കോവിഡാനന്തരം

പ്രൊഫ. കെ. നാരായണന്‍

കോവിഡാനന്തര ലോകത്തെ അടിസ്ഥാന പ്രശ്‌നം ജനത്തിന്റെ കൈവശം പണമുണ്ടാകില്ല എന്നതു തന്നെയാണ്. ആരോഗ്യപരിപാലനത്തിനാവും മുന്തിയ പരിഗണന. ജീവന്‍ നിലനിര്‍ത്തുന്നതിനും, പരിപാലിക്കുന്നതിനും ആവുമല്ലോ കൂടുതല്‍ പ്രാധാന്യം. വ്യക്തികള്‍, നിര്‍മ്മാണ പരിപാടികളിലേയ്ക്ക് കടക്കുന്നത് വൈകും.
കോവിഡ്-19 ആരോഗ്യ പരിപാലനത്തില്‍ ഇന്ത്യയെ ഏറെക്കുറെ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ എത്തിച്ചിട്ടുണ്ട്. ആരോഗ്യപരിപാലനത്തിലെ കേരളാ മോഡല്‍ ഇന്ന് വിഖ്യാതമാണ്. കോവിഡ് വ്യാധി തീരുന്നതുവരെ ഈ നില തുടര്‍ന്നേക്കാം.
കോവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ കേരളത്തിലും രാജ്യമെമ്പാടും സ്വകാര്യആശുപത്രികള്‍ക്ക് വലിയ പങ്കില്ല. ആശാവര്‍ക്കര്‍മാര്‍, അങ്കനവാടി അധ്യാപകര്‍ എന്നിവരുടെ നിസ്വാര്‍ത്ഥ സേവനവും; സംസ്ഥാനത്തെമ്പാടുമുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക്, ജില്ലാ ജനറല്‍ ആശുപത്രി ശൃംഖല, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ എന്നിവയുടെ വിശ്വാസ്യതയും കൊണ്ടാണ് പൊതുജനാരോഗ്യത്തില്‍ കേരളം മികച്ചു നില്‍ക്കുന്നത്. ദശാബ്ദങ്ങള്‍ കൊണ്ട് കൈവരിച്ച ഈ നേട്ടം അതേപടി നിലനില്‍ക്കണം. രോഗീപരിചരണത്തിനായി കേരളത്തിലെ ആശുപത്രികളില്‍ മൊത്തമുള്ള കിടക്കകളില്‍ എഴുപതു ശതമാനവും സ്വകാര്യസ്ഥാപനങ്ങളുടേതാണ് എന്ന് നാം മനസ്സിലാക്കണം. കോവിഡ് പോലെയുള്ള മഹാവ്യാധി പ്രതിരോധിക്കുന്നതില്‍ തത്ക്കാലം ഇവയ്ക്ക് പങ്കില്ല. വേണ്ടിവന്നാല്‍ സ്വകാര്യമേഖലയേയും സര്‍ക്കാര്‍ പരിഗണിക്കുമത്രേ. അങ്ങനെയൊരാവശ്യം വരാതിരിക്കട്ടെ. എന്തായാലും ആരോഗ്യപരിപാലനരംഗത്ത് കേരളം പിടിച്ചു പറ്റിയ സവിശേഷ ശ്രദ്ധ കോവിഡാനന്തരവും തുടരുക തന്നെ ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കോവിഡ് പടര്‍ന്നു പിടിക്കുന്നതിനു മുന്‍പു തന്നെ വിദേശികള്‍ ആരോഗ്യമേഖലയില്‍ കേരളത്തെ ആശ്രയിച്ചു വരുന്നുണ്ട്. കേരളത്തില്‍ ആരോഗ്യ പരിപാലന ടൂറിസം ഒരു വലിയ വ്യവസായമായി മാറാന്‍ ഇടയുണ്ട്. കൂടുതലും സ്വകാര്യസ്ഥാപനങ്ങള്‍ വഴിയാകും ഈ മേഖല വളരുക. ധാരാളം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും, ആരോഗ്യപ്രവര്‍ത്തകരും, ദശാബ്ദങ്ങളായി ലോകം മുഴുവന്‍ സല്‍പ്പേര് സമ്പാദിച്ച മലയാളി നേഴ്‌സുമാരും നമുക്കുണ്ട്. കേരളത്തിന്റെ ഈ നേട്ടങ്ങളൊക്കെ ലോകോത്തര ആരോഗ്യപരിപാലന സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ നമുക്ക് സഹായകമാകും.
ഉന്നതനിലവാരമുള്ള ധാരാളം ആശുപത്രികളും, വൃദ്ധജനപരിപാലന കേന്ദ്രങ്ങളും, ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളും, ഹെല്‍ത്ത് റിസോര്‍ട്ടുകളും, റീ ഹാബിലിറ്റേഷന്‍ സെന്ററുകളും ഒക്കെ ഭാവിയില്‍ നമുക്ക് വേണ്ടിവരും. പുതിയ ഗവേഷണസ്ഥാപനങ്ങളും ഫാര്‍മസ്യൂട്ടിക്കല്‍ കേന്ദ്രങ്ങളും വളര്‍ന്നു വരേണ്ടതായിട്ടുണ്ട്. ഈ മേഖലയില്‍ നൂതന നിര്‍മ്മാണ പ്രവൃത്തികള്‍ ധാരാളം പ്രതീക്ഷിക്കാം. ആര്‍ക്കിടെക്റ്റുകളും എഞ്ചിനീയര്‍മാരും ആരോഗ്യപരിപാലന സ്ഥാപന രൂപകല്പനയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരും. മുംബൈയിലെ ധാരാവിയെക്കുറിച്ച് ഇന്നു നാം ഏറെ ചര്‍ച്ച ചെയ്യുന്നുണ്ട്. രണ്ടില്‍പ്പരം ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട് ധാരാവിക്ക്. 10 ലക്ഷത്തോളം ജനവും. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമാണിവിടം. ലോകത്തേറ്റവും ജനസാന്ദ്രതയുള്ള പ്രദേശവും ധാരാവി തന്നെ. പത്തും പന്ത്രണ്ടും പേരാണ് ഒറ്റമുറി വീടുകളില്‍ ജീവിക്കുന്നത്. 15,000 ഒറ്റമുറി ഫാക്ടറികളും ധാരാവിയിലുണ്ട്. റീ സൈകഌങ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് പ്രസിദ്ധമാണിവിടം. പ്രതിവര്‍ഷം 1 ബില്യണ്‍ യു.എസ്. ഡോളറിന്റെ വ്യാപാരം ധാരാവിയില്‍ നടക്കുന്നുണ്ടത്രേ. നാം ഭയപ്പെട്ടത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ദിനംപ്രതി ധാരാവിയിലെ രോഗികളുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുന്നു.
1896 ലെ പ്ലേഗ് രോഗബാധ ബോംബെയിലെ ജനസംഖ്യയുടെ പകുതി തുടച്ചുമാറ്റിയെന്നാണ് ചരിത്രം. ഇന്നത്തെ നിലയ്ക്ക് ധാരാവി എങ്ങനെ കോവിഡ് മുക്തമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇന്ത്യയിലുടനീളവും ലോകരാജ്യങ്ങളിലും നഗര കേന്ദ്രീകൃതമായി വലുതും ചെറുതുമായ ധാരാളം ചേരി പ്രദേശങ്ങളുണ്ട്. കോവിഡാനന്തരം ലോകരാഷ്ട്രങ്ങള്‍ ചേരിപ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അര്‍ത്ഥവത്തായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇനി ചേരി പ്രദേശങ്ങള്‍ മഹാമാരി വ്യാപനപ്രതിരോധ മാനദണ്ഡങ്ങള്‍ വച്ച് പരിഷ്‌കരിച്ച് എടുക്കേണ്ടിയിരിക്കുന്നു. ഇതാണ് കോവിഡ്-19 പഠിപ്പിക്കുന്ന പ്രധാന പാഠം. ഇപ്പോള്‍ ഒറ്റനില അതിസാന്ദ്രതാ (Low rise high denstiy) പ്രദേശങ്ങളാണിവ. അവ ഒരു പക്ഷെ, നാലുനിലകളില്‍ താഴെയുള്ള അതിസാന്ദ്ര ഭവനങ്ങളായി പരിഷ്‌കരിച്ച് എടുക്കേണ്ടി വരും.
ചേരിപ്രദേശങ്ങള്‍ പുനരുദ്ധരിക്കുമ്പോള്‍ കൂടുതല്‍ തുറസ്സായ സ്ഥലങ്ങള്‍ ഒഴിച്ചിടേണ്ടി വരും. മാത്രമല്ല, സമൂഹത്തിനാകെ ഉതകുന്ന രീതിയില്‍ ശ്രദ്ധാപൂര്‍വ്വം അവയെ പരിപാലിച്ചു നിലനിര്‍ത്തുകയും വേണം. കാലാവസ്ഥയ്ക്കനുസരിച്ച് മുറികളില്‍ നിര്‍ബന്ധമായും വാതായനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കണം. തൊണ്ണൂറ്റി ഒന്‍പതു ശതമാനവും പൊതുമേഖലയിലായിരിക്കും ഈ പദ്ധതികള്‍ നടപ്പിലാക്കുക. സര്‍ക്കാരിതര സംഘടനകള്‍ക്കും ഇത് നടപ്പാക്കാവുന്നതാണ്. കോവിഡാനന്തരം നമ്മുടെ യുവ ആര്‍ക്കിടെക്റ്റുകളും എഞ്ചിനീയര്‍മാരും ഇതുപോലുള്ള സമൂഹ പാര്‍പ്പിടങ്ങളുടെ നിര്‍മ്മാണ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മുന്നൊരുക്കങ്ങള്‍ ഇപ്പോഴേ ആലോചിച്ചു വയ്ക്കാം. ഇവയ്‌ക്കൊപ്പം സന്നദ്ധ സംഘടനകളായി സ്റ്റാര്‍ട്ടപ്പുകളും രജിസ്റ്റര്‍ ചെയ്യാം. പഠനങ്ങളും ഗവേഷണങ്ങളും നടത്തി പദ്ധതികളും തയ്യാറാക്കാം. അവ സര്‍ക്കാരിന് സമര്‍പ്പിക്കാം. വലിയ ലാഭമൊന്നും പ്രതീക്ഷിക്കാതെ മുതല്‍ മുടക്കണം. ജീവസന്ധാരണം സുഗമമായി നടന്നുപോകും. ലാറി ബേക്കര്‍ എന്ന മഹാഗുരുവിനെ നമുക്ക് മാതൃകയാക്കാം. പുതിയ നിര്‍മ്മാണവസ്തുക്കള്‍ കണ്ടെത്താം. സാങ്കേതികജ്ഞാനവും നേടാം. ഏറ്റവും ചുരുങ്ങിയ പ്രകൃതി ചൂഷണവും ഊര്‍ജ്ജസംരക്ഷണവും ചെലവു ചുരുക്കലും വ്രതമാക്കാം.
അങ്ങനെ, കോവിഡാനന്തര സാധ്യതകള്‍ ധാരാളമുണ്ട്. പക്ഷേ, എന്തിനും എവിടെയും എപ്പോഴും തയ്യാറാകാനുള്ള ഊര്‍ജ്ജസ്വലത യുവ സാങ്കേതിക വിദഗ്ധര്‍ നിലനിര്‍ത്തണം. അശ്രാന്തപരിശ്രമത്തിന് തയ്യാറാകുകയും വേണം. ആംഗലേയ ഭാഷയില്‍ പറയുന്നതുപോലെ ‘sky is the limit’.

About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*