ഗൃഹനിര്‍മ്മാണത്തിന് പ്രാധാന്യമേറും

രാജ്യത്തിന്റെ സ്ഥിതി തൃപ്തികരമാണെങ്കില്‍ ആര്‍ക്കിടെക്റ്റുകളുടെ നിലയും ഭദ്രമായിരിക്കും. അതായത് അതാത് രാജ്യങ്ങളിലെ ആര്‍ക്കിടെക്റ്റുകളുടെ അവസ്ഥയാണ് ഏതൊരു രാജ്യത്തിന്റെയും പുരോഗതി വിലയിരുത്താനുള്ള മാനദണ്ഡം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍. ഈ ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണമാണ് ഏറ്റവും പ്രധാനം. നിക്ഷേപങ്ങള്‍ വളരെ കുറഞ്ഞിരിക്കുന്നു. സമ്പദ് വ്യവസ്ഥ തകര്‍ന്നടിയാതിരിക്കാന്‍ പല ഉത്തേജക പാക്കേജുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവ കേവലം നിലനില്‍പ്പിനേ ഉതകുകയുള്ളൂ. നിലവിലുള്ള പാക്കേജുകള്‍ക്കൊന്നും നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയുകയില്ല. പാര്‍പ്പിട മേഖല, നിര്‍മ്മാണപദ്ധതികള്‍, വാണിജ്യം, കൃഷി എന്നിങ്ങനെ വിവധ തലങ്ങളില്‍ നിക്ഷേപം നടക്കേണ്ടതുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാങ്കുകള്‍ ഉള്‍പ്പെടെ പല ബിസിനസുകളും മാറ്റത്തിന്റെ പാതയിലാണ്. പല ബാങ്കുകളും നിലനില്‍പ്പിനായി ശാഖകളുടെ എണ്ണം കുറയ്ക്കുകയാണ്. മാളുകളും മറ്റും ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതും ഓഫീസ് ജോലിക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഈ സാഹചര്യത്തിലും കൃഷിയുടെയും ഗൃഹനിര്‍മ്മാണത്തിന്റെയും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ച് ആര്‍ക്കിടെക്റ്റുകള്‍ പുനര്‍വിചിന്തനം ചെയ്യേണ്ട സമയമാണിത്. നിലവിലെ നിര്‍മ്മാണരീതികള്‍ അതേപടി തുടരുന്നതില്‍ അര്‍ത്ഥമില്ല. നൂതന ഡിസൈന്‍ ശൈലികള്‍ വികസിപ്പിച്ചെടുത്തേ മതിയാകൂ. അതിനുവേണ്ടി ഓരോരുത്തരും അവരവരുടെ കഴിവുകള്‍ പരമാവധി പുറത്തെടുക്കണം.
കോവിഡ് കാലത്തിനു ശേഷം ഗൃഹനിര്‍മ്മാണത്തിലാണ് ആര്‍ക്കിടെക്റ്റുകള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. ചുരുങ്ങിയ സമയത്തിനകം പ്രവാസികള്‍ കൂട്ടത്തോടെ ഇവിടെയെത്തും. അവരില്‍ പലരും ഇനി തിരിച്ചുപോകാനും ഇടയില്ല. അതുകൊണ്ട് തന്നെ വീടുകള്‍ക്ക് ആവശ്യക്കാരേറും. ചുരുങ്ങിയ ചെലവില്‍ അതിവേഗം സൗകര്യപ്രദമായ വീടുകള്‍ ഒരുക്കുകയാണ് വേണ്ടത്. നുതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിര്‍മ്മിതികള്‍ വേഗം പൂര്‍ത്തീകരിക്കാനാവും. ഏവര്‍ക്കും താങ്ങാനാവുന്ന വിലയില്‍ ക്രിയാത്മകവും വിവിധോദ്ദേശ്യപരവുമായ ഇടങ്ങള്‍ ഒരുക്കുകയാണ് വേണ്ടത്. നിര്‍മ്മാണച്ചെലവ് കുറയ്ക്കാന്‍ എഞ്ചിനീയര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സഹായം തേടാവുന്നതാണ്. ചുരുങ്ങിയ ചെലവില്‍ അതിവേഗം നിര്‍മ്മാണം സാധ്യമാക്കുന്ന നൂതന സാങ്കേതികവിദ്യകള്‍ നാം കണ്ടെത്തേണ്ടതുണ്ട്.
ഇന്നത്തെ ഭൂരിഭാഗം ഫഌറ്റുകളുടെയും ഭാഗമായ വിശാലമായ ലോബികള്‍, നീന്തല്‍ക്കുളം, ക്ലബ്ബ് ഹൗസുകള്‍ എന്നിവ ഒഴിവാക്കാവുന്നതാണ്. പല ഫഌറ്റുകളിലെയും നീന്തല്‍ക്കുളങ്ങളും ക്ലബ്ബ് ഹൗസുകളും നിലവില്‍ ഉപയോഗശൂന്യമാണ്. അവ ഒഴിവാക്കിയാല്‍ ഫഌറ്റുകളുടെ നിര്‍മ്മാണച്ചെലവും പരിപാലനച്ചെലവും ഗണ്യമായി കുറയും. പലപ്പോഴും ഇടത്തരക്കാര്‍ക്കും ഉയര്‍ന്ന വരുമാനക്കാര്‍ക്കും വേണ്ടിയാണ് ആര്‍ക്കിടെക്റ്റുകള്‍ വീടൊരുക്കുന്നത്. വരുമാനം കുറഞ്ഞവര്‍ക്കും നിത്യവൃത്തിക്ക് വക കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്കും ആര്‍ക്കിടെക്റ്റുകളുടെ സേവനം ആവശ്യമുണ്ട്. പലപ്പോഴും സര്‍ക്കാരാണ് ഇവര്‍ക്ക് പാര്‍പ്പിടം ഒരുക്കാറ്. ഇതിനുവേണ്ടി സര്‍ക്കാരിനൊപ്പം കൈകോര്‍ക്കാന്‍ ആര്‍ക്കിടെക്റ്റുകള്‍ക്ക് കഴിയണം. പാരിസ്ഥിതികാഘാതം കുറയ്ക്കുന്നതിനും ഊര്‍ജ്ജസംരക്ഷണത്തിനും വേണ്ട നടപടികളും ആര്‍ക്കിടെക്റ്റുകള്‍ കൈക്കൊള്ളേണ്ടതുണ്ട്. ഇതിലൂടെ ഭൂമിയെ തന്നെയാണ് നാം ആത്യന്തികമായി സംരക്ഷിക്കുന്നത്. പ്രാദേശിക വൃക്ഷലതാദികളെയും ഭൂപ്രകൃതിയെയും പരമാവധി പ്രയോജനപ്പെടുത്തിയാല്‍ പാരിസ്ഥിതികാഘാതം ഗണ്യമായി കുറയും. സൃഷ്ടിപരമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്റ്റ് ദൈവതുല്യനോ, ദൈവത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നതോ ആയ വ്യക്തിയാണ് എന്നാണ് എന്റെ അഭിപ്രായം. അതിനാല്‍ പ്രകൃതിയോടിണങ്ങിയതും ഉപഭോക്തൃസൗഹൃദവുമായ ഇടങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഒരുക്കിയെങ്കിലേ ആര്‍ക്കിടെക്റ്റ് ഒരു സാമൂഹ്യജീവി ആവുകയുള്ളൂ.
ആര്‍ക്കിടെക്റ്റ് എസ്. ഗോപകുമാര്‍

About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*