സ്ഥിരതാമസം നാട്ടിലല്ലെങ്കിലും എന്നെങ്കിലും നാട്ടില്‍ തിരികെ എത്തുന്ന കാലത്തേക്കു വേണ്ടി ഒരു നിക്ഷേപമെന്ന മട്ടില്‍ നാട്ടില്‍ നല്ലൊരു വീടു പണിതിടുക എന്നതാണ് പ്രവാസി മലയാളികളുടെ പൊതുവേയുള്ള രീതി. മുംബൈയിലാണ് ജോലിയും താമസവുമെങ്കിലും ജീസ് ലാസറും കുടുംബവും കേരളത്തില്‍ നല്ലൊരു വീടു പണിതിടുവാന്‍ തീരുമാനിച്ചത് ഈ പറഞ്ഞ കാഴ്ചപ്പാടോടെ തന്നെ. നാട്ടില്‍ തറവാടിനോടു ചേര്‍ന്നുള്ള സ്ഥലത്ത് തങ്ങള്‍ക്കായൊരു വീട് രൂപകല്പന ചെയ്യാന്‍ ഇവര്‍ തെരഞ്ഞെടുത്തത് കൊച്ചിയിലെ ഡെന്നിസ് ആര്‍ക്കിടെക്റ്റ്‌സിലെ ചീഫ് ആര്‍ക്കിടെക്റ്റ് ഡെന്നിസ് ജേക്കബ്ബിനെയാണ്.
വിശാലമായി പടര്‍ന്നു കിടക്കുന്ന വളപ്പിനു നടുവില്‍ 12 സെന്റ് പ്ലോട്ടിലാണ് വീട്. പച്ചപ്പ്, കാറ്റ്, പ്രകാശം ഇങ്ങനെ പ്രകൃതി സ്വാഭാവികമായി ഒരുക്കിയ സൗകര്യങ്ങളെയെല്ലാം മുതലെടുത്തു കൊണ്ട് ഡിസൈന്‍ ചെയ്ത 3600 സ്‌ക്വയര്‍ഫീറ്റിലുള്ള വീടിന് കന്റംപ്രറി മിനിമലിസ്റ്റിക് നയമാണ് പൊതുവേ. തുറസ്സ് എന്ന ആശയം അകത്തും പുറത്തും പ്രകടമാണ്.
മിതത്വം പാലിച്ച് അകത്തളം
വീടിന്റെ പുറംകാഴ്ച ആകര്‍ഷകവും കാലികശൈലിക്കിണങ്ങിയതുമാണ്. ഗേറ്റിന്റെയും ചുറ്റുമതിലിന്റെയും ഡിസൈനുകള്‍ വീട്ടില്‍ നിന്നും പകര്‍ത്തിയെഴുതിയവ തന്നെ. തുറസ്സായ സിറ്റൗട്ടിനും കാര്‍പോര്‍ച്ചിനും മേല്‍ക്കൂര തീര്‍ക്കുന്നത് പര്‍ഗോളയും ഗ്ലാസ്സും ചേര്‍ന്നാണ്. അകത്തേക്കു കടന്നാല്‍ സ്ട്രക്ചര്‍ ഡിസൈനിങ്ങിന്റെ പ്രത്യേകത കൊണ്ട് അകത്തളങ്ങള്‍ക്ക് കൈവന്നിരിക്കുന്ന ഭംഗിയും സൗകര്യങ്ങളും കാണുവാനാവും. ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ മിതത്വമാണ് മുഖ്യധാരാനയം. ”അമിതമായ അലങ്കാര പ്രയോഗങ്ങളൊന്നും വേണ്ട. എല്ലാറ്റിലും മിതത്വം വേണം. ചുറ്റിനുമുള്ള കാഴ്ചകള്‍ ഉള്ളിലിരുന്ന് ആസ്വദിക്കാനാവണം. തത്ക്കാലം ഇതൊരു അവധിക്കാല വസതിയാണ്. ക്ലയന്റിന് നാട്ടിലെത്തുമ്പോള്‍ മാത്രം താമസിക്കുവാനുള്ളത്. ഇത്തരം ആവശ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ഒരു ഡിസൈനായിരുന്നു വീടിനു തെരഞ്ഞെടുത്തത്” ആര്‍ക്കിടെക്റ്റ് ഡെന്നിസ് ജേക്കബ്ബ് പറയുന്നു.
ഗ്ലാസ് തരംഗം
അകത്തളങ്ങളില്‍ തുറസും സുതാര്യവുമായ നയങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. കോമണ്‍ ഏരിയയില്‍ നിന്നും തുടങ്ങുന്ന സ്റ്റെയര്‍കേസ് ഒരു ഡിസൈന്‍ എലമെന്റും പ്രധാന ഫോക്കല്‍ പോയിന്റുമാണ്. സ്റ്റെയര്‍കേസിനടിഭാഗത്ത് ചെടികളും പെബിള്‍ കോര്‍ട്ട്‌യാര്‍ഡും ചേരുന്ന ഡ്രൈഗാര്‍ഡന്‍. ഈ ഏരിയയ്ക്കു ചുറ്റിനുമായാണ് ഗസ്റ്റ് ലിവിങ്, ഡൈനിങ്, വാഷ് ഏരിയ, ഫാമിലി ലിവിങ്, കിച്ചന്‍ തുടങ്ങിയ പൊതുഇടങ്ങള്‍. ഫാമിലി ലിവിങ്ങില്‍ തന്നെ പ്രെയര്‍ ഏരിയയ്ക്കും സ്ഥാനമുണ്ട്. സ്റ്റെയര്‍കേസിന്റെ മുകളിലെ റൂഫിലാണ് സ്‌കൈലൈറ്റ് സംവിധാനം. ഇത് അകത്തളങ്ങളുടെ ഏതാണ്ട് മധ്യഭാഗത്താണ്. പകല്‍സമയം മുഴുവന്‍ ഈ സംവിധാനം വീടിനുള്ളില്‍ നാച്വറല്‍ ലൈറ്റ് എത്തിക്കുന്നു. ഭിത്തികള്‍ക്കും ജനലുകള്‍ക്കും ഗ്ലാസ് ഉപയോഗിച്ചിട്ടുള്ളതിനാല്‍ അകത്തളങ്ങളെ സുതാര്യവും വെളിച്ചം നിറഞ്ഞതും പുറംകാഴ്ചകള്‍ ഉള്ളിലെത്തിക്കുന്നതുമാകാന്‍ സഹായിക്കുന്നുണ്ട്. വീടിനകത്ത് സമൃദ്ധമായ കാറ്റും വെളിച്ചവും അതുതന്നെയാണ് ഈ വീടിന്റെ ആര്‍ക്കിടെക്ചര്‍, ഇന്റീരിയര്‍ സവിശേഷതകളില്‍ പ്രധാനവും. ഡൈനിങ് ഏരിയയുടെ ഭാഗമായി പുറത്തുള്ള പാഷ്യോ, ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമായ സ്വിമ്മിങ്പൂളിന്റെ ഭംഗിയെ ഉള്ളിലേക്കെത്തിക്കുന്നുണ്ട്. ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ് ഏരിയകളിലും പുറംകാഴ്ചകള്‍ എത്തുന്നുണ്ട്. ക്രോസ്‌വെന്റിലേഷനുണ്ട് എല്ലാ മുറികള്‍ക്കും. ഓപ്പണ്‍ നയം മുറികളെ വിശാലവും, എല്ലായിടങ്ങളില്‍ നിന്നും പരസ്പരം ആശയവിനിമയം നടത്താന്‍ പറ്റിയവയുമാക്കുന്നു.
ഇളം നിറങ്ങള്‍
ഒരു ഡ്രൈ ഗാര്‍ഡന്റെ അകത്താണ് ഡബിള്‍ വാഷ് ഏരിയ സ്ഥാപിച്ചിട്ടുള്ളത്. മുളംചെടികളും ടൈല്‍ ക്ലാഡിങ്ങും വാഷ് ഏരിയയെ ഹൈലൈറ്റ് ചെയ്യുന്നു. ഡൈനിങ്ങിലേക്കു തുറക്കുന്ന ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോടു കൂടിയ കിച്ചന്‍ വീടിന്റെ മുന്‍ഭാഗത്താണ്. എന്നാല്‍ ഇത് പുറത്തുനിന്നും അറിയുകയില്ല.
ബെഡ്‌റൂമുകളില്‍ പ്രത്യേകിച്ച് മാസ്റ്റര്‍ ബെഡ്‌റൂമിന് ഭിത്തികളുടെ സ്ഥാനത്ത് ഗ്ലാസാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ സുതാര്യഭിത്തികള്‍ക്ക് റോളര്‍ ബ്ലൈന്റുകൊണ്ട് ആവശ്യാനുസരണം മറ തീര്‍ക്കുവാനും കഴിയും. ഇരിപ്പിട സൗകര്യങ്ങളും അതോടൊപ്പം സ്റ്റോറേജ് സൗകര്യമുള്ളതാണ് മറ്റ് ബെഡ്‌റൂമുകളിലെ ജനാലകള്‍. ന്യൂട്രല്‍ കളറുകള്‍ മാത്രം തെരഞ്ഞെടുത്ത അകത്തളങ്ങളില്‍, പ്രത്യേകിച്ച് ബെഡ്‌റൂമുകളില്‍, ഫര്‍ണിഷിങ് ഇനങ്ങളില്‍ മാത്രമാണ് നിറങ്ങള്‍ക്ക് പ്രാധാന്യം. ഹോംതീയേറ്ററും, ബാര്‍ഏരിയയും, ജിം ഏരിയയും ഒരുമിച്ച് ഒരു മുറിക്കുള്ളില്‍ ഒരുക്കിയിരിക്കുന്നു. സ്റ്റഡി ഏരിയക്കു സ്ഥാനം മുകള്‍നിലയിലാണ്. ഫര്‍ണിച്ചറെല്ലാം കസ്റ്റംമെയ്ഡും ആര്‍ക്കിടെക്റ്റിന്റെ ഡിസൈന്‍ നയത്തില്‍ രൂപപ്പെടുത്തിയവയുമാണ്. ”ഇപ്പോഴിത് ഞങ്ങളുടെ ഹോളിഡേ ഹോമാണ്. ജോലിയുടെയും ബിസിനസ്സിന്റേയും തിരക്കില്‍ നിന്ന് കുറച്ചു നാളത്തേക്കെങ്കിലും ഒന്ന് മാറി നിന്നുകൊണ്ട് മനസ്സിനെ അലസമായി തുറന്നുവിടുവാന്‍ പറ്റിയ വീടും പരിസരവും. അതാണ് ഞങ്ങള്‍ക്കീവീട്. പുറംകാഴ്ചകളും കാറ്റും വെളിച്ചവും എല്ലാമുള്ള പരിസ്ഥിതിക്കിണങ്ങിയ അവധിക്കാല വസതി” ജീസും കുടുംബവും പറയുന്നു.
ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമായ കിണറിനെ ചെല്ലങ്കിന്റെ ഭംഗിയാല്‍ ആകര്‍ഷകമാക്കിയിരിക്കുന്നു. വീടിന്റെ ഒരു വശത്ത് സ്വിമ്മിങ് പൂളും, മറ്റൊരു വശത്ത് നീളന്‍ ലാന്‍ഡ്‌സ്‌കേപ്പുമാണ്. വീടിന്റെ മുന്നിലും വശങ്ങളിലുമുള്ള തുറന്ന ബാല്‍ക്കണികളും പാര്‍ട്ടി ഏരിയയുമെല്ലാം ചുറ്റുപാടുമുള്ള കാഴ്ചകള്‍ കൊണ്ട് ആകര്‍ഷകമാക്കിയിരിക്കുന്നു. എന്തുകൊണ്ടും പരിസ്ഥിതിയുമായി ഇണങ്ങിച്ചേര്‍ന്നു കിടക്കുന്ന ഈ അവധിക്കാല വസതി എല്ലാ കാലത്തേക്കുമുള്ള ഒരു നിക്ഷേപം കൂടിയായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *