ആര്‍ക്കിടെക്റ്റ് പ്രഫുല്‍ മാത്യു കോട്ടയത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ വീട് ഏതൊരു സാധാരണക്കാരന്റെയും
ഭവനസ്വപ്‌നങ്ങള്‍ക്ക് ചിറകു മുളപ്പിക്കാന്‍ പോന്ന  18 ലക്ഷമെന്ന മിതമായ ബഡ്ജറ്റിലാണ്

ഒന്നര സെന്റ് ഭൂമിയില്‍ 1800 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു വീട്. ഒന്നര സെന്റ് സ്ഥലത്തുണ്ടാക്കാന്‍ പറ്റുന്നത് വീടായിരിക്കില്ല എന്ന പലരുടെയും നെറ്റിചുളിക്കലുകള്‍ക്കുള്ള ഉത്തരമാണ് കോട്ടയത്ത് ആര്‍ക്കിടെക്റ്റ് പ്രഫുല്‍ മാത്യു നിര്‍മ്മിച്ചിരിക്കുന്ന ഈ വീട്. അതും ഏതൊരു സാധാരണക്കാരന്റെയും ഭവനസ്വപ്‌നങ്ങള്‍ക്ക് ചിറകു മുളപ്പിക്കാന്‍ പോന്ന 18 ലക്ഷമെന്ന മിതമായ ബഡ്ജറ്റിലും. സുന്ദരമായ ലാന്‍ഡ്‌സ്‌കേപ്പുള്‍പ്പെടെയാണ് ഈ 18 ലക്ഷമെന്ന് കേള്‍ക്കുമ്പോള്‍ ആശകള്‍ കൂടുതല്‍ ചിറകടിച്ചുയരും.
ചതുരാകൃതിയിലുള്ള മൂന്ന് സെന്റിന്റെ പ്ലോട്ട്. ഇതില്‍ ഒന്നര സെന്റ് സ്ഥലം മാത്രം പ്രയോജനപ്പെടുത്തിയാണ് ക്യൂബ് ആകൃതിയില്‍ വീട് തീര്‍ത്തിരിക്കുന്നത്. ലാന്‍ഡ്‌സ്‌കേപ്പിന്റേതായ അധിക ഭംഗി ലഭിക്കാനാണ് കെട്ടിടം നില്‍ക്കുന്ന ഏരിയ കുറച്ചത് എന്ന് ആര്‍ക്കിടെക്റ്റ് പ്രഫുല്‍ പറയുന്നു.
കാഴ്ചയില്‍ ചെറുതാണെങ്കിലും സ്ഥലസൗകര്യത്തില്‍ ഒന്നാമനാണ് ഈ കുഞ്ഞന്‍ വീട്. കൂടുതല്‍ പുറംകാഴ്ചകള്‍ സാധ്യമാകുന്ന ജനാലകളാണ് ഈ വീടിന്റെ മുഖ്യ ആകര്‍ഷണ ഘടകം. മൂന്ന് ലെവലുകളിലായാണ് ഈ വീട് പ്ലാന്‍ ചെയ്തിരിക്കുന്നത്. വീടിന്റെ നടുഭാഗത്ത് നല്‍കിയിരിക്കുന്ന സ്‌കൈലൈറ്റ് ഒരു സെന്റര്‍ സ്റ്റാക് പോലെ പ്രവര്‍ത്തിക്കുകയും വീടിനകത്ത് സുഗമമായ വായു സഞ്ചാരം സാധ്യമാക്കുകയും ചെയ്യുന്നു. സ്റ്റാക് എഫക്റ്റ് മൂലം വര്‍ഷം മുഴുവന്‍ വീടിനകത്തെ താപനില 26 ഡിഗ്രി ആയി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
പല ലെവലിലുള്ള ഡിസൈന്‍ മൂലം വീടിന്റെ എല്ലാ ഭാഗത്തും നിന്നും പരസ്പരം കാണാനും ആശയവിനിമയം നടത്താനും സാധിക്കുന്നു. വിവിധ ഏരിയകളെ തമ്മില്‍ ഡയഗണലായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ അകത്ത് കൂടുതല്‍ സ്ഥലവിസ്തീര്‍ണ്ണമുള്ളതായി തോന്നുന്നു. 8 ഃ 8 ന്റെ പരിമിതമായ ഏരിയക്കുള്ളില്‍ ഒരു പോര്‍ട്ടിക്കോ വരെ ആര്‍ക്കിടെക്റ്റ് ഈ വീടിനുള്ളില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.
കാറ്റും വെളിച്ചവും
സുഗമം
വെന്റിലേഷനുകളും ജനാലകളും നിരവധി ഉള്ളതിനാല്‍ വൈകിട്ട് ആറ് മണിവരെ പ്രകൃതിദത്ത വെളിച്ചം വീടിനുള്ളില്‍ സുലഭമായി ലഭിക്കുന്നു. പകല്‍ ലൈറ്റിടേണ്ടാത്തതിനാല്‍ കറന്റ്ചാര്‍ജും കുറവ്. ജനാലകളിലൂടെ കടന്നു വരുന്ന തണുത്ത വായു വെന്റിലേഷനിലെ എയര്‍ ഹോളുകളിലൂടെ പുറത്തേക്കു പോകുന്ന പ്രക്രിയ വീടിനകത്ത് നിരന്തരം നടക്കുന്നതിനാല്‍ ചൂടും കുറവ്.
ബാത്ത് അറ്റാച്ച്ഡ് ആയ മൂന്ന് ബെഡ്‌റൂമുകള്‍, അടുക്കള, സ്റ്റോര്‍റൂം, ഡൈനിങ്ങും ലിവിങ് ഏരിയയും ഉള്‍പ്പെടുന്ന വലിയൊരു ഹാള്‍, കാര്‍പോര്‍ച്ച് എന്നിവയാണ് വീടിന്റെ സ്ഥലസൗകര്യങ്ങള്‍. ”മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്തിരിക്കുകയാണ്. തറയില്‍ വിട്രിഫൈഡ് ടൈലുകളാണ് പാകിയിരിക്കുന്നത്. മരപ്പണികള്‍ വരുന്നിടത്തെല്ലാം ഫൈബറാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു ചെലവ് നല്ലപോലെ ചുരുക്കാനായി” എന്ന് ആര്‍ക്കിടെക്റ്റ് പ്രഫുല്‍ പറയുന്നു.
കെട്ടിടനിര്‍മ്മാണ രംഗത്തെ സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ് നമ്മുടെ കേരളം. അധികച്ചെലവില്ലാതെ വീടിനുള്ളില്‍ ചൂട് കുറയ്ക്കാന്‍ സ്റ്റാക് എഫക്റ്റുകള്‍ പോലുള്ള സാങ്കേതിക വിദ്യയും ഡിസൈനിങ്ങിലെ പുത്തന്‍ ആശയങ്ങളും സമന്വയിപ്പിക്കാവുന്നതേയുള്ളൂ. ഭൂമിക്കും നിര്‍മ്മാണ സാമഗ്രികള്‍ക്കും ദിനംപ്രതി വില വര്‍ദ്ധിക്കുന്ന ഇക്കാലത്ത്, ചെറിയ പ്ലോട്ടിനുള്ളില്‍ ചെലവ് ചുരുക്കി കാലാവസ്ഥയ്ക്കനുയോജ്യമായ വീട് നിര്‍മ്മിക്കാം എന്ന ആശയം ഏറെ സ്വാഗതാര്‍ഹമാണ്.

Leave a Reply

Your email address will not be published. Required fields are marked *