ചെലവിനൊത്ത മൂല്യം

അലങ്കാരവേലകളുടെ അതിപ്രസരമില്ലാതെ ഉപയുക്തതയ്ക്ക് പ്രാമുഖ്യം നല്‍കിയ വീട്


പാടശേഖരത്തിന് സമീപത്തുള്ള പ്ലോട്ടിലാണ് വീട്. അലങ്കാരവേലകളുടെ അതിപ്രസരമില്ലാതെ ഉപയുക്തതയ്ക്ക് പ്രാമുഖ്യം നല്‍കിയ വീടിന്റെ ഡിസൈനര്‍ ജിന്റോ പോള്‍ (ഒപ്‌സെറ്റ് ഡിസൈനേഴ്‌സ്, അങ്കമാലി) ആണ്. താരതമ്യേന ചെലവു കുറഞ്ഞ പരന്ന മേല്‍ക്കൂരയാണ് വീടിന്. പര്‍ഗോള, നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്, ഗ്രൂവ് പാറ്റേണ്‍, ജിഐ പൈപ്പ് വര്‍ക്ക് എന്നിവയാണ് എലിവേഷനിലെ അലങ്കാരവേലകള്‍. കാഴ്ചഭംഗി ഏറ്റുന്നതിനാണ് സ്റ്റെയര്‍ റൂമിന് ഉയരമേറിയ മേല്‍ക്കൂര നല്‍കിയതും അടുക്കളയുടെ മേല്‍ക്കൂര ചെരിച്ചു വാര്‍ത്തതും. ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ് കം ഡൈനിങ്, കിച്ചന്‍, സ്റ്റോര്‍ റൂം, രണ്ട് ബാത്അറ്റാച്ച്ഡ് ബെഡ്‌റൂമുകള്‍ എന്നിവയാണ് ഇവിടുത്തെ ഏരിയകള്‍. സമീപഭാവിയില്‍ ഇവിടം വിപുലീകരിക്കാന്‍ വീട്ടുടമയ്ക്ക് ഉദ്ദേശ്യമുള്ളതിനാലാണ് സ്റ്റെയര്‍ റൂം ഉള്‍പ്പെടുത്തിയത്.


ഫാമിലി ലിവിങ് കം ഡൈനിങ്ങിലാണ് ടെക്‌സ്ചര്‍ പെയിന്റ് ചെയ്ത് ഹൈലൈറ്റ് ചെയ്ത ടിവി യൂണിറ്റും ഗോവണിയും ക്രമീകരിച്ചത്. വിട്രിഫൈഡ് ടൈല്‍ പടവുകളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൈവരിയുമുള്ള ഗോവണിയുടെ ചുവട്ടിലാണ് നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്ങുള്ള വാഷ് ഏരിയ. പ്ലോട്ടിന് ഉറപ്പുകുറവായതിനാല്‍ കോണ്‍ക്രീറ്റ് ബെല്‍റ്റ് വാര്‍ത്തതിനു ശേഷമാണ് കരിങ്കല്ലു കൊണ്ടുള്ള അടിത്തറ കെട്ടിയത്. 24 ഇഞ്ച് കനമുള്ള ഭിത്തി കോണ്‍ക്രീറ്റ് കട്ടകള്‍ കൊണ്ടാണ് കെട്ടിയത്. അകത്തളത്തിലുടനീളം ഒരേ പാറ്റേണിലുള്ള ഡിജിറ്റല്‍ ടൈല്‍ കൊണ്ട് ഫ്‌ളോറിങ് ചെയ്തതും ഫാള്‍സ് സീലിങ് പാടേ ഒഴിവാക്കിയതും നിര്‍മ്മാണച്ചെലവ് ഗണ്യമായി കുറച്ചു. വുഡന്‍ ഫിനിഷ് ടൈലാണ് അടുക്കളയിലെ ഫ്‌ളോറിങ് സാമഗ്രി. പാടശേഖരത്തിന്റെ സമീപ്യമുള്ളതിനാല്‍ ഇവിടെ കാറ്റും വെളിച്ചവും സമൃദ്ധമാണ്. പ്ലൈവുഡില്‍ തീര്‍ത്ത് ലാമിനേറ്റ് ഫിനിഷ് നല്‍കിയ വാഡ്രോബുകളും ക്യാബിനറ്റുകളുമാണ് കിടപ്പുമുറികള്‍, അടുക്കള, സ്റ്റോര്‍ റൂം എന്നിവിടങ്ങളിലുള്ളത്. റെഡിമെയ്ഡ് ഫര്‍ണിച്ചറാണ് മറ്റിടങ്ങളില്‍ വിന്യസിച്ചത്. തടിപ്പണികള്‍ക്കാവശ്യമായ ആഞ്ഞിലി, പ്ലാവ് എന്നിവ മുന്‍കൂട്ടി എടുത്തു വച്ചിരുന്നു. ബേബി മെറ്റലാണ് മുന്‍മുറ്റത്ത് വിരിച്ചത്.

ചെലവു ചുരുക്കുന്നതിനു വേണ്ടി നിര്‍മ്മാണ സാമഗ്രികളുടെ നിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ ഡിസൈനര്‍ തയ്യാറായില്ലെന്നത് എടുത്തു പറയത്തക്കതാണ്. എട്ടുമാസക്കാലമെടുത്ത് 30 ലക്ഷം രൂപ ചെലവിലാണ് ഇവിടം പൂര്‍ത്തീകരിച്ചത്. പ്ലോട്ടില്‍ മുമ്പുണ്ടായിരുന്ന ചുറ്റുമതില്‍ വീടിനൊത്ത വണ്ണം ജിഐ വര്‍ക്കും ഗ്രൂവ് പാറ്റേണും ഉള്‍പ്പെടുത്തി പുതുക്കുന്നതിനു വേണ്ടി വന്ന ചെലവും ഇതില്‍ ഉള്‍പ്പെടുന്നു.

Project Details

  • Designer : Jinto Paul (Opzet Designers, Ernakulam)
  • Project Type : Residential house
  • Owner : Justin
  • Location : Kidangoor, Angamaly
  • Year Of Completion : 2019
  • Area : 1250 Sq.Ft
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*