Architect : ഡെന്നിസ് ജേക്കബ്

February 12th, 2014
ഔട്ട് ഓഫ് ദ ബോക്‌സ്‌

ഈവീടിന്റെ ഡിസൈനിങ് നയത്തെ ഒറ്റയടിക്ക് വിശേഷിപ്പിക്കുകയാണെങ്കില്‍ ഔട്ട് ഓഫ് ദ ബോക്‌സ് എന്നു പറയാം. സാമ്പ്രദായിക രീതികളില്‍ നിന്നും മാറി ഏറ്റവും നൂതനമായ ഡിസൈനും നവീനമായ മെറ്റീരിയലുകളും ഉപയോഗിച്ചുള്ള ഒരു ഡിസൈന്‍. ഒന്നിലധികം ഫോക്കല്‍ പോയിന്റുകളെ ഒരേസമയം ഡിസൈനിങ്ങില്‍ ഇണക്കിച്ചേര്‍ത്തിരിക്കുകയാണ് ഈ വീടിന്റെ ശില്പിയായ ഡെന്നിസ് ജേക്കബ്. കൊച്ചിയിലെ ഡെന്നിസ് ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റായ ഇദ്ദേഹത്തിന് ആലുവയിലുയില്‍ കമ്പനിപ്പടിയിലുള്ള അന്‍സാര്‍ അബ്ബാസിന്റെയും മിന്‍സാ അന്‍സാറിന്റെയും ഈ വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ നിബന്ധനകളും നിര്‍ദ്ദേശങ്ങളും പലതുമുണ്ടായിരുന്നു. പോരാത്തതിന് പുറകിലേക്ക് വരും തോറും വീതി കുറഞ്ഞു വരുന്ന 7 സെന്റിന്റെ ഇടുങ്ങിയ പ്ലോട്ട് എന്ന പരിമിതിയും.

ഫോക്കല്‍ പോയിന്റുകള്‍ പലത്
4 ബാത്ത് അറ്റാച്ച്ഡ് ബെഡ്‌റൂമുകള്‍ ഉള്ളതില്‍ രണ്ടെണ്ണം നിര്‍ബന്ധമായും താഴെ നിലയില്‍ തന്നെ വേണം, പിന്നെ വലിയ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുവാനുള്ള ഒരു പോര്‍ച്ച്, ഒരു തുറന്ന സിറ്റൗട്ട് എന്നിവ നിര്‍ബന്ധം എന്നിങ്ങനെ വീട്ടുകാരുടെ ആവശ്യങ്ങള്‍ കൂട്ടിയിണക്കി പരിമിതിക്കുള്ളില്‍ നിന്നു തന്നെ എല്ലാം നടപ്പിലാക്കി. അങ്ങനെ സ്‌പേസ് മാനേജ്‌മെന്റ് എന്ന പ്രധാന ഘടകത്തെ വിദഗ്ധമായി കൈകാര്യം ചെയ്തു.
സുതാര്യമായ എന്നാല്‍ ആവശ്യത്തിന് സ്വകാര്യത നല്‍കുന്ന അകത്തളങ്ങള്‍, ഡബിള്‍ഹൈറ്റ്, സസ്റ്റെയിനബിലിറ്റി, തുറസായ നയം, കൗതുകവസ്തുക്കളിലും മറ്റും പാലിച്ചിരിക്കുന്ന മിനിമലിസം എന്നിങ്ങനെ പല ഘടകങ്ങളും ഈ ഡിസൈനിങ്ങില്‍ ശ്രദ്ധേയമാണ്. ഗ്ലാസുപയോഗിച്ചാണ് സുതാര്യതയും സ്വകാര്യതയും ഉറപ്പാക്കിയത്. ലിവിങ് ഏരിയ, ബെഡ്‌റൂമുകള്‍, കിച്ചന്‍, ഹോംതീയേറ്റര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഓരോ ഭിത്തി തന്നെ ഗ്ലാസാണ്. ഇവയ്ക്ക് ബ്ലാക്ക് ഔട്ട് ബ്ലൈന്റുകള്‍ കൂടി നല്‍കിയതുകൊണ്ട് ആവശ്യമുള്ളപ്പോള്‍ സ്വകാര്യത തീര്‍ക്കാം. ബ്ലൈന്റുകള്‍ ഉയര്‍ത്തി വച്ചാല്‍ വീടിനുള്ളില്‍ എവിടെ നിന്നു പുറത്തേയ്ക്ക് നോക്കിയാലും പ്രകൃതിയുടെ പച്ചപ്പ് കാണാനാവും. കോര്‍ണര്‍ വിന്‍ഡോകളും ഉള്ളിലെത്തുന്ന നാച്വറല്‍ ലൈറ്റും അളവില്‍ ചെറിയ മുറികള്‍ കൂടുതല്‍ വിശാലമാണെന്ന് തോന്നിപ്പിക്കുന്നു.

ഓപ്പണ്‍ സിറ്റൗട്ടിന്റെ ഭാഗമായ സ്ലാബ് നീട്ടിയെടുത്ത് പുറംകാഴ്ചയില്‍ വീടിനാകെ ഒരു ഫ്‌ളോട്ടിങ് ഇഫക്റ്റ് നല്‍കിയിരിക്കുന്നു. അകത്തേക്ക് കടക്കുവാന്‍ പ്രധാന വാതിലിനു പുറമെ മറ്റൊരു വാതില്‍ കൂടിയുണ്ട്. ഗസ്റ്റ് ലിവിങ്ങിന്റെ മുകളില്‍ നല്‍കിയിരിക്കുന്ന സ്‌കൈലൈറ്റ് ചിമ്മിനി ഇഫക്റ്റുള്ളതാണ്. ഇത് വീടിനുള്ളിലെ ചൂടു വായുവിനെ പുറന്തള്ളും. സ്‌കൈലൈറ്റിനു മുകളില്‍ നല്‍കിയിരിക്കുന്ന ഗ്ലാസാകട്ടെ 90 % ചൂടിനെയും തടയുന്നതാണ്. സ്റ്റെയര്‍കേസ് ഉള്‍പ്പെടുന്ന ഡൈനിങ് ഏരിയയില്‍ സ്റ്റെയര്‍കേസിനെ ഒതുക്കി കളയാതെ ഇന്റീരിയര്‍ ഡിസൈനിങ്ങിലെ ഒരു ഫീച്ചറാക്കി മാറ്റി. ഇതിനോടു ചേര്‍ന്ന് വാഷ് ഏരിയയും നല്‍കി.
ബെഡ്‌റൂമുകള്‍, അപ്പര്‍ലിവിങ്, ഹോംതീയേറ്റര്‍ തുടങ്ങിയ ഇടങ്ങളൊക്കെ സുതാര്യ നയം പിന്‍തുടരുന്നു. ഹോംതീയേറ്റര്‍ ഒരു പ്രത്യേക മുറിയാണെങ്കിലും ഭിത്തികള്‍ക്ക് ഗ്ലാസാണ്. എന്റര്‍ടെയ്ന്‍മെന്റ് ഏരിയ, ലിവിങ് ഏരിയ എന്നിങ്ങനെ ഒന്നിലധികം കാര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഇങ്ങനെ നിര്‍മിച്ചിരിക്കുന്നത്. ബെഡ്‌റൂമുകളിലെത്തുമ്പോള്‍, എലിവേഷനില്‍ മുന്‍ഭാഗത്തു വരുന്ന രണ്ട് ബെഡ്‌റൂമുകളുടെയും വശങ്ങളിലെ ഭിത്തി ഗ്ലാസിലാണ്, കൂടെ കോര്‍ണര്‍ വിന്‍ഡോയും കൂടിയാവുമ്പോള്‍ ധാരാളം പ്രകാശം ഉള്ളിലെത്തുന്നുണ്ട്. നാച്വറല്‍ ലൈറ്റിനൊപ്പം തന്നെ പ്രാധാന്യം മറ്റു ലൈറ്റിങ്ങിനുമുണ്ട്. കട്ടിലിനടിയില്‍പ്പോലും ചെറിയ എല്‍ ഇ ഡി ലൈറ്റുകള്‍ക്ക് സ്ഥാനമുണ്ട്. സ്റ്റാന്‍ഡ് എലോണ്‍ സോളാര്‍ സംവിധാനമാണ് വീട്ടിലെ വൈദ്യുതിയുടെ പ്രവര്‍ത്തനം സാധ്യമാക്കുന്നത്.

പ്രാര്‍ത്ഥനയ്ക്കായി ക്രമീകരിച്ചിരിക്കുന്ന കൊച്ചു മുറിയുടെ നിര്‍മാണവും വെളിച്ചത്തിനു പ്രാധാന്യം നല്‍കിയാണ്. മുകള്‍നിലയില്‍ എല്ലാ മുറികളില്‍നിന്നും നോട്ടമെത്തുന്ന വിധത്തിലാണ് ടെറസ് ഗാര്‍ഡന്റെ നിര്‍മിതി. ടെറസിനു ചുറ്റും ടഫന്‍ഡ് ഗ്ലാസ് കൊണ്ട് റെയിലിങ് തീര്‍ത്തിരിക്കുന്നു. മുകളില്‍ പര്‍ഗോളയും പോളി കാര്‍ബണേറ്റ് ഷീറ്റും. സ്‌റ്റെയര്‍കേസ് ഫസ്റ്റ് ഫ്‌ളോറില്‍ നിന്നും ഒരു ലെവല്‍ കൂടി മുകളിലേയ്ക്ക് പോകുന്നുണ്ട്. ഇതും കൂടിയാവുമ്പോള്‍ വീടിന് മൂന്ന് നിലകളുണ്ട് എന്നു തോന്നിപ്പിക്കുന്നു.
”പ്ലോട്ടിന്റെ കിടപ്പിനനുസരിച്ച് പറയുകയാണെങ്കില്‍ കിച്ചന്‍ ഏറ്റവും പുറകിലായി ഒതുങ്ങിപ്പോകേണ്ടതാണ്. എന്നാല്‍ അങ്ങനെ വരാതിരിക്കുവാനായി ഡൈനിങ് തുറന്ന നയത്തിലാക്കി. രണ്ട് കിച്ചനുകള്‍ ഉള്ളതില്‍ രണ്ടിന്റെയും വിസ്തൃതി കുറച്ച് പകരം ഐലന്റ്, കോറിഡോര്‍ എന്നീ മാതൃകകളില്‍ ഡിസൈന്‍ നല്‍കി. തുറന്നു വയ്ക്കുന്ന വാതില്‍ സ്ഥലനഷ്ടം വരുത്തുമെന്നതിനാല്‍ ഗ്ലാസ് ഭിത്തിയും സ്ലൈഡിങ് ഗ്ലാസ് ഡോറും നല്‍കി. ഏറ്റവും പുറകിലാണ് ഒരു ബെഡ്‌റൂമിന് സ്ഥാനം നല്‍കിയത്.” ആര്‍ക്കിടെക്റ്റ് ഡെന്നിസ് വിശദമാക്കുന്നു.

ചുറ്റുമതിലിനും ഡിസൈന്‍
കോണ്‍ക്രീറ്റ് തൂണുകള്‍ ചേര്‍ത്തു വച്ചിട്ടുള്ള വെര്‍ട്ടിക്കല്‍ ഡിസൈനാണ് ചുറ്റുമതിലിന്. ഗേറ്റാവട്ടെ, ഈ പാറ്റേണിന്റെ പിന്‍തുടര്‍ച്ചയും. ഐവി പടര്‍ത്താനുള്ള സംവിധാനവും ചെയ്തിട്ടുണ്ട്. ഭാവിയില്‍ ഇത് വീടിനു ചുറ്റിനും പച്ചപ്പ് നിറയ്ക്കും. ചുറ്റുമതിലിനെയും ഗേറ്റിനെയും ആകര്‍ഷകമാക്കിക്കൊണ്ട് വീടിന്റെ എലിവേഷനിലേക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കും വിധമാണ് ഡിസൈന്‍.

Leave a Reply

Your email address will not be published. Required fields are marked *