Architect : സെബാസ്റ്റ്യന്‍ ജോസ്
ശാന്തസുന്ദരമായൊരു റബര്‍തോട്ടത്തിനു നടുവിലെ ഒരു മൊട്ടക്കുന്നിന്റെ മുകളില്‍ ഒരു എസ്റ്റേറ്റ് ബംഗ്ലാവിന്റെ എല്ലാ പ്രൗഢിയോടും കൂടി തലയെടുപ്പോടെ ഒരു വീട്. ‘+’ ആകൃതിയില്‍ ത്രീഡി ഇഫക്റ്റിലുള്ള ഡിസൈനോടുകൂടിയതാണ് ഈ വീട്.
കാഞ്ഞിരപ്പള്ളിയിലെ എരുമേലി എന്ന സ്ഥലത്തുള്ള ഈ വീട്, പൂര്‍ണ്ണമായും ആ ചുറ്റുപാടിനിണങ്ങിയതാണ്. ബിസിനസുകാരനായ എടക്കാട്ട് സണ്ണി ജോസഫ് ഇരുനില വീടിനേക്കാള്‍ ഇഷ്ടപ്പെട്ടത് എല്ലാ സൗകര്യങ്ങളുമുള്ള ഒറ്റനില വീടാണ്. അധികം അടച്ചു കെട്ടില്ലാത്ത, പ്രകൃതിഭംഗി പരമാവധി ആസ്വദിക്കാന്‍ പാകത്തിനുള്ള സൗകര്യം വീടിന് ഉണ്ടായിരിക്കണം. ഇതായിരുന്നു സണ്ണിയുടെ പ്രധാന ആവശ്യം. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ശില്പി ആര്‍ക്കിടെക്റ്റ്സിലെ ആര്‍ക്കിടെക്റ്റ് സെബാസ്റ്റ്യന്‍ ജോസാണ് സണ്ണിയുടെ മനസ്സിലെ വീട് യാഥാര്‍ത്ഥ്യമാക്കി നല്‍കിയത്.
ഡിസൈനിങ് നയങ്ങള്‍
”പ്ലോട്ടിന്റെ പ്രത്യേകത കൊണ്ട് വീടിന് മൂന്നു ദിശയിലേക്കും കാഴ്ച സാധ്യമായതുകൊണ്ട് അതിനുയോജ്യമായ ത്രീഡി ഡിസൈന്‍ നയമാണ് സ്വീകരിച്ചത്. വീടിനകത്തു നിന്നും പരമാവധി ചുറ്റുവട്ടം വീക്ഷിക്കാവുന്ന തരത്തിലാണ് ഡിസൈന്‍” ആര്‍ക്കിടെക്റ്റ് സെബാസ്റ്റ്യന്‍ ജോസ് പറയുന്നു. 6000 ചതുരശ്രയടിയാണ് മൊത്തം ബില്‍റ്റ് ഏരിയ. ബാത്ത്റൂം അറ്റാച്ച്ഡായ 5 ബെഡ്റൂമുകളും, 2 ലിവിങ് ഏരിയകളും, ഡൈനിങ്ങും, കിച്ചനും, കോര്ട്ട്യാര്ഡുകളുമെല്ലാം അടങ്ങുന്നതാണ് വീടിന്റെ സജ്ജീകരണങ്ങള്‍. സ്ലോപ്പ് റൂഫ് കൊടുത്ത് മേല്‍ക്കൂരയില്‍ കോണ്‍ക്രീറ്റ് ഓട് പതിപ്പിച്ചതുകൊണ്ട് ഈ വീട് ഒരു കേരള മോഡലിലാണ് എന്നൊന്നും ആര്‍ക്കിടെക്റ്റ് പറയുന്നില്ല. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ റൂഫിങ് സ്വീകരിച്ചെന്നേ ആര്‍ക്കിടെക്റ്റ് അവകാശപ്പെടുന്നുള്ളൂ.
ഈ വീടിന്റെ ഹൃദയമെന്നു പറയുന്നത് അകത്തളങ്ങളിലെ സെന്‍ട്രല്‍ കോര്ട്ട്യാര്ഡാണ്. ക്ലൈന്റ് സണ്ണിയുടെ പ്രത്യേക ആവശ്യമായിരുന്നു ഇത്. ഡബിള്‍ ഹൈറ്റിലുള്ള ഈ ഏരിയ ഗ്ലാസ് റൂഫ് കൊടുത്ത് പരമാവധി സൂര്യപ്രകാശം ഉള്ളിലേയ്ക്ക് ലഭിക്കത്തക്ക രീതിയിലാണ് ചെയ്തിട്ടുള്ളത്. ഇളംനിറങ്ങളും സിംപിള്‍ ലൈറ്റിങ് നയവുമാണ് വീടിന്റെ അകത്തളങ്ങളില്‍. ഫ്ളോറിങ്ങിന് ക്രീം കളര്‍ ഇറ്റാലിയന്‍ മാര്‍ബിളാണ്. ബോര്‍ഡര്‍ കൊടുക്കാന്‍ കോഫി കളറിലുള്ള മാര്‍ബിളും ഉപയോഗിച്ചിട്ടുണ്ട്. ലിവിങ്, ഡൈനിങ്, കോര്‍ട്ട്യാര്‍ഡ് എന്നിവയെല്ലാം ഒരു ഓപ്പണ്‍ കണ്‍സെപ്റ്റിലാണ്. എന്നാല്‍ മറ്റ് ഏരിയകളിലെല്ലാം സ്വകാര്യതയ്ക്ക് വേണ്ടത്ര പ്രാധാന്യം ഉണ്ട്. ജനലുകള്‍ക്കും വാതിലുകള്‍ക്കുമെല്ലാം തേക്കാണ് ഉപയോഗിച്ചിട്ടുള്ളത്.