എടമുട്ടം സ്വദേശികളായ തിലകനും അജിതയും കോസ്റ്റ് ഫോര്‍ഡിന്റെ ഗൃഹനിര്‍മ്മാണരീതിയെക്കുറിച്ചും, ഹരിത വാസ്തുകലയെക്കുറിച്ചും അറിവുള്ളവരായിരുന്നു. അങ്ങനെയാണ് അവര്‍ വീടു നിര്‍മ്മിക്കാന്‍ കോസ്റ്റ് ഫോര്‍ഡിന്റെ തൃപ്രയാര്‍ സെന്ററിലെ എഞ്ചിനീയര്‍ ശാന്തിലാലിനെ സമീപിക്കുന്നത്.ശാന്തിലാലും ഗൃഹനാഥന്‍ തിലകനും തമ്മില്‍ ആദ്യം തന്നെ വീടുപണിയെക്കുറിച്ച് ഒരു ധാരണയില്‍ എത്തിയിരുന്നു. 13 ലക്ഷത്തിന് അവശ്യ സൗകര്യങ്ങളെല്ലാം ചേര്‍ന്നൊരു വീട്. ആര്‍ഭാടം വേണ്ട. അത്യാവശ്യത്തിനു മാത്രം മതി, ഒരുക്കങ്ങളെല്ലാം. പുനരുപയോഗിക്കാവുന്ന സാമഗ്രികളെല്ലാം പുനരുപയോഗിക്കാം. സീലിങ് ഓടു വച്ച് വാര്‍ക്കുക തുടങ്ങിയ കോസ്റ്റ്‌ഫോര്‍ഡിന്റെ നിര്‍മ്മാണ നയങ്ങളെല്ലാം ഇവിടെയും സ്വീകരിച്ചിട്ടുണ്ട്. ഗൃഹനായിക അജിത ആദ്യം ജോലി ചെയ്തിരുന്നത് കോസ്റ്റ്‌ഫോര്‍ഡില്‍ ആയിരുന്നതിനാല്‍ കോസ്റ്റ്‌ഫോര്‍ഡിന്റെ നിര്‍മ്മാണ സങ്കേതങ്ങള്‍ ഇവര്‍ക്ക് അപരിചിതമായിരുന്നില്ല. എക്‌സ്‌പോസ്ഡ് ബ്രിക്കാണ് ഭിത്തികള്‍ക്ക് മുഴുവന്‍. ഭിത്തിയില്‍ ബ്രിക്കുകള്‍ക്ക് കോട്ടിങ് മാത്രം ചെയ്തു അതിനാല്‍ ഭിത്തികള്‍ക്കും ശ്വസിക്കുവാന്‍ കഴിയുന്നുണ്ട് എന്ന് അജിത. 3 ബെഡ്‌റൂം ഉണ്ട്. അതില്‍ രണ്ടെണ്ണം ബാത്ത് അറ്റാച്ച്ഡ് ഒരെണ്ണം കോമണ്‍ ബാത്ത്‌റൂമോടുകൂടിയത്. ലിവിങ്, ഡൈനിങ്, കിച്ചന്‍, വര്‍ക്കേരിയ തുടങ്ങിയ അവശ്യം ഇടങ്ങള്‍ മാത്രം. അടുക്കളയില്‍ ജൈവമാലിന്യമുള്‍പ്പെടെയുള്ള ഒരു ഗ്യാസ് പ്ലാന്റ് സംവിധാനവുമുണ്ട്. വെന്റിലേഷനുകള്‍ ഉള്ളതിനാല്‍ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലെത്തുന്നു.
പ്ലാസ്റ്ററിങ് ഒഴിവാക്കി
”ഭിത്തിയുടെ പ്ലാസ്റ്ററിങ് ഒഴിവാക്കിയത് ചെലവു കുറയ്ക്കാന്‍ സഹായകരമായ ഘടകമാണ്. പ്രത്യേകിച്ച് സിമന്റിന്റെയും മണലിന്റെയും ഉപഭോഗം കുറയ്ക്കാനായി. വീടു പണിയുവാന്‍ തെരഞ്ഞെടുത്ത സ്ഥലത്ത് ഒരു കുളവും ഒരു വശത്ത് ഒരു മാവും ഉണ്ടായിരുന്നു. ഇതു രണ്ടും കളയാതെ വേണ്ടിയിരുന്നു 8 സെന്റ് സ്ഥലത്ത് പ്ലാന്‍ തയ്യാറാക്കുവാന്‍” എഞ്ചിനീയര്‍ ശാന്തിലാല്‍ പറയുന്നു. ഗൃഹനാഥന്റെ താല്പര്യപ്രകാരം ഇവയെല്ലാം സംരക്ഷിച്ചുകൊണ്ടുള്ള നിര്‍മ്മാണ രീതിയാണ് കൈക്കൊണ്ടത്.
കതകുകള്‍ മുഴുവന്‍ പുനരുപയോഗിച്ചവയാണ്. പ്രധാന വാതില്‍ തേക്കുതടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീടിന്റെ എല്ലാ വാതിലുകള്‍ക്കും കൂടി ആകെ ചെലവു വന്നത് 35000 രൂപയാണ്. ”ഒരു ലിമിറ്റഡ് ബഡ്ജറ്റില്‍ ഒതുങ്ങി നിന്നു പണിയുമ്പോള്‍ വേണ്ടതായ എല്ലാ സഹകരണ മനോഭാവവും ക്ലൈന്റിന് ഉണ്ടായിരുന്നു. 1350 സ്‌ക്വയര്‍ഫീറ്റ് വീടിനുള്ളില്‍ അവശ്യ ഇടങ്ങള്‍ മാത്രം. ആര്‍ഭാടമില്ല. അതുതന്നെയാണ് ഈ വീടിന്റെ വിജയത്തിനു പിന്നിലുള്ളത്” എന്ന് ശാന്തിലാല്‍ പറയുന്നു.
തടിപ്പണികള്‍ക്ക് കൂടുതലും തെങ്ങ് ഉപയോഗിച്ചിരിക്കുന്നു. റെഡിമെയ്ഡ് കോണ്‍ക്രീറ്റ് ജനാലകളാണ്. സ്റ്റെയര്‍ കേസിന്റെ ഹാന്റ്‌റെയിലിനും തെങ്ങു തന്നെയാണ്. ഭിത്തിയുടെ നിര്‍മ്മാണത്തിന് ഹോളോബ്രിക്‌സ് തെരഞ്ഞെടുത്തു. സിമന്റ്, മണല്‍ എന്നിവയുടെ ഉപയോഗം കുറച്ചു. ഹോളോബ്രിക്‌സ് ആയതുകൊണ്ട് സാധാരണ ബ്രിക്കുകളേക്കാള്‍ എണ്ണം കുറയ്ക്കുവാനും അതുവഴി ചെലവു ചുരുക്കുവാനും കഴിഞ്ഞു. സാധാരണ ബ്രിക്കില്‍ 4 എണ്ണം വേണ്ടി വരുന്നിടത്ത് ഹോളോബ്രിക്ക് ഒരെണ്ണം മതിയാവും. ചെങ്കല്ലിനേക്കാള്‍ ലാഭകരമാണിത്. ചെങ്കല്ലിന് മിനിമം 42 രൂപയാവും. ഹോളോബ്രിക്കുകളുടെ പുറം ഫിനിഷ്ഡ് ആയതിനാല്‍ തേയ്‌ക്കേണ്ട ആവശ്യം വരുന്നില്ല. ഇവയ്ക്ക് വില കൂടുമെങ്കിലും എണ്ണത്തില്‍ കുറയ്ക്കാനാവും; മെയിന്റനന്‍സും. ഇതെല്ലാം ബഡ്ജറ്റിനുള്ളില്‍ ഒതുങ്ങുവാന്‍ സഹായിച്ച കാര്യങ്ങളാണ്. അനാവശ്യമായി ഒരു തരി മണലോ, മറ്റ് പ്രകൃതി വിഭവങ്ങളെയോ ചൂഷണം ചെയ്യാതെ, പ്രകൃതിയോടിണങ്ങിയുള്ള പാര്‍പ്പിട നിര്‍മ്മാണമാണിത്. മനുഷ്യനിര്‍മ്മിതി ഒരിക്കലും ഭൂമിക്ക് ഭാരമാവരുത് എന്ന തത്ത്വം മനസ്സിലാക്കിയുള്ള ഗൃഹനിര്‍മ്മാണം.

Leave a Reply

Your email address will not be published. Required fields are marked *