തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ഡിഇ സ്റ്റുഡിയോയിലെ ആര്‍ക്കിടെക്റ്റ് ആല്‍ബിന്‍ പോള്‍ സാജുവിനു വേണ്ടി തൃശൂരിലെ ചൊവ്വൂരില്‍ ചെയ്തിരിക്കുന്ന 2850 സ്‌ക്വയര്‍ ഫീറ്റിലുള്ള വീട് അതിന്റെ നിര്‍മ്മാണ ശൈലിയും, സങ്കേതങ്ങളും കൊണ്ടു ശ്രദ്ധേയമാണ്. പരമ്പാരഗതമായ ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിന്റെ പേരില്‍ ചൊവ്വൂര്‍ ഗ്രാമം പ്രശസ്തമാണ്. നാല് അംഗങ്ങളുള്ള ഈ കുടുംബത്തിനുവേണ്ടി ലളിതമായ ഒരു ഡിസൈനാണ് അകത്തും പുറത്തും സ്വീകരിച്ചത്.

ക്യൂബാകൃതിയില്‍ സ്ട്രക്ചര്‍

വീടിരിക്കുന്ന പ്ലോട്ടിന്റെ പ്രത്യേകത മൂലം ഒരു ക്യൂബ് ഡിസൈനിലാണ് വീടിന്റെ നിര്‍മ്മിതി. ഗൃഹനാഥനായ സാജുവിന്റെ ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഭൂമിയുടെ കിടപ്പിന്റെ പ്രത്യേകത മൂലം ഈ പ്രദേശത്തെ ഒട്ടുമിക്ക വീടുകള്‍ക്കും പടിഞ്ഞാറ് ദിശയില്‍ ശക്തമായ വെയിലടിക്കുകയും തന്മൂലം ആ ഭാഗത്ത് ബ്ലൈന്റുകള്‍ ഇടുകയും പതിവാണ്. ഈ രീതിയോട് സാജുവിന് തീരെ താല്പര്യമില്ലായിരുന്നു. ”ശക്തമായ വെയിലടിക്കും എന്നതുകൊണ്ടു തന്നെ ഈ ഭാഗത്ത് നല്ല ചൂടുണ്ടാവുകയും ചെയ്യും. അതിനാല്‍ പതിവുരീതിയില്‍ നിന്നും മാറി ഈ ഭാഗത്ത് പോര്‍ച്ചും പോര്‍ച്ചിനോട് ചേര്‍ന്ന് ഒരു ഫ്രെയിം വര്‍ക്ക്‌പോലെ പര്‍ഗോള ഡിസൈനും നല്‍കി. ഇത് ഒരു ഡിസൈന്‍ എലമെന്റും ഒപ്പം വീടിന് സംരക്ഷണവുമാവുന്നു. കാര്‍പോര്‍ച്ചും പര്‍ഗോളശൈലിയും ലാന്‍ഡ്‌സ്‌കേപ്പുമെല്ലാം പരസ്പരം ചേര്‍ന്നു പോകുന്നു. വീടിന്റെ താഴത്തെ നിലയില്‍ തന്നെ പ്രധാന മുറികളെല്ലാം വേണമെന്നും പ്രത്യേകിച്ച് മൂന്നു ബെഡ്‌റൂമുകള്‍ താഴെതന്നെ വേണമെന്നും ഗൃഹനാഥന് നിര്‍ബന്ധമുണ്ടായിരുന്നു. അതനുസരിച്ച് ലിവിങ് ഡൈനിങ് ഫാമിലി ലിവിങ്, കിച്ചന്‍, മൂന്ന് കിടപ്പുമുറികള്‍ ഇവയെല്ലാം ഒറ്റനിലയില്‍ ക്രമീകരിക്കുകയായിരുന്നു” ആര്‍ക്കിടെക്റ്റ് ആല്‍ബിന്‍ പോള്‍ പറയുന്നു.

അകത്തളങ്ങള്‍ തമ്മില്‍ ഒരു പരസ്പരം ബന്ധവും ആശയവിനിമ സാധ്യതയും ഉണ്ടാവണമെന്നും ഗൃഹനാഥന്‍ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം കണക്കിലെടുത്തു കൊണ്ടുള്ള ഒരു ഡിസൈനിങ് നയം സ്വീകരിച്ചിരിക്കുന്നു. ഏതാനും നിര്‍ദ്ദേശങ്ങള്‍ എടുത്തു പറഞ്ഞിരുന്നുവെങ്കിലും തനിക്ക് പരിപൂര്‍ണ്ണ ഡിസൈനിങ് സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്ന് ആല്‍ബിന്‍ പറഞ്ഞു.

പര്‍ഗോള കൊണ്ട് ശ്രദ്ധേയം

ക്യൂബിന്റെ ആകൃതിയിലുള്ള സ്ട്രക്ചറില്‍ എലിവേഷന്റെ ഭാഗമായി എടുത്തുനില്‍ക്കുന്ന ചുമപ്പുനിറത്തിലുള്ള ഷോവാള്‍ പ്രധാന ആകര്‍ഷണമാണ്. കൂടുതലായും സൂര്യപ്രകാശമടിക്കുകയും ചൂടുവരികയും ചെയ്യുന്ന സ്ഥലത്ത് ബെഡ്‌റൂമിന്റെ മുകളിലായി വാട്ടര്‍ടാങ്കും സോളാര്‍ പാനലുകളും നല്‍കി നേരിട്ടുള്ള സൂര്യതാപത്തിന് മറ തീര്‍ത്തു. മുകള്‍നിലയില്‍ അധികം ബെഡ്‌റൂമുകളില്ല. അതിനാല്‍ ഈയൊരു രീതി ഏറെ പ്രയോജനം ചെയ്തു. വീടിന്റെ ഉയരക്കൂടുതലും ന്യൂട്രല്‍ കളറുകള്‍ക്കിടയില്‍ എടുത്തു നില്‍ക്കുന്ന ചുമന്ന ക്യൂബാകൃതിയിലുള്ള ഷോവാളും വീടിന്റെ എലിവേഷന്റെ പ്രധാന ഘടകങ്ങളാകുന്നു. ഫസാഡിലെ പര്‍ഗോളകളുടെ ഹൊറിസോണ്ടല്‍ സ്ട്രിപ്പ് ഡിസൈനുകള്‍ എലിവേഷനിലെ അവിഭാജ്യ ഘടകങ്ങളിലൊന്നാകുന്നു, എന്നു മാത്രമല്ല ശൂന്യമായി കിടക്കുന്ന വെര്‍ട്ടിക്കല്‍ ഭിത്തികളുടെ ഡിസൈനിന് ബാലന്‍സ് നല്‍കുകയും, ഭിത്തിയില്‍ നിഴലുകള്‍ വീഴ്ത്തി ചിത്രരചന നടത്തുകയും ചെയ്യുന്നു. ഫസാഡിന്റെ ഭാഗമായി ഓപ്പണിങ്ങുകള്‍ കഴിവതും ഒഴിവാക്കിയിട്ടുണ്ട്. ഇത് പടിഞ്ഞാറുഭാഗത്തു നിന്നുമുള്ള സൂര്യതാപത്തിനു തടയിടുവാനാണ്. കിഴക്ക്, പടിഞ്ഞാറ് ദിശക്കനുസരിച്ചാണ് വീടിന്റെ നില്പ്. പടിഞ്ഞാറ് ദിക്കില്‍ ഫസാഡിന് പല ആര്‍ക്കിടെക്ചര്‍ ഘടകങ്ങളും നല്‍കിയിട്ടുണ്ട്. അത് ലാന്‍ഡ്‌സ്‌കേപ്പുമായി ചേര്‍ന്നു പോകുന്നു.

 

Comments are closed.