May 8th, 2018
ജലജാലം

image

ഓപ്പണ്‍ ഡിസൈന്‍ നയമായിരിക്കണം, 4 ബെഡ്‌റൂമുകള്‍ വേണം, അവ നല്ല വലിപ്പമുള്ളതാവണം, ഫാമിലി ലിവിങ് പ്രത്യേകം വേണം, ഡൈനിങ്, ഗസ്റ്റ് ലിവിങ്, സ്വിമ്മിങ് പൂള്‍, ഹോംതീയേറ്റര്‍, ജിം ഏരിയ, സര്‍വന്റ്‌സ് റൂം – ഇങ്ങനെ എല്ലാമെല്ലാം തികഞ്ഞതാവണം വീട്”. ഗൃഹനാഥന്റെ ആവശ്യപ്പട്ടിക വലുതായിരുന്നു.

കൊല്ലത്ത് ഡോക്ടര്‍ സുനിലിനും കുടുംബത്തിനും വേണ്ടി കോഴിക്കോടുള്ള ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോയിലെ ആര്‍ക്കിടെക്റ്റ് നൗഫല്‍ സി ഹാഷിം ഡിസൈന്‍ ചെയ്ത വീട്, വീട്ടുകാരുടെ ആവശ്യങ്ങളെ അധികരിച്ച് അകത്തള സൗകര്യങ്ങള്‍ പരമാവധി വിപുലപ്പെടുത്തിയിരിക്കുന്ന ഒന്നാണ്.

മൂന്നു ലെവലില്‍

12.55 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്. എല്ലാ ആവശ്യങ്ങളേയും ഉള്‍ക്കൊളളിക്കാന്‍ പാകത്തിന് 3 ലെവലുകളിലാണ് ആര്‍ക്കിടെക്റ്റ് വീട് തീര്‍ത്തിരിക്കുന്നത്. ബേസ്‌മെന്റ് ഏരിയയില്‍ ഹോംതീയേറ്റര്‍റൂം, സര്‍വന്റ്‌സ്‌റൂമും, ബാക്കി രണ്ട് ലെവലുകളിലായി ഗൃഹാന്തരീക്ഷം. മൂന്നു നിലകളെ ബന്ധിപ്പിച്ചുകൊണ്ട് ലിഫ്റ്റ് സൗകര്യവും ഏര്‍പ്പെടുത്തി. മൊത്തത്തില്‍ തുറസ്സായ നയമാണ് പൊതു ഏരിയകള്‍ക്ക്. നടുവില്‍ ഒരു വര വരച്ചതു പോലെ ഇരുവശങ്ങളിലുമായി അകത്തളങ്ങളെ ഭാഗിച്ചിരിക്കുകയാണ്. പൊതുവേ

സ്‌ട്രെയിറ്റ് ലൈന്‍ നയമാണ് ഇന്റീരിയറില്‍. മുന്‍ഭാഗത്തെ സിറ്റൗട്ടിനോട് ചേര്‍ന്ന് സ്വിമ്മിങ്പൂളുണ്ട്. ഫോയര്‍, ലിവിങ്, ഡൈനിങ്, വാട്ടര്‍ ബോഡി, പൂജാസ്‌പേസ്, ലിഫ്റ്റ്, ഗസ്റ്റ്‌ബെഡ്‌റൂം, കിച്ചന്‍, വര്‍ക്കേരിയ, പവര്‍റൂം ഇത്രയും ഏരിയകള്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ ഉള്‍പ്പെടുന്നു.

ജലസാന്നിധ്യവുമായി അകത്തളം

സിറ്റൗട്ടിന്റെ മുന്നില്‍ ഗ്ലാസ് ഫ്‌ളോറിങ്ങാണ്. ഇതിനടിയില്‍ കൂടി സ്വിമ്മിങ്പൂളിനു സമീപത്തുകൂടി കടന്നു പോകുന്ന വാട്ടര്‍ ബോഡിയുടെ കാഴ്ച കാണാം. ഗ്രൗണ്ട് ഫ്‌ളോറിന്റെ മധ്യഭാഗത്തും വാട്ടര്‍ ബോഡിക്ക് സ്ഥാനമുണ്ട്. ഒരു ഭാഗത്ത് ബെഡ്‌റൂമും ലിവിങ് ഏരിയയും, മറുഭാഗത്ത് കിച്ചന്‍, ഡൈനിങ് ഏരിയകളും. എല്ലായിടങ്ങളിലും വാള്‍ ടു വാള്‍ ഓപ്പണിങ്ങുകളും വലിയ ജനാലകളും നല്‍കിയിരിക്കുന്നു. ഇതുവഴി പുറംകാഴ്ചകള്‍ ഉള്ളിലെത്തിച്ചിരിക്കുന്നു. ലിവിങ് ഏരിയയില്‍ ഇരിക്കുമ്പോള്‍ പോലും സ്വിമ്മിങ്പൂളിന്റെ കാഴ്ചവട്ടം ഉണ്ട്.

പൂജാമുറിയുടെ മുന്നിലും വാട്ടര്‍ ബോഡിക്ക് സ്ഥാനം നല്‍കിയിരിക്കുന്നു. റഫ് ഗ്രനൈറ്റും പരമ്പരാഗത രീതിയിലുള്ള ഒരുക്കങ്ങളുമാണിവിടെ. വാട്ടര്‍ ബോഡിയോട് ചേര്‍ന്നുള്ള ഭിത്തിയില്‍ ടെറാകോട്ടയില്‍ തീര്‍ത്തിരിക്കുന്ന ‘അനന്തശയനം’ ചിത്രീകരണം സവിശേഷമാണ്. വീടിനകത്ത് ഏറ്റവും സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് ജലാശയത്തിന്റെ സാന്നിധ്യമാണെന്ന് ജൂറി വിലയിരുത്തിയിരുന്നു.

മള്‍ട്ടിപര്‍പ്പസ് ഏരിയകള്‍

തൂവെള്ളനിറത്തിലുള്ള ഒരുക്കത്തിലാണ് ഫാമിലി ലിവിങ് ഏരിയ. സെന്‍ട്രല്‍ ടേബിളില്‍ പരമ്പരാഗത ശൈലി ദര്‍ശിക്കാം. ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ് എല്ലാറ്റിനും വെള്ളനിറത്തിനാണ് പ്രാധാന്യം. ഗസ്റ്റ് ലിവിങ്ങിനു വെള്ളനിറമാണെങ്കിലും പച്ചനിറമുള്ള വാള്‍പേപ്പര്‍ കൊണ്ട് ഭിത്തിയലങ്കരിച്ചിരിക്കുന്നു.

കിച്ചന്റെ ഭാഗത്തുനിന്നും പുറത്തേക്ക് ഇറങ്ങുന്നത് പിന്‍മുറ്റത്തേക്കാണ്. ഇവിടെയുള്ള സ്റ്റെപ്പുകള്‍ ഇറങ്ങിയാല്‍ എത്തുന്നത് ബേസ്‌മെന്റ് ഫ്‌ളോറിലെ സര്‍വന്റ്‌സ് റൂമിലേക്കാണ്. കുടുംബാംഗങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്താതെ ജോലിക്കാര്‍ക്ക് ഇതിലേ സൗകര്യപൂര്‍വ്വം കടന്നുപോകുവാന്‍ കഴിയുന്നു. ഹോംതീയേറ്ററും ജിം ഏരിയയും ഒരുമിച്ച് ബേസ്‌മെന്റ് ലെവലില്‍ ആണ്. ഇതിന് വുഡന്‍ പാര്‍ട്ടീഷന്‍ ചെയ്തിട്ടുണ്ട്. വീട്ടില്‍ എന്തെങ്കിലും ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ഈ പാര്‍ട്ടീഷന്‍ തുറന്നുവച്ചാല്‍ ജിം ഏരിയയില്‍ നിന്നും ബേസ്‌മെന്റ് ലെവലിന്റെ മുറ്റത്തേക്ക് ഇറങ്ങാം. സ്റ്റെപ്പുകള്‍ കയറി മുകളിലെ പൂളിലേക്കുമെത്താം. ഈ ഏരിയകളെല്ലാം പാര്‍ട്ടിയും മറ്റും നടക്കുന്ന വേളയില്‍ ഏറെ പ്രയോജനപ്പെടുന്നു.

പര്‍ഗോളകള്‍ക്ക് പ്രാമുഖ്യം

ബ്ലാക്ക് & വൈറ്റ് കളര്‍തീമിലാണ് ഡൈനിങ് ഏരിയയുടെ ഒരുക്കങ്ങള്‍. ഫാള്‍സ് സീലിങ്ങിന് വുഡാണ്. ഇതിന് ഇന്‍ഡയറക്റ്റ് ലൈറ്റിങ്ങിന്റെ ഭംഗിയുമുണ്ട്. ഗ്ലാസ് കൈവരിയുള്ള സ്റ്റെയര്‍കേസിന്റെ സ്ഥാനം ഡൈനിങ്ങില്‍ നിന്നുമാണ്. പര്‍ഗോള ഡിസൈനിന്റെ വിന്യാസം ഉള്ളിലെമ്പാടും കാണാം. ഇവിടെ സ്‌കൈലൈറ്റിനും സ്ഥാനമുണ്ട്. മാസ്റ്റര്‍ ബെഡ്‌റൂം, കുട്ടികളുടെ ബെഡ്‌റൂം, ഫാമിലി ലിവിങ്, നടുവില്‍ അകത്തളങ്ങളെ ബന്ധിപ്പിക്കുന്ന വുഡന്‍ ബ്രിഡ്ജ് ഇത്രയും ഏരിയകളാണ് ഒന്നാം നിലയിലുള്ളത്. അകത്തളങ്ങളില്‍ അധികവും വെള്ള നിറമാണ് തെരഞ്ഞെടുത്തിരിക്കുന്നത് എങ്കിലും കുട്ടികളുടെ ബെഡ്‌റൂമില്‍ മാത്രം ഏതാനും നിറങ്ങളുടെ അകമ്പടിയുണ്ട്. വ്യത്യസ്ത മെറ്റീരിയലുകള്‍ ആണ് വ്യത്യസ്ത ഏരിയകള്‍ക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. പുതുതലമുറ മെറ്റീരിയലുകളുടെ ഉചിതമായ ഉപയോഗം വളരെ വ്യക്തമാണ്. ലൈബ്രറി ഏരിയയ്ക്ക് തീര്‍ത്തും പരമ്പരാഗത ശൈലിയാണ്.

ഏറ്റവും മുകളിലെ റൂഫിന്റെ മുകളില്‍ ട്രസ് വര്‍ക്ക് ചെയ്തിരിക്കുന്നു. വെന്റിലേറ്ററുകളുടെ സമൃദ്ധി എലിവേഷനില്‍ എടുത്തു കാണാനാവും. ധാരാളമായി നല്‍കിയിട്ടുള്ള ഓപ്പണിങ്ങുകളാണ് വീടിനകത്തെ കാലാവസ്ഥ സുഖകരമാക്കിയിട്ടുള്ളതെന്ന് വ്യക്തം. ചുറ്റിനുമുള്ള പ്രകൃതിഭംഗിയും ആര്‍ക്കിടെക്റ്റ് വിട്ടുകളഞ്ഞിട്ടില്ല. ബാംബൂ, കൊറിയന്‍ ഗ്രാസ് ഇവയൊക്കെയാണ് ലാന്‍ഡ്‌സ്‌കേപ്പിങ്ങിന് തെരഞ്ഞെടുത്തിരിക്കുന്നത്. വീടിന്റെ മുന്‍ഭാഗത്ത് അധികം സ്ഥലമില്ലാത്തതിനാല്‍ ഏതാനും ചെടികള്‍ മാത്രം.

വീടിന്റെ സൈഡിലുള്ള ഇത്തിരി സ്ഥലവും വെറുതെ വിടാതെ പെബിളും ഗ്രാസും ചെടികളും കൊണ്ട് ഗാര്‍ഡന്‍ തീര്‍ത്തിരിക്കുന്നു. ഗൃഹനാഥന്റെ വിവിധാവശ്യങ്ങളെ ഒരു കൂരക്കീഴില്‍ തന്നെ ഉചിതമായി ഉള്‍ക്കൊള്ളിച്ചതു കൂടാതെ ഡിസൈനിന്റെ ഭാഗമായി കൂട്ടിച്ചേര്‍ത്ത ജലാശയങ്ങളാണ് വീടിനകത്ത് ജാലവിദ്യ കാട്ടുന്നത്.

Comments are closed.