വീടിന്റെ കോണ്‍ക്രീറ്റിങ്ങിന് പുഴമണലും എംസാന്റും
കലര്‍ത്തി ഉപയോഗിച്ചു. മണലിന്റെ അളവ്
കുറയ്ക്കുക വഴി ചെലവു കുറച്ചു.

കാക്കനാട് പട്ടിമറ്റത്തുള്ള ഈ സിംഗിള്‍ വില്ലയുടെ നിര്‍മ്മാണത്തില്‍ വീടിന്റെ ഡിസൈനിങ് നിര്‍വ്വഹിച്ച ഫൈസല്‍ എം. അസന്‍ ഭിത്തികള്‍ക്ക് ചെങ്കല്ലാണ് തെരഞ്ഞെടുത്തത്. ബാത്ത്‌റൂമിന്റെയും മറ്റും ഇടഭിത്തികള്‍ക്ക് മാത്രം സാധാരണ ബ്രിക്കുകള്‍ ഉപയോഗിച്ചു. തൂണുകള്‍ ഒഴിവാക്കി പകരം ബീമുകള്‍ നല്‍കി. ”കോണ്‍ക്രീറ്റിങ്ങിന് പുഴമണലും എംസാന്റും കലര്‍ത്തി ഉപയോഗിച്ചു. മണലിന്റെ അളവ് കുറയ്ക്കുക വഴി ചെലവു കുറച്ചു. പ്ലാസ്റ്ററിങ്ങിന് എംസാന്റ് മാത്രം ഉപയോഗിച്ചു. എക്സ്റ്റീരിയര്‍ പുട്ടിയാണ് എല്ലാ ഭിത്തികള്‍ക്കും ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ നനവു തട്ടിയാലും കുഴപ്പമില്ല.” ഡിസൈനര്‍ ഫൈസല്‍ പറഞ്ഞു.
ജനാലകളില്‍ വീടിന്റെ മുന്‍ഭാഗത്തുള്ളവ മാത്രം തടിയില്‍ തീര്‍ത്തവയും വീടിന്റെ പുറകിലുള്ളവ റെഡിമെയ്ഡ് കോണ്‍ക്രീറ്റ് ജനലുകളുമാണ്. വുഡ് വര്‍ക്കിന് പിന്‍കോഡയാണ് (ചെറുതേക്ക്) പ്രധാനമായും; അടുക്കളയില്‍ മഹാഗണിയും. വീടിനുള്ളില്‍ നിറയെ കാറ്റും വെളിച്ചവുമെത്തിക്കാന്‍ ക്രോസ്‌വെന്റിലേഷന്‍ തന്ത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റെയര്‍കേസിന് എസ്.എസ്. സ്‌ക്വയര്‍ പൈപ്പുകൊണ്ടാണ് ഹാന്റ് റെയില്‍. ഫ്‌ളോറിങ്ങിന് മധുര ഗ്രനൈറ്റാണ്. ഇത് സ്‌ക്വയര്‍ ഫീറ്റിന് 90-92 രൂപ വിലയില്‍ ലഭിച്ചു. ഫര്‍ണിച്ചറില്‍ ലിവിങ്, ഫാമിലി ലിവിങ് എന്നിവിടങ്ങളില്‍ പഴയ ഫര്‍ണിച്ചര്‍ പോളിഷ് ചെയ്ത് പുനരുപയോഗിച്ചു. ഡൈനിങ്ങിലേയ്ക്ക് മാത്രം പുതിയ ഫര്‍ണിച്ചര്‍ വാങ്ങി. ഇങ്ങനെ സ്ട്രക്ചറിന്റെ നിര്‍മ്മാണ ചെലവ് 20 ലക്ഷത്തിലൊതുക്കി.
ഇന്റീരിയറില്‍ ഫിനിഷിങ്ങിന്റെ ക്വാളിറ്റിയില്‍ വിട്ടുവീഴ്ച പാടില്ല എന്നു വീട്ടുടമസ്ഥ നിമിത അബൂബക്കറിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ അകത്തളങ്ങളുടെ ഫിനിഷിങ്ങില്‍ എല്ലാം ക്വാളിറ്റി ഉല്‍പന്നങ്ങള്‍ തന്നെ തെരഞ്ഞെടുത്തു. കൂടാതെ ഉള്ളില്‍ സ്‌കൈലൈറ്റ് നല്‍കിയിട്ടുണ്ട്. ഇത് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നുണ്ട്. പെയിന്റിങ്ങില്‍ നിപ്പോണ്‍ പെയിന്റും കോട്ടിങ്ങില്‍ എം.ആര്‍.എഫും ആണ് ഉപയോഗിച്ചിരിക്കുന്നത്. ഫാമിലി ലിവിങ് ഏരിയയില്‍ സൊമാനി ടൈല്‍ ആണ് വിരിച്ചിരിക്കുന്നത്. റെഡിമെയ്ഡ് ഫര്‍ണിച്ചര്‍ സുവാരിയില്‍ നിന്നുമാണ്. ബെഡ്‌റൂമിലെ വാള്‍ക്ലാഡിങ് ചെയ്തിരിക്കുന്നത് ഗ്ലാസില്‍ ഫിലിം ഒട്ടിച്ചാണ്. ഇതു കണ്ടാല്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ എന്ന പ്രതീതി തോന്നും. ഫര്‍ണിഷിങ്ങില്‍ ജ്യൂട്ട് കര്‍ട്ടനാണ്. വുഡും ഗ്രനൈറ്റും മിക്‌സ് ചെയ്തുള്ള ഡിസൈനാണ് ലിവിങ്ങിന്റെ ഫ്‌ളോറിങ്ങില്‍. ഡൈനിങ്ങിലാവട്ടെ ടൈലുകള്‍ കട്ട് ചെയ്ത് മിക്‌സ് ചെയ്ത് ഡിസൈന്‍ തീര്‍ത്തിരിക്കുന്നു. വേസ്റ്റ് വരാത്ത വിധമാണ് ഇവയുടെ എല്ലാം ഉപയോഗം.
നാല് ബാത്ത്അറ്റാച്ച്ഡ് ബെഡ്‌റൂമുകള്‍, ഫോമല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചന്‍ ഇത്രയും ഇടങ്ങളാണ് 2352 സ്‌ക്വര്‍ഫീറ്റില്‍ ചെയ്തിരിക്കുന്നത്. ക്വാളിറ്റി ഉല്പന്നങ്ങള്‍ ഉപയോഗിച്ചുള്ള അകത്തളത്തിന് ഫര്‍ണിച്ചറും ഫര്‍ണിഷിങ്ങും ഉള്‍പ്പെടെ 12 ലക്ഷം രൂപ ചെലവു വന്നിട്ടുണ്ട്. സ്ട്രക്ചറിന്റെ നിര്‍മ്മാണം 20 ലക്ഷത്തില്‍ ഒതുക്കുവാന്‍ കഴിഞ്ഞിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *