കന്റംപ്രറി ഡിസൈനിങ് നയത്തിലുള്ള ഈ വീടിനുള്ളില്‍ തുറന്ന സമീപനമാണ്. ഇടഭിത്തികള്‍ ഒഴിവാക്കി. ബെഡ്‌റൂമിനു മാത്രം സ്വകാര്യത തീര്‍ത്തു. മൂന്ന് അറ്റാച്ച്ഡ് ബെഡ്‌റൂമുകള്‍, ലിവിങ്, ഡൈനിങ്, കിച്ചന്‍ എന്നിവ ഉള്‍പ്പെടെ 1600 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടിന്റെ ഡിസൈന്‍ തിരുവനന്തപുരത്ത് കാസാബില്‍ഡേഴ്‌സ് & ഡിസൈനേഴ്‌സിലെ അലക്‌സ് നളിനന്റേതാണ്. സൈറ്റിലുണ്ടായിരുന്ന പാറപൊട്ടിച്ചാണ് അടിത്തറയ്ക്ക് ഉപയോഗിച്ചത്. ഭിത്തികള്‍ക്ക് സാധാരണ ബ്രിക്കാണ്. ഫര്‍ണിച്ചര്‍ സ്വയം ഡിസൈന്‍ ചെയ്തു. ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ പൊതുവെ സ്വീകരിച്ചിരിക്കുന്ന കന്റംപ്രറി ശൈലിയുടെ പകര്‍ത്തെഴുത്ത് ഫര്‍ണിച്ചറിലും സ്റ്റെയര്‍കേസിന്റെ ഹാന്റ്‌റെയ്‌ലിലും എല്ലാം കാണാം.
സ്ഥലം തമിഴ്‌നാട് ആയതിനാല്‍ മണ്ണിനും ബ്രിക്കിനും ഇവിടെ വിലക്കുറവായിരുന്നു. അത് ചെലവു കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്.
മാര്‍ത്താണ്ഡം സ്വദേശി മാത്യുവിന്റെ ഈ വീട് 20 ലക്ഷത്തിലൊതുക്കി സ്ട്രക്ചര്‍ തീര്‍ത്തതെങ്കിലും ക്വാളിറ്റി ഫിനിഷില്‍ അകത്തളമൊരുക്കിയതിന് 5 ലക്ഷം രൂപ വേറെയായിട്ടുണ്ട്. ചെടികള്‍ക്കും, സൂര്യപ്രകാശത്തിനും വീടിനുള്ളില്‍ സ്ഥാനമുണ്ട്. സ്റ്റെയര്‍കേസിന്റെ മുകളില്‍ സ്‌കൈലൈറ്റ് സ്ഥാപിച്ചിരിക്കുന്നു. കൂടാതെ സ്റ്റെയര്‍കേസിനു സമീപമുള്ള ഭിത്തിയില്‍ എയര്‍ സര്‍ക്കുലേഷനും വെളിച്ചത്തിനുമായി ലൂവറുകളാണ് നല്‍കിയിട്ടുള്ളത്. കബോഡ്, വാഡ്രോബ്, ക്രോക്കറി യൂണിറ്റ്, കിച്ചന്‍ ഫര്‍ണിച്ചര്‍ എന്നിവക്ക് എല്ലാം എം.ഡി.എഫാണ് ഉപയോഗിച്ചിട്ടുള്ളത്. കബോഡുകള്‍ പെയിന്റ് ചെയ്തിരിക്കുന്നു. സീലിങ് ഉള്‍പ്പെടെ എല്ലായിടത്തും രണ്ട് കോട്ട് പുട്ടി ഇട്ട് ഇനാമല്‍ പെയിന്റും ചെയ്തിട്ടുണ്ട്. പ്രൈമര്‍, എമല്‍ഷന്‍ എന്നിവയും ഉപയോഗിച്ചിട്ടുണ്ട്. വൈറ്റ് സിമന്റ് പൂശാതെ രണ്ട് കോട്ട് അപ്പക്‌സ് അള്‍ട്ടിമ ഉപയോഗിച്ചിരിക്കുന്നു. പുട്ടി സിമന്റ് ബേസ്ഡാണ്. ഇവയൊക്കെ ഇന്റീരിയറിന്റെ ഫിനിഷിങ്ങിനും ക്വാളിറ്റിക്കും വേണ്ടി ഉപയോഗിച്ചവയാണ് എന്ന് ഡിസൈനര്‍ അലക്‌സ് പറഞ്ഞു. 1600 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ എലിവേഷന് തികച്ചും കന്റംപ്രറി ശൈലിയാണ്. പുറമേയ്ക്ക് ഭിത്തികള്‍ക്ക് റഫ്‌ഫൈന്‍ ടെക്‌സ്ചര്‍ ഉപയോഗിച്ചിരിക്കുന്നു. ചുറ്റിനും ഭംഗിയായി ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്ത് ചെടികള്‍ക്കും സ്ഥാനം നല്‍കിയിരിക്കുന്നു. ബഡ്ജറ്റ് കുറവാണെങ്കിലും ഭംഗിക്കോ സൗകര്യങ്ങള്‍ക്കോ ഒന്നിനും കുറവില്ല.

Leave a Reply

Your email address will not be published. Required fields are marked *