വീടിന്റെ എലിവേഷനിലെ പ്രധാന ആകര്‍ഷണം ഏറുമാടം പോലെ കാര്‍പോര്‍ച്ചിനു മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഓഫീസ് റൂമാണ്

ഒന്ന്: വീട്ടിലെ എല്ലാ മുറികളും കുടുംബാംഗങ്ങളെല്ലാം എല്ലാ ദിവസവും ഒരിക്കലെങ്കിലും ഉപയോഗിച്ചിരിക്കണം. രണ്ട്: മക്കള്‍ക്കിഷ്ടപ്പെടുന്ന ആധുനിക കാഴ്ചപ്പാടിലുള്ള ഒരു ഡിസൈനാകണം. മൂന്ന്: മക്കള്‍ക്ക് വിവാഹപ്രായമാകുന്നതുവരെ അവര്‍ക്ക് മാതാപിതാക്കളുടെ കണ്‍വെട്ടത്തു വളരുവാനുള്ള സൗകര്യമൊരുക്കണം. നാല്: വീടിനു മുകളില്‍ പച്ചക്കറിക്കൃഷി ചെയ്യുവാനുള്ള സൗകര്യം വേണം. അഞ്ച്: ഞങ്ങളുടെ പൗള്‍ട്രി ബിസിനസ് സംരംഭം കൂടി പുതിയ വീട്ടില്‍ നിന്നും നിരീക്ഷിക്കുവാനും നിയന്ത്രിക്കുവാനുമാകണം. ഒറ്റശ്വാസത്തില്‍ ഡിസൈനര്‍മാരോട് പറഞ്ഞ ഇക്കാര്യങ്ങളോടൊപ്പം അബ്ദുള്‍സലാം ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു. ”ഇതിനകം മൂന്നുനാല് ഡിസൈനര്‍മാരുടെ ഡിസൈന്‍ കണ്ടു കഴിഞ്ഞു. ഒന്നും ഇഷ്ടപ്പെട്ടില്ല!”. അദ്ദേഹത്തിന്റെ തനിനാടന്‍ ശൈലിയിലുള്ള സംസാരം മുഴുവനാക്കാന്‍ സമ്മതിക്കാതെ യുവ ഡിസൈനര്‍മാരായ ഷിനൂബും ഷൈജുവും ഷെറിന്‍ രാജും അബ്ദുള്‍ സലാമിനെ തങ്ങളുടെ ക്ലൈന്റായി ഏറ്റെടുത്തുകൊണ്ട് ഹസ്തദാനം ചെയ്തു.

രണ്ടു ദിവസത്തിനു ശേഷം അബ്ദുള്‍ സലാം മനസില്‍ കണ്ട അതേ സൗകര്യങ്ങളും അതിലേറെ സൗന്ദര്യവും ഉള്‍ക്കൊള്ളുന്ന ഒരു ഡിസൈനുമായി കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ആര്‍ഐടി ഡിസൈനേഴ്‌സിലെ യുവഡിസൈനര്‍മാര്‍ തിരികെയെത്തി. പിന്നീട് ക്ലൈന്റിന്റെ പൗള്‍ട്രി ബിസിനസ് പോലെ തന്നെ ത്വരിതഗതിയിലായിരുന്നു, കണ്ണൂര്‍ വലിയന്നൂരിലുള്ള (മുണ്ടേരി പഞ്ചായത്ത്) ‘റൗള ഗ്രീന്‍ ഗാര്‍ഡന്‍’ എന്ന വീടിന്റെ വളര്‍ച്ച.

”അബ്ദുള്‍ സലാമും ഭാര്യ റൗളയും മക്കളായ റസലും സനയും ഷാനയുമടങ്ങുന്ന അഞ്ചംഗ കുടുംബത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും വേണം. 4200 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമാണ് വീടിനുള്ളത്. ഇതില്‍ 3200 സ്‌ക്വയര്‍ ഫീറ്റ് താഴെയും ബാക്കി മുകളിലുമാണ്.

വരാന്ത, ഫോയര്‍, മൂന്ന് ബെഡ്‌റൂമുകള്‍, രണ്ട് ലിവിങ് ഏരിയകള്‍, ഡൈനിങ്, പ്രെയര്‍റൂം, സ്റ്റഡിറൂം, എന്റര്‍ ടെയ്ന്റ്‌മെന്റ്‌റൂം, കിച്ചന്‍, സ്റ്റോര്‍റൂം എന്നിവ താഴത്തെ നിലയില്‍ ഉള്‍ക്കൊള്ളിക്കുക വഴി എല്ലായിടത്തും എല്ലാവരുടെയും പെരുമാറ്റവും നിരീക്ഷണവും ഉറപ്പാക്കാനായി. ഓഫീസ് സ്‌പേസും യോഗാസ്‌പേസും മാത്രം മുകള്‍നിലയിലാണ്” ഷിനൂബ് പറയുന്നു.

ഏറുമാടം പോലെ
ഏറുമാടം കണക്കെ കാര്‍പോര്‍ച്ചിനു മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഓഫീസ് റൂമാണ് വീടിന്റെ എലിവേഷനിലെ പ്രധാന ആകര്‍ഷണം. ”ഓഫീസിന് ഒരു ഏറുമാടത്തിന്റെ പ്രതീതിയാണ് ഡിസൈനര്‍മാര്‍ നല്‍കിയിരിക്കുന്നത്. ബിസിനസ് കാര്യത്തിനായി ആരു വന്നാലും വീട്ടുകാര്‍ക്ക് ശല്യമുണ്ടാവാത്തവിധം പോര്‍ച്ചിന്റെ ഭാഗമായി രൂപപ്പെടുത്തിയിരിക്കുന്ന സ്റ്റെയര്‍ വഴി ഓഫീസ് റൂമിലേക്കെത്താം. ഇതൊരു ഓഫീസ് കം ജെന്‍സ് ലിവിങ്ങാണ്. കുറച്ചു പൊക്കമുള്ള സ്ഥലമായതു കൊണ്ടു തന്നെ ഇവിടെ നിന്നു നോക്കിയാല്‍ പൗള്‍ട്രി ഫാമും, ഞങ്ങളുടെ തറവാടും, അയല്‍വീടുകളും ഉള്‍പ്പെടെ മുണ്ടേരി പഞ്ചായത്തിലെ ഭൂരിഭാഗം ഏരിയയും കാണാം” അബ്ദുള്‍ സലാം പറയുന്നു.
എയര്‍കണ്ടീഷന്‍ ചെയ്ത റൂം ആയതു കൊണ്ടു തന്നെ ജാലകങ്ങള്‍ അടച്ചാല്‍ തണുപ്പ് ഒട്ടും പുറത്തു പോകാത്ത വിധത്തിലുള്ള ഫാബ്രിക്കേറ്റഡ് വിന്റോകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. വെനീഷ്യന്‍ ബ്ലൈന്റ് അകത്തേക്കുള്ള സൂര്യപ്രകാശത്തിന്റെ തോത് തുലോം കുറയ്ക്കുകയും ചെയ്യുന്നു. ആര്‍ട്ടിഫിഷ്യല്‍ വുഡ് ലാമിനേറ്റഡ് ഫ്‌ളോറിങ്ങും ഫര്‍ണിച്ചറും, കോഫി ടേബിളും ഫ്രീ സ്റ്റാന്റിങ് ഡിസ്‌പ്ലേ യൂണിറ്റും സീലിങ്ങിലെ പാനലിങ്ങുമെല്ലാം ഒന്നിനോടൊന്നു ചേര്‍ന്നു പോകുന്ന നിറപ്പകര്‍ച്ചയില്‍ നിര്‍മ്മിച്ചവയാണ്. പൊക്കം കുറഞ്ഞ സോഫാസെറ്റികള്‍ ഓഫീസിലെത്തുന്നവര്‍ക്ക് സുഖകരമായ ഇരിപ്പ് ഉറപ്പാക്കുന്നു. രാത്രിയില്‍ എല്‍ഇഡി ലൈറ്റുകള്‍ ഓഫീസിനെ പ്രകാശമാനമാക്കും. വീട്ടിലെ എല്ലാ മുറികളിലും വെളിച്ചത്തിനായി എല്‍ഇഡി ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

അര്‍ദ്ധ സുതാര്യം
”ഒരു സെന്റര്‍ കോര്‍ട്ട്‌യാര്‍ഡിനു ചുറ്റുമായാണ് മുറികളെല്ലാം കൊടുത്തത്. ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ലേഡീസ് ലിവിങ് എന്നിവ കോര്‍ട്ട്‌യാര്‍ഡിന് ഇടതു വശത്തായി ഒരേ നിരയില്‍ കൊടുത്തു. പ്രധാന ലിവിങ് ഏരിയയും ഡൈനിങ്ങും ഓപ്പണ്‍ ശൈലിയിലാണ് ഡിസൈന്‍ ചെയ്തത്. ഇവയില്‍ നിന്നും ചെറിയൊരു വേര്‍തിരിവു നല്‍കുന്നതിനായി ലേഡീസ് ലിവിങ്ങിന് അര്‍ദ്ധ സുതാര്യമായ ഒരു പാര്‍ട്ടീഷന്‍ കൊടുത്തു. ലേഡീസ് ലിവിങ്ങിലിരിക്കുന്ന സ്ത്രീകള്‍ക്ക് ഗസ്റ്റ് ലിവിങ്ങിലുള്ള പുരുഷന്‍മാരുമായി ഒരു ചെറുമറയുടെ അകലത്തില്‍ സംസാരിക്കാന്‍ ഇതുപകരിക്കും. മുസ്ലീം രീതിയനുസരിച്ചുള്ള ഒരു തട്ടത്തിന്റെ മറയെന്ന പോലെ” ഷെറിന്‍ രാജ് പറയുന്നു.
ഒരു അരഭിത്തി കെട്ടി അതിനു മുകളില്‍ കരിങ്കല്‍ തൂണുകള്‍ നാട്ടിയാണ് ഇത്തരത്തിലൊരു മറ സാധ്യമാക്കിയിരിക്കുന്നത്. ഡൈനിങ്ങ് സ്‌പേസിന്റെ തറ രണ്ടിഞ്ച് പൊക്കിക്കെട്ടിയിട്ടുണ്ട്. ഇത് പ്രധാന ലിവിങ് ഏരിയയും ഡൈനിങ്ങും തമ്മില്‍ ഒരു വേര്‍തിരിവ് ഉണ്ടാക്കുന്നു. ഡൈനിങ്ങിനരികിലായി വാഷ് ഏരിയയും കോമണ്‍ ടോയ്‌ലറ്റ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.
ഓപ്പണ്‍ സ്‌പേസ് ഏരിയ കൂടാതെ രണ്ട് ബെഡ്‌റൂമുകളും (ഗസ്റ്റ് ബെഡ്‌റൂം, കിഡ്‌സ് ബെഡ്‌റൂം) കിച്ചനും വര്‍ക്ക് ഏരിയയും കോര്‍ട്ട്‌യാര്‍ഡിന്റെ ഇടതുവശത്തുണ്ട്.

കൗതുകക്കാഴ്ചകള്‍
വീട് മുഴുവന്‍ സംഗീതത്തിന്റെ കുളിരരുവിയൊഴുക്കുന്ന സൗണ്ട് സിസ്റ്റത്തിന്റെ മാസ്റ്റര്‍ കണ്‍ട്രോള്‍ ലിവിങ് റൂമിലാണുള്ളത്. മുറികളിലെല്ലാം സ്പീക്കറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. പക്ഷേ ഭിത്തിയിലെയും സീലിങ്ങിലെയും പാനലുകള്‍ ഇവയെ കണ്‍സീല്‍ഡാക്കി മുറികളുടെ ചന്തം കാക്കുന്നു. ലിവിങ്‌റൂമിലെ ട്രഡീഷണല്‍ ശൈലിയിലുള്ള പാനലിങ് പ്ലൈവുഡും വെനീറും ചേര്‍ത്തു നിര്‍മ്മിച്ചതാണ്. ‘ഘ’ ഷേപ്പിലുള്ള സോഫയില്‍ ചാരിയിരുന്ന് കോര്‍ട്ട്‌യാര്‍ഡിന്റെ വലതുവശത്തുള്ള ഭിത്തിയില്‍ ഘടിപ്പിച്ചിരിക്കുന്ന ടി.വി. കാണാം. ഒറ്റനോട്ടത്തില്‍ വെനീറാണെന്നു തോന്നുന്ന വെനീര്‍ ഷേഡിലുള്ള ടൈല്‍ പതിച്ച് ടി.വി. ഏരിയ ആകര്‍ഷകമാക്കിയിട്ടുണ്ട്.

”പ്രധാന വാതിലിനും ഫോയര്‍ സ്‌പേസിനും നേരെയാണ് പ്രെയര്‍ റൂമിന്റെ സ്ഥാനം. പ്രെയര്‍ റൂമിന്റെ ഭാഗത്തുള്ള നിലംപറ്റി നില്‍ക്കുന്ന വിന്റോയ്ക്ക് ജനല്‍ പാളിയില്ല. ഇവിടെ ജനല്‍ ഫ്രെയിമായി മാറുന്നത് ആര്‍ട്ടിഫിഷ്യല്‍ ഗ്രാസാണ്. ഭിത്തിയില്‍ ടൈഗര്‍ ഫിനിഷിലുള്ള വാള്‍പേപ്പര്‍ ഒട്ടിച്ച് ഇതിന് ഒരു തുടര്‍ച്ചയായും നല്‍കുവാന്‍ ശ്രമിച്ചിട്ടുണ്ട്” ഷൈജു പറയുന്നു.
പ്രെയര്‍ റൂമിനോടു ചേര്‍ന്ന സ്റ്റഡി റൂമിലെ പ്രധാന ആകര്‍ഷണം അവിടുത്തെ ഷെല്‍ഫാണ്. സ്‌ക്വയര്‍ ഷേപ്പിലുള്ള ഷെല്‍ഫിന്റെ തട്ടുകള്‍ കുട്ടികളുടെ പേരിന്റെ ആദ്യാക്ഷരങ്ങളായ ‘ടഞട’ എന്നീ ആകൃതികളിലൊരുക്കിയിരിക്കുന്നത് ആരിലും കൗതുകം ജനിപ്പിക്കും. മൂന്നു കുട്ടികള്‍ക്കും കൂടി വേണ്ടി സ്റ്റഡി ടേബിളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്ലൈവുഡും മൈക്കയും ഉപയോഗിച്ചാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.

മിനി തീയേറ്റര്‍
അക്വാസ്റ്റിക്‌സ് ചെയ്ത എന്റര്‍ടെയ്ന്‍മെന്റ് റൂമില്‍ ഒരേ സമയം 8 പേര്‍ക്കിരുന്ന് വലിയ സ്‌ക്രീനില്‍ സിനിമയും ടെലിവിഷന്‍ പരിപാടികളും കാണാം.
5 ത 3.5 അടി വലിപ്പത്തിലാണ് സ്‌ക്രീനിന്റെ നിര്‍മിതി. പ്രൊജക്ടര്‍ ഉപയോഗിച്ച് ഇത്ര വലിയ സ്‌ക്രീനില്‍ പരിപാടികള്‍ കാണാമെന്നതും ശബ്ദത്തിന്റെ വ്യക്തതയും ഇവിടുത്തെ കാഴ്ച്ചയ്ക്കും കേള്‍വിക്കും ഒരു ഹോം തീയേറ്റര്‍ അനുഭവം നല്‍കുന്നു. കോര്‍ട്ട്‌യാര്‍ഡിന്റെ വലതു വശത്താണ് എന്റര്‍ടെയ്ന്‍ മെന്റ്‌റൂം.

കൂടുതല്‍ സ്റ്റോറേജ് സൗകര്യത്തോടെ
മൂന്ന് ബെഡ്‌റൂമുകളും സൗകര്യത്തിന്റെ കാര്യത്തില്‍ ഒന്നിനോടൊന്നു മല്‍സരിക്കുന്നവയാണ്. ജിപ്‌സവും പ്ലൈവുഡും വെനീറും ചേര്‍ന്ന് നിര്‍മ്മിച്ച ഫാള്‍സ് സീലിങ്ങിലെ വ്യത്യസ്ത ഡിസൈനുകള്‍ ഓരോ കിടപ്പുമുറിക്കും വ്യത്യസ്തത പകരുന്നുണ്ട്. പ്ലൈവുഡും വെനീറും കൊണ്ടു നിര്‍മ്മിച്ച വാഡ്രോബുകളും കട്ടിലിനടിയിലെ ഷെല്‍ഫുകളും കിടപ്പുമുറികള്‍ക്ക് ധാരാളം സ്റ്റോറേജ് സൗകര്യം നല്‍കുന്നു. ഡിസൈനര്‍മാര്‍ നല്‍കിയ ഡിസൈന്‍ അടിസ്ഥാനമാക്കി ‘സ്ലീക്ക്’ കമ്പനിയാണ് മോഡുലാര്‍ കിച്ചന്‍ ഒരുക്കിയത്. പര്‍പ്പിള്‍, വൈറ്റ്, ബ്ലാക്ക് കോമ്പിനേഷനിലുള്ള കിച്ചനില്‍ ഫ്‌ളോറിങ്ങിനായി ഡാര്‍ക്ക് ഗ്രനൈറ്റാണ് ഉപയോഗിച്ചിട്ടുള്ളത്. ഒരു ഐലന്റ് ടേബിള്‍ അടുക്കളയെ രണ്ടായി വിഭജിക്കുന്നു. രണ്ട് കുക്കിങ് ഏരിയകള്‍ ഇവിടെയുണ്ട്. ചായയും ബ്രേക്ക്ഫാസ്റ്റും മറ്റും ഉണ്ടാക്കുന്നതിനുള്ള ലഘുപാചകത്തിനുതകുന്ന ഒരു ഏരിയയും, പൊരിക്കുകയും വറുക്കുകയുമൊക്കെ ചെയ്യാനുള്ള അതായത് കൂടുതല്‍ പാചക പ്രവൃത്തി നടക്കുന്ന മറ്റൊരു വിഭാഗവും.

പൂര്‍ണ്ണസുരക്ഷിതത്വം
”പൂര്‍ണ്ണസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഗ്യാസ് സിലിണ്ടര്‍ വീടിനോടു ചേര്‍ന്ന ഔട്ട് ഹൗസിലാണ് സ്ഥാപിച്ചിരിക്കുന്നത്. പൈപ്പ് ലൈന്‍ മുഖേന ഗ്യാസ് പ്രധാന കിച്ചനിലേക്കും ഓഫീസ് മുറിയിലും യോഗ സ്‌പേസിലുള്ള കോഫിമേക്കിങ് ഏരിയകളിലേക്കുമെത്തിക്കുന്നു. സെക്യൂരിറ്റി ക്യാമറകളും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ഗേറ്റുമെല്ലാം വീടിന് പൂര്‍ണ്ണസുരക്ഷ ഉറപ്പാക്കുന്നുണ്ട്”. ഷിനൂബ് പറയുന്നു.

മുട്ടക്കുന്നുകള്‍ പോലെ ഒരുക്കിയ പുല്‍ത്തകിടിയും മതിലിന്റെ ഓരം പറ്റി വളരുന്ന അലങ്കാരമുളകളും പനകളും വീട്ടിലേക്കുള്ള പ്രവേശനമാത്രയില്‍ തന്നെ അതിഥികളുടെ ഉള്ളിലൊരു പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. വീടിനു മുകളിലുമുണ്ട് ഹരിത സാന്നിധ്യം. ബീം വരുന്ന ഭാഗങ്ങളില്‍ പ്ലാന്റര്‍ ബോക്‌സുകള്‍ പണിത് അതിനകത്തു മണ്ണ് നിറച്ചാണ് മുകളിലെ കൃഷിയിടം ഒരുക്കിയിരിക്കുന്നത്. അവിടെ തക്കാളിയും, ചീരയും, പുതിനയും, വെണ്ടയുമൊക്കെ സമൃദ്ധമായി വളരുന്നു. വീടിനു പുറകിലുള്ള ഭൂമിയാവട്ടെ തട്ടുതട്ടാക്കി മാറ്റി അവിടെ പലതരം പക്ഷികള്‍ക്ക് ആവാസകേന്ദ്രം ഒരുക്കിയിട്ടുണ്ട്. ഗോള്‍ഡന്‍ ഫെസന്റ്, സില്‍വര്‍ ഫെസന്റ്, അരയന്നം, വിവിധയിനം അലങ്കാര കോഴികള്‍ എന്നിവ ഇവിടെ വളരുന്നു. മഴവില്ലിലെ വര്‍ണ്ണങ്ങളെല്ലാം ക്യത്യമായ അനുപാതത്തില്‍ ഒരു പക്ഷിയുടെ തൂവലിലേക്ക് വരച്ചു ചേര്‍ത്തതു പോലെയാണ് ഗോള്‍ഡന്‍ ഫെസന്റിന്റെ രൂപഭംഗി. ഇതുപോലെ കൃത്യമായ അനുപാതത്തിലും, അളവിലും, സൗകര്യവും സൗന്ദര്യവും ചാലിച്ചെടുത്തിരിക്കുന്നുവെന്നതാണ് ഈ വീടിനെ ഇത്രമേല്‍ സുന്ദരമാക്കുന്നതും. ‘ഗ്രീന്‍ ഗാര്‍ഡന്‍’ എന്ന പേര് എന്തുകൊണ്ടും വീടിന് അന്വര്‍ത്ഥമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *