September 8th, 2015
ഒന്നര സെന്റില്‍ 3 നിലയുള്ള പൂള്‍ ഹോം

 

ബാംഗ്ലൂര്‍ നഗരത്തിലെ റെസിഡന്‍ഷ്യല്‍ ഏരിയകളിലൊന്നായ ഹനുമന്ത നഗറില്‍ 1.49 സെന്റില്‍ ബാംഗ്ലൂരിലെ ടെക്‌നോ ആര്‍ക്കിടെക്ചറിലെ ആര്‍ക്കിടെക്റ്റ് രാജേഷ് ശിവറാം മഹാദേവ സ്വാമിക്കായി ചെയ്തിരിക്കുന്ന ഈ വീട് ‘ലംബമായി ചിന്തിക്കുക’ അഥവാ ‘തിങ്ക് വെര്‍ട്ടിക്കല്‍’ എന്ന ആശയത്തെ മുന്‍നിറുത്തിയുള്ളതാണ്. ‘തിങ്ക് വെര്‍ട്ടിക്കല്‍’ എന്ന നൂതനാശയത്തിന് ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട്. തിരക്കേറിയ നഗരങ്ങളുടെ വികസനം വശങ്ങളിലേക്കല്ല മുകളിലേക്കാണ് എന്ന സൂചനയാണ് ഇതില്‍ നിന്നും ഉരുത്തിരിയുന്നത്.
ഒന്നരസെന്റ് തികച്ചില്ല സ്ഥലം, അതാകട്ടെ 6 മീറ്റര്‍ അഥവാ 20 അടി വീതിയുള്ള ഒരു റോഡിന്റെ വശത്തും. പ്ലോട്ടിന്റെ തൊട്ടുപിന്നില്‍ ഒരു മൂന്നുനില കെട്ടിടം സ്ഥിതിചെയ്യുന്നുമുണ്ട്. ക്ലയന്റിന് വളരെ പെട്ടെന്ന് പണി പൂര്‍ത്തിയാക്കുകയും വേണം. ഇങ്ങനെ വെല്ലുവിളികള്‍ പലതും ഉള്ളതായിരുന്നു ഈ നാനോ പ്ലോട്ട്. ക്ലയന്റിനാകട്ടെ ഫാമിലി ഏരിയകള്‍, മൂന്നു ബെഡ്‌റൂമുകള്‍, ഓഫീസ് സ്‌പേസ്, സ്വിമ്മിങ്പൂള്‍, ലിഫ്റ്റ്- എന്നിങ്ങനെ നിരവധി ആവശ്യങ്ങളും ഉണ്ടായിരുന്നു. ആര്‍ക്കിടെക്റ്റ് രാജേഷ് ശിവറാം ആദ്യ സൈറ്റ് സന്ദര്‍ശനത്തില്‍ തന്നെ സൈറ്റിന്റെ സാധ്യതകള്‍ വിശദമായി പഠിച്ചു. തൊട്ടുമുന്നില്‍ റോഡുണ്ടായിരുന്നതുകൊണ്ട് സെറ്റ്ബാക്കിന്റെ കാര്യങ്ങളും ശ്രദ്ധിക്കേണ്ടിയിരുന്നു.
തിങ്ക് വെര്‍ട്ടിക്കല്‍
വീട്ടുകാര്‍ക്ക് വീടിനു പുറത്ത് യാതൊരുവിധ ആകര്‍ഷണമോ എന്റര്‍ടെയ്‌മെന്റോ ലഭിക്കില്ല. അകത്തളങ്ങളെ സൗകര്യപൂര്‍വ്വം ചിട്ടപ്പെടുത്തുക എന്നതു മാത്രമേ സാധ്യമായിരുന്നുള്ളൂ. വശങ്ങളിലേക്ക് വികസിപ്പിക്കുവാനുള്ള സൗകര്യമില്ല. മുകളിലേക്ക് ഉയരാന്‍ മാത്രമേ കഴിയൂ. തൊട്ടപ്പുറത്ത് വേറെ വീടുകള്‍- അതും ബഹുനില കെട്ടിടങ്ങള്‍- ഉണ്ടായിരുന്നതുകൊണ്ട് വീടിനുള്ളില്‍ വെളിച്ചം കൊണ്ടു വരിക എന്നതും വലിയൊരു പ്രശ്‌നമായിരുന്നു.
ഉള്ളസ്ഥലത്ത് എല്ലാ ആവശ്യങ്ങള്‍ക്കുമനുസരിച്ച് വീട് തീര്‍ക്കുക തന്നെ എന്ന ശക്തമായ തീരുമാനത്തോടെ മുന്നോട്ടു പോവുക മാത്രമേ ഇവിടെ സാധ്യമായിരുന്നുള്ളൂ. പ്രത്യേകമായ ഒരു ശൈലിയോ രീതിയോ പിന്‍തുടരാതെ ബാംഗ്ലൂര്‍ പോലെ സദാ വളരുന്ന ഒരു മെട്രോ സിറ്റിയില്‍ ജീവിക്കുന്ന ജനസമൂഹത്തിന്റെ ജീവിത രീതിക്കനുയോജ്യമായ ശൈലിയാണ് സ്വീകരിച്ചത്്. ആര്‍ക്കിടെക്ചര്‍ കോണ്‍ക്രീറ്റ്, സ്റ്റീല്‍, കൊറുഗേറ്റഡ് ഡെക്ഫീറ്റ് ഗ്ലാസ് എന്നിവയാണ് പ്രധാന നിര്‍മാണ സാമഗ്രികള്‍. മൂന്നു നിലകളിലാണീ വീടിന്റെ നിര്‍മ്മിതി. സ്റ്റീല്‍ കൊണ്ടാണ് സ്ട്രക്ചര്‍ നിര്‍മ്മാണം.
ബേസ്‌മെന്റ് ഫ്‌ളോറില്‍ കാര്‍പാര്‍ക്കിങ്ങും, ഓഫീസ് സ്‌പേസും. ബേസ്‌മെന്റിലുള്ള മുകള്‍നിലകളിലേക്കുള്ള സ്റ്റെയറിനടിയിലെ റിഫ്‌ളക്ഷന്‍ പൂള്‍ കെട്ടിടത്തിനകത്തെ താപനില കുറയ്ക്കാനുതകും; വീടിനകത്ത് ജലാശയത്തിന്റേതായ ഒരു സുഖകരമായ അന്തരീക്ഷവും നല്‍കും. ഒന്നാമത്തെ നിലയില്‍ ലിവിങ്, ഡൈനിങ്, പൂജ, കിച്ചന്‍, യൂട്ടിലിറ്റി മുതലായ കോമണ്‍ ഏരിയകളും, രണ്ടാമത്തെയും മൂന്നാമത്തെയും ലെവലുകളില്‍ ബെഡ്‌റൂമുകളും സ്വിമ്മിങ് പൂളും ഉള്‍ക്കൊള്ളിച്ചു.
ഉള്ളതു കൊണ്ട്
ലഭ്യമായ സ്ഥലം പരമാവധി ഉപയോഗിക്കുക. ആവശ്യമില്ലാത്തതെല്ലാം ഒഴിവാക്കുക. അകത്തളങ്ങളിലെ ഭിത്തികള്‍, പാര്‍ട്ടീഷന്‍ എന്നിവ പോലും. കാരണം ഒരു ഭിത്തിക്കുള്ള സ്ഥലം പോലും വെറുതെ കളയാനില്ലായിരുന്നു ഇവിടെ. ഉള്ളില്‍ പരമാവധി ഓപ്പണ്‍ സ്‌പേസുകള്‍ തീര്‍ത്തു. പ്രധാന സ്ട്രക്ചര്‍ സ്റ്റീല്‍ ഫ്രെയ്മില്‍ മുന്‍കൂട്ടി പണിതശേഷം സൈറ്റില്‍ കൊണ്ടുവന്ന് ഉറപ്പിച്ചു. വീടിന്റെ മുന്‍ഭാഗത്ത് പുറംകാഴ്ചയില്‍ ദൃശുമാവും വിധമാണ് ഈ ജോയിന്റുകള്‍ നല്‍കിയത്. സ്റ്റാര്‍ ആകൃതി വരുന്ന വിധത്തില്‍ ജോയിന്റുകളെ രണ്ട് ‘ഐ’ സെക്ഷനുകള്‍ കൊണ്ട് ദൃഢമായി ഉറപ്പിച്ചിട്ടുണ്ട്. ഈ ചേര്‍പ്പുകളെ ഡിസൈന്‍ എലമെന്റാക്കി ഗ്ലാസ് ഫ്രെയിമിനുള്ളില്‍ എല്‍ഇഡി ലൈറ്റിങ് കൂടി നല്‍കിയപ്പോള്‍ ഭംഗി ഇരട്ടിയായി, പ്രത്യേകിച്ച് രാത്രിയില്‍.
ഉള്ളില്‍ സ്വകാര്യത ആവശ്യമുള്ളിടത്ത് പാര്‍ട്ടീഷന് എംഡിഎഫ് വുഡന്‍ ഫ്രെയിമില്‍ ടഫന്‍ഡ് ഗ്ലാസ് നല്‍കി. എംഡിഎഫിന് ലാക്വേഡ് ഫിനിഷിലുള്ള ഡ്യൂക്കോ പെയിന്റും നല്‍കിയിരിക്കുന്നു. ഫാള്‍സ് സീലിങ്ങിനാകട്ടെ പ്രകൃതി സൗഹാര്‍ദ്ദപരമായ തടിയും ജിപ്‌സവും ഉപയോഗിച്ചിരിക്കുന്നു.
ഒന്നാമത്തെ ലെവലില്‍ ഡബിള്‍ഹൈറ്റ് ലിവിങ് ഏരിയ ഉള്ളതു കൂടാതെ ഡൈനിങ്, കിച്ചന്‍, പൂജാമുറി, യൂട്ടിലിറ്റി, പൗഡര്‍ റൂം എന്നിവയെല്ലാം വെര്‍ട്ടിക്കല്‍ സോണ്‍ മാതൃകയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു. 2600 സ്‌ക്വയര്‍ ഫീറ്റ് വരുന്ന സ്റ്റീല്‍ സ്ട്രക്ചറിനും, കോറുഗേറ്റഡ് ഡെക്ക് ഷീറ്റ് റൂഫിനും ഡ്യൂക്കോ പെയിന്റ് ഫിനിഷ് നല്‍കിയിരിക്കുന്നു. അകത്തളങ്ങളില്‍ തെരഞ്ഞെടുത്തിരിക്കുന്ന മെറ്റീരിയലുകളുടെ സ്വാഭാവിക ഭംഗിയാണ് അലങ്കാരത്തിനും. വൈറ്റ്, ഗ്രേ, വുഡന്‍ ബ്രൗണ്‍ നിറങ്ങള്‍ക്കാണ് പ്രാമുഖ്യം. ഇത് എല്ലാ ഫ്‌ളോറിലും പിന്‍തുടര്‍ന്നിരിക്കുന്നു. ഫ്‌ളോറിങ്ങിന് ഗ്രേ കളര്‍ ഇറ്റാലിയന്‍ മാര്‍ബിള്‍. ഇത് സ്റ്റെയറിന്റെ എക്‌സ്‌പോസ്ഡ് ഗ്രേ സിമന്റ്പടികളുടെ നിറവുമായി ഇഴ ചേരുന്നു. ബെഡ്‌റൂമുകളില്‍ വുഡന്‍ ഫ്‌ളോറിങ്ങാണ്. കൂടാതെ ടൈലുകള്‍, സിമന്റ് പ്ലാസ്റ്ററിങ്, സ്റ്റോണ്‍ പേവിങ് എന്നിങ്ങനെ പലതരം തറയൊരുക്കല്‍ രീതികളും ഉപയോഗിച്ചിരിക്കുന്നു.
വിവിധോദ്ദേശ്യങ്ങള്‍
കിടപ്പുമുറികള്‍ എല്ലാം മള്‍ട്ടി ഫങ്ഷണല്‍ സ്‌പേസായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബെഡ്‌റൂമുകളുടെ മുന്നില്‍ സ്റ്റെയര്‍കേസിനോട് ചേര്‍ന്നു വരുന്ന ഭാഗത്ത് ഒരു ഇടനാഴി നല്‍കിയിരിക്കുന്നു. ഇത് മുകളിലെ രണ്ട് ഫ്‌ളോറിലുമുണ്ട്. ബെഡ്‌റൂമുകളിലേക്ക് പ്രവേശനം ഇടനാഴിയില്‍ നിന്നാണ്. ഇടനാഴിയിലേക്ക് തുറക്കുന്ന എല്ലാ വാതിലുകളും തുറന്നു വച്ചാല്‍ കൂടുതല്‍ സ്ഥലം എന്ന പ്രതീതിയാണ്. ഡബിള്‍ഹൈറ്റിലുള്ള ലിവിങ്ങിലേക്ക് ഇടനാഴിയില്‍ നിന്ന് നോട്ടമെത്തും. ഇടനാഴികള്‍ക്ക് ലാമിനേറ്റഡ് ഗ്ലാസ്സ് ആണ് ഉപയോഗിച്ചത്. ഇത് വിസ്തൃതി തോന്നിപ്പിക്കാനുതകുന്നു എന്നുമാത്രമല്ല സുതാര്യതയ്ക്കും ഉപകരിക്കുന്നുണ്ട്. ഏറ്റവും മുകളിലത്തെ അതായത് മൂന്നാമത്തെ നിലയിലാണ് മാസ്റ്റര്‍ ബെഡ്‌റൂം. മൂന്നു കിടപ്പുമുറികളില്‍ ഒരെണ്ണമൊഴിച്ച് ബാക്കി രണ്ടിനും അറ്റാച്ച്ഡ് ഡ്രസിങ് സ്‌പേസും, ബാത്ത്‌റൂമും ഉണ്ട്. മാസ്റ്റര്‍ ബെഡ്‌റൂമിന്റെ ഇടനാഴിക്കു മുന്നിലാണ് 8′ ഃ 15′ അളവിലുള്ള ഒരു ലാപ് സ്വിമ്മിങ് പൂളിനു സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. താഴെ നിലയിലെ ലിവിങ്ങിന്റെ റൂഫിലാണിത്. പൂളിനെ കിടപ്പുമുറിയുമായി ബന്ധിപ്പിക്കുന്നത് ഒരു ഡെക്കും ബാര്‍ കൗണ്ടറും ചേര്‍ന്നാണ്. വീട്ടില്‍ പാര്‍ട്ടിയും മറ്റും നടത്തുമ്പോഴാണ് ഈ ഏരിയകളെല്ലാം പ്രയോജനപ്പെടുക.
ന്യൂജന്‍ മെറ്റീരിയലുകള്‍
എലിവേഷന്‍ കണ്ടാല്‍ ഒരു സിംഗിള്‍ വെര്‍ട്ടിക്കല്‍ ഫ്രെയിം പോലെയാണ് തോന്നുക. ഐവി വുഡ് ക്ലാഡിങ്ങിനിടെ ഒരു ഫോട്ടോ ഫ്രെയിം പോലെ എക്‌സ്‌പോസ്ഡ് കോണ്‍ക്രീറ്റ് പാനലും, വെര്‍ട്ടിക്കല്‍ ഗ്രീന്‍വാളും ചേര്‍ത്തിരിക്കുന്നു. പുറംകാഴ്ച മനോഹരമാക്കാനാണ് പുറംഭിത്തി മുഴുവന്‍ ഐവി വുഡ് ക്ലാഡിങ് ചെയ്തിരിക്കുന്നത്. 25 വര്‍ഷത്തെ ആയുസുള്ള തികച്ചും ഇക്കോ ഫ്രണ്ട്‌ലിയായ നാച്വറല്‍ വുഡാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളെയും ചിതല്‍, പൂപ്പല്‍ പോലുള്ള കീടങ്ങളേയും ചെറുക്കും. മുകള്‍നിലയിലെ പൂളിന്റെ ഒരു വശം എലിവേഷനില്‍ എടുത്തുകാണുന്ന ഗ്രീന്‍വാള്‍ ആണ്. ഇത് പൂളിനു സ്വകാര്യത നല്‍കുന്നു. മാത്രമല്ല വീടിനുള്ളില്‍ ശുദ്ധവായു പ്രദാനം ചെയ്യുന്നു. ഗ്രീന്‍വാളിലെ ചെടികളുടെ നനയ്ക്കലും പൂളില്‍ നിന്നു നടക്കും. വീടിന്റെ ഭംഗി ഇരട്ടിപ്പിക്കാന്‍ മാത്രമല്ല തരിക്കേറിയ നഗരത്തിലെ കാര്‍ബണ്‍, പൊടിപടലങ്ങള്‍ എന്നിവയില്‍ നിന്നും ചൂടില്‍ നിന്നും വീടിനെ സംരക്ഷിക്കുന്നു. കൂടാതെ അള്‍ട്രാ വയലറ്റ് കിരണങ്ങളെയും തടയുന്നു. തിരക്കേറിയ നഗരത്തിന്റെ കാര്‍ബണ്‍ മൂലവും, ശബ്ദം മൂലവുമുള്ള മലിനീകരണം തടയാന്‍ ഒരു മാര്‍ഗ്ഗവുമായി. കാണാനുള്ള ഭംഗിക്കപ്പുറം ഭിത്തിയിലെ ഇത്തിരിപോന്ന സ്ഥലത്ത് ഒരുക്കിയിരിക്കുന്ന ഈ സംവിധാനത്തിന്റെ പ്രയോജനപരത ഏറെയാണ്.
2′ ഃ 2′ അളവില്‍ 15 മില്ലി മീറ്റര്‍ കനത്തിലുമുള്ള എക്‌സ്‌പോസ്ഡ് കോണ്‍ ക്രീറ്റ് പാനലുകള്‍ ആണ് വുഡന്‍ ക്ലാഡിങ്ങിനുള്ളില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനു താഴെ കാണുന്നത്. പാനലുകള്‍ക്കുള്ളില്‍ നിന്ന് എല്‍ ഇ ഡി ലൈറ്റുകളുടെ വെളിച്ചം പുറത്തെത്തുമ്പോള്‍ രാത്രികാലങ്ങളില്‍ മനോഹരദൃശ്യമാണ്. വീടിന്റെ പുറംചട്ടക്കൂടിന് 4” സോളിഡ് ബ്ലോക്ക് ഉപയോഗിച്ചിരിക്കുന്നു. പുറം ജനാലകള്‍ യു പി വി സി ഫിനിഷിലാണ്. 3” കനമുള്ള സിറാ സ്റ്റോണ്‍ സ്ലാബുകള്‍ -പ്രധാന കവാടത്തിലും കാര്‍പാര്‍ക്കിലും ഉപയോഗിച്ചിട്ടുള്ളവ- ഭംഗി കൂട്ടുക മാത്രമല്ല, എലിവേഷന് എടുപ്പും നല്‍കുന്നു.
ആര്‍ക്കിടെക്ചറല്‍ കോണ്‍ക്രീറ്റ് എന്നത് കോണ്‍ക്രീറ്റിനെ ഗ്ലാസ് ഫൈബറുകള്‍ കൊണ്ട് ബലപ്പെടുത്തിയ മെറ്റീരിയലാണ്. ഇക്കോ ഫ്രണ്ട്‌ലിയും ഉരസല്‍ വീഴാനിടയില്ലാത്ത പ്രതലവുമുള്ള ഈ സാമഗ്രിയാണ് കോണിപ്പടികളുടെ നിര്‍മാണത്തിന് ഉപയോഗിച്ചത്. വളരെ ഉയര്‍ന്ന കംപ്രസീവ്, ടെന്‍സൈല്‍ ബലമുള്ള മെറ്റീരിയലാകയാല്‍ വെറും 15 മി.മീ. കനത്തില്‍ പടികള്‍ നിര്‍മിക്കാനായി. 50 മി.മീ. കനം മുന്‍ഭാഗത്ത് കൊടുത്തിട്ടുള്ള പടികളുടെ ഉള്‍ഭാഗം പൊള്ളയാണ്. തന്മൂലം മൊത്തം സ്ട്രക്ചര്‍ കനം കുറഞ്ഞതായി. ബോക്‌സ് സെക്ഷനിലുള്ള എം എസ് ഫ്രെയിമിലാണ് പടികള്‍ ഉറപ്പിച്ചത്. സ്‌റ്റെയര്‍ ഏരിയയോട് ചേര്‍ന്നു വരുന്ന ഓഫീസ് മുറിയുടെ തീമുമായി പടികളുടെ ഫിനിഷ് ചേര്‍ന്നു പോകുന്നു.
വളരെ കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗത്തിലാണ് ഈ വീടു മുഴുവന്‍ പ്രവര്‍ത്തിക്കുന്നത്. എല്‍ഇഡി ലൈറ്റിങ്, റെയ്ന്‍ വാട്ടര്‍ ഹാര്‍വസ്റ്റിങ്, സോളാര്‍ സംവിധാനം തുടങ്ങിയ കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗസംവിധാനങ്ങള്‍ എല്ലാമുണ്ട്.
ഒന്നരസെന്റ് സ്ഥലത്തിന്റെ പരിമിതികള്‍ എല്ലാം അതിജീവിച്ച് അകത്തളങ്ങളെ ആവശ്യാനുസരണം ചിട്ടപ്പെടുത്തി; സ്ഥലപരിമിതിയുടെ പേരില്‍ ദൃശ്യഭംഗി ബലികൊടുക്കാതെ, ഒറ്റനോട്ടത്തില്‍, നഗരത്തിന്റെ ശ്രദ്ധയാകര്‍ഷിക്കും വിധം ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ കൊച്ചു നാനോഹോം പരിമിതികളെ മറികടന്നുള്ള ഗൃഹവാസ്തുകലയ്ക്ക് ഉത്തമ ഉദാഹരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *