Architect : പ്രമോദ് ജയ്‌സ്വാള്‍ - ഇ. ദിവ്യ

February 12th, 2014
കൂര്‍ഗിന്റെ ചന്തത്തോടെ

കര്‍ണാടകത്തിന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ നിങ്ങള്‍ ആദ്യം പോകേണ്ടത് കൂര്‍ഗിലാണെന്ന് ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആര്‍ക്കിടെക്റ്റ് പ്രമോദ് ജയ്‌സ്വാള്‍ പറയും. കാരണം അത്രയധികം കൂര്‍ഗിന്റെ സൗന്ദര്യം അദ്ദേഹത്തെ ഭ്രമിപ്പിച്ചിട്ടുണ്ട്. ഗോത്രസംസ്‌കാരം നിലവിലുള്ള ഈ പ്രദേശം സുന്ദരികളുടെയും സുന്ദരന്മാരുടെയുമത്രേ. കടുത്ത നിറങ്ങളുടെ ആരാധകരാണിവര്‍. ആചാരങ്ങളും ആഘോഷങ്ങളും ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്.
കൂര്‍ഗ് സ്വദേശികളായ യുവദമ്പതിക്കു വേണ്ടി ബാംഗ്ലൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് 2550 സ്‌ക്വയര്‍ഫീറ്റുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ അകത്തളം ഒരുക്കിയെടുക്കുമ്പോള്‍ ആര്‍ക്കിടെക്റ്റ് പ്രമോദ് ജയ്‌സ്വാളിനും ഇ. ദിവ്യ ക്കും നേരിടേണ്ടി വന്ന വെല്ലുവിളി ഈ കുടുംബത്തിന്റെ സംസ്‌കാരം, പാരമ്പര്യം എന്നിവയെ ബാംഗ്ലൂരിലെ ഒരു അകത്തളത്തിലേക്ക് പറിച്ചു നടുക എന്നതായിരുന്നു
.
”ഒരു ഫ്‌ളാറ്റാണെങ്കില്‍ക്കൂടി ഒരു തനത് കൂര്‍ഗ് വീടിന്റെ പ്രതീതി ഉണ്ടാകണം. സിംപിള്‍ അകത്തളം ആയിരിക്കണം” എന്ന ആശയമാണ് ഉടമ വിനോദിന് ഉണ്ടായിരുന്നത്. കൂര്‍ഗ് എന്നും സ്വന്തം മനസ്സോടടുത്തു നില്‍ക്കുന്ന പ്രദേശമാകയാല്‍ ആവേശത്തോടെയാണ് ഇവര്‍ ഈ പ്രോജക്റ്റ് ഏറ്റത്. 22 ലക്ഷം രൂപയാണ് അകത്തളം ഒരുക്കലിനു മാത്രം ആകെ ചെലവു വന്നത്.

തനതു ബിംബങ്ങള്‍
പ്രകൃതിദത്തമായ സ്റ്റോണ്‍ ഉപയോഗിച്ചുള്ള ക്ലാഡിങ്ങും വെനീര്‍ ഫിനിഷും കൂടുതലായി ഉപയോഗിച്ചുള്ള അകത്തളം വളരെ വ്യത്യസ്തമായിട്ടാണ് തോന്നുന്നത്.
എന്‍ട്രന്‍സ് ഏരിയയില്‍ നിന്ന് ലിവിങ്ങിലേയ്ക്ക് പ്രവേശിക്കുമ്പോള്‍, ഉയരം കുറഞ്ഞ സ്റ്റോറേജിനു മുകളില്‍ തൂക്കിയിട്ടിരിക്കുന്ന പരമ്പരാഗത വിളക്കും പരമ്പരാഗത പെയിന്റിങ്ങുകളും നമ്മില്‍ ഗൃഹാതുരത്വം ഉണര്‍ത്തും. പുറത്തുള്ള ലാന്റ്‌സ്‌കേപ്പിലേക്ക് തുറക്കുന്നതാണ് ടിംബര്‍ ക്ലാഡിങ് ഉള്ള ഭിത്തിയിലെ തട്ട്. ഡബിള്‍ ഹൈറ്റില്‍ ചെയ്തിരിക്കുന്ന തടികൊണ്ടും ഗ്ലാസു കൊണ്ടുമുള്ള ഒരു ബോക്‌സിലേയ്ക്ക് തുറക്കുന്നതുപോലെയാണ് ലിവിങ്ങിന്റെ ഒരു ഭാഗം. ഈ ഗ്ലാസ് ബോക്‌സ് വീടിന്റെ മുന്നിലുള്ള പൂന്തോട്ടത്തിലേയ്ക്ക് കാഴ്ച ക്ഷണിക്കുന്നു. ഗ്ലാസ് ബോക്‌സിന്റെ ഒരു ഭാഗത്തെ റസ്റ്റിക് ഫിനിഷുള്ള സിമന്റ് ഭിത്തിയില്‍ വൈന്‍ റാക്ക് നല്‍കിയിരിക്കുന്നു. ബാര്‍ ടേബിള്‍ എന്നത് ബ്രാസ് വര്‍ക്കുള്ള ഒരു തടിപ്പെട്ടിയാണ്.

ലിവിങ്ങിന്റെയും ഡൈനിങ്ങിന്റെയും മറുവശത്തുള്ള സെര്‍വന്റ്‌സ് റൂമാണ് മെഡിറ്റേഷന്‍ ഏരിയ അഥവാ സ്റ്റഡിറൂം ആക്കി മാറ്റിയത്. നഗരത്തിന്റെ തിരക്കുകള്‍ ബാധിക്കാത്ത വളരെ ശാന്തമായ ഇടമായിട്ടാണ് ഇതിന്റെ രൂപകല്പന. ലൈബ്രറി, സ്റ്റോറേജ് സ്‌പേസ് എന്നിവയും ഇവിടെയുണ്ട്. ഗ്ലാസ് പാര്‍ട്ടീഷന്‍, ലൂവറുകള്‍ എന്നിവ ഉപയോഗിച്ച്, ഫാമിലി സ്‌പേസ്, ഡൈനിങ്, കിച്ചന്‍ എന്നിവയില്‍ നിന്ന് സ്റ്റഡി റൂമിനെ വേര്‍തിരിച്ചിരിക്കുന്നു.
ഗ്ലാസ് പാര്‍ട്ടീഷന്‍ മൂലം സ്വകാര്യത ലഭിക്കും. സുതാര്യമായതിനാല്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുകയും ചെയ്യും. ലൂവറുകള്‍ ക്രോസ്‌വെന്റിലേഷന്‍ ഉറപ്പാക്കുന്നു.
ലിവിങ്ങില്‍ നിന്നും സ്റ്റഡി ഏരിയയില്‍ നിന്നും തെല്ലിട മാറിയാണ് പരമ്പരാഗത കൂര്‍ഗ് വീടുകളുടേതുപോലെ ഗുഹാമാതൃകയില്‍ ഫാമിലി ലിവിങ് ഒരുക്കിയിട്ടുള്ളത്.

റസ്റ്റിക് ശൈലിയാണ് സാന്‍ഡ് സ്റ്റോണ്‍ ക്ലാഡിങ് ചെയ്ത ചുമരുകള്‍ക്ക്. മരത്തിന്റെ കഴുക്കോലുകള്‍ പോലുള്ള ഫാള്‍സ് സീലിങ്ങും, എല്‍ ഇ ഡി ലൈറ്റുകളാല്‍ മുറിയില്‍ നിറയുന്ന ഇളം വെളിച്ചവും ഭിത്തിയെയും പെയിന്റിങ്ങുകളെയും കൂടുതല്‍ റസ്റ്റിക് ആക്കുന്നു. മരപ്പണികള്‍, സാന്‍ഡ് സ്റ്റോണ്‍ ക്ലാഡിങ്, ഹാര്‍ഡ്‌വുഡ് ഫ്‌ളോറിങ് എന്നിവ ആണ് മുറിയിലെ പാരമ്പര്യസൂചകങ്ങള്‍.
മാര്‍ബിള്‍ ഫ്‌ളോറിങ്ങും ലെതര്‍ സോഫയും ഒക്കെയായി വളരെ ഔപചാരികവും ആധുനികവുമായ മട്ടില്‍ അലംകൃതമായ ഫോര്‍മല്‍ ലിവിങ്, ഡെക്ക് ഏരിയ എന്നിവിടങ്ങളില്‍ നിന്ന് ഫാമിലി റൂമും ബെഡ്‌റൂമുകളും തീര്‍ത്തും മാറി നില്‍ക്കുന്നു. ബെഡ്‌റൂമുകള്‍ക്കും നാച്വറല്‍ സ്റ്റോണ്‍ കൊണ്ടുള്ള ക്ലാഡിങ്ങും വെനീര്‍ ഫിനിഷും ഉണ്ട്. മൂന്ന് ബെഡ്‌റൂമുകളിലും എ സി യൂണിറ്റ് കണ്‍സീല്‍ഡാണ്. ഫാബ്രിക് ലാംപ് ഷേഡുകളും മരപ്പണികളും പരമ്പരാഗത കൂര്‍ഗ് വീടുകളെ ഓര്‍മ്മിപ്പിക്കുന്നവയുമാണ്. അപ്പാര്‍ട്ട്‌മെന്റിന്റെ മുന്നിലും പുറകിലുമായി രണ്ട് ഉദ്യാനങ്ങളും ഒരു പൂളും ഉണ്ട്.

ടിംബര്‍യാര്‍ഡില്‍ നേരിട്ടുചെന്ന് വെനീര്‍ ഷീറ്റുകള്‍ തെരഞ്ഞെടുക്കുന്നതില്‍ തുടങ്ങി എല്ലാ ഡീറ്റെയ്‌ലിങ്ങിലും ആര്‍ക്കിടെക്റ്റുകളുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. കന്റംപ്രറി ആയിട്ടുള്ള സ്‌ട്രെയിറ്റ് ലൈന്‍ ഡിസൈനിലും മിനിമലിസത്തിലും ഊന്നിക്കൊണ്ടും പരമ്പരാഗത ശൈലി പിന്തുടര്‍ന്നുകൊണ്ടും ചെയ്ത അകത്തളം എന്ന് വിശേഷിപ്പിക്കാം.
കുടുംബം അവരുടെ സംസ്‌കാരത്തെ ഓര്‍മ്മപ്പെടുത്തണം എന്ന തോന്നലില്‍ നിന്നാണ് ഈ വീടിന്റെ ഡിസൈന്‍ ഉടലെടുത്തതെന്ന് ആര്‍ക്കിടെക്റ്റ് പ്രമോദ് ജയ്‌സ്വാള്‍ പറയുന്നു. പരമ്പരാഗത കൂര്‍ഗ് സംസ്‌കാരത്തെ ബാംഗ്ലൂരില്‍ സ്ഥിതി ചെയ്യുന്ന വീടിന്റെ അകത്തളങ്ങളില്‍ എത്തിക്കാന്‍ ആര്‍ക്കിടെക്റ്റ് നടത്തിയ ശ്രമം അഭിനന്ദനാര്‍ഹം തന്നെ.

Leave a Reply

Your email address will not be published. Required fields are marked *