July 1st, 2015
ചെങ്കല്ലില്‍ പണിയുമ്പോള്‍

കെട്ടിടത്തിന്റെ സ്ട്രക്ചര്‍ നിര്‍മാണത്തിന് കേരളത്തില്‍, പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ ചെങ്കല്ല് അഥവാ ലാറ്ററൈറ്റ് കല്ലുകള്‍ ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ട്. പ്രാദേശികമായി ലഭിക്കുന്നതുകൊണ്ടും വിപണിയില്‍ ക്ഷാമമില്ലാത്തതുകൊണ്ടും സ്ട്രക്ചര്‍ നിര്‍മാണത്തിന് അവലംബിക്കാവുന്ന ചെലവ് കുറഞ്ഞ ഒരു മാര്‍ഗം കൂടിയാണ് ലാറ്ററൈറ്റ് കല്ലുകള്‍. ലാറ്ററൈറ്റ് ഉപയോഗിച്ചുള്ള സൂപ്പര്‍ സ്ട്രക്ചര്‍ നിര്‍മാണത്തിന് ഏകദേശം 140 രൂപയാണ് സ്‌ക്വയര്‍ഫീറ്റിന് ചെലവ് വരിക.
പ്ലാസ്റ്ററിങ് അനാവശ്യചെലവ്
സിമന്റ് ഇഷ്ടികയ്ക്ക് പകരം ലാറ്ററൈറ്റ് ഉപയോഗിച്ച് ഭിത്തി കെട്ടി സിമന്റ് പ്ലാസ്റ്ററിങ് നടത്തി പെയിന്റ് ചെയ്യുന്നതാണ് പൊതുവെ അവലംബിക്കപ്പെടുന്ന രീതി. എന്നാല്‍ ലാറ്ററൈറ്റ് സ്ട്രക്ചറിന് പ്ലാസ്റ്ററിങ് നടത്തുന്നത് ഒരു അനാവശ്യനിര്‍മാണമാണെന്നാണ് ഈ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വാസ്തുകം എന്ന സ്ഥാപനത്തിന്റെ സാരഥി സതീഷ് പറയുന്നത്. പ്ലാസ്റ്ററിങ് നടത്തിയില്ലെങ്കില്‍ ചെങ്കല്ല് പൊടിഞ്ഞുപോകുമെന്നാണ് ആളുകളുടെ പൊതുവെയുള്ള ധാരണ. എന്നാല്‍ ഇതു തെറ്റാണ്. മറ്റു നിര്‍മാണസാമഗ്രികള്‍ക്ക് കാലാന്തരത്തില്‍ ബലക്ഷയം സംഭവിക്കുമ്പോള്‍ ചെങ്കല്ലിന് കാലം ചെല്ലുന്തോറും ബലം വര്‍ദ്ധിച്ചുവരുമെന്നതാണ് വാസ്തവം.
ചെങ്കല്ല് പ്ലാസ്റ്റര്‍ ചെയ്യാതെ അതേപടി നിലനിര്‍ത്തുമ്പോള്‍ തികച്ചും പ്രകൃതിദത്തമായ ഫിനിഷാണ് ലഭിക്കുക. ഇതില്‍ പോളിഷിങിന്റെ പോലും ആവശ്യമില്ല. എന്നാല്‍ ചെങ്കല്‍ കെട്ടിടങ്ങളുടെ ഇന്റീരിയറില്‍ പ്ലാസ്റ്റര്‍ നടത്താതിരിക്കുന്നതിനോട് സതീഷിന് യോജിപ്പില്ല. വൃത്തിയാക്കാനുള്ള പ്രയാസം തന്നെയാണ് പ്രധാന കാരണം. കൂടാതെ ചെങ്കല്ല് വെളിച്ചം പ്രതിഫലിപ്പിക്കാത്തതു മൂലം ഉള്ളിലെ ലൈറ്റിങ് ഫലപ്രദമാകുകയുമില്ല.
പ്ലാസ്റ്ററിങ് നടത്താത്ത ചെങ്കല്‍വീട് എല്ലാവര്‍ക്കും യോജിച്ച ഒരു ആശയമല്ല. ലളിതമായതും പ്രകൃതിയോടിണങ്ങിയതുമായ നിര്‍മാണരീതികളോട് ആഭിമുഖ്യമുള്ളവരാണ് പൊതുവെ ഇത്തരം നിര്‍മാണരീതിയോടും താത്പര്യം പ്രകടിപ്പിക്കാറുള്ളത്. എന്നാല്‍ പ്ലാസ്റ്ററിങ് നടത്താതിരിക്കുന്നു എന്നതുമൂലം നിര്‍മാണത്തില്‍ പണം ലാഭിക്കാം എന്നു ധരിക്കരുത്. പ്ലാസ്റ്ററിങ് നടത്താനാണെങ്കില്‍ ചെങ്കല്ല് വെട്ടിയെടുത്ത അതേരൂപത്തില്‍ തന്നെ ഉപയോഗിക്കാം. എന്നാല്‍ ചെങ്കല്ല് പുറത്തുകാണും വിധം പ്രദര്‍ശിപ്പിക്കണമെങ്കില്‍ അല്‍പസ്വല്‍പം മേക്ക് അപ്പ് അഥവാ മിനുക്കുപണികള്‍ ഒക്കെ വേണ്ടി വരും. കല്ലിന്റെ വക്കുകളും മൂലകളും പൊട്ടലില്ലാതെ നല്ല ആകൃതിയില്‍ ചെത്തിയെടുക്കുക എന്നതാണ് പ്രധാനജോലി. അതായത് അധികമായി വരുന്ന പണിക്കൂലി ഏതാണ്ട് പ്ലാസ്റ്ററിങ് ചെലവിനോളം തന്നെ വരും. മികച്ച ഫിനിഷ് ആണ് ലക്ഷ്യമെന്നതിനാല്‍ മികച്ച നിലവാരമുള്ളതും കളിമണ്ണിന്റെ അംശമില്ലാത്തതുമായ കല്ല് തെരഞ്ഞെടുക്കുകയും വേണം. അതായത് ഈ നിര്‍മാണരീതിയ്ക്കും ചെലവ് ഏതാണ്ട് 140 രൂപയോളം തന്നെ വരും. എന്നാല്‍ പിന്നീട് ഒരിക്കലും പെയിന്റിങിനായി പണം കളയേണ്ടി വരില്ലെന്നത് വലിയൊരു നേട്ടമാണ്.
ശ്രദ്ധ വേണ്ടത്
ഫിനിഷിങ്ങില്‍
ഭിത്തി കെട്ടുന്ന കല്ല് അതേപടി പുറത്ത് കാണുന്നു എന്നതിനാല്‍ കല്ലിന്റെ ഫിനിഷിലാണ് ഏറെ ശ്രദ്ധിക്കേണ്ടത്. കളിമണ്ണിന്റെ അംശമില്ലാത്തതും പൊട്ടലില്ലാത്തതും നല്ല ടെക്‌സ്ചറോടു കൂടിയതുമായ കല്ലാണ് തെരഞ്ഞെടുക്കേണ്ടത്. വെട്ടിയെടുത്ത കല്ലിന്റെ വക്കുകള്‍ ഭംഗിയാക്കാന്‍ ഒന്നിലധികം മാര്‍ഗ്ഗങ്ങളുണ്ട്. കൃത്യമായ ആകൃതിയില്‍ കട്ട ചെത്തിയെടുത്ത് സിമന്റ് ചാന്ത് ഉപയോഗിച്ച് ഉറപ്പിക്കുന്നതാണ് ആദ്യത്തെ രീതി. കട്ടകളുടെ വിടവിലുള്ള സിമന്റ് പുറത്തുകാണുമെന്ന് ചുരുക്കം. ചെങ്കല്ലിന്റെ നിറവും സിമന്റിന്റെ ചാരനിറവും ചേര്‍ന്നുള്ള ഡിസൈന്‍ താത്പര്യമുള്ളവര്‍ക്ക് ഇത് പരീക്ഷിക്കാം. എന്നാല്‍ രണ്ടാമത്തെ രീതിയ്ക്ക് ചെലവ് ഒരല്‍പം കുറവാണ്. ഈ രീതിയില്‍ കല്ലിന്റെ മൂലകള്‍ വൃത്തിയാക്കേണ്ടതില്ല. സാധാരണരീതിയില്‍ സിമന്റ് ചാന്ത് ഉപയോഗിച്ച് കട്ടകള്‍ കെട്ടിപ്പൊക്കിയ ശേഷം സിമന്റ് ചാന്ത് പുറത്ത് കാണുന്നിടത്ത് ചെങ്കല്‍പ്പൊടിയും പശയും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ച് പ്ലാസ്റ്റര്‍ ചെയ്യുന്നു. സിമന്റിന്റെ അംശം പുറത്തുകാണാതെ ഭിത്തിയിലാകമാനം ചെങ്കല്ലിന്റെ ഫിനിഷ് ലഭിക്കുന്നു എന്നതാണ് മെച്ചം. കല്ലിന്റെ മൂല വൃത്തിയാക്കേണ്ടതില്ലാത്തതിനാല്‍ കുറച്ചധികം പണം ലാഭിക്കാം. കട്ടയുടെ സിമന്റ് ചാന്ത് തേക്കുന്ന ഭാഗം അള്ളുപോലെ നിര്‍മിച്ച് സിമന്റ് ചാന്ത് പുറത്ത് കാണാത്തവിധം ഭിത്തി കെട്ടുന്നതാണ് അടുത്ത രീതി. കൂടുതല്‍ ജോലിഭാരം ഉള്ളതിനാല്‍ ഈ രീതിയ്ക്കാണ് ഏറ്റവും പണച്ചെലവ് ഉള്ളത്.
പണി തീര്‍ന്ന ശേഷം ഭിത്തിയില്‍ പോളിഷിങിന്റെ പോലും ആവശ്യമില്ല. അധികം നനവില്ലാത്ത സ്ഥലങ്ങളില്‍ ചെങ്കല്ലില്‍ പായല്‍ പിടിക്കുക പോലുമില്ല. പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന നിര്‍മാണരീതി താത്പര്യമുള്ളവര്‍ക്ക് ഇണങ്ങുന്നതാണ് പ്ലാസ്റ്ററിങ് കൂടാതെയുള്ള ചെങ്കല്‍വീടു നിര്‍മാണം.

Leave a Reply

Your email address will not be published. Required fields are marked *