October 1st, 2015
കാത്തുവയ്ക്കുന്നതീ ഗ്രാമഭംഗി

 

ഗ്രാമീണഭംഗി നഷ്ടമാകാതെ നിലനില്‍ ക്കുന്ന ഒരു ജില്ലയാണ് പാലക്കാട്. ഗ്രാമ്യഭംഗിയോടുള്ള ആകര്‍ഷണമാവാം, അല്ലെങ്കില്‍ പാലക്കാട്ടുകാരന്റെ നാടിനോടുള്ള സ്‌നേഹമാവാം, പട്ടാമ്പി-കൊപ്പത്തിനടുത്ത് മണ്ണയങ്കോട് ഒരേക്കര്‍ സ്ഥലം വാങ്ങുവാന്‍ ഡോ. വേലായുധനെ പ്രേരിപ്പിച്ചത്. വാങ്ങിയ പ്ലോട്ട് ഒരു കുന്നിന്‍ ചെരുവില്‍. ഇവിടെ നിന്നാല്‍ കാണുന്ന കാഴ്ചകള്‍ അതിസുന്ദരം. ഈ കുന്നിന്‍ ചെരുവില്‍ ഒരു വീട് വയ്ക്കണമെന്ന മോഹത്തിന് പിന്നില്‍ ഈ കാഴ്ചകള്‍ നഷ്ടമാകാതെ കൂടെ കൂട്ടണമെന്ന ആഗ്രഹം തന്നെയായിരുന്നു. ആര്‍ക്കിടെക്റ്റ് പ്രമോദ് പാര്‍ത്ഥനും ആര്‍ക്കിടെക്റ്റ് ഉണ്ണിമായയും ഇന്റീരിയര്‍ ഡിസൈനര്‍ ഷഫീഖും ചേര്‍ന്നാണ് ഡോ. വേലായുധന്റെ മനമറിഞ്ഞ് അദ്ദേഹത്തിനു വേണ്ട സ്വപ്നക്കൂടൊരുക്കിയത്.
കുന്നിന്‍ മുകളില്‍
കാടും മേടും കൂട്ടിരിക്കുന്ന വീടിന് പ്രകൃതിയാണ് എല്ലാറ്റിനും ആധാരം. കാളുന്ന ചൂടില്‍ നിന്ന് കുന്നിന്‍ചരുവിലൂടെ കല്‍പടവുകള്‍ താണ്ടി മുകളിലേക്കു കയറുമ്പോള്‍ കുളിര്‍മയുള്ള കൂടാരം പോലെ വീട്. ഗേറ്റ് മുതല്‍ അകത്തളം വരെ പ്രകടമാകുന്നത് ഒരു സമ്മിശ്ര വാസ്തുശൈലി.
ചരിഞ്ഞു കിടന്നിരുന്ന പ്ലോട്ടിനെ വീടു വയ്ക്കുവാനായി അല്പമൊന്നു സമനിരപ്പാക്കിയെടുത്തു. ചുറ്റും മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും കുറെ ഭാഗം കൃഷിയ്ക്കായി നീക്കി വയ്ക്കുകയും ചെയ്തു. പ്ലോട്ടിന്റെ സാധ്യതകള്‍ മനസ്സിലാക്കിക്കൊണ്ട് നിര്‍മ്മിച്ച വീടാകയാല്‍ പരിസരപ്രദേശവുമായി ചേര്‍ന്നു പോകുന്ന തരത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്. പാടവും, തോടും, കുന്നും എല്ലാം വീട്ടിനകത്തു നിന്നാലും കാണാവുന്ന തരത്തിലാണ് ആര്‍ക്കിടെക്റ്റ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കുന്നോളം കാഴ്ച്ചകളാണ് ഈ പാലക്കാടന്‍ വീടിന്റെ അകംപുറം പകര്‍ന്നു തരുന്നത്.
രേഖകള്‍ക്കു നടുവില്‍
ലളിതമായ നേര്‍രേഖകള്‍ ആധാരമാക്കി എക്സ്റ്റീരിയറിലും ഇന്റീരിയറിലും മനോഹരവും വ്യത്യസ്തവുമായ ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് ആര്‍ക്കിടെക്റ്റ് പ്രമോദ് പാര്‍ത്ഥന്‍ ചെയ്തിട്ടുള്ളത്. അകത്തും പുറത്തും നല്‍കിയിട്ടുള്ള ഹൊറിസോണ്ടല്‍-വെര്‍ട്ടിക്കല്‍ രേഖകളുടെ സമ്മേളനം വീടിന്റെ മോടി കൂട്ടാന്‍ സഹായകരമാവുന്നു. ഗേറ്റ്, മതില്‍ എല്ലാം നീളന്‍ രേഖകളുടെ നേര്‍ചിത്രം കൊണ്ടുവരുന്നുണ്ട്.
പ്രധാന വാതിലില്‍ നല്‍കിയിട്ടുള്ള ഹൊറിസോണ്ടല്‍ ഗ്ലാസ്സ് സ്ലിറ്റുകള്‍ മനോഹരമാണെന്നതോടൊപ്പം നേര്‍രേഖാ തീമിനോട് പൊരുത്തപ്പെട്ടു നില്‍ക്കുന്നവ കൂടിയാണ്. ആര്‍ക്കിടെക്റ്റിന്റെ ആശയവും രൂപകല്‍പ്പനയും ഇന്റീരിയര്‍ ഡിസൈനറുടെ സൗന്ദര്യബോധവും തമ്മിലിണങ്ങുമ്പോള്‍ വീടിന്റെ മുക്കും മൂലയും സന്തോഷം നിറഞ്ഞ ഇടങ്ങളൊരുക്കുന്നു. ഫോയറിന്റെ ചുവരില്‍ പതിക്കുന്ന നിഴല്‍ രൂപത്തിലുള്ള തിരശ്ചീന രേഖകളാണ് ഉള്ളിലേക്കുള്ള വഴി കാട്ടികള്‍. രേഖകളുടെ നിഴലാട്ടമാണ് വീടിനുള്‍ത്തളങ്ങളില്‍ നിറഞ്ഞാടുന്നത്.
ഫോയറില്‍ നിന്നുദിക്കുന്ന രേഖകള്‍ ചെന്നെത്തുന്നത് ഡൈനിങ് ഏരിയയിലെ, ഫാമിലി ഏരിയയ്ക്കു മുന്‍പിലുള്ള വുഡന്‍ പാനലിങ് ചെയ്തിട്ടുള്ള ചുവരുകളിലാണ്. വെളിച്ചവും നിഴലും ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്നാണ് ഫോയറിലുള്ളത്. കൂടാതെ ഫോയറില്‍ നെടുകയും കുറുകയും വുഡന്‍ പാനലിങ്ങും, ചുവരുകള്‍ ഹൈലൈറ്റ് ചെയ്യുവാനായി വാള്‍പേപ്പറും നല്‍കിയിട്ടുണ്ട്. സ്റ്റെയര്‍കേസിനും ഉണ്ട് ഒരു പുതുമ. എസ് എസ് കൊണ്ടുള്ള വെര്‍ട്ടിക്കല്‍ ഹാന്‍ഡ് റെയ്‌ലുകള്‍ നല്‍കി സ്റ്റെയര്‍ കേസിനെയും ഒരു ഡിസൈന്‍ എലമെന്റ് ആക്കി മാറ്റിയിട്ടുണ്ട്.
മിനിമലിസമെന്ന മന്ത്രം
ഫോയറിന്റെ വലതു വശത്തുള്ള ഗസ്റ്റ് ലിവിങ് ഏരിയ ഇളം നിറങ്ങളാല്‍ സുന്ദരമാണ്. ഡിസൈനിനനുസരിച്ച് ചെയ്‌തെടുത്ത ഫര്‍ണിച്ചറാണ് ഇവിടെയുള്ളത്. മാറ്റ് ഫിനിഷുള്ള സെറാമിക് ടൈല്‍ ഫ്‌ളോറിങ്ങാണ് ലിവിങ് ഏരിയയില്‍. ടിവി യൂണിറ്റിനു സ്ഥാനം കണ്ടെത്തിയിരിക്കുന്ന ചുവരിന്റെ ഒരു ഭാഗം ലാമിനേറ്റ് നല്‍കി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. പ്രൊജക്റ്റു ചെയ്തു നില്‍ക്കുന്ന ചുവരുകളില്‍ അലങ്കാരങ്ങള്‍ സ്ഥാപിക്കുവാന്‍ ചെറിയ നിഷുകള്‍ നല്‍കിയതോടെ ഗസ്റ്റ് ലിവിങ് ഏരിയ കൂടുതല്‍ ആകര്‍ഷകമായി.
ഫോയര്‍, ഡൈനിങ്, സ്റ്റെയര്‍കേസ് എന്നിവിടങ്ങളില്‍ വുഡന്‍ ഫ്‌ളോറിങ്ങും മറ്റിടങ്ങളില്‍ സെറാമിക് ഫ്‌ളോറിങ്ങുമാണുള്ളത്. ഫാമിലി ലിവിങ്ങിലും ഡൈനിങ്ങിലുമുള്ള ഫര്‍ണിച്ചര്‍ ഡിസൈനിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. കിടപ്പുമുറികള്‍ എല്ലാം തന്നെ മിനിമലിസ്റ്റിക് ശൈലി വെളിവാക്കുന്നു. ഒരു ബോക്‌സിനു ചുറ്റും എന്ന കണക്കിലാണ് ഇവിടുത്തെ ഓരോ മുറിയും നിലകൊള്ളുന്നത്. ഒരു കണ്‍സള്‍ട്ടിങ് മുറിയും ഒരു പാഷ്യോയും കൂടി ഈ നിലയിലുണ്ട്. മുകളിലെ നിലയില്‍ രണ്ട് കിടപ്പുമുറികള്‍ക്കു പുറമെ ഒരു ഫാമിലി ഏരിയയാണുള്ളത്.
കാലാവസ്ഥയ്ക്കനുയോജ്യം
സദാ ചൂടുകാറ്റു വീശുന്ന പാലക്കാടുപോലുള്ള ഒരു പ്രദേശത്ത് വീട് വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിട്ടവട്ടങ്ങള്‍ക്കനുസൃതമായിട്ടാണ് വീടുപണി തീര്‍ത്തിരിക്കുന്നത്. പടിഞ്ഞാറു നിന്നു വരുന്ന വെയില്‍ നേരിട്ട് വീടിനുള്ളില്‍ പതിക്കുവാതിരിക്കുവാനായി വരാന്തയും കാര്‍പോര്‍ച്ചും ഈ ഭാഗത്തു നല്‍കി. ചൂട് കൂടിയ ഇടങ്ങളില്‍ കിടപ്പുമുറികള്‍ വരുന്നത് ഒഴിവാക്കി. തെക്കു-പടിഞ്ഞാറ് ദിക്കില്‍ അധികം ആള്‍പ്പെരുമാറ്റമില്ലാത്ത ഗസ്റ്റ് ലിവിങ് ഏരിയ നല്‍കി. പരമാവധി ക്രോസ് വെന്റിലേഷന്‍ എല്ലാ മുറികളിലും സാധ്യമാക്കി. അതിനാല്‍ പുറത്ത് എത്രതന്നെ ചൂട് അധികമായാലും ഉള്ളില്‍ വായു സഞ്ചാരം കടന്നു വരുന്ന രീതിയില്‍ അകത്തളങ്ങളെല്ലാം ക്രമീകരിച്ചു. കാറ്റും വെളിച്ചവും ആവശ്യത്തിനു കിട്ടത്തക്ക രീതിയില്‍ ഒരുക്കിയതിനാല്‍ പകല്‍ സമയത്ത് വൈദ്യുതി ഉപയോഗം നന്നേ കുറവാണ്. ഫ്‌ളാറ്റ് റൂഫ് നല്‍കിയശേഷം ട്രെസ് വര്‍ക്ക് ചെയ്തതും ചൂട് ഗണ്യമായി കുറയുവാന്‍ കാരണമായി.

 

നീലനിലാവില്‍
ഇളംനിറത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടാണ് അകത്തളങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. മാറിവരുന്ന ട്രെന്‍ഡിനനുസരിച്ച് മാറ്റാനുതകുന്ന രീതിയില്‍ വാള്‍പേപ്പറും കൗതുകവസ്തുക്കളും കുഷ്യനും മറ്റും നീല നിറത്തിലുള്ളതാക്കി. നീല, ഗ്രേ, ഓഫ് വൈറ്റ് നിറങ്ങളുടെ സമ്മേളനമാണ് അകത്ത് കാണുവാന്‍ സാധിക്കുന്നത്. രാത്രികാലങ്ങളില്‍ വീട്ടകം പ്രഭാപൂരിതമാകുമ്പോള്‍ നീലനിലാവുദിച്ച പോലെയുണ്ട്.
ഡോ. വേലായുധന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ മാത്രമല്ല പ്രകൃതിയെ കൂടി ഡിസൈനില്‍ കൂട്ടുപിടിച്ചുകൊണ്ട് നിര്‍മ്മിച്ച ‘പ്രിയം’ എന്ന വീട് വീട്ടുകാരുടെ മനസ്സിലുറങ്ങിക്കിടക്കുന്ന ഗ്രാമ്യഭംഗിയോടുള്ള പ്രിയം കൂടി വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *