വീടിന്റെ അകത്തളങ്ങള്‍ക്ക് മോടി കൂട്ടാന്‍ ഇന്ന് ജീവനുള്ള ഭിത്തികള്‍ അഥവാ ‘ലൈവ് വെര്‍ട്ടിക്കല്‍ വോള്‍’ (Live vertical walls)പ്രിയങ്കരമായ ഉപാധിയാണ്. ഒരു വീടിന്റെ മുഖഛായ തന്നെ മാറ്റാന്‍ കെല്‍പ്പുള്ളവയാണ് ‘ലിവിങ് വോള്‍’ അഥവാ ‘ഗ്രീന്‍ വോള്‍’ എന്നറിയപ്പെടുന്ന ‘ലൈവ് വെര്‍ട്ടിക്കല്‍ വോളുകള്‍’. നാഗരികമായ ജീവിതസാഹചര്യങ്ങളില്‍ സ്ഥലസൗകര്യത്തിനനുസരിച്ച് ഇണങ്ങിച്ചേരുന്ന ‘ഗ്രീന്‍വോളുകള്‍’ ഇന്ന് ആളുകള്‍ക്കിടയില്‍ ഭ്രമമായി മാറിയിരിക്കുന്നു.

വീട്ടില്‍ ഒരു ‘ഗ്രീന്‍വോള്‍’ ഒരുക്കണമെങ്കില്‍ ആദ്യം അറിയേണ്ടത് അതെങ്ങനെ സജ്ജീകരിക്കണം എന്നാണ്. വിദഗ്ധാഭിപ്രായമനുസരിച്ച് ഗ്രീന്‍വോളുകള്‍ നമ്മുടെ അവശ്യാനുസരണം സജ്ജീകരിക്കാവുന്നതാണ്. സ്ഥലസൗകര്യമനുസരിച്ച് പാനല്‍ അഥവാ ട്രേ സിസ്റ്റം, ‘ഫ്രീ സ്റ്റാന്‍ഡിങ് വോള്‍’ എന്നിങ്ങനെ വ്യത്യസ്ത തരം മോഡലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ചെറുചെടികള്‍ നട്ടുപിടിപ്പിച്ച ട്രേകള്‍ ചുമരില്‍ ഘടിപ്പിക്കുന്നത് ലളിതവും സുന്ദരവുമായ വഴിയാണ്. ഫ്രീ സ്റ്റാന്‍ഡിങ് വോള്‍ വ്യത്യസ്തമാകുന്നത് അവ നീക്കി മാറ്റി വെക്കാം എന്നതു കൊണ്ടും ചെടികള്‍ മാറ്റാം എന്നതുകൊണ്ടുമാണ്. ഗ്രീന്‍ വോളുകള്‍ സജ്ജീകരിക്കുമ്പോള്‍ ജലസേചനം, വളമിടല്‍, ജലനിര്‍ഗ്ഗമന സംവിധാനം എന്നിവയെല്ലാം അതാതു നിര്‍മ്മാതാക്കളെ അനുസരിച്ചിരിക്കും. സങ്കേതികതയെ കൂട്ടുപിടിക്കുന്ന ‘ഗ്രീന്‍വോളു’കള്‍ ചെലവേറിയവയാണ്. മുന്‍പേ വളര്‍ത്തിവെച്ച ചെടികള്‍കൊണ്ട് ഗ്രീന്‍വോള്‍ നിര്‍മ്മിക്കുന്നത് ഏറ്റവും അനുയോജ്യമായ വഴിയാണ്. ഗ്രീന്‍വോള്‍ വീട്ടില്‍ സജ്ജീകരിക്കുമ്പോള്‍ പ്രധാനമായും അതിന്റെ ഇന്‍സ്റ്റലേഷനും പരിപാലനവും ശ്രദ്ധിക്കേണ്ടതാണ്.

ഗീന്‍വോള്‍ നിര്‍മ്മിക്കുമ്പോള്‍ എന്തുതരം ചെടികളാണ് ഉപയോഗിക്കേണ്ടത് എന്നതാകും അടുത്ത ചോദ്യം. ചുമര്‍ സജ്ജീകരിക്കുന്ന ദിശ, കാലാവസ്ഥ, ചുമരിന്റെ വലിപ്പം, ആവശ്യം എന്നിവ കണക്കാക്കി വിവിധയിനം സസ്യങ്ങള്‍ ഗ്രീന്‍വോളില്‍ വളര്‍ത്താം. അത്തരത്തില്‍ ചിലതാണ് ഇവ:-

1. ഒരു വര്‍ഷക്കാലം മാത്രം ആയുസ്സുള്ളവയാണ് സമ്മര്‍ ആന്യുല്‍സും വിന്റര്‍ ആന്യുല്‍സും (Summer Annuals and winter Annuals). കാലാനുസൃതമായി മാറ്റി ഉപയോഗിക്കാവുന്നവയാണിവ.

2. രണ്ടു വര്‍ഷത്തിലധികം ആയുസ്സുള്ളവയാണ് പെരിനിയല്‍സ്. നോക്കി വളര്‍ത്താന്‍ ബുദ്ധിമുട്ടില്ലാത്ത ഇവ വര്‍ഷാവര്‍ഷം പൂക്കുകയും വെര്‍ട്ടിക്കല്‍ വോളിന് മോടികൂട്ടുകയും ചെയ്യുന്നു. അടുക്കളയിലെ നിത്യോപയോഗ മൂലികളായ തുളസി, പെരുഞ്ചീരകം, ഉള്ളിച്ചെടി എന്നിവയെല്ലാം ഇതിനുതകുന്നവയാണ്.

3. വ്യത്യസ്തമായൊരു ഗ്രീന്‍വോളിന് നാരകം, പച്ചമുളക്, കാന്താരി മുളക് എന്നിങ്ങനെയുള്ള ചെടികളും തെരഞ്ഞെടുക്കാം.

4. ജലാംശം നിലനിര്‍ത്തുന്ന നീരുള്ള ചെടികള്‍ക്കും ആവശ്യക്കാരേറെയാണ്. കള്ളിച്ചെടി, കറ്റാര്‍വാഴ എന്നിവയാണ് ഇതില്‍ പ്രധാനം.

ഇത്തരത്തില്‍ സമയവും ലാഭവും ഊര്‍ജ്ജവും കണക്കാക്കി ‘ലൈവ് വെര്‍ട്ടിക്കല്‍ വോള്‍’ സജ്ജീകരിക്കുകയും കൃത്യമായി ചെടികള്‍ തെരഞ്ഞെടുക്കുകയും ചെയ്യാവുന്നതാണ്.

വെട്ടുകല്ലിലും (ചെങ്കല്ലിലും) തേയ്ക്കാത്ത ചുമരിലും പോളിഷ് ചെയ്യാത്ത ഗ്രനൈറ്റിലും മറ്റും ഇംഗ്ലീഷ് ഐവിയും വള്ളിചെടികളും വളര്‍ത്തുന്നത് പണ്ടു മുതല്‍ പ്രചാരത്തിലിരുന്നതാണ്. ഇന്ന് ഇതിന്റെ തുടര്‍ച്ചയെന്നോണം ചുമരില്‍ ‘ലൈവ് ഗ്രീന്‍ കാര്‍പ്പെറ്റ്’ പടര്‍ത്തിയെടുക്കുന്നത് ഇന്ന് ഏറെ പ്രിയങ്കരമായി മാറിയിരിക്കുന്നു.

വളര്‍ന്നു വികസിക്കുന്ന കോണ്‍ക്രീറ്റ് കാടുകള്‍ക്കും മലിനീകരണത്തിനും നടുക്ക് ഇത്തരം ഗ്രീന്‍വോളുകള്‍ ട്രെന്‍ഡായി മാറിയിരിക്കുന്നു. ഇതുവഴി ഇന്നത്തെ ലോകം പ്രകൃതിയുടെ സന്തുലിതാവസ്ഥ തിരിച്ചു പിടിക്കാന്‍ ഒരു ശ്രമം കൂടി നടത്തുകയാണ്.

നിഷ അജിത്

Comments are closed.