September 14th, 2015
ഒറ്റയക്കലക്ഷത്തിന്

 

ലാപ്പ്‌ടോപ്പില്‍ ഈ യുവ ഇന്റീരിയര്‍ ഡിസൈനര്‍ കാണിക്കുന്ന വീടുകളുടെ ചിത്രങ്ങള്‍ കാണുന്നവരെല്ലാം ആദ്യം തിരക്കുക അവയുടെ ബഡ്ജറ്റെത്രയെന്നാണ്. ബഡ്ജറ്റ് കേട്ട് അവരൊന്നമ്പരക്കും. കാരണം പറഞ്ഞ ബഡ്ജറ്റിലും ഇരട്ടി മൂല്യം തോന്നുന്ന വീടുകളാണ് ഫോട്ടോയില്‍ കാണുന്നത്. സംശയനിവാരണത്തിനായി അവര്‍ ആ വീടുകള്‍ സന്ദര്‍ശിക്കും. വീട്ടുകാരുമായി ആശയവിനിമയം നടത്തും. ഇതോടെ ചിലര്‍ കൈവശമുള്ള ബഡ്ജറ്റിനനുസൃതമായി തങ്ങളുടെ വീട് മോടി കൂട്ടിത്തരുവാന്‍ ഡിസൈനറോട് ആവശ്യപ്പെടുകയായി. തൃശൂര്‍ക്കാരനായ യുവ ഇന്റീരിയര്‍ ഡിസൈനര്‍ കെ.എ. ഷറഫുദ്ദീന്‍ അവരുമായി പറഞ്ഞുറപ്പിക്കുന്ന ബഡ്ജറ്റില്‍ നിന്നും അണുവിടമാറ്റമില്ലാതെ സൗന്ദര്യവല്‍ക്കരണം നടത്തിക്കൊടുക്കും. ഇങ്ങനെ പൂര്‍ണ്ണ വിശ്വാസത്തിലെത്തുന്ന ഈ ക്ലയന്റുകള്‍ അവരുടെ വീടിന്റെ പടങ്ങള്‍ കൊണ്ട് അടുത്ത സംശയാലുക്കളെ സൃഷ്ടിക്കുകയായി!
ആറ് ലക്ഷം മുതല്‍
ഇന്റീരിയര്‍ ഡക്കറേഷന് വരുന്ന ചെലവായി രണ്ടക്ക ലക്ഷക്കണക്കുകള്‍ മാത്രം നിരത്തുന്ന ഡിസൈനര്‍മാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ഷറഫുദ്ദീന്‍. തൃശൂര്‍ അത്താണിയിലുള്ള മനോജിന്റെയും, ഗുരുവായൂരുള്ള സുനിലിന്റെയും വീടുകളുടെ അകത്തളങ്ങള്‍ ഷറഫുദീന്‍ ഒരുക്കിയത് യഥാക്രമം ആറ് ലക്ഷത്തിനും ഏഴ് ലക്ഷത്തിനുമാണ്. നിര്‍മ്മാണച്ചെലവ് അടിക്കടി കൂടുന്ന ഈ കാലത്ത് ഇത്ര ചെലവ് ചുരുക്കിയതെങ്ങനെയെന്നു ചോദിച്ചാല്‍ ഷറഫുദ്ദീന്‍ വാചാലനാവും. ”അനാവശ്യമായ ഡിസൈന്‍ എലമെന്റുകളും പാനലിങ്ങുകളുമൊക്കെ ഒഴിവാക്കി കൃത്യതയോടെ പ്ലാന്‍ ചെയ്താല്‍ തന്നെ ഇന്റീരിയര്‍ ഭംഗിയാവും. ഓരോ മുറിയുടെയും ആവശ്യകതയും, പ്രാധാന്യവും, വലിപ്പവും മനസ്സിലാക്കി ഫര്‍ണിച്ചര്‍ ഡിസൈന്‍ ചെയ്ത് യഥാസ്ഥാനത്തു തന്നെ അവ ക്രമീകരിക്കുക. ഒരു മുറിക്ക് ഒരു കളര്‍കോഡുപയോഗിച്ച് അത് എല്ലാത്തിലേക്കും പകര്‍ത്തുവാന്‍ ശ്രമിക്കുന്നതാവും ഉചിതം. പല നിറങ്ങള്‍ ഉപയോഗിച്ചാല്‍ ഒന്നിനും ഫോക്കസ് ഉണ്ടാവില്ല. മാത്രമല്ല ഒറ്റതീം പിന്‍തുടരുന്നത് ചെലവ് ചുരുക്കുവാനും ഉപകരിക്കും”.
പെയിന്റഡ് ഇന്റീരിയര്‍
ഓരോ മുറിയിലേയും കളര്‍തീമിനനുസരിച്ച് കാര്‍പ്പെറ്റ്, കര്‍ട്ടന്‍, റഗ്ഗുകള്‍, ടേബിള്‍ റണ്ണറുകള്‍, കുപ്പികള്‍, ഫ്‌ളവര്‍പോട്ട് തുടങ്ങിയ കൗതുകവസ്തുക്കള്‍ എന്നിവയെല്ലാം തെരഞ്ഞെടുത്തിരിക്കുന്നു. ചില മുറികളുടെ അലങ്കാരത്തിനായി വാള്‍ പിക്ച്ചറുകളും ഉപയോഗിച്ചിട്ടുണ്ട്. ഇവ തീം കളറിനനുസരിച്ച് വരപ്പിച്ചെടുത്തവയാണ്.
വെള്ളയാണ് പ്രധാന നിറം. പ്ലൈവുഡ് ലാമിനേറ്റ് ചെയ്ത് പാനല്‍ ചെയ്യുന്ന സ്ഥിരം ഇന്റീരിയര്‍ ഡിസൈനിങ് രീതി ഒഴിവാക്കി പകരം എച്ച്.ഡി.എഫിനു മുകളില്‍ വെള്ള നിറത്തിലുള്ള ഹൈ ഡെന്‍സിറ്റി ഗ്ലോസി ഡ്യൂക്കോ പെയിന്റ് അടിക്കുകയായിരുന്നു. ലാമിനേറ്റ് ചെയ്യുമ്പോള്‍ ഉണ്ടാവുമായിരുന്ന ചെലവ് 60%ത്തോളം കുറയ്ക്കുവാന്‍ ഇതുമൂലം സാധിച്ചു. മാത്രമല്ല അരികുകള്‍ ഉരുട്ടിയെടുക്കുവാന്‍ എളുപ്പമായി.
സ്വന്തം ഫര്‍ണിച്ചര്‍
”സ്വന്തമായി ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റുള്ളതാണ് ഞങ്ങള്‍ ചെയ്യുന്ന പ്രോജക്റ്റുകളില്‍ ഡെക്കറേഷന്‍ ചെലവ് നിയന്ത്രിക്കാന്‍ സഹായകരമാവുന്ന മറ്റൊരു ഘടകം. കട്ടിലും, സോഫയും ഡൈനിങ് ടേബിളും, കണ്‍സോളും, വാഡ്രോബുകളും, ടിവി യൂണിറ്റുമെല്ലാം മുറികള്‍ക്കനുസൃതമായി എളുപ്പം പണിയുവാന്‍ കഴിയും. തീമിനനുസരിച്ച് ഫിനിഷിങ് മാറുമെന്നു മാത്രം” ഷറഫുദ്ദീന്‍ പറയുന്നു.
എടുത്തു പറയേണ്ട ഒന്നാണ് സുനിലിന്റെ വീട്ടിലെ ഡൈനിങ് ഏരിയയിലെ ക്രോക്കറി യൂണിറ്റിന്റെ ഫിനിഷിങ്ങ്. വിപണിയില്‍ കാണാത്ത ഈ ഫിനിഷിങ് ലൈറ്റ് ഓക്ക് വെനീര്‍ സ്റ്റെയിന്‍ ചെയ്ത് കറുപ്പുനിറം പൂശി സൃഷ്ടിച്ചെടുക്കുകയായിരുന്നു. ഇതു വഴി കറുപ്പുനിറത്തിന് കൂടുതല്‍ ആഴം തോന്നിക്കാനായി.
പര്‍പ്പസ് ലൈറ്റിങ്
രണ്ടു വീടുകളിലെയും മിക്ക മുറികളിലും പര്‍പ്പസ് ലൈറ്റിങ്ങാണ് ചെയ്തിരിക്കുന്നത്. ജിപ്‌സം ഫാള്‍സ് സീലിങ്ങിന്റെ ഒരു ഭാഗത്ത് മാത്രം നിഷു പോലെ ഡിസൈന്‍ കൊടുത്ത് അവിടെ കോവ് ലൈറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നു. പ്രധാനമായും ഫര്‍ണിച്ചര്‍ ക്രമീകരിച്ചിരിക്കുന്ന ഏരിയയ്ക്ക് മുകളിലായാണ് ഇപ്രകാരം പര്‍പ്പസ് ലൈറ്റിങ് നല്‍കിയിട്ടുള്ളത്. ”സീലിങ്ങില്‍ ലൈറ്റിങ്ങിനും മറ്റും അനാവശ്യമായ പ്രൊജക്ഷനുകളും മറ്റും കൊടുക്കുന്നത് ചെലവ് കൂട്ടും. മാത്രമല്ല ഹെവി ഡിസൈന്‍ കൊടുത്താല്‍ ആദ്യം കാണുന്ന പുതുമയോ കൗതുകമോ പിന്നീടുണ്ടാവില്ല” ഇതാണ് ഷറഫുദ്ദീന്റെ പക്ഷം.
ക്രിയാത്മക സമീപനം
വീടുകളുടെ മോടികൂട്ടലിനൊപ്പം ക്രിയാത്മകവും കാര്യക്ഷമവുമായ ചില സമീപനങ്ങളാവും പലപ്പോഴും ഇന്റീരിയര്‍ ഡിസൈനില്‍ വൈജാത്യം നല്‍കുക. മനോജിന്റെ വീട്ടിലെ ഡൈനിങ്ങിനും ലിവിങ്ങിനും ഇടയിലുള്ള കോര്‍ട്ട്‌യാര്‍ഡ് പൂജാസ്‌പേസാക്കി മാറ്റിയത് ഇത്തരമൊരു സമീപനത്തിന് തെളിവാണ്. ”സുനിലിനും കുടുംബാംഗങ്ങള്‍ക്കും ഒരു പൂജാമുറി വേണമായിരുന്നു. ‘എല്‍’ ആകൃതിയില്‍ കിടന്നിരുന്ന ലിവിങ് കം ഡൈനിങ്ങിന്റെ മധ്യഭാഗത്തുണ്ടായിരുന്ന കോര്‍ട്ട്‌യാര്‍ഡ്- രണ്ടുമുറികളെയും ബന്ധിപ്പിക്കുന്ന കോര്‍ണറില്‍ ആയിരുന്നു ഇത്- പൂജാമുറിയാക്കാനേറ്റവും ഉചിതമായി തോന്നി. എന്നാല്‍ കോര്‍ട്ട്‌യാര്‍ഡിന്റേതായ ഭംഗി പോകുകയുമരുത്. അതിനാല്‍ അവിടം പൊക്കി പണിത് ആര്‍ട്ടിഫിഷ്യല്‍ ഗ്രാസും പെബിള്‍സും നിരത്തി ദൈവത്തിന്റെ രൂപം പ്രതിഷ്ഠിച്ചപ്പോള്‍ ആ ഏരിയയ്ക്ക് ശാന്തവും പ്രസന്നവുമായ ഒരു അനുഭവം നല്‍കാനായി’. ഷറഫുദ്ദീന്‍ പറയുന്നു.
രണ്ടു വീടുകളിലും കിച്ചന്‍ കബോഡുകള്‍ക്ക് മള്‍ട്ടി വുഡാണ് ഉപയോഗിച്ചത്. വെള്ളം വീണാലും പ്രശ്‌നമില്ല എന്നതാണ് മള്‍ട്ടിവുഡിന്റെ ഗുണം. ചെലവ് ചുരുക്കുമ്പോഴും ഗുണമേന്മയുടെ കാര്യത്തിലൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല താനെന്ന് ഇതിലൂടെ അരക്കിട്ടുറപ്പിക്കുകയാണ് ഈ ഇന്റീരിയര്‍ ഡിസൈനര്‍.
ബഡ്ജറ്റ് കുറഞ്ഞ ഇന്റീരിയര്‍ ഡിസൈന്‍ വര്‍ക്കുകള്‍ മാത്രമല്ല പല വന്‍ പ്രൊജക്റ്റുകളും ഈ യുവ ഡിസൈനറെ തേടിയെത്തുന്നുണ്ട്. പരിമിതികളില്ലാത്ത ബഡ്ജറ്റാണെങ്കില്‍ പോലും അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കി ഇന്റീരിയര്‍ ഡിസൈനിങ് പൂര്‍ത്തിയാക്കുവാനാണ് എന്നും ഷറഫുദ്ദീന്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *