Designer : അനൂപ് ഫ്രാന്‍സിസ്

സ്ട്രക്ചര്‍ പൂര്‍ത്തീകരിച്ചശേഷം എട്ടു വര്‍ഷത്തോളം ഫ്‌ളോറിങ് വര്‍ക്കുകള്‍ പോലും പൂര്‍ത്തിയാക്കാതെ വിട്ടിരിക്കുകയായിരുന്നു ഈ വീട്. ചെറു ജനലുകളും കുത്തനെ താഴ്ത്തിപ്പണിതിരിക്കുന്ന മേല്‍ക്കൂരയും ഒക്കെയായി ഇപ്പോഴത്തെ കാലത്തിന് ഒട്ടും യോജ്യമല്ലാതെ കിടന്നിരുന്ന ഈ വീടിനെ അടിമുടി പുതുക്കിക്കൊണ്ട് കാലത്തിനിണങ്ങിയതാക്കി മാറ്റി തൃശൂരിലെ മാളയിലുള്ള ലെഗസി ഡിസൈന്‍സിലെ അനൂപ് ഫ്രാന്‍സിസും സംഘവും.

”വാസ്തവം പറഞ്ഞാല്‍ ഈ പ്രോജക്റ്റ് ചെയ്യാനൊരുങ്ങുമ്പോള്‍ ആകെയൊരു ആശയക്കുഴപ്പമായിരുന്നു. കാരണം അകവും പുറവും ഒന്ന് ഉടച്ചുവാര്‍ത്താല്‍ മാത്രമേ എന്തെങ്കിലും വ്യത്യാസം വരുത്താനാകൂ. പൊൡച്ചുമാറ്റാനും കൂട്ടിച്ചേര്‍ക്കാനുമൊക്കെയുള്ള സമ്മതവും സഹകരണവും വീട്ടുടമ ലിജോ ആന്റണി നല്‍കിയപ്പോഴാണ് മുന്നോട്ട് പ്രവര്‍ത്തിക്കുവാനുള്ള ഊര്‍ജം ലഭിച്ചത്.” അനൂപ് ഫ്രാന്‍സിസ് വ്യക്തമാക്കി.

വീടിനകത്തെ കെട്ടുറപ്പ് ആവശ്യമില്ലാത്ത ഏരിയകളുടെ ഭിത്തികള്‍ പൊളിച്ചുമാറ്റി, തുറസ്സായ അകത്തളം എന്ന ആശയം സ്വീകരിച്ചു. ലിവിങ് ഏരിയ, പ്രെയര്‍ ഏരിയ, വാഷ് ഏരിയ ഇവയൊക്കെ നിര്‍മ്മിച്ചു ചേര്‍ത്തു. കോര്‍ട്ട്‌യാര്‍ഡും സ്‌കൈലെറ്റും ചേര്‍ന്ന ഏരിയ കൂടി പുതിയതായി കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുള്ള തുറന്ന ഡൈനിങ് ഏരിയ ആദ്യംപ്ലാനില്‍ അടച്ചുകെട്ടി മറച്ചൊരു ബെഡ്‌റൂമായിരുന്നു. അതുപോലെ ഇപ്പോഴുള്ള രണ്ട് മോഡലുലാര്‍ കിച്ചനുകളില്‍ ഒന്ന് വര്‍ക്കേരിയയും മറ്റൊന്ന് സ്‌മോക്ക്‌ലെസ് കിച്ചനും ആയിട്ടാണ് സ്ട്രക്ചര്‍ ചെയ്തിരുന്നത്. സ്‌റ്റെയര്‍കേസിനു സമീപത്തെ ഭിത്തിയിലും ബെഡ്‌റൂമുകളിലും ഉണ്ടായിരുന്ന ആര്‍ച്ച് മാതൃകയിലുള്ള വിന്‍ഡോകള്‍ മാറ്റി. സ്‌ക്വയര്‍ പാറ്റേണില്‍ പുതിയവ സ്ഥാപിച്ചു. ഇടുങ്ങിയ അകത്തളങ്ങളെ പുതുക്കി നിശ്ചയിച്ചപ്പോള്‍ തുറന്ന ഇടങ്ങളും പല ലെവലുകളും കോമണ്‍ സ്‌പേസും ബാല്‍ക്കണിയുമെല്ലാം യഥേഷ്ടം ലഭിച്ചു.

അകം മാത്രമല്ല പുറവും ഒന്ന് ഉടച്ചുവാര്‍ക്കുകയാണ് അനൂപ് ചെയ്തത്. വീടിന്റെ ചുറ്റിനുമുള്ള ലാന്‍ഡ്‌സ്‌കേപ്പ് ഡിസൈന്‍ ചെയ്തു. വിദേശമാതൃകയിലുള്ള എലിവേഷനാണ് വീടിന്. കാര്‍പോര്‍ച്ച് രണ്ടാമത് കൂട്ടിച്ചേര്‍ത്തതാണ്. പോര്‍ച്ചിന്റെ റൂഫില്‍ ഗ്രിഡ് വര്‍ക്ക് ചെയ്ത് ഉള്ളില്‍ കളര്‍ ഗ്ലാസ് നല്‍കി വര്‍ണാഭമാക്കി. പകല്‍ സൂര്യപ്രകാശത്താലും രാത്രിയില്‍ വൈദ്യുതി വിളക്കുകളാലും ഈ ഭാഗം എടുത്തുനില്‍ക്കുന്നു.
വീടിരിക്കുന്ന പ്ലോട്ടിനെ നവീകരിച്ചപ്പോള്‍ ഡ്രൈവ്‌വേയും വീടിനു ചുറ്റിനുമായി ഒരു ജോഗിങ് ട്രാക്കും സൃഷ്ടിച്ചു. ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമായി ഇരിപ്പിടങ്ങളും ചെറിയ പാറക്കൂട്ടവും, ചെടികളും, ഫെറോസിമന്റില്‍ തീര്‍ത്ത വൃക്ഷങ്ങളും, ശില്പങ്ങളും ഒക്കെ നല്‍കിയിട്ടുണ്ട്.

റൂഫിലെ ഓടിന്റെ നിറം നീലയാക്കി. ഇപ്പോള്‍ 3 ബാത് അറ്റാച്ച്ഡ് ബെഡ്‌റൂമുകളും ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഏരിയ, പ്രെയര്‍ ഏരിയ, അപ്പര്‍ ലിവിങ്, മീഡിയ റൂം തുടങ്ങി ഇന്നത്തെ കാലത്ത് ഒരു വീടിനു വേണ്ടതായ സൗകര്യങ്ങളെല്ലാം ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. വീടിന്റെ ലെവല്‍ വ്യതിയാനവും ടെറസും പ്രയോജനപ്പെടുത്തിക്കൊണ്ട് സ്‌റ്റെയര്‍കേസ് മുകളിലേക്ക് കൂടി നീട്ടിയെടുത്തു. ഇപ്പോള്‍ മൂന്ന് ലെവലുകളുള്ളതും, തുറന്നതും, വിശാലവും, കാറ്റും വെളിച്ചവും യഥേഷ്ടം കടക്കുന്നതുമായ അകത്തളവുമുള്ള ഒരു വീടായിരിക്കുന്നു ഇത്. ഒരു ചേയ്ഞ്ച് ആര്‍ക്കാണിഷ്ടമാകാതിരിക്കുക? ഗൃഹനാഥനായ ലിജോക്കും വീടിന്റെ രൂപമാറ്റം നന്നേ ഇഷ്ടമായിരിക്കുന്നു.

3 thoughts on “ഒരു ചെയ്ഞ്ച്‌

  1. Hi
    Could you inform me how I can order an annual subscription for the D+B magazine? or do you have a digital/ e-edition?

    Thanks!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>