July 7th, 2015
ചെറുതല്ല ഈ വില്ല

ബിസിനസുകാരനായ കോയയ്ക്ക് തന്റെ പഴയ തറവാട് വീടിനോടുള്ള വാത്സല്യമാണ് തറവാടു പൊളിക്കേണ്ട; പുതുക്കിപ്പണിയാം എന്ന ആശയത്തിലേക്ക് അദ്ദേഹത്തെ കൊണ്ടു ചെന്നെത്തിച്ചത്. അതിനായി കോയ സമീപിച്ചത് അബ്ദുള്‍ കരീം അസോസിയേറ്റ്‌സിലെ അബ്ദുള്‍ കരീമിനെയായിരുന്നു. ‘ഈ വീട് പൊളിക്കാതെ തന്നെ നിലനിര്‍ത്തണം. പുതിയ ഡിസൈനിന്റെ ആവശ്യാനുസരണം ഏരിയ കൂട്ടുകയോ കുറയ്ക്കുകയോ ആവാം.” ഇതായിരുന്നുഡിസൈനര്‍ അബ്ദുള്‍ കരീമിനു മുന്‍പില്‍ കോയ വച്ച നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശമാണ് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ വീടിന് മോടികൂട്ടാന്‍ അബ്ദുള്‍ കരീമിനു പ്രചോദനമായത്. കൊയിലാണ്ടി തിരുവങ്ങൂരില്‍ അരയേക്കറിന്റെ പ്ലോട്ടില്‍ സ്ഥിതി ചെയ്യുന്ന 18 വര്‍ഷം പഴക്കമുള്ള ഈ ‘വലീദ് വില്ല’ പുതുക്കിപ്പണിതപ്പോള്‍ തലയെടുപ്പും ഒപ്പം വലിപ്പവും ഒന്നു കൂടി ഗംഭീരമായ ഒരു ബംഗ്ലാവു തന്നെയായി മാറി. അങ്ങിങ്ങായി ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്ന് 4500 സ്‌ക്വയര്‍ ഫീറ്റില്‍ വീട് മോടി പിടിപ്പിച്ചു. പഴമയെ കൈവിടാതെ ആധുനികതയെ ഒപ്പം കൂട്ടിയാണ് ഈ വീട് പണി കഴിപ്പിച്ചത്.
മിതവ്യയം മാത്രം
പഴമയെ സ്വാംശീകരിച്ചു കൊണ്ടുള്ള പുതുമ എന്ന ആശയമാണ് ഈ വീട്ടിലുടനീളം ചെയ്തിരിക്കുന്നത്. നീണ്ട നെടുംതൂണുകളുള്ള ഇറ്റാലിയന്‍ ഗ്രനൈറ്റ് പാകിയ നീളന്‍ വരാന്തയാണ് അതിഥികളെ സ്വീകരിക്കാന്‍ ഒതുങ്ങി നില്‍ക്കുന്നത്. ചുവരുകളില്‍ ഇംപോര്‍ട്ടഡ് ഇറ്റാലിയന്‍ ടൈലുകളും, തേക്കും, ഗ്ലാസും എല്ലാം ചേര്‍ന്ന ദൃശ്യഭംഗിയാണ്. സിറ്റൗട്ടില്‍ നിന്ന് അകത്തേക്ക് പ്രവേശിക്കുന്നത് ഒരു വലിയ ഹാളിലേക്കാണ്. വരാന്തയില്‍ നിന്ന് ഗസ്റ്റ് ലിവിങ് റൂമിലേക്ക് പ്രവേശിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹാളിന്റെ ഒരു വശത്തായി ഫാമിലി ലിവിങ്, ഡൈനിങ് എന്നിവയൊരുക്കിയിട്ടുണ്ട്. ഇതിന്റെ ഒരു വശത്ത് ഗസ്റ്റ് ലിവിങ്ങും സ്ഥിതി ചെയ്യുന്നു.
ബ്ലാക്ക് & വൈറ്റ് തീമിലാണ് ഗസ്റ്റ് ലിവിങ് ഒരുക്കിയിരിക്കുന്നത്. വെനീര്‍ ഒട്ടിച്ച പ്ലൈവുഡ് ആണ് ലാമിനേഷനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ചുമരുകളുടെ ഒരുവശത്തെ ഭിത്തി വാള്‍ പേപ്പര്‍ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ചൈനയില്‍ നിന്നു കൊണ്ടു വന്ന ആര്‍ട്ടിഫിഷ്യല്‍ ലെതറില്‍ തീര്‍ത്ത സോഫയാണ് ഫോര്‍മല്‍ ലിവിങ്ങിനെ അലങ്കരിക്കുന്നത്. വുഡന്‍ ബ്ലൈന്റ്‌സാണ് ജനലുകള്‍ക്ക് നല്‍കിയിരിക്കുന്നത്.
മിതവും ഒതുക്കവുമാണ് അകത്തളങ്ങളെ വേറിട്ടതാക്കുന്നത്. പഴയ വീട്ടിലുണ്ടായിരുന്ന തടി ഉരുപ്പടികളെല്ലാം പുനരുപയോഗിച്ചു കൊണ്ടുള്ള നിര്‍മ്മാണം എന്നത് ഈ വീടിനെ പഴമയിലേക്ക് കൊണ്ടു പോകുന്നു. ഫാമിലി ലിവിങ്ങില്‍ ഉപയോഗിച്ചിരിക്കുന്നത് പഴയ തടി കൊണ്ട് നിര്‍മ്മിച്ച ഫര്‍ണിച്ചറാണ്.
വിരുന്നൊരുക്കാം
കൊറിയന്‍ സ്ലാബ് കൊണ്ടുള്ള ഡൈനിങ് ടേബിളും പഴയത് പുതുക്കിയെടുത്തതാണ്. പ്രകൃതി ഭംഗി ആസ്വദിച്ച് പ്രകൃതിയ്ക്കരികിലിരുന്ന് വിരുണ്ണാനായി ഡൈനിങ് ഏരിയയുടെ അടുത്തായി ഒരു ഓപ്പണ്‍ കോര്‍ട്ട്‌യാര്‍ഡും നല്‍കിയിട്ടുണ്ട്. ഡബിള്‍ ഹൈറ്റുള്ള ഈ കോര്‍ട്ട്‌യാര്‍ഡിലാണ് കിഡ്‌സ് പൂള്‍ ഒരുക്കിയിട്ടുള്ളത്. പുതുക്കി പണിതപ്പോള്‍ വീട്ടിലേക്ക് ആവശ്യാനുസരണം വെളിച്ചം ലഭിക്കാനായി ചേര്‍ത്തെടുത്തതാണ് ഈ കോര്‍ട്ട്‌യാര്‍ഡ്. പര്‍ഗോള നല്‍കി ഗ്ലാസിട്ട് മനോഹരമാക്കിയിട്ടുണ്ട് ഇവിടം. ഡൈനിങ് ഏരിയയുടെ അടുത്തായി സ്‌റ്റെയര്‍കേസും നല്‍കിയിട്ടുണ്ട്. തേക്കും ടഫന്‍ഡ് ഗ്ലാസ്സും ആര്‍ട്ടിഫ്യല്‍ ഇറ്റാലിയന്‍ മാര്‍ബിളും കൊണ്ട് സ്റ്റെയര്‍കേസ് ഗംഭീരമാക്കിയിരിക്കുന്നു. ടെക്‌സ്ചര്‍ വര്‍ക്ക് നല്‍കിയ ഭിത്തി ഡൈനിങ് ഏരിയയക്ക് മിഴിവേകുന്നു.
ഒന്നുറങ്ങാം
പകലിന്റെ ക്ഷീണം മാറ്റാനുതകുന്ന കിടപ്പറകള്‍- അതാണ് ഈ വീട്ടിലുള്ളത്. അലങ്കാരങ്ങളെ പിന്നിലാക്കി ആവശ്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം കൊടുത്തു കൊണ്ടുള്ള നിര്‍മ്മാണ രീതിയാണ് ഇവിടുത്തെ കിടപ്പറകള്‍ക്കുള്ളത്. താഴെ രണ്ടും മുകളില്‍ മൂന്നും ബെഡ്‌റൂമുകളാണ് വീട്ടില്‍ ഉള്ളത്.
ലിവിങ് ഏരിയോടു കൂടിയ ബെഡ്‌റൂമുകളാണ് ഇവിടുത്തെ പ്രത്യേകത. പ്ലൈവുഡും വെനീറും കൊണ്ടുള്ള പാനലിങ്ങാണ് സീലിങ്ങിലും, ഹെഡ് റെസ്റ്റിലും ഉപയോഗിച്ചിരിക്കുന്നത്. എല്ലാ ബെഡ്‌റൂമുകളിലും സ്ലൈഡിങ് ഡോറോടു കൂടിയ വാഡ്രോബ്, സ്റ്റോറേജ് സ്‌പേസ് എന്നിവ ഡ്രസിങ് ഏരിയയില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. താഴത്തെ നിലയിലെ മാസ്റ്റര്‍ ബെഡ്‌റൂമില്‍ ടെക്‌സ്ചര്‍ ഫിനിഷ് നല്‍കി ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഫാള്‍സ് സീലിങ്ങില്‍ നല്‍കിയത് ജാളി വര്‍ക്കാണ് നല്‍കിയിരിക്കുന്നു. മകളുടെ മുറിയുടെ മുന്‍ഭാഗത്തുള്ള ഭിത്തി ടെക്‌സ്ചര്‍ വര്‍ക്ക് ചെയ്ത് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ലെഡ് സ്ട്രിപ്പും, സ്‌പോട്ട് ലൈറ്റുകളും ടെക്‌സ്ചര്‍ വര്‍ക്കുകളും ബെഡ്‌റൂമുകള്‍ അലങ്കരിച്ചിരിക്കുന്നു. ക്ലാഡിങ് നല്‍കിയ ബാത്‌റൂമുകള്‍ തനി കന്റംപ്രറി സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്നു. വെറ്റ് ഏരിയ, ഡ്രൈ ഏരിയ എന്നിവ വേര്‍തിരിച്ചത് ഏറെ സൗകര്യപ്രദമായിരിക്കുന്നു.
അരങ്ങു തകര്‍ക്കാം
കന്റംപ്രറി സ്റ്റൈലില്‍ തീര്‍ത്ത അടുക്കളയില്‍ ബ്രേക്ക് ഫാസ്റ്റ് ടേബിളിനും സ്ഥലമുണ്ട്. കൊറിയന്‍ സ്റ്റോണ്‍ ആണ് കൗണ്ടര്‍ടോപ്പിനുപയോഗിച്ചിരിക്കുന്നത്. മൈക്കാ ലാമിനേഷനാണ് സ്റ്റോറേജ് യൂണിറ്റുകള്‍ക്ക് നല്‍കിയിരിക്കുന്നത്. അടുക്കളയുടെ ഒരു വശത്ത് വര്‍ക്കേരിയയും പുതുതായി പണിത മറ്റൊരു യൂട്ടിലിറ്റി ഏരിയയും വര്‍ക്കിങ് കിച്ചനുമുണ്ട്. വര്‍ക്കേരിയയിലുള്ള സെര്‍വന്റ്‌സ് റൂമിലേക്ക് ഉള്ള പാസേജില്‍ പര്‍ഗോള കൊടുത്ത് നാച്ചുറല്‍ ലൈറ്റ് ഉള്ളിലേക്കെത്തിക്കുന്നു.
വുഡന്‍ ഫ്‌ളോറിങ് നല്‍കിയിട്ടുള്ള മുകളിലെ നിലയില്‍ നിന്ന് ബാല്‍ക്കണിയിലേക്ക് പ്രവേശിക്കാം. ഗ്ലാസ് കവറിങ്ങോട് കൂടിയ പില്ലറുകളും എല്‍ഇഡി ലൈറ്റുകളും ബാല്‍ക്കണിയെ ഫ്രണ്ട് എലിവേഷന്റെ സൗന്ദര്യം കൂട്ടുന്ന ഘടകമാക്കുന്നു.
പഴയ വീടിനെ പുതുക്കിപ്പണിതപ്പോള്‍ സെമികന്റംപ്രറി സ്റ്റൈല്‍ സ്വീകരിച്ചത് ഗൃഹനാഥന്റെ ആവശ്യപ്രകാരമാണ്. വീടിനുള്ളില്‍ സൂര്യപ്രകാശം കടന്നുവരണമെന്ന വീട്ടുകാരുടെ നിര്‍ബന്ധമാണ് കോമണ്‍ ഏരിയയിലും മറ്റും പര്‍ഗോള കൊടുക്കാന്‍ ഡിസൈനറെ പ്രേരിപ്പിച്ചത്. വീടിനു മുന്‍വശത്തുള്ള കിണര്‍ മൂടിക്കളഞ്ഞില്ല. അതിനടുത്തൊരു ബാത്ത്‌റൂം നിര്‍മ്മിച്ച് അതിന് പുറംഭാഗത്ത് വുഡന്‍ ടെക്‌സ്ചര്‍ നല്‍കി. പുതുതായി നിര്‍മ്മിച്ച കാര്‍പോര്‍ച്ച് വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുന്നതും ആധുനിക ശൈലി വ്യക്തമാക്കുന്നതുമാണ്. പഴയ മേല്‍ക്കൂരയ്ക്ക് അധിക ഭാരം നല്‍കാതെ പില്ലറുകള്‍ നിര്‍മ്മിച്ച് ട്രെസ്‌വര്‍ക്ക് ചെയ്തു. സെറ സ്റ്റോണ്‍ പാകി ലാന്‍ഡ്‌സ്‌കേപ്പ് ചെയ്ത് വീടിന്റെ മുറ്റവും ഭംഗിയാക്കി.
‘ആകെ ഒന്നു പുതുക്കിയപ്പോള്‍ വീട് അടിപൊളിയായി’ കോയയുടെ മകന്‍ വലീദ് വാചാലനാകുന്നു. ഇപ്പോള്‍ ‘വലീദ് വില്ല’യെ വില്ലയെന്ന് വിളിക്കാണോ ബംഗ്ലാവെന്നു വിളിക്കണോ എന്നേ കാഴ്ചക്കാര്‍ക്ക് സംശയമുണ്ടാകൂ.

Leave a Reply

Your email address will not be published. Required fields are marked *