November 18th, 2015
ഓള്‍ഡ് ഈസ് ഗോള്‍ഡ

 

ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നാണല്ലോ പറയാറുള്ളത്. അതുകൊണ്ടാണ് മുപ്പതു വര്‍ഷം പഴക്കമുള്ള തന്റെ വീട് മുഴുവനായി പൊളിച്ചു കളയാതെ പുതുക്കിയാല്‍ മതിയെന്ന് ഷണ്‍മുഖന് തോന്നിയത്. വീടിന്റെ ഉറപ്പുള്ള ഭാഗങ്ങള്‍ അതേപടി നിലനിര്‍ത്തി വെറും 3.5 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് പുതുക്കിയത്. വളരെ മിതമായ ബഡ്ജറ്റില്‍ നിന്നു കൊണ്ട് ആധുനികരീതിയിലേക്ക് ഈ ഓള്‍ഡ് ഹോമിനെ നവീകരിച്ചത് തിരൂരിലെ ബേഡ് ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് ദമ്പതിയായ ഷിനൂപും രേവതിയും ഡിസൈനറായ ഉസ്മാന്‍ കുട്ടിയും ചേര്‍ന്നാണ്.
വീടിനെ അല്‍പം കൂടി വലുതാക്കണമെന്ന വീട്ടുകാരുടെ മോഹമാണ് പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് അടിത്തറയായത്. എലിവേഷനില്‍ വരുത്തിയ മാറ്റങ്ങള്‍ തന്നെ വീടിന്റെ ലുക്ക് അടിമുടി മാറ്റാന്‍ സഹായകരമായി. കൂടാതെ ചില കന്റംപ്രറി ഡിസൈനിങ് ഘടകങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചു. പഴയ വീടിന് കാര്യമായ മാറ്റമൊന്നും വരുത്താതെ 50 സ്‌ക്വയര്‍ഫീറ്റു മാത്രം കൂട്ടിച്ചേര്‍ത്തപ്പോള്‍ വീടിനാകെ ഒരു പുതുമ കൈവന്നു.
പുതുമയോടെ
വീടിന്റെ വരാന്ത മുതല്‍ അടുക്കള വരെ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ചെറിയ വരാന്തയായതിനാല്‍ മുമ്പിലേക്ക് അല്‍പം നീട്ടിയെടുത്ത് ആദ്യമുണ്ടായിരുന്ന കൈവരി മാറ്റി തുറസ്സാക്കി. വീടാകമാനം പുട്ടിയടിച്ച് വെള്ളയും ചാരയും നിറങ്ങള്‍ പൂശി. വാതിലുകളും ജനലുകളും പോളിഷ് ചെയ്‌തെടുത്തു. എലിവേഷന്‍ തീര്‍ത്തും കന്റംപ്രറി ശൈലിയിലാക്കി. വീടിനുള്ളിലെ ഏരിയകളെല്ലാം ഒന്നു പുതുക്കി ക്രമീകരിച്ചു. അതോടെ വീടിന് മൊത്തത്തില്‍ പുതിയതെന്ന പ്രതീതി കൈവന്നു.
മുന്‍വശത്തുണ്ടായിരുന്ന പ്രധാന വാതിലിന്റെ സ്ഥാനം മാറ്റി. മുന്‍പ് കിടപ്പുമുറിയില്‍ നിന്ന് വരാന്തയിലേക്ക് പ്രവേശിച്ചിരുന്ന വാതില്‍ പ്രധാനവാതിലാക്കി മാറ്റി. അതോടൊപ്പം കിടപ്പു മുറിയെ സ്വീകരണ മുറിയായി രൂപാന്തരപ്പെടുത്തുകയും ചെയ്തു.
ഇരുട്ടില്‍ നിന്ന് മോചനം
നവീകരണത്തോടെ ഇരുട്ടുനിറഞ്ഞ ഇടുങ്ങിയ അകത്തളങ്ങളില്‍ വെളിച്ചമെത്തി. ചുവരുകള്‍ക്കെല്ലാം വെള്ളനിറം പൂശി. പഴയ മൊസൈക് നിലങ്ങള്‍ മാറ്റി അവിടെ വെള്ള വിട്രിഫൈഡ് ടൈലുകള്‍ വിരിച്ചു. ഇവ അകത്തളങ്ങളെ ഇരുട്ടില്‍ നിന്ന് മോചിതമാക്കി. സ്റ്റെയര്‍ ലാന്‍ഡിങ്ങില്‍ വലിയ ഓപ്പണിങ്ങുകൂടി നല്‍കിയതോടെ പ്രകൃതിദത്തമായ കാറ്റും വെളിച്ചവും അകത്ത് സുലഭമായി എത്തിത്തുടങ്ങി.
പ്രധാന വാതില്‍ ഉണ്ടായിരുന്ന സ്ഥാനത്ത് വലിയ ഇരുപാളി ജനല്‍ നല്‍കിയത് ഡൈനിങ് ഏരിയയ്ക്ക് ഗുണമായി. ഇപ്പോള്‍ അതിലൂടെ പടിഞ്ഞാറന്‍ കാറ്റ് സമൃദ്ധമായി ഉള്ളിലേക്ക് കടന്നു വരുന്നു.
സ്റ്റെയര്‍കേസിന്റെ കൈവരി മാറ്റി ജിഐ സ്‌ക്വയര്‍ പൈപ്പില്‍ പുതിയത് ചെയ്‌തെടുത്തു. സ്റ്റെയര്‍കേസിനടിയില്‍ വാഷ് ഏരിയയ്ക്ക് സ്ഥാനം കണ്ടെത്തി. അടുക്കളയോട് ചേര്‍ന്നുണ്ടായിരുന്ന ചെറിയ കിടപ്പുമുറിയും വര്‍ക്കേരിയയും കൂട്ടിച്ചേര്‍ത്ത് അടുക്കള വലുതാക്കി. പുറകില്‍ പുതിയൊരു വര്‍ക്കേരിയ പണിതു. അതോടെ ചെറുതാണ് അടുക്കളയെന്നും സ്റ്റോറേജ് സൗകര്യം കുറവാണെന്നുമുള്ള പരാതികള്‍ക്ക് പരിഹാരമായി.
പഴയ മാതൃകയിലുള്ള വീടായതിനാല്‍ ഫാള്‍സ് സീലിങ്ങിന് ഉയരം കുറവായിരുന്നു. പകല്‍സമയത്തും ഇരുട്ടു നിറഞ്ഞ് നില്‍ക്കുന്നത് പതിവായിരുന്നു. അതിനാല്‍ ഇളം നിറങ്ങള്‍ അകത്തളങ്ങളില്‍ പൂശിയത് ഇരുട്ടില്‍ നിന്ന് മോചിപ്പിക്കുന്നതോടൊപ്പം കൂടുതല്‍ വിശാലം എന്ന തോന്നലുളവാക്കുകയും ചെയ്യുന്നു. അകത്തളങ്ങളിലെ ചുവരുകള്‍ ശ്രദ്ധേയമാക്കുവാനായി ചാരനിറമാണ് ഉപയോഗിച്ചത്.
കൃത്യമായ ബഡ്ജറ്റ് മാത്രം ഉണ്ടായിരുന്നതു കൊണ്ട് ഫ്‌ളോറിങ്ങില്‍ വലിയ പുതുക്കലൊന്നും നടത്തിയില്ല. പോരായ്മകള്‍ മാത്രം നീക്കിയാല്‍ മതി. പുറംമോടിയ്ക്കായി വലിയ ചെലവുകള്‍ വേണ്ട എന്ന വീട്ടുകാരുടെ തീരുമാനമാണ് ചുരുങ്ങിയ ബഡ്ജറ്റില്‍ വീട് നവീകരിക്കാന്‍ ആര്‍ക്കിടെക്റ്റുകള്‍ക്ക് തുണയായത്.

Leave a Reply

Your email address will not be published. Required fields are marked *