധമാണ് ഗസ്റ്റ് ലിവിങ്ങിന്റെ ഡിസൈന്‍. കണ്ണിനു കുളിര്‍മ്മയേകുന്ന ഇളം നിറങ്ങള്‍ക്ക് പുറമേ പച്ചപ്പിന്റെ സാന്നിധ്യവും ലിവിങ് സ്‌പേസിലുണ്ട്. ”ഘ” ആകൃതിയില്‍ സെറ്റ് ചെയ്ത കസ്റ്റംമെയ്ഡ് സോഫാസെറ്റില്‍ ഇരുന്നാല്‍ കോര്‍ട്ട്‌യാഡിലെ ജലനൃത്തം ആസ്വദിക്കാം. വേണമെങ്കില്‍ ഡൈനിങ് റൂമിലെ ടിവിയിലും ഒന്നു ശ്രദ്ധിക്കാം. കോര്‍ട്ട്‌യാഡിലെ വലിയൊരു ഷോവാളാണ് ഇവിടുത്തെ ഹൈലൈറ്റ്. വീടിന്റെ മുകളറ്റം വരെ എത്തുന്ന ഈ ഭിത്തി മുഴുവനായും സ്റ്റോണ്‍ ക്ലാഡിങ് ചെയ്തിരിക്കുന്നു. ഈ ഷോവാളില്‍ പ്രാര്‍ത്ഥനയ്ക്കുള്ള ഇടം കൂടി ഒരുക്കിയിരിക്കുന്നു. ലിവിങ്ങില്‍ നിന്ന് നേരെ ഡൈനിങ്ങിലേക്കാണ് പ്രവേശനം. ഭക്ഷണം കഴിക്കുന്നതിനൊപ്പം ടിവിയും കാണാനുള്ള സൗകര്യമുണ്ട് ഡൈനിങ് സ്‌പേസില്‍. അടുക്കളയും ഡൈനിങ് റൂമും ഓപ്പണ്‍ സ്‌പേസ് നയത്തിലാണ് ഒരുക്കിയിരിക്കുന്നത്.

എല്ലാം മിനിമം
വെള്ള, പച്ച, ഗോള്‍ഡന്‍ എന്നീ മൂന്ന് വ്യത്യസ്ത നിറങ്ങളാണ് കിടപ്പുമുറികളെ സുന്ദരമാക്കുന്നത്. വെള്ള നിറത്തിലുള്ള ഇന്‍ബില്‍റ്റ് കട്ടിലുകളാണ് കിടപ്പുമുറികളിലുള്ളത്. ഇതേ പാറ്റേണിലുളള ബെഡ്‌സൈഡ് ടേബിളും കട്ടിലിനോട് ചേര്‍ന്നുണ്ട്. വ്യത്യസ്ത ഡിസൈനിങ്ങിലുള്ള വാള്‍പേപ്പറും പ്ലൈവുഡ് കൊണ്ടുള്ള വര്‍ക്കുകളും ചേര്‍ത്ത് കട്ടിലിന്റെ ഹെഡ് ബോഡിനെ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ധാരാളം വാഡ്രോബുകള്‍ക്കും ഡ്രസിങ് ഏരിയയ്ക്കും സ്ഥാനമുണ്ട് കിടപ്പുമുറികളില്‍. മകന്റെ ബെഡ്‌റൂമിന്റെ വാതില്‍ തുറന്നാല്‍ വിശാലമായ ബാല്‍ക്കണിയിലേക്ക് പ്രവേശിക്കാം. നിറയെ ചെടികള്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട് ഇവിടെ. ബാല്‍ക്കണിക്ക് മുകളില്‍ ഗ്ലാസ് ഇട്ടിരിക്കുന്നതിനാല്‍ ഇവിടം വൈകുന്നേരങ്ങളില്‍ വീട്ടുകാര്‍ക്ക് ഒത്തു ചേരാനുള്ള ഇടമായും ഉപയോഗപ്പെടുത്താം. ഇത് കൂടാതെ മറ്റൊരു ബാല്‍ക്കണി കൂടെയുണ്ട് ഇതേ നിലയില്‍. ഈ ബാല്‍ക്കണിയെ കായിക വിനോദത്തിനുള്ള ഇടമായാണ് ഒരുക്കിയിരിക്കുന്നത്. ഫാമിലി ലിവിങ് റൂമില്‍ നിന്ന് ഈ ബാല്‍ക്കണിയിലേക്ക് കടക്കാം.

ഒന്നാം നിലയില്‍ നിന്ന് ടെറസിലേക്ക് ഒരു ഗോവണി കൊടുത്തിരിക്കുന്നു. ഒന്നാം നിലയുടെ ടെറസില്‍ മുഴുവന്‍ ഗ്രില്‍ ഇട്ട് ഇവിടം ഒരു യൂട്ടിലിറ്റി റൂമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.
ചെറിയ പ്ലോട്ടാണെങ്കിലും ലാന്‍ഡ് സ്‌കേപ്പിനും പ്രാധാന്യമുണ്ടിവിടെ. അധികസ്ഥലം അപഹരിക്കാതെയുള്ള വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ് രീതിയാണ് ഇവിടെ പരീക്ഷിച്ചിരിക്കുന്നത്. ആദ്യം നിരുത്സാഹപ്പെടുത്തിയെങ്കിലും പരിമിതി നിറഞ്ഞ പ്ലോട്ടില്‍ പരാതിക്കിടയില്ലാതെ തീര്‍ത്ത വീടിനെക്കുറിച്ച് പറയാന്‍ ഇന്ന് ഏവര്‍ക്കും നൂറുനാവാണ്.

Leave a Reply

Your email address will not be published. Required fields are marked *