താനും ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിന് ഒരു വീടു നിര്‍മിക്കണമെന്ന ആവശ്യമായിരുന്നു കിഷോര്‍ കുമാറിന്റേത്. എന്നാല്‍ മാതാപിതാക്കള്‍ക്കായി വീടിന്റെ ഒരു ഭാഗം നല്‍കുകയും വേണം. കിഷോറിന്റെ കൈവശമുള്ളത് കൊച്ചി ഇടപ്പള്ളിയില്‍ ആകെ അഞ്ചര സെന്റ് സ്ഥലം. ഈ ആവശ്യത്തിന് ആര്‍ക്കിടെക്റ്റുമാര്‍ മറുപടി നല്‍കിയത് ഡ്യുവല്‍ ഹൗസ് എന്ന ആശയത്തിലൂടെ തന്നെ. 
കിഷോര്‍ കുമാറിന്റെ വീട്ടിലെ ഇരുയൂണിറ്റുകളും പിണക്കത്തിലായ ദമ്പതിയെപ്പോലെ പരസ്പരം മുഖം തിരിഞ്ഞു കിടക്കുകയല്ല; എന്നാല്‍ ഒരിക്കലും വേര്‍പിരിക്കാനാകാത്തതു പോലെ സ്ട്രക്ചര്‍ ഒന്നായിട്ടല്ല നിര്‍മിച്ചിട്ടുള്ളതും. വേണ്ടയിടങ്ങളിലെല്ലാം സുരക്ഷിതമായ അകലം പാലിച്ചും എന്നാല്‍ ഇരുകുടുംബങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ വേണ്ട കാര്യങ്ങളെല്ലാം ചെയ്തുമാണ് ഈ സ്ട്രക്ചറിന്റെ നിര്‍മാണം. ഒരു യൂണിറ്റില്‍ നില്‍ക്കുമ്പോള്‍ മറ്റേ യൂണിറ്റിന്റെ സാമീപ്യം അനുഭവപ്പെടുന്നു എന്നതും ഒരൊറ്റ യൂണിറ്റ് ആണെന്ന പ്രതീതി ജനിപ്പിക്കുന്നു എന്നതുമാണ് ഈ പ്രോജക്ടിന്റെ പ്രത്യേകതയായി മാന്‍ഗ്രോവ് ആര്‍ക്കിടെക്റ്റ്‌സ് ചൂണ്ടിക്കാണിക്കുന്നത്.
പരിമിതമായ സ്ഥലത്ത് ഒരു കെട്ടിടം രണ്ടായി ഭാഗിച്ച് രണ്ട് വ്യത്യസ്ത വീടുകള്‍ ഉണ്ടാക്കാന്‍ ഏതൊരു ആര്‍ക്കിടെക്റ്റിനും എഞ്ചിനീയര്‍ക്കും സാധിക്കും. താഴത്തെ നിലയില്‍ കിഷോറിന്റെ കുടുംബത്തിനായി ഒരു പ്രധാന യൂണിറ്റും മുകള്‍നിലയില്‍ മാതാപിതാക്കള്‍ക്കായി മറ്റൊരു യൂണിറ്റും നിര്‍മിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഇവിടെയുള്ളൂ. എന്നാല്‍ താഴത്തെ നിലയുടെ സൗകര്യങ്ങളെല്ലാം ഒരു യൂണിറ്റിന് ലഭിക്കുമ്പോള്‍ മുകള്‍നില പൂര്‍ണ്ണമായും ഭൂമിയില്‍ നിന്ന് വേര്‍പെട്ട് നില്‍ക്കും. അതേസമയം ടെറസിന്റെ എല്ലാ ആനുകൂല്യങ്ങളും മുകള്‍ യൂണിറ്റിന് മാത്രമായി ലഭിക്കുകയും ചെയ്യും. ഒരു ഭിത്തി നിര്‍മിച്ച് അപ്പാര്‍ട്ട്‌മെന്റ് കണക്കെ വീടിനെ നടുവെ ഭാഗിച്ച് രണ്ടായി മുറിച്ചാലും വീട് രണ്ട് യൂണിറ്റാകും. എന്നാല്‍ തികച്ചും അപരിചിതരായ രണ്ട് കുടുംബങ്ങളല്ല ഇവിടെ താമസിക്കുന്നത്. പരസ്പരം അടുത്തറിയാവുന്ന വളരെ അടുത്ത ബന്ധുക്കളാണ്. അവര്‍ക്ക് വേണ്ടത് മിതമായ സ്വകാര്യതയും അതേ സമയം സുരക്ഷിതമായ ഒരു അകലവുമാണ്. ഇത്തരം ഡിസൈനില്‍ ആര്‍ക്കിടെക്റ്റിന്റെ ഉത്തരവാദിത്തമേറും. അതുകൊണ്ടുതന്നെ മാന്‍ഗ്രോവ് ആര്‍ക്കിടെക്റ്റ്‌സ് കിഷോര്‍ കുമാറിന്റെ ആവശ്യത്തെ അത്ര ലളിതമായി പരിഗണിച്ചില്ല. തന്റെ ക്ലയന്റിന് വേണ്ടതെന്തെന്ന് ക്ലയന്റിനെക്കാള്‍ നന്നായി ചിന്തിക്കാന്‍ ഈ ആര്‍ക്കിടെക്റ്റുകള്‍ക്കായി. അതുതന്നെയാണ് ഇന്നു കിഷോര്‍കുമാറിന്റെ സംതൃപ്തിയും. ‘ഇരു കുടുംബങ്ങളും തമ്മിലുള്ള അടുപ്പവും ഊഷ്മളതയും എല്ലാം തീരുമാനിക്കുന്നത് വീടിന്റെ നിര്‍മിതിയായിരിക്കും. ആ കുടുംബങ്ങള്‍ക്ക് പരസ്പരം സംവദിക്കാനുള്ള സാഹചര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ സുരക്ഷിതമായ ഒരു അകലം പാലിക്കുക എന്നതായിരുന്നു ആവശ്യവും ആശയവും.’ ആര്‍ക്കിടെക്റ്റുകള്‍ പറയുന്നു. 
ഒരു വീട്ടിലെ രണ്ട് വീട്
കിഷോര്‍കുമാറിന്റെ ഹൗസ് പ്ലോട്ടിന് ഇരുവശവും റോഡാണ്. ഒരു വശത്തുകൂടി പ്രധാനറോഡും മറുവശത്തു കൂടി ചെറിയൊരു ലെയ്‌നും കടന്നു പോകുന്നു. സ്വാഭാവികമായും പ്രധാനറോഡിനോട് ചേര്‍ന്ന് സെറ്റ്ബാക്ക് വിടേണ്ടി വരും. മിച്ചം വരുന്ന ഭൂമിയിലാണ് നിര്‍മാണം നടത്തേണ്ടത്. ”ഇരു യൂണിറ്റുകളിലും താമസിക്കുന്നവരുടെ ജീവിതശൈലിക്ക് ചേരുന്നതായിരിക്കണം യൂണിറ്റുകളുടെ പ്ലാന്‍ എന്നതു കൊണ്ട് ഒരു പ്ലാന്‍ തയ്യാറാക്കി അതിന്റെ തന്നെ കാര്‍ബണ്‍ കോപ്പിയോ മിറര്‍ ഇമേജോ ചേര്‍ത്ത് അടുത്തതു നിര്‍മിച്ചാല്‍ പോരാ. വ്യത്യസ്ത രൂപഘടനയുള്ള രണ്ട് പ്ലാനുകളെ ഒരൊറ്റ സ്ട്രക്ചറില്‍ ഉള്‍ക്കൊള്ളിക്കുകയാണ് വേണ്ടത്. ഈ കെട്ടിടത്തില്‍ ഇരുയൂണിറ്റുകള്‍ക്കും ഗ്രൗണ്ട് ഫ്‌ളോറും ടെറസ് സൗകര്യവുമുണ്ട്. എന്നാല്‍ രണ്ട് പ്ലാനുകളും വ്യത്യസ്തമാണു താനും. ഇരു കുടുംബങ്ങളുടെയും ആവശ്യങ്ങള്‍ മനസ്സിലാക്കി ലഭ്യമായ സ്ഥലവും സൗകര്യങ്ങളും ഇരുകൂട്ടര്‍ക്കുമായി വീതിച്ചു കൊടുക്കുകയാണ് ചെയ്തത്. കെട്ടിടവിഭജനത്തിലെ ഈ സോഷ്യലിസമാണ് ആര്‍ക്കിടെക്റ്റുകളായ രാജശേഖരനെയും കുഞ്ചന്‍ ഗര്‍ഗിനെയും അവര്‍ കേരളത്തിലെ നാഗരിക സാഹചര്യങ്ങള്‍ക്കായി അവതരിപ്പിക്കുന്ന ‘ഡ്യുവല്‍ ഹൗസ്’ എന്ന ആശയത്തെയും ശ്രദ്ധേയമാക്കുന്നത്. 
താമസിക്കുന്നത് അടുത്ത ബന്ധുക്കളാകയാല്‍ വീട് മൊത്തത്തില്‍ ഒരൊറ്റ യൂണിറ്റാക്കി മാറ്റാവുന്ന തരത്തിലായിരിക്കേണ്ടിയിരുന്നു നിര്‍മാണം. ഇരുയൂണിറ്റുകള്‍ക്കും ഗ്രൗണ്ട് ഫ്‌ളോര്‍ വേണം, ഇരുയൂണിറ്റുകള്‍ക്കും കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ലഭിക്കുന്ന സൂര്യപ്രകാശം കിട്ടുകയും ചെയ്യണം. ആര്‍ക്കിടെക്റ്റിന്റെ ആശയങ്ങളാല്‍ ഇതിനെല്ലാം ഉത്തരമുണ്ടായി.
ഇരുയൂണിറ്റുകള്‍ക്കും മധ്യത്തിലായി വരുന്ന ഒരു ആട്രിയമാണ് കെട്ടിടത്തിന്റെ ജീവനാഡി. ഇരു യൂണിറ്റുകളിലേക്കും കാറ്റും വെളിച്ചവും എത്തിക്കുന്നതുമുതല്‍ വീട്ടുകാരുടെ അടുപ്പം നിര്‍ണയിക്കുന്നതും ഈ ആട്രിയമാണ്. മുകളില്‍ സ്‌കൈലൈറ്റ് നിര്‍മിച്ച് വശങ്ങളില്‍ എംഎസും ഗ്ലാസും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ലൂവറുകളാണ് ആട്രിയത്തിലേക്ക് കാറ്റും വെളിച്ചവും എത്തിക്കുന്നത്. ഇങ്ങനെ ഇരുയൂണിറ്റുകളും തമ്മില്‍ ‘പരിമിതമായ സ്വകാര്യത’ നിലനിര്‍ത്തിക്കൊണ്ടാണ് കെട്ടിടത്തിന്റെ നിര്‍മാണം.
രണ്ട് കാറുകള്‍ക്കുള്ള പാര്‍ക്കിങ് ഏരിയ കണ്ടെത്തിയതും വ്യത്യസ്തമായ രീതിയിലാണ്. വീടിന്റെ സ്ട്രക്ചറിനോട് ചേര്‍ന്ന് മുന്‍പില്‍ സെറ്റ് ബാക്ക് വിട്ട സ്ഥലത്താണ് കാര്‍ പാര്‍ക്കിങ് ഏരിയ. എന്നാല്‍ വീടിന് മധ്യത്തിലായി പ്ലോട്ടിന്റെ ലെവലിലും താഴ്ന്നാണ് പ്രധാനയൂണിറ്റിന്റെ പാര്‍ക്കിങ് ഏരിയ ഇണക്കിച്ചേര്‍ത്തത്. ഈ പാര്‍ക്കിങ് ഏരിയയ്ക്ക് മുകളിലായാണ് ആട്രിയം വരുന്നത്. ‘ആവശ്യമായ സംവിധാനങ്ങള്‍ സന്നിവേശിപ്പിക്കാനുള്ള ഇടം കണ്ടെത്തുക എന്നതല്ല, സൗകര്യങ്ങള്‍ക്ക് വേണ്ട സ്ഥലം രൂപപ്പെടുത്തിയെടുക്കുന്നതിലാണ് ആര്‍ക്കിടെക്റ്റുകളുടെ മിടുക്ക്. ഇത്തരത്തില്‍ ഒരു ഡിസൈന്‍ തയ്യാറാക്കുക എന്നത് എളുപ്പം ചെയ്യാവുന്ന കാര്യമല്ല. ത്രിമാനരീതിയിലുള്ള ചിന്തയാണ് ഇവിടെ ആര്‍ക്കിടെക്റ്റ് പ്രയോഗിക്കേണ്ടി വരിക.’ മാന്‍ഗ്രോവ് ആര്‍ക്കിടെക്റ്റ്‌സ് പറയുന്നു.
ഹാളും കിച്ചണും ഒരു ബെഡ്‌റൂമും ടോയ്‌ലറ്റുമാണ് പ്രധാനയൂണിറ്റിന്റേതായി ഗ്രൗണ്ട് ഫ്‌ളോറിലുള്ളത്. വീടിന്റെ ഇടതുവശം ചേര്‍ന്നുള്ള സിറ്റൗട്ടില്‍ നിന്നാണ് ഇവിടേക്കുള്ള പ്രവേശനം. ലിവിങ് റൂമിന്റെ ഒരു വശം ഒരു ലെവല്‍ ഉയര്‍ന്നു നില്‍ക്കുന്ന ആട്രിയത്തിലേക്ക് തുറന്നു കിടക്കുന്നു. സ്ഥലം ലാഭിക്കാനായി ലിവിങ് റൂമിലെയും ഡൈനിങ് സ്‌പേസിലെയും സിറ്റിങ് അറേഞ്ച്‌മെന്റ് ജനാലയോട് ചേര്‍ത്ത് ഇന്‍ബില്‍റ്റ് ആയി നിര്‍മിച്ചു. ബെഡ്‌റൂമില്‍ നിന്നും ആട്രിയത്തിലേക്ക് തുറക്കുന്ന ജനലുകളുണ്ട്. കൂടാതെ മുകള്‍ നിലയിലേക്ക് നയിക്കുന്ന സ്‌റ്റെയര്‍കെയ്‌സും ലിവിങ് സ്‌പേസില്‍ നി്ന്ന് തുടങ്ങി ആട്രിയത്തിന് മുകളിലൂടെയാണ് കടന്നു പോകുന്നത്. ആട്രിയത്തിലേക്ക് കടക്കാന്‍ പ്രധാന യൂണിറ്റില്‍ നി്ന്ന് മാത്രമേ സാധിക്കുകയുള്ളൂ. 
രണ്ടാം യൂണിറ്റിന്റെ ലിവിങ് റൂമില്‍ നിന്നും ആട്രിയത്തിലേക്ക് ദൃഷ്ടിയെത്താനായി സ്ഥാപിച്ചിരിക്കുന്ന വലിയ ജനാല ഒന്നാം യൂണിറ്റിലെ ലിവിങ് റൂമിന് സമാന്തരമാണ്. ജനാല മലര്‍ക്കെ തുറന്നാല്‍ ഒറ്റവീടാണെന്നേ തോന്നൂ. സ്വകാര്യത ക്രമീകരിക്കാനായി രണ്ടാം യൂണിറ്റിന്റെ ജനലുകള്‍ക്ക് ഫോള്‍ഡിങ് ഷട്ടറുകളാണ് നല്‍കിയിട്ടുള്ളത്. വേണമെങ്കില്‍ മലര്‍ക്കെ തുറന്നിടാം; അല്ലെങ്കില്‍ ഷട്ടര്‍ അടച്ചിട്ട ശേഷം ഷട്ടറിലെ വുഡന്‍ ലൂവറുകള്‍ ആവശ്യാനുസരണം ക്രമീകരിക്കുകയാണെങ്കില്‍ കാറ്റും വെളിച്ചവും ഉള്ളിലെത്തിക്കാം. പരസ്പരം അടുത്തറിയാവുന്ന ബന്ധുക്കളല്ല താമസിക്കുന്നതെങ്കില്‍ ഇത്തരം ഒരു സംവിധാനം ഒരിക്കലും വിജയിക്കില്ലെന്നും ആര്‍ക്കിടെക്റ്റ് പറയുന്നു. ലിവിങ് റൂം കൂടാതെ ഒരു ബെഡ്‌റൂമും കിച്ചണും ടോയ്‌ലറ്റും രണ്ടാം യൂണിറ്റിലുമുണ്ട്. കെട്ടിടത്തിന്റെ വലതുവശം ചേര്‍ന്ന് പ്രവേശനകവാടത്തിനു മുകളിലായാണ് രണ്ടാം യൂണിറ്റിന്റെ സ്റ്റെയര്‍കെയ്‌സിന് ഇടം കണ്ടെത്തിയത്.
രണ്ട് ബെഡ്‌റൂമുകളാണ് പ്രധാനയൂണിറ്റിന്റേതായി മുകള്‍നിലയിലുള്ളത്. അതില്‍ ഒരു ബെഡ്‌റൂമിന് സാമാന്യത്തിലധികം വലുപ്പവുമുണ്ട്. പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കിയിരിക്കുന്നതിനാല്‍ ഇവിടെയും ടോയ്‌ലറ്റുകളൊന്നും അറ്റാച്ച്ഡ് ആയി നിര്‍മിച്ചിട്ടില്ല, രണ്ട് ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതിന് പകരം ഒരു ടോയ്‌ലറ്റും ഒരു ബാത്ത് റൂമും പ്രത്യേകം നിര്‍മിച്ചിരിക്കുന്നു. ഈ നിലയിലെ ചെറിയ ബെഡ്‌റൂമിലും വിന്‍ഡോ സീറ്റിങ് അറേഞ്ച്‌മെന്റ് നല്‍കിയിട്ടുണ്ട്. 
ഒന്നാം നിലയില്‍ രണ്ടാം യൂണിറ്റിന്റെ ഭാഗത്ത് ഉള്ളത് സാമാന്യം വലുപ്പമുള്ള ഒരു ബെഡ്‌റൂമും ബാത്ത്‌റൂമും മാത്രമാണ്. കൂടാതെ മുകളിലെ ടെറസിലേക്കുള്ള സ്റ്റെയര്‍കെയ്‌സുമുണ്ട്. ഇരുയൂണിറ്റുകളില്‍ നിന്നും ആട്രിയത്തിലേക്ക് തുറക്കുന്ന ജനലുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *