ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ തലയെടുപ്പോടെയാണ് ഈ വീടിന്റെ എക്സ്റ്റീരിയര്‍.
എലിവേഷനിലെ വെള്ള, ഗ്രേ നിറങ്ങളുടെ സംയോജനം കാലികശൈലിയുടെ ചുവടുപിടിച്ചാണ്‌

 

വീട് പണിയും ഇന്റീരിയര്‍ ഒരുക്കലും ഒരുതരം ഹരമായിരുന്നു രാമകൃഷ്ണന്. 15 വര്‍ഷം മുമ്പ് പണിത വീടിന്റെ ഇന്റീരിയര്‍ പഴഞ്ചനായി തോന്നിയതിനാലാണ് കാലത്തിനൊത്ത ഇന്റീരിയറോട് കൂടിയ പുതിയൊരു വീട് പണിയാന്‍ രാമകൃഷ്ണന്‍ തീരുമാനിച്ചത്. രാമകൃഷ്ണന്റെ വീടിന്റെ സ്ട്രക്ചര്‍ ഡിസൈന്‍ ചെയ്ത ഐഡിയല്‍ കണ്‍സ്ട്രക്ഷനിലെ ഡിസൈനര്‍ ജോഫി സെബാസ്റ്റ്യനൊപ്പം ഇന്റീരിയര്‍ മനോഹരമാക്കിയിരിക്കുന്നത് വുഡ്‌നെസ്റ്റ് ഇന്റീരിയേഴ്‌സിലെ വിജോ ലോറന്‍സും ജിബിന്‍ മോഹനുമാണ്. പുതുതലമുറയുടെ വക്താക്കളായ ഇന്റീരിയര്‍ ഡിസൈനര്‍മാരും സ്ട്രക്ച്ചറല്‍ എഞ്ചിനീയറും ഒരേമനസോടെ പ്രവര്‍ത്തിച്ചപ്പോള്‍ രാമകൃഷ്ണന് മുപ്പത് സെന്റ് പ്ലോട്ടില്‍ കാലത്തിനൊത്ത വളരെ ട്രെന്റിയായ ഒരു വീട് ലഭിച്ചു.
തലയെടുപ്പോടെ എലിവേഷന്‍
ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ തലയെടുപ്പോടെയാണ് വീടിന്റെ എക്സ്റ്റീരിയര്‍. എലിവേഷനിലെ വെള്ള, ഗ്രേ നിറങ്ങളുടെ സംയോജനം കാലികശൈലിയുടെ ചുവടുപിടിച്ചാണ്. സമകാലിക ശൈലിയില്‍ ഒരുക്കിയ ഈ വീടിന്റെ കാര്‍ പോര്‍ച്ച് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. കര്‍വ് ആകൃതിയില്‍ കാര്‍പോര്‍ച്ചിന്റെ മേല്‍ക്കൂര തീര്‍ത്ത് മൂന്ന് തൂണുകളില്‍ പോര്‍ച്ചിനെ ഉറപ്പിച്ച് നിര്‍ത്തുകയായിരുന്നു. തൂണുകളില്‍ നിഷുകള്‍ കൂടി ഉണ്ടാക്കിയപ്പോള്‍ കാര്‍ പോര്‍ച്ച് ഭംഗിയായി. ജനാലകള്‍ക്ക് മുകളില്‍ മാത്രം സണ്‍ഷേഡുകള്‍ നല്‍കി സണ്‍ഷേഡിനെയും എക്സ്റ്റീരിയറുമായി സമര്‍ത്ഥമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു. തൊങ്ങലുകളും ചെറിയ നിഷുകളും പര്‍ഗോളയും പൊതുവേ എലിവേഷന്റെ മോടി കൂട്ടുന്ന ഘടകങ്ങളാണ്. വീടിന്റെ മേല്‍ക്കൂരയില്‍ മുഴുവനായും ഷിംഗി ള്‍സ് വിരിച്ചതും എക്സ്റ്റീരിയറിന്റെ എടുപ്പ് കൂട്ടുന്നു.

ഊഷ്മള സ്വീകരണം

വീടിന്റെ സ്വീകരണമുറി മുതല്‍ കാലത്തിനൊത്ത ഇന്റീരിയര്‍ എന്ന ഗൃഹനാഥന്റെ ആഗ്രഹത്തിന്റെ സാക്ഷാത്ക്കാരം കാണാനാകും. വീട്ടിലെത്തുന്ന അതിഥികള്‍ക്കായി ഒരുക്കിയ ഗസ്റ്റ് ലിവിങില്‍ കസ്റ്റംമെയ്ഡ് സോഫാസെറ്റാണുള്ളത്. അര്‍ദ്ധവൃത്താകൃതിയിലുള്ള ലിവിങ് റൂമിന്റെ ഭിത്തി നിറയെ റാഫ്റ്റുകള്‍ ഉണ്ട്. ഈ റാഫ്റ്റിനുള്ളിലൂടെ ഫാമിലിറൂമിലെ കോര്‍ട്ട്‌യാഡിലേക്കും ടിവി യൂണിറ്റിലേക്കുമുള്ള കാഴ്ച സാധ്യമാണ്. പ്ലൈവുഡും സ്റ്റോണ്‍ ക്ലാഡിങും കൊണ്ടാണ് വെന്റിലേഷനുകള്‍ മനോഹരമാക്കിയിരിക്കുന്നത്. കണ്ണിനു കുളിര്‍മ്മയേകുന്ന ഇളം നിറമാണ് ഗസ്റ്റ് ലിവിങില്‍ നല്‍കിയിരിക്കുന്നത്.
ഹിറ്റായത് ഫാമിലി ലിവിങ്
രണ്ട് പടി ഇറങ്ങിയാണ് ഫാമിലി ലിവിങിലേക്കുള്ള പ്രവേശനം. കാരണം മറ്റ് മുറികളെക്കാള്‍ രണ്ട് അടി താഴ്ത്തിയാണ് ഫാമിലി ലിവിങിന്റെ നിര്‍മ്മിതി. ഇവിടെ ഡ്രൈ കോര്‍ട്ട് യാഡിന്റെ അരികില്‍ ഒരുക്കിയ കസ്‌ററംമെയ്ഡ് സോഫാസെറ്റിലിരുന്നാല്‍ സുഖമായി ടിവി കാണാം. മറൈന്‍പ്ലൈയും വാള്‍ പേപ്പറും കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ് ടിവി ഏരിയ. മാത്രമല്ല ന്യൂസ് പേപ്പറും മാസികകളുമെല്ലാം അടുക്കി വയ്ക്കാന്‍ സ്റ്റോറേജ് സൗകര്യവും ടിവി യൂണിറ്റിനടിയില്‍ ഒരുക്കിയിരിക്കുന്നു. ഫാമിലി ലിവിങ് സ്‌പേസിലെ ഡ്രൈ കോര്‍ട്ട്‌യാഡ് സാധാരണയില്‍ നിന്നും വ്യത്യസ്തമായി ചെറിയൊരു ഇരിപ്പിടമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബോക്‌സ് രൂപത്തില്‍ ഉയര്‍ത്തി കെട്ടിയ കോര്‍ട്ട്‌യാഡിനുള്ളില്‍ നിറയെ പെബിളുകള്‍ നിരത്തിയിരിക്കുന്നു. മാത്രമല്ല നീല എല്‍ ഇഡി ലൈറ്റിങും കോര്‍ട്ട്‌യാഡിനെ മനോഹരമാക്കുന്നു. ഇതിനുമുകളില്‍ ഗ്ലാസ് ഇട്ട് ഇവിടം ഇരിക്കാനുള്ള ഇടമായി രൂപപ്പെടുത്തിയെടുത്തു. കോര്‍ട്ട്‌യാഡിന്റെ ഒരു ഭിത്തിയില്‍ നീളത്തിലുള്ള ഗ്ലാസ് ജനാലകളും മറുഭിത്തിയില്‍ സ്‌റ്റോണ്‍ ക്ലാഡിങും നല്‍കി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഗ്ലാസ് ജനാലക്കുള്ളിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശം വീടിന്റെ താഴത്തെ നിലയെ മുഴുവന്‍ പ്രകാശിപ്പിക്കുന്നു. കോര്‍ട്ട്‌യാഡില്‍ നട്ടു പിടിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ മുളച്ചെടികള്‍ ഡ്രൈ കോര്‍ട്ട്‌യാഡിന് പച്ചപ്പും നല്‍കുന്നു.
കലവിരിഞ്ഞ ഊണിടം
ഊണ്‍മേശയില്‍ ഇന്റീരിയര്‍ ഡിസൈനറുടെ കലാവാസന പീലിവിരിച്ചപ്പോള്‍ ഊണ്‍മേശ ഒരു സംഭവമായി. വീടിന്റെ അലങ്കാരപ്പണികള്‍ കഴിഞ്ഞ് ബാക്കി വന്ന ഗ്ലാസും മരവും ഉപയോഗപ്പെടുത്തിയാണ് മേശ നിര്‍മ്മിച്ചിരിക്കുന്നത്. പ്ലൈവുഡ് കൊണ്ട് ചെറിയ ബോക്‌സുകള്‍ നിര്‍മ്മിച്ച് അതിനുള്ളില്‍ വൈറ്റ്, നേവി ബ്ലൂ നിറത്തിലുള്ള പെബിളുകള്‍ നിറച്ച് ടേബിള്‍ ടോപ്പായി ഗ്ലാസുമിട്ടാണ് മേശ ഭംഗിയാക്കിയിരിക്കുന്നത്. ഊണ്‍മുറിയില്‍ ക്രോക്കറി ഷെല്‍ഫിനും സ്റ്റോറേജ് സൗകര്യങ്ങള്‍ക്കും സ്ഥാനമുണ്ട്. ഡൈനിങ് റൂമില്‍ നിന്നാണ് മുകളിലേക്കുള്ള ഗോവണി. സ്റ്റീല്‍ കൈവരികളുള്ള ഗോവണിയുടെ പടികളില്‍ പതിപ്പിച്ചിരിക്കുന്നത് ഇളം നിറത്തിലുള്ള ഗ്രനൈറ്റാണ്. ഈ ഗോവണിയുടെ ലാന്റിങില്‍ ഒരു കൊച്ച് ബാര്‍ ഏരിയ ഉണ്ട്. ബാര്‍ ഏരിയയുടെ ഭിത്തിയില്‍ പ്ലൈവുഡ് പാനലിങും ഡിസൈനിങ് വര്‍ക്കുകളും നല്‍കി ഈ ഏരിയയെ പുറം കാഴ്ച്ചയില്‍ നിന്ന് മറയ്ക്കുന്നു. സ്വകാര്യതയോടെ ഡിസൈന്‍ ചെയ്ത ബാര്‍ ഏരിയ കണ്ടാല്‍ സ്‌റ്റോറേജ് ഏരിയയെന്നേ ഒറ്റനോട്ടത്തില്‍ തോന്നൂ.
കുലീനമായ ഡിസൈന്‍
കുലീനവും ശാന്തവുമായത് എന്നതാണ് കിടപ്പുമുറികള്‍ നല്‍കുന്ന ഭാവം. പ്രകൃതിയെ മുഴുവനായും ഉള്ളിലേക്ക് ആവാഹിക്കാന്‍ കിടപ്പു മുറികളില്‍ നീളത്തിലുള്ള ജനാലകള്‍ തീര്‍ത്തിരിക്കുന്നു. ജനാലകള്‍ക്കുള്ളില്‍ അനുസരണയോടെ ഒതുങ്ങി നില്‍ക്കുന്ന സോണാറ്റയ്ന്‍ ബ്ലൈന്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കിടപ്പുമുറികളില്‍ സ്വകാര്യത നിലനിര്‍ത്താന്‍ ഡ്രസിങ് ഏരിയ ചെറിയൊരു മുറി പോലെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വാതില്‍ കൊണ്ട് കിടപ്പു മുറിയെയും ഡ്രസിങ് ഏരിയയെയും പാര്‍ട്ടീഷന്‍ ചെയ്തിരിക്കുന്നു.
ചുവപ്പ്, വെള്ള, കറുപ്പ് നിറങ്ങളുടെ സംയോജനമാണ് അടുക്കളയുടെ മോടി കൂട്ടുന്നത്. യു ആകൃതിയിലാണ് കിച്ചന്റ ഡിസൈന്‍. പിയു ഫിനിഷിങിലാണ് കാബിനറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കിട്ട പണിക്കിടയില്‍ വീട്ടമ്മയ്ക്ക് ടിവി കാണണമെങ്കില്‍ അടുക്കളയില്‍ തന്നെ അതിനുള്ള സൗകര്യവുമുണ്ട്.
എല്‍ ഇഡി ലൈറ്റിന്റെ മാന്ത്രികതയാണ് വീടിനകം മുഴുവന്‍. ബാത് റൂം ഒഴികെയുള്ള എല്ലാ മുറികളിലും ഫാള്‍സ് സീലിങുണ്ട്. അധികം ആര്‍ഭാടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതെ ലളിതമായ ഇന്റീരിയര്‍ വര്‍ക്ക് മാത്രംതന്നെ ചെയ്തപ്പോള്‍ വീടിനകം സുന്ദരമായി. സ്ട്രക്ചറല്‍ വര്‍ക്ക് തുടങ്ങിയപ്പോള്‍ മുതല്‍ ഇന്റീരിയര്‍ ഡിസൈനര്‍മാരായ വിജോയും ജിബിനും വീട്ടുകാരുടെ ഒപ്പം ഉണ്ടായിരുന്നതിനാലാണ് പുതിയ കാലത്തിനൊത്ത ഒരു ഇന്റീരിയറുള്ള വീട് സ്വന്തമാക്കുക എന്ന തന്റെ ആഗ്രഹം സഫലമായി.

Leave a Reply

Your email address will not be published. Required fields are marked *