
കഴിഞ്ഞ ആഴ്ച മരണപ്പെട്ട തന്റെ
സഹപ്രവര്‍ത്തകനും പ്രിയ സ്നേഹിതനുമായിരുന്ന പ്രഫ. ജയകൃഷ്ണനെ അനുസ്മരിച്ചുകൊണ്ട് സാങ്കേതിക സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായ ഡോ എസ്. അയൂബ് എഴുതുന്നു…
‘നിന്നെകുറിച്ചോര്‍ക്കേ നിലാവിനാകയും വെണ്മ;
നിന്നെകുറിച്ചോര്‍ക്കേ ഓര്മ്മയ്ക്കൊരായിരം നാവുകള്‍’
സമയതീരങ്ങള്ക്കപ്പുറത്തേക്ക് നീ ധൃതിയില്‍ നടന്നുമാഞ്ഞിട്ട് പ്രിയ ജയകൃഷ്ണന്, ഇന്ന് ഏഴ് ദിവസങ്ങള്‍ കടന്നുപോകുന്നു. നിന്റെ ശരീരത്തിന്റെ അവസാനകണികയും ഭൂമിയുടെ ഭാഗമായി ജലത്തുള്ളികളില്‍ അലിഞ്ഞില്ലാതായ ദിനമായിരുന്നു ഇന്ന്…… ഹൃദയത്തിനുള്ളിലേക്ക് നിറഞ്ഞൊഴുകിയ കണ്ണുനീരിന്റെ നനവുകള്‍ നിഷയുടെ കവിള്ത്തടങ്ങളില്നിന്ന് എന്നാണ് മാഞ്ഞുപോവുക? മരണത്തിന് തൊട്ടുമുമ്പുവരെ നിന്റെ കൈവിരലുകളില്‍ തൂങ്ങിയാടിനടന്ന രണ്ട് കുരുന്നുകളെയും ഇന്ന് വീണ്ടും കണ്ടു. നിന്റെ മൂത്തമകന് അവന്റെ ദുര്‍ബലമായ വിരലുകള്‍കൊണ്ട് നിന്റെ ചിതാഭസ്മങ്ങള്‍ ഒഴുക്കിവിടുന്നതിനും സാക്ഷിയായി. ജീവിതത്തിലെ ഏറ്റവും വലിയ കരുതലായി അച്ഛനെന്ന വലിയ അഭ്യുദയം ഇനിയില്ലന്ന് അവരോര്ക്കുന്നുണ്ടാകുമോ ? എങ്കിലും ഓര്‍ത്തുപോകുന്നു…വര്‍ഷങ്ങള്‍ക്കപ്പുറം, ഒരുമിച്ചുള്ള ഒരു യാത്രാവേളയില്‍ തൊട്ടരികില്‍നിന്നും നിന്റെ അച്ഛന് ധൃതിയില്‍ യാത്രപറഞ്ഞപ്പോള്‍ നീ ഇവരേക്കാളും ചെറിയ കുഞ്ഞായിരുന്നുവല്ലോ….
മനുഷ്യരുടെ ഇടയിലേക്ക് വഴിതെറ്റിവന്ന ദൈവദൂതന്റെ കഥ ടോള്‍സ്റ്റോയ് പറഞ്ഞതോര്‍മ്മവരുന്നു. മേഘങ്ങളില്‍ നിന്നും ഞെട്ടറ്റുവീണ ഒരു നക്ഷത്രം പോലെയായിരുന്നു നീ ഞങ്ങള്‍ക്ക്. ഒരു മനുഷ്യന് എങ്ങനെയാവണമെന്ന് കാട്ടിത്തരാന്‍ ഞങ്ങള്‍ക്കിടയിലേക്ക് ദൈവം കരുതലോടെ പറഞ്ഞുവിട്ടപോലെ… അതുകൊണ്ടാവും നിമിഷങ്ങള്‍ക്കിടയിലെ ഒരു ജലമര്മ്മരത്തിലൂടെ ദൈവം നിന്നെ നിര്‍മമതയോടെ ധൃതിയില്‍ തിരികെ വിളിച്ചത്…
ജലം കൊണ്ടു മുറിവേല്ക്കുമ്പോഴും, ശ്വാസം പിടയുമ്പോഴും, പിറകെനിന്ന മരണത്തെയും, നീ നിനക്കുമാത്രം കഴിയുന്ന നിര്‍മലമായ ചിരിയോടെത്തന്നെ സ്വീകരിച്ചിട്ടുണ്ടാവും. നിന്റെ മുഖത്തെ ഒരിക്കലും മായാത്ത മന്ദസ്മിതം കണ്ട് മരണത്തിന്റെ മാലാഖയും ഏറെ നിമിഷങ്ങള്‍ ദൈന്യതയോടെ, വിമുഖതയോടെ, കാത്തുനിന്നിട്ടുണ്ടാവും. ജീവിതത്തില്‍ ആരോടും പരിഭവിക്കാത്ത നിനക്ക് അതിനോടും അധികനേരം പിണങ്ങുവാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല…കാരണം, നീ അവരുടെ തന്നെ കുഞ്ഞായിരുന്നുവല്ലോ…
സമയരഥങ്ങള്‍ വലിക്കുന്ന കുതിരകളേക്കാള്‍ എത്ര വേഗത്തിലായിരുന്നു നിന്റെ യാത്രകളൊക്കെ. ഏറെ ദൂരം താണ്ടാന്‍ അധികസമയം ബാക്കിയില്ലെന്ന ബോധ്യമുള്ളപോലെ.. ഉദയാസ്തമയങ്ങളില്ലാത്ത ദേശങ്ങളുടെ മായകാഴ്ചകള്‍ തേടി ഒരു പക്ഷിയെപ്പോലെ യാത്രചെയ്യുമ്പോഴും, ആര്‍ക്കും കണ്ടെത്താനാവാത്ത ആഴങ്ങളില്‍ സ്വന്തം സാഹസികതയെ നീ ഒളിപ്പിച്ചുവെച്ചു…ദുര്‍ഘടപാതകള്‍ താണ്ടുന്ന വാഹനങ്ങളെ നിശബ്ദമായി പ്രണയിച്ചു; സ്വന്തമാക്കി. എല്ലാ യാത്രകളിലും, ഡ്രൈവിങ് സീറ്റിനോടായിരുന്നു പ്രിയം. ഏതുദുര്‍ഘട പാതകളിലൂടെയും, ഏതുകൂരിരുട്ടിലും, രാവും പകലും, കണ്ണുചിമ്മാതെ, അസാമാന്യ ധീരതയോടെ, കൊതിതീരാതെ വണ്ടിയോടിച്ചു.
ആരോടും പരാതികളില്ല; പരിഭവങ്ങളും. ഏവരോടും സഹോദരതുല്യമായ കരുതല്‍ മാത്രം. നാമെല്ലാം ഒരേ ദൈവത്തിന്റെ വിശുദ്ധ ജന്മങ്ങളാണെന്ന് എപ്പോഴും ഓര്‍മിപ്പിക്കുന്ന ഒരു കരുതല്‍. ഒരു റമദാന് കാലം തനിക്കൊപ്പം യാത്രചെയ്ത സുഹൃത്തിന്റെ നോമ്പിനെ മാനിച്ച് ഒരുതുള്ളി വെള്ളം പോലും കുടിക്കാതെ യാത്രയിലുടനീളം കൂട്ടിരുന്നതും ഈ വിശ്വാസത്തിന്റെയും കരുതലിന്റെയും ഭാഗം മാത്രം.
ജീവിതം ഏതുനിമിഷവും നമ്മെ സങ്കടപ്പെടുത്താവുന്ന ഒരു ആഘോഷമാണെന്ന് ഞങ്ങളോര്‍ത്തില്ല. അതുകൊണ്ടുതന്നെ തിരിച്ചുവീട്ടാനാകാത്ത ഒരുപാട് കടങ്ങള്‍ ബാക്കിനില്ക്കുന്നു. എല്ലാ ആരവങ്ങള്‍ക്കിടയിലും ജീവിതത്തെ ഏറ്റവും നിശബ്ദമായ ഇഷ്ടത്തോടെമാത്രമേ നീ ഞങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചുള്ളു. നിന്റെ സൗമ്യതയ്ക്കു എത്ര സൗന്ദര്യമായിരുന്നു ജയകൃഷ്ണാ !
ഹൃദയത്തിലേക്ക് വേരാഴ്ത്തുന്ന ബന്ധങ്ങളില്‍, നീ അവശേഷിപ്പിച്ചുപോയ നിത്യവേദനയുടെ മരവിപ്പ് എന്നും ബാക്കിനില്ക്കും. വെളിച്ചത്തെ നിഴലുകള്‍ പിന്തുടരുന്നതുപോലെ, ഹൃദയങ്ങളിലെ ആര്‍ദ്രമായ നോവായി, നീ എന്നുമെന്നും ഞങ്ങളിലുണ്ടാകും. നിന്നിലൂടെ ഞങ്ങളോട് സംവേദിച്ച ജീവനും ആ വസന്തകാലത്തിന്റെ ഉര്‍വരതയും ശാന്തിപൂര്‍ണമായ അനശ്വരതയെ പുല്കിയുറങ്ങട്ടെ…
നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. വിട…
ഡോ.എസ്.അയൂബ്
Be the first to comment