August 7th, 2015
ചമന്‍

August 7th, 2015
ചമന്‍

 

വള്ളിക്കുടില്‍ പോലൊരു വീട്. പൂക്കളും വല്ലികളും കൊണ്ട് ചുറ്റപ്പെട്ട് ഒരു പര്‍ണ്ണാശ്രമം. കാളുന്ന നഗരച്ചൂടില്‍ നിന്ന് ഈ വീട്ടിലേക്ക് കയറിയാല്‍ പച്ചപ്പിന്റെ ഇരുളിമയും, ചെടിപ്പടര്‍പ്പിന്റെ കുളിര്‍മ്മയും അറിയാം. കാറ്റും, വെളിച്ചവും, നിഴലും, നിലാവും ഇടകലരുന്നത് വീടിനുള്ളില്‍ തന്നെ. മൂടുപടമില്ലാത്ത ചെങ്കല്‍ച്ചുവരുകളും ചമയങ്ങളില്ലാത്ത അകത്തളവുമെല്ലാം ചേര്‍ന്നു കാഴ്ചവയ്ക്കുന്നത് പ്രകൃതിക്കിണങ്ങിയ ഒരു വാസസ്ഥലം. ‘ചമന്‍’ അഥവാ ഉദ്യാനം എന്ന പേരല്ലാതെ മറ്റൊന്നും ഈ വീടിന് ചേരില്ലെന്നു തോന്നും.
ഈ വീടിന്റെ ഡിസൈനിങ്ങിലൂടെ ലഭിച്ച ഡിസൈനര്‍ യങ് ആര്‍ക്കിടെക്റ്റ് അവാര്‍ഡ് ബിജു ബാലന്‍ എന്ന യുവ ആര്‍ക്കിടെക്റ്റിനു മാത്രമായിട്ടുള്ള പുരസ്‌കാരമാണെന്ന് പറയാനാവില്ല. ഇതൊരു വ്യക്തിഗത വിജയത്തിനൊപ്പം, ഒരു ഗൃഹനിര്‍മ്മാണ രീതിയുടെ, ആരോഗ്യകരമായ വാസ്തുകലയ്ക്ക് ആധുനിക കാലത്തുള്ള പ്രസക്തി തെളിയിച്ചതിനുള്ള അംഗീകാരം കൂടിയാണ്. കൃത്രിമത്വമില്ലാത്ത വാസ്തുകല എക്കാലത്തും എവിടേയും സാധ്യമാണ്; അതിന് കാലദേശ സ്ഥലപരിധിയില്ല എന്നു തെളിയിക്കുക കൂടിയാണ് ഈ വീട്. ”ഇന്നു നാം കോടികള്‍ മുടക്കി ചെയ്യുന്ന ഒരു വീട് വര്‍ഷങ്ങള്‍ക്കുശേഷം പൊളിച്ചുകളയേണ്ടി വരുമ്പോള്‍ എന്താണ് ശേഷിപ്പിക്കുക? ഭൂമിക്കു ഭാരമാവുന്ന കുറേ മാലിന്യങ്ങള്‍ മാത്രം. എന്നാല്‍, പണ്ടുകാലത്തെ വീടുകള്‍ പൊളിക്കുമ്പോള്‍ എത്ര ലക്ഷം രൂപയ്ക്കുള്ള ഉരുപ്പടികളാവും അതിലുണ്ടാവുക? മുന്‍കാല കെട്ടിടങ്ങളിലെ ഓരോ സാമഗ്രിയും പുനരുപയോഗയോഗ്യമായിരുന്നു; ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് പൊളിച്ച് കൊണ്ടുപോകുവാന്‍ പറ്റുന്നവയായിരുന്നു. ~ഒരു റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിങ് ടാങ്കുമില്ലാതെ തന്നെ പണ്ടുണ്ടായിരുന്ന വീടുകള്‍ ഭൂമിയിലെ ജലത്തിന്റെ അളവ് ഉയര്‍ത്തുന്നതില്‍ നല്ലൊരു പങ്കു വഹിച്ചിരുന്നു. ഓടിട്ട ചരിഞ്ഞ മേല്‍ക്കൂരയില്‍ വീണിരുന്ന വെള്ളം മുഴുവന്‍ നടുമുറ്റത്തു വീണ് അതു കൃത്യമായി ഭൂമിക്കടിയിലേക്ക് താഴുന്നതിനുള്ള സംവിധാനം അന്നു ണ്ടായിരുന്നു. പണ്ടത്തെ വീടുകളുടെ ഭിത്തികള്‍ ഇന്നത്തെപ്പോലെ രണ്ടും മൂന്നും ലെയര്‍ പുട്ടി ഇട്ട് കട്ടികൂട്ടി പുറമെ വിഷമയമായ പെയിന്റുകള്‍ പൂശിയിരുന്നവയല്ല. ചെങ്കല്ലും മണ്‍കട്ടകളും പലകയും കൊണ്ടു നിര്‍മ്മിച്ചിരുന്ന ഭിത്തികള്‍ ശ്വാസോച്ഛ്വാസം ചെയ്തിരുന്നു. തടി കൊണ്ടുള്ള ഫ്‌ളോറിങ് പ്രകൃതിദത്തമായിരുന്നു. ഇന്ന് നമ്മള്‍ വീടിന്റെ കതകോ ജനലോ പോലും തുറക്കാതെ ശീതികരിച്ച വീടിനുള്ളിലിരുന്ന് കോട്ടിങ്ങുകളും പെയിന്റുകളും പുറത്തു വിടുന്ന വിഷവാതകങ്ങള്‍ ശ്വസിച്ചുകൊണ്ട് മാരക രോഗങ്ങളെ മാടി വിളിക്കുന്നു. പഴമയിലേക്ക് ബുദ്ധിപൂര്‍വ്വകമായൊരു തിരിച്ചു പോക്ക് അത്യാവശ്യമായിരിക്കുന്നു” ആര്‍ക്കിടെക്റ്റ് ബിജു ബാലന്‍ അദ്ദേഹത്തിന്റെ ആകുലതകള്‍ ഡിസൈനറോട് പങ്കു വച്ചു. വെറുതെ ആകുലപ്പെടുക മാത്രമല്ല, നമ്മുടെ പരമ്പരാഗത നാലുകെട്ടുകളില്‍ നിലനിന്നിരുന്ന ആരോഗ്യകരമായ ജീവിതാന്തരീക്ഷം ആധുനിക സാഹചര്യത്തില്‍ എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാനാവുമെന്നും, കുറഞ്ഞ ചെലവില്‍ പ്രകൃതിക്കും ആരോഗ്യത്തിനും ഇണങ്ങിയ മെറ്റീരിയലുകള്‍ ഉപയോഗിച്ചു കൊണ്ടും ഇത് സാധ്യമാണെന്നും വിശദീകരിക്കാനായി സ്വന്തമായൊരു വീട് നിര്‍മ്മിച്ചു കാണിക്കുകയും ചെയ്തിരിക്കുന്നു ഇദ്ദേഹം. ആര്‍ക്കിടെക്റ്റ് ബിജു ബാലനും ജെസ്‌നി അമ്പലപ്പുറത്തും പാര്‍ട്ണര്‍മാരായ ‘ദി ലോറല്‍സ്’ ആണ് വീടിന്റെ നിര്‍മ്മാണ നിര്‍വ്വഹണം.
ഭൂമിയ്ക്കിണങ്ങിയ ജീവിതം
ജീവനുള്ള, ജീവിക്കാന്‍ യോഗ്യമായ ഈ വീട് വെറും നാലുസെന്റിന്റെ പ്ലോട്ടിലാണ് പണി തീര്‍ത്തിരിക്കുന്നത്. അതില്‍ ഒരു ചെറുകുടുംബത്തിന്റെ വീടിനു വേണ്ടതായ ലിവിങ്, ഡൈനിങ്, കിച്ചന്‍, മൂന്ന് ബാത്ത് റൂം അറ്റാച്ച്ഡ് കിടപ്പുമുറികള്‍ എല്ലാമുണ്ട്. ചെടികള്‍ക്കു പുറമെ പേര, ചാമ്പ തുടങ്ങിയ നാടന്‍ ഫലവൃക്ഷങ്ങള്‍ക്കും വീട്ടുമുറ്റത്തു സ്ഥാനം ലഭിച്ചിട്ടുണ്ട്. വീടിന്റെ എലിവേഷനെ ഒരേസമയം ആധുനികവും സുന്ദരവുമാക്കുന്നത് ഇരുമ്പു ഗ്രില്ലും, ഗ്ലാസും, ചെങ്കല്ലും, സിമന്റ് ബോര്‍ഡറും കൂടിച്ചേര്‍ന്നാണ്. പ്ലോട്ടിലുണ്ടായിരുന്ന കിണറിനെ സംരക്ഷിച്ച് വീടിനുള്ളിലാക്കി അതിനോടു ചേര്‍ന്ന് കുട്ടികള്‍ക്കായി ഒരു സ്വിമ്മിങ് പൂള്‍ കൂടി ഒരുക്കാനും മറന്നില്ല. തേയ്ക്കാത്ത ചെങ്കല്‍ച്ചുവരുകള്‍; കല്ലും ബേബി മെറ്റലും ടെറാകോട്ടയും കോട്ടാസ്‌റ്റോണും ചേര്‍ന്നുള്ള പരുക്കന്‍ഫിനിഷിലുള്ള ഫ്‌ളോറിങ്. ടൈലുകളുടെ ഉപയോഗം വെറും 5%; അതും ബാത്ത്‌റൂമില്‍ മാത്രം. കൃത്രിമപെയിന്റുകളൊന്നും ഉപയോഗിച്ചിട്ടില്ല. കശുമാവിന്റെ പശയും കുമ്മായവും ഉപയോഗിച്ചാണ് ഭിത്തികള്‍ക്ക് പോളിഷിങ്. ചെങ്കല്ല്, ഗ്ലാസ്, സ്റ്റോണ്‍ സ്ലാബുകള്‍, ഇരുമ്പുകമ്പികള്‍ എന്നിവ ഉപയോഗിച്ചാണ് സ്ട്രക്ചര്‍ നിര്‍മ്മാണം. ഓപ്പണ്‍ ആയി നടുവില്‍ വിട്ടിരിക്കുന്ന മുറ്റവും കൂട്ടിച്ചേര്‍ത്താണ് 1500 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതി കൈവരുന്നത്.
കോര്‍ട്ട്‌യാര്‍ഡിന്റെ പ്രാധാന്യം
പൂവല്ലികള്‍ പടര്‍ന്നു കിടക്കുന്ന ഭിത്തികളും കോര്‍ട്ട്‌യാര്‍ഡും ആണ് വീടിനെ പര്‍ണ്ണാശ്രമതുല്യമാക്കുന്നത്. കോര്‍ട്ട്‌യാര്‍ഡില്‍ തന്നെയാണ് പ്രാര്‍ത്ഥനയ്ക്കുള്ള ഇടം. പ്രഭാതത്തിലെ സൂര്യകിരണങ്ങള്‍ വീടിനുള്ളില്‍ എല്ലായിടത്തും എത്തുന്നുണ്ട്. ഇത് വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുകയും ബാക്ടീരിയായുടെ പ്രവര്‍ത്തനങ്ങളെ തടയുകയും ചെയ്യുന്നു. എല്ലാ മുറികളിലും തുടര്‍ച്ചയായ വായുവിന്റെ ഒഴുക്ക് ലഭിക്കുന്നുഎന്നതിനാല്‍ ഫാനിന്റെ ഉപയോഗമില്ല. വാള്‍പേപ്പര്‍, ക്ലാഡിങ്, ഇവയൊന്നുമില്ല. കണ്‍സീല്‍ഡ് വയറിങ്ങുമില്ല. സീലിങ്ങിലൂടെ വയറുകള്‍ കൊണ്ടുവന്ന് ചെറിയ വുഡന്‍ പലകകള്‍ നല്‍കി അവയിലാണ് സ്വിച്ച് ബോര്‍ഡുകള്‍ നല്‍കിയിരിക്കുന്നത്. നടുവിലെ കോര്‍ട്ട്‌യാര്‍ഡിലേക്കാണ് ഓപ്പണിങ്ങുകള്‍ എല്ലാം. പൂജാ ഏരിയയും കോര്‍ട്ട്‌യാര്‍ഡിലാണ്.
ഓപ്പണ്‍ നയമാണെന്നു കരുതി സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. സ്റ്റെയര്‍കേസിനടുത്തുള്ള ഫോയര്‍ ഏരിയയേയും സ്റ്റെയറിനേയും ഉള്ളിലാക്കി ഇരുമ്പു ഗ്രില്‍ നല്‍കിയിരിക്കുന്നു. ഗ്രില്‍ ഡോര്‍ ഉള്ളതടച്ചാല്‍ എല്ലാ ബെഡ്‌റൂമുകളും ഉള്‍പ്പെടുന്ന മേഖല പൂര്‍ണ്ണമായും സുരക്ഷിതമാവും; പൊതുഇടങ്ങളില്‍ നിന്നും ബെഡ്‌റൂമിലേക്ക് കടക്കാന്‍ കഴിയില്ല. വുഡന്‍ ഫ്‌ളോറിങ്ങും ഗ്ലാസ് ഭിത്തികളിലൂടെ പടര്‍ന്നിറങ്ങുന്ന വള്ളിച്ചെടികളുടെ സാമീപ്യവുമാണ് സ്റ്റെയറിന്റെ ഭംഗി. ടെറസിലും, മേല്‍ക്കൂരയിലും, ജനാലകളിലും, പര്‍ഗോളകളിലും, സ്റ്റെയറിന്റെ കൈവരികളിലുമൊക്കെ പടര്‍ത്തിയിരിക്കുന്ന വള്ളിച്ചെടികള്‍ വീടിന്റെ അന്തരീക്ഷത്തെ കുളിര്‍മ്മയുള്ളതാക്കുന്നു. സ്റ്റെയര്‍ ക്യാബിന്റെ അടിഭാഗത്ത് ഒരു ജലാശയവുമുണ്ട്. ഇവയൊക്കെ ചേര്‍ന്ന് ഈ വീടിനെ ഒരു യഥാര്‍ത്ഥ ഗ്രീന്‍ ഹോം ആക്കി മാറ്റുന്നു; യാതൊരു ഗ്രീന്‍ റേറ്റിങ്ങിന്റെയും പിന്‍ബലമില്ലാതെ തന്നെ.
സ്‌പേസിന് പരമാവധി മൂല്യം
വിവിധ ഉദ്ദേശ്യങ്ങളോടെ ചെയ്തിരിക്കുന്ന ലിവിങ് ഏരിയ ഇവിടുത്തെ മുഖ്യാകര്‍ഷണമാണ്. അതിഥികള്‍ ഉള്ളപ്പോള്‍ അവര്‍ക്ക് ഉപയോഗിക്കുവാനും, ആരുമില്ലാത്തപ്പോള്‍ ടിവി കാണാനും, കുട്ടികളുടെ കളിസ്ഥലമായും ഒക്കെ ഉപയോഗിക്കാനാവും. ഒരു വീടിന്റെ മുന്‍മുറ്റത്തെയും പിന്‍ഭാഗത്തെയും എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമോ അതെല്ലാം ഇവിടെ സാധ്യമാക്കിയിരിക്കുന്നു. യൂട്ടിലിറ്റി ഏരിയ, തുണികള്‍ ഉണക്കാനുള്ള സ്ഥലം, പ്ലംബിങ്ങിനുശേഷം മിച്ചംവന്ന പൈപ്പിനുള്ളില്‍ മണ്ണുനിറച്ച് ഒരുക്കിയിരിക്കുന്ന വെര്‍ട്ടിക്കല്‍ അടുക്കളത്തോട്ടം – ഇതെല്ലാം പിന്നാമ്പുറക്കാഴ്ചകള്‍. തുളസി, ആര്യവേപ്പ് തുടങ്ങിയ ഔഷധ സസ്യങ്ങളാല്‍ സംശുദ്ധമായ അന്തരീക്ഷമാണ് വീടിനുള്ളത്.
”12 ലക്ഷം മുതല്‍ 15 ലക്ഷം വരെ മാത്രമേ ഇത്തരം വീടുകളുടെ സ്ട്രക്ചറിന് ചെലവു വരുകയുള്ളൂ. ഈ വീടിന് ആകെ ചെലവ് 25 ലക്ഷമാണ്. അത് ഇന്റീരിയറില്‍ എന്റെയും കുടുംബത്തിന്റേയും ഇഷ്ടപ്രകാരം പലതും കൂട്ടിച്ചേര്‍ത്തതു കൊണ്ടു മാത്രം. അല്ലാത്ത പക്ഷം ഇതിലും കുറഞ്ഞ ചെലവില്‍ ഇത്തരം വീടുകള്‍ നിര്‍മ്മിക്കാം. താമസക്കാരുടെ ഇഷ്ടാനുസരണമുള്ള മെറ്റീരിയലാകാം തടിക്കു പകരം അലുമിനിയം ഉപയോഗിക്കാം. വെട്ടുകല്ലിനു പകരം കോണ്‍ക്രീറ്റ് ബ്ലോക്ക് ഉപയോഗിക്കാം. എന്നാല്‍ കോര്‍ട്ട്‌യാര്‍ഡുകളും പച്ചപ്പും ഒഴിവാക്കരുത്; കോണ്‍ക്രീറ്റ് അമിതമായി ഉപയോഗിച്ചുകൊണ്ടുള്ള നിര്‍മ്മാണം ഒഴിവാക്കുകയും വേണം. ഇത്തരം ഡിസൈനില്‍ ചെയ്യുന്ന വീടിന് പഴക്കം ചെല്ലുംതോറും മൂല്യം കൂടുകയേ ഉള്ളൂ. കാരണം പ്രകൃതി കൂടുതല്‍ കൂടുതല്‍ വീടിനുള്ളിലേക്ക് കടന്നു വരികയാണല്ലോ” ബിജു ബാലന്‍ പറയുന്നു.
കേരളത്തില്‍ നിലവിലുള്ള കെട്ടിടനിര്‍മ്മാണ നിയമങ്ങള്‍ പരിഷ്‌ക്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും വീടിനു നാലു ചുറ്റിനും സെറ്റ്ബാക്ക് ആയി ഏറെ സ്ഥലം വിടുന്ന രീതിക്കും മറ്റും മാറ്റം വരണമെന്നുമാണ് ഇദ്ദേഹം പറയുന്നത്. ”തീവിലകൊടുത്തു വാങ്ങുന്ന സ്ഥലമാണ് ഇതിന്റെ പേരില്‍ നഷ്ടമാവുന്നത്. പുറംഭിത്തിയിലെ ജനാലകള്‍ തുറക്കുന്നത് ചിലപ്പോള്‍ അടുത്ത വീട്ടിലേക്കാവും; അത് സ്വകാര്യതയും സുരക്ഷിതത്വവും നശിപ്പിക്കും. വീടിനു ചുറ്റിനും സെറ്റ് ബാക്ക് കൊടുക്കുന്നത് മൃഗങ്ങള്‍ക്കും, കള്ളന്മാര്‍ക്കും വീടിനെ ചുറ്റിസഞ്ചരിക്കുവാന്‍ അവസരം ഉണ്ടാക്കുന്നു. 4 അടി പൊക്കമുള്ള കോമ്പൗ ണ്ട്‌വാള്‍ മാത്രമാണ് ഇവിടെ സുരക്ഷാ ഉപാധി. ഇതിനുപകരം ഇവിടുത്തെ കെട്ടിടനിര്‍മ്മാണ നിയമങ്ങളില്‍ മാറ്റം വരികയും ചുറ്റിനുമുള്ള സെറ്റ്ബാക്ക് ഒഴിവാക്കുകയും ചെയ്താല്‍ വീടുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉണ്ടാവും എന്നു മാത്രമല്ല സ്ഥലനഷ്ടം കുറയ്ക്കുകയും ചെയ്യാം” ബിജു ബാലന്‍ അഭിപ്രായപ്പെടുന്നു.
പുറംഭിത്തികള്‍ തന്നെയാണ് ഈ വീടിന്റെ ചുറ്റുമതില്‍. മുന്നിലും പുറകിലും സെറ്റ് ബാക്കുണ്ട്; വശങ്ങളിലില്ല. അതുപോലെ കോര്‍ട്ട്‌യാര്‍ഡിലും മറ്റും വീഴുന്ന വെള്ളം പുറത്തേക്കൊഴുകി പോകാതെ കിണറിലേക്ക് റീചാര്‍ജ് ചെയ്യുന്നതുകൊണ്ട് വേനലിലും ജലക്ഷാമമില്ല.
നാലുകെട്ടിലേക്ക് മടക്കം
”നാലുകെട്ട് എന്നത് ഒരു കാലത്ത് ഇവിടെ സര്‍വ്വസാധാരണമായിരുന്നു. തച്ചുശാസ്ത്രവിദഗ്ധരായ തച്ചന്മാരായിരുന്നു അത്തരം നിര്‍മ്മിതികളുടെ വാസ്തുശില്പികള്‍. അവ കണക്കിന്റെയും കൃത്യമായ അനുപാതങ്ങളുടെയും, താളാത്മകവും സമയഞ്ചസവുമായ കൂടിച്ചേരലായിരുന്നു. തച്ചുശാസ്ത്രത്തില്‍ വിദഗ്ധരായവര്‍ക്ക് അത്തരം വീടുകള്‍ രൂപകല്‍പന ചെയ്യുവാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അത്തരം വീടുകള്‍ ഇവിടെ ധാരാളമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കഥ മാറി. നാലുകെട്ട് ചെലവേറിയതും, സാധാരണക്കാര്‍ക്ക് പ്രാപ്യമല്ലാത്തതുമായി തീര്‍ന്നു. സ്ഥലലഭ്യത തീരെ കുറവായി. തന്മൂലം ഇവിടെ സംജാതമായത് കപടമായ കെട്ടിടനിര്‍മ്മാണ സാഹചര്യങ്ങളാണ്. ആര്‍ക്കിടെക്റ്റുകള്‍ ഡിസൈന്‍ ചെയ്യുന്നവ വളരെ കുറവ്. തല്‍ഫലമായി അബദ്ധജടിലങ്ങളായ നിര്‍മ്മിതികള്‍ കൂടി. ഇത്തരം അര്‍ത്ഥശൂന്യമായ നിയമാവലികളെ ചോദ്യം ചെയ്തും അവയെ പരിഷ്‌കരിച്ചും കൊണ്ടുള്ള ഒരു നിര്‍മ്മിതി കൂടിയാണ് ഈ വീട്” ആര്‍ക്കിടെക്റ്റ് ബിജു ബാലന്‍ പറഞ്ഞു.
പഴയ നാലുകെട്ടിലെ ആരോഗ്യകരമായ ജീവിതാവസ്ഥ ഇന്നിന്റെ ശൈലിക്ക് ചേരുംവിധം വെറും നാലുസെന്റില്‍ പുനര്‍നിര്‍മ്മിക്കുക വഴി ഇത്തരം നിര്‍മ്മിതികള്‍ എന്നും എപ്പോഴും ഇവിടേയും എവിടേയും സാധ്യമാണ് എന്ന് വീട് തെളിയിക്കുന്നു. പഴമയിലേക്കും, പ്രകൃതിയിലേക്കും തിരികെ പോകാന്‍ ‘ചമന്‍’ നല്‍കുന്ന സുഖശീതളിമ ഒരു ദിശാസൂചകം കൂടിയാകുന്നു.
ഫോട്ടോഗ്രാഫി: ഛോട്ടു

Leave a Reply

Your email address will not be published. Required fields are marked *