ഗ്രീന്‍ ബില്‍ഡിങ്ങുകളും ഗ്രീന്‍ ഇന്റീരിയറുകളും അടിസ്ഥാനമാക്കുന്ന എല്ലാ ആശയങ്ങളും പ്രധാനമായും ശ്രമിക്കുന്നത് മനുഷ്യാവാസസ്ഥലങ്ങളില്‍ സുഖവും സന്തോഷവും സൃഷ്ടിക്കുവാനാണ്. പ്രകൃതിക്ക് ഭാരമാകാതെയും പ്രകൃതിയെ നോവിക്കാതെയും പണിയുന്ന സൗധങ്ങള്‍ എന്നും എപ്പോഴും നിലനില്‍ക്കും. ഇത്തരത്തില്‍ പണിയുന്ന കെട്ടിടങ്ങള്‍ നല്‍കുന്ന അന്തരീക്ഷം സന്തോഷഭരിതമാകും വിധം പോസിറ്റീവ് ആയിരിക്കും.

ജീവനയോഗ്യത വര്‍ദ്ധിപ്പിക്കുന്നതു വഴി മാത്രമേ വാസസ്ഥലം ഉപയോഗിക്കുന്നവര്‍ക്ക് അത് ഗുണകരമാകൂ. ഇതിനായി നാം പ്രയോജനപ്പെടുത്തുന്ന രീതികളെ ‘ഗ്രീന്‍’ എന്നു വിശേഷിപ്പിക്കാം. വാസസ്ഥലമല്ല; ഒരു ഓഫീസ് ആണെന്നിരിക്കട്ടെ, അവിടുത്തെ തൊഴിലാളികളുടെ കഴിവുകളും സാമര്‍ഥ്യവും പൂര്‍ണമായും പ്രകടമാകുന്നത് അവരുടെ ജോലിസ്ഥലം ഒരു സന്തോഷപ്രദമായ അന്തരീക്ഷമാകുമ്പോഴാണ്. ഇത്തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഗ്രീന്‍ ഇന്റീരിയറുകള്‍ക്ക് പ്രധാന പങ്കുണ്ട്. അത്തരത്തിലുള്ള ഒരു ശ്രമത്തിന്റെ ഭാഗമായാണ് ജിടിസിഎസ്സിലെ, ശ്രീഗണേഷ് വി നായര്‍ ചഋകജഘ (Next Education India (P) Ltd.‑) എന്ന സ്ഥാപനത്തിന് വേണ്ടി ഒരു ഗ്രീന്‍ ഇന്റീരിയര്‍ സൃഷ്ടിച്ചത്.

”ഈ ഓഫീസ് സ്‌പേസ് തയ്യാറാക്കി എടുക്കുന്നതിന് നാലരമാസമാണ് എടുത്തത്. ഇനി വരുന്ന നാളുകളില്‍ ഊര്‍ജ്ജസംരക്ഷണവും ജല സംരക്ഷണവും ഫലപ്രദമാകണമെങ്കില്‍ ഗ്രീന്‍ ബില്‍ഡിങ്ങുകള്‍ ആണിവിടെ പണിയേണ്ടത്. പ്രബുദ്ധരായ ജനങ്ങള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ ഭാവിയില്‍ നമുക്ക് ഊര്‍ജ്ജവും ജലവും ഇല്ലാത്ത ഒരു കാലം ഒഴിവാക്കുവാന്‍ സാധിക്കും. മാത്രമല്ല ഇത്തരം സൗധങ്ങളില്‍ വസിക്കുന്നവര്‍ക്ക് എക്കാലവും സന്തോഷത്തിന്റെ സൂചിക ഉയര്‍ന്നിരിക്കും. ഇവര്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമത ഉള്ളവരായിരിക്കും.” എന്ന് ഡിസൈന്‍ കണ്‍സള്‍ട്ടന്റ് ശ്രീഗണേഷ് നായര്‍ പറയുന്നു.

OLYMPUS DIGITAL CAMERA

”ഞങ്ങള്‍ക്ക് ഓഫീസിന്റെ ആവശ്യത്തിനായി ഒരു സ്ഥലം തെരഞ്ഞെടുക്കാന്‍ ഏറെ പരിമിതികളുണ്ടായിരുന്നു. അപ്പോഴാണ് 5000 സ്‌ക്വയര്‍ഫീറ്റില്‍ 25 തൂണുകള്‍ ഉള്ള പല ആംഗിളുകളില്‍ അസിമെട്രിക് ആയി നില്‍ക്കുന്ന ഈ സ്‌പേസ് കിട്ടിയത്. ക്രമമില്ലാതെ പണിതിരുന്ന ഈ സ്‌പേസ് അസാധാരണ ഡിസൈന്‍ മികവിലൂടെ ചതുരാകൃതിയിലുള്ള സ്‌പേസ് ആയി ജി ടി സി എസ് മാറ്റിയെടുത്തു. ഒരു സ്ട്രക്ചറല്‍ മാറ്റവും ചെയ്യാതെ തന്നെ ചരിഞ്ഞും തിരിഞ്ഞും നിന്നിരുന്ന തൂണുകളെ പ്രയോജനമുള്ള അലങ്കാരം വഴി ചതുരാകൃതിയിലേക്ക് മാറ്റുവാന്‍ ഇവര്‍ക്ക് സാധിച്ചു. മൊത്തത്തില്‍ ജീവനക്കാരുടെ തൊഴില്‍ നിലവാരവും ഓഫീസ് അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതായിരിക്കുന്നു, ഇന്റീരിയര്‍”. സ്ഥാപനത്തിന്റെ സി എഫ് ഒ, രവീന്ദ്രനാഥ് കാമത്ത് പറയുന്നു

OLYMPUS DIGITAL CAMERA

സവിശേഷതകള്‍

ഈ ഓഫീസ് ഇന്റീരിയറിന്റെ എടുത്തു പറയത്തക്ക സവിശേഷതകള്‍ ഇവയാണ്:

  •  ഇക്കോഫ്രണ്ട്‌ലി ആയുള്ള ആശയങ്ങള്‍. ഊര്‍ജ്ജ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്ന ഡിസൈന്‍ മൂലം, വൈദ്യുതി, ജലം എന്നിവയുടെ ചാര്‍ജ്ജുകള്‍ ഗണ്യമായി കുറയ്ക്കാനായി.
  •  മുമ്പ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന പഴയ ഓഫീസില്‍ നിന്നും പുതിയ ഓഫീസിന്റെ സ്‌പേസ് ഇരട്ടിയായി വര്‍ദ്ധിച്ചെങ്കിലും, നോണ്‍ എസിയില്‍ നിന്നും പൂര്‍ണമായും എസി ആയി മാറിയിട്ടും പഴയ 30 കെവിഎ ഡിജി സെറ്റ് തന്നെ ഉപയോഗിക്കുവാന്‍ പറ്റുന്ന രീതിയില്‍ പവര്‍പ്ലാനിങ്ങുള്ള ഡിസൈന്‍ ഗ്രീന്‍ ഡിസൈന്റെ ഭാഗമാണ്.
  • ലൈറ്റിങ് ലോഡ് 1000 വാട്ടില്‍ താഴെ മാത്രം വരുന്ന രീതിയില്‍ നിയന്ത്രിക്കാന്‍ എല്‍ ഇ ഡി ലാമ്പുകളുടെ ഉപയോഗം കൊണ്ട് സാധിച്ചു.
  • എയര്‍ കണ്ടീഷനിങ് സിസ്റ്റം ചെയ്തപ്പോള്‍ ഒരു ടണ്ണിനു 250 സ്‌ക്വയര്‍ഫീറ്റ് ഏരിയ വരെ കൂളിങ് കിട്ടുന്ന ഡിസൈന്‍ നല്‍കി.
  • ഗ്രീന്‍ ബില്‍ഡിങ് ആശയമനുസരിച്ച്, പടിഞ്ഞാറു നിന്നും കിഴക്കു നിന്നും വരുന്ന ചൂടിനെ തടുക്കാന്‍ ഡബിള്‍ ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് എസി പ്രവര്‍ത്തിപ്പിക്കേണ്ട സമയം കുറഞ്ഞിട്ടുണ്ട്. കൂടാതെ റൂഫ് സ്ലാബിന്റെ അടിയില്‍ ഇന്‍സുലേഷന്‍ ചെയ്തതുകൊണ്ടും എസി മെഷീനുകള്‍ പ്രവര്‍ത്തിക്കുന്ന സമയം കുറഞ്ഞിട്ടുണ്ട്. ഇത് വ്യക്തമാകുന്നത് കെ എസ് ഇ ബിയുടെ ബില്ലുകളില്‍ നിന്നാണ്.
  • ഇന്റീരിയറില്‍ ശുദ്ധവായു ഉറപ്പാക്കാനായി പകലും രാത്രിയിലും ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെടികള്‍ ഉപയോഗിച്ചു. തന്മൂലം ഇപ്പോള്‍ ഓഫീസില്‍ പൊതുവെ എയര്‍ ക്വാളിറ്റി നന്നായിട്ടുണ്ട്. എസി ഇല്ലാതിരുന്നാലും ക്ഷീണമോ തലവേദനയോ ഉണ്ടാകുന്നില്ല.
  • സൂര്യപ്രകാശം പരമാവധി ലഭിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ള ഡിസൈന്‍ ആകയാല്‍ പകല്‍ സമയങ്ങളില്‍ ലൈറ്റ് ഇടേണ്ട ആവശ്യം കുറഞ്ഞു.
  •  ഇന്റീരിയറിന്റെ തീം ഓപ്പണ്‍ ഓഫീസ് ആശയം ആയതുകൊണ്ടും വെള്ളനിറത്തിന് പ്രാമുഖ്യം നല്‍കിയതുകൊണ്ടും പകല്‍ സമയത്ത് ലൈറ്റ് ഇടേണ്ട ആവശ്യം ഇല്ല.

പുനരുപയോഗം പരമാവധി

പരമാവധി പുനരുപയോഗം ചെയ്യാനാകുന്നതും ചെയ്തതുമായ വസ്തുക്കളുപയോഗിച്ചാണ് ഇവിടെ നിര്‍മാണം നടത്തിയിട്ടുള്ളത്.തടിപ്പണികള്‍ക്കെല്ലാം ഉപയോഗിച്ചിരിക്കുന്നത് അംഗീകൃത വനങ്ങളില്‍നിന്നും ലഭ്യമായ മരങ്ങളുടെ തടിയാണ്. ഫ്‌ളോറിങ്ങിന് വിട്രിഫൈഡ് ടൈലും, വുഡന്‍ ഫ്‌ളോറിങ്ങിന് എച്ച് ഡി എഫും ഉപയോഗിച്ചു. ക്യാബിനുകളെ തമ്മില്‍ വേര്‍തിരിക്കുന്ന പാര്‍ട്ടീഷന് പ്ലൈവുഡും ടഫന്റ് ഗ്ലാസും കൊടുത്തു. ഉള്‍ത്തളങ്ങളിലുണ്ടായിരുന്ന 25 കോണ്‍ക്രീറ്റ് തൂണുകള്‍ പ്ലൈവുഡുകൊണ്ടു പൊതിഞ്ഞ് ചതുരാകൃതിയിലാക്കി. ഫാള്‍സ് സീലിങ് ചെയ്തിരിക്കുന്നത് മിനറല്‍ ഫൈബറിന്റെ കൂടെ അലുമിനിയം ഗ്രിഡും കൂടി ഉപയോഗിച്ചാണ്. വാതിലുകളെല്ലാം പ്ലൈവുഡിലാണ് ചെയ്തിരിക്കുന്നത്. ജലപ്രവാഹം നിയന്ത്രിക്കാവുന്ന തരത്തിലുള്ള സെന്‍സര്‍ സിസ്റ്റത്തോടു കൂടിയ ടാപ്പുകളും ഫിറ്റിങ്ങുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. മിതമായി വെള്ളം ഉപയോഗിക്കാവുന്ന ഉപകരണങ്ങളാണ് ബാത്‌റൂമുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. പുനരുപയോഗിക്കാവുന്ന തടികളാണ് ഫര്‍ണിച്ചറിന് ഉപയോഗിച്ചത്.

NEIPL s ന്റെ ലോഗോ കളര്‍ ഓഫീസില്‍ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്. കമ്പനിയുടെ ‘ഗൈഡിങ് ലൈന്‍സ്’ എന്ന തീം ഫലപ്രദമായി ആവിഷ്‌കരിച്ചിരിക്കുന്നു. ഓഫീസിലെ സ്റ്റാഫ് അംഗങ്ങള്‍ അവരുടെ പുതിയ ഓഫീസ് സ്‌പേസ് ഏറെ ഇഷ്ടപ്പെടുന്നു. എര്‍ഗണോമിക് പ്ലാനിങ് ഉള്ളതുകൊണ്ട് ഇന്റേണല്‍ മൂവ്‌മെന്റിന്റെ ആവശ്യം വളരെ കുറവാണ്. മാത്രവുമല്ല, ആവശ്യത്തിനു വെളിച്ചവും ശുദ്ധവായുവും ഉള്ളതിനാല്‍ ലഭിക്കുന്ന ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ഇവര്‍ സംതൃപ്തരാണ്. ഗ്രീന്‍ ഡിസൈന്‍ വഴി ലഭിച്ചത് അന്താരാഷ്ട്ര നിലവാരമുള്ള, നൂറോളം പേര്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന ഒരു ഓഫീസ് സ്‌പേസ് ആണ്.

ഫോട്ടോ കടപ്പാട് : ജി ടി സി എസ്, കൊച്ചി.

 

ശ്രീ ഗണേഷ് വി നായര്‍

 

Comments are closed.