June 5th, 2015
ജ്യാമിതീയ ബംഗ്ലാവ്

ജ്യാമിതീയ രൂപങ്ങളുടെ സമ്മിശ്രണമായ ഒരു വീട്. വര്‍ത്തുളാകൃതിയും ചതുരവും സമചതുരവും ത്രികോണവും പിരമിഡുമെല്ലാം കൃത്യമായ അനുപാതത്തില്‍ സംയോജിപ്പിച്ച് ഒരൊറ്റ രൂപമാക്കിയ മനോഹരമായ നിര്‍മിതി. ത്രികോണാകൃതിയിലുള്ള മുഖപ്പോടു കൂടിയ കൂറ്റന്‍ കാര്‍പോര്‍ച്ചും, പിരമിഡ് ആകൃതിയിലുള്ള സ്‌കൈലൈറ്റും, വര്‍ത്തുളാകൃതിയിലുള്ള പൂളും, ചതുരവും സമചതുരവും വര്‍ത്തുളാകൃതിയും പിന്‍തുടരുന്ന മുറികളുമെല്ലാം ചേര്‍ത്ത് വീട് ഡിസൈന്‍ ചെയ്തത് കണ്ണൂരിലെ യു. മുഹമ്മദ് & അസോസിയേറ്റ്‌സിലെ ആര്‍ക്കിടെക്റ്റ് യു. മുഹമ്മദാണ്.
47.5 സെന്റ് വിസ്തീര്‍ണ്ണമുള്ള പ്ലോട്ടിന്റെ ഒത്ത നടുവിലായാണ് വീട് സ്ഥിതി ചെയ്യുന്നത്. വലിയ ചുറ്റുമതിലും തേക്കുതടി കൊണ്ടുള്ള ഗേറ്റും പച്ചപ്പുല്ലു വിരിച്ച മുറ്റവും പൂന്തോട്ടവും കുളവുമെല്ലാം വീടിന്റെ ചാരുത ഇരട്ടിയാക്കുന്നു. ഇന്റര്‍ലോക്ക് ടൈലുകള്‍ വിരിച്ച മുറ്റത്ത് പാര്‍ട്ടികളും മറ്റും നടക്കുമ്പോള്‍ ധാരാളം കാറുകള്‍ പാര്‍ക്ക് ചെയ്യാനുമാവും. വീടിന്റെ പുറകുവശത്ത് ഒരു അടുക്കളത്തോട്ടവുമുണ്ട്. കണ്ണൂരില്‍ പയ്യന്നൂരുള്ള മുസ്തഫയാണ് ഈ വീടിന്റെ ഉടമ.
സ്‌കൈലൈറ്റ്
ഹൈലൈറ്റ്
രണ്ട് നിലപൊക്കമുള്ള കാര്‍പോര്‍ച്ചും അവിടുത്തെ നെടുനീളന്‍ തൂണുകളുമെല്ലാം അതിഥികള്‍ക്ക് പ്രൗഢഗംഭീരമായ സ്വാഗതമേകുന്നുണ്ട്. വീടിനു മുകളിലായി ഉയര്‍ന്നു നില്‍ക്കുന്ന സ്‌കൈലൈറ്റ് ഏരിയയുടെ ആകൃതിയും ഉയരവും കോംപൗണ്ടിനകത്തേക്ക് പ്രവേശിക്കുന്നവരുടെ പ്രഥമശ്രദ്ധ കവരും.
”പിരമിഡ് ആകൃതിയിലുള്ള സ്‌കൈലൈറ്റ് സെന്റര്‍ ഹാളിലെ സ്റ്റെയര്‍ ഏരിയയുടെ മുകള്‍ ഭാഗത്തായി ഡിസൈന്‍ ചെയ്തു. എട്ട് സ്ട്രിപ് ടഫന്റ് ഗ്ലാസുകള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ഇത് പകല്‍ സമയത്ത് ധാരാളം വെളിച്ചം വീടിനുള്ളിലേക്ക് കടത്തിവിടും. മുറ്റത്ത് വിരിച്ച ടൈലുകളുടെ പ്രതിഫലനമെന്ന വിധം ടൈലിന്റെ നിറമുള്ള ഷിംഗിള്‍സാണ് റൂഫിങ്ങിനായി തെരഞ്ഞെടുത്തത്” ആര്‍ക്കിടെക്റ്റ് യു മുഹമ്മദ് പറയുന്നു.
‘സെന്റര്‍’ ഹാള്‍
ഒരു സെന്റര്‍ ഹാളിനു ചുറ്റുമായാണ് മുറികളുടെ വിന്യാസം. രണ്ട് ബെഡ്‌റൂമുകള്‍, ലിവിങ് റൂം, ഡൈനിങ് റൂം, ഫാമിലി ലിവിങ് റൂം, പ്രെയര്‍ റൂം, കിച്ചന്‍ എന്നിവ താഴത്തെ നിലയിലാണ്. മാസ്റ്റര്‍ ബെഡ്‌റൂമും മറ്റ് രണ്ട് ബെഡ്‌റൂമുകളും ഉള്‍പ്പെടെ മൂന്ന് ബെഡ് റൂമുകളും ഒരു എന്റര്‍ടെയ്ന്റ്‌മെന്റ് റൂമും മുകള്‍ നിലയിലുണ്ട്.
ഒരു സമചതുരത്തിന്റെ മൂലകള്‍ മുറിച്ചു മാറ്റിയതു പോലെ മാറ്റിയതു പോലെയാണ് സെന്റര്‍ ഹാളിന്റെ ആകൃതി. അതുകൊണ്ടു തന്നെ അതിനോട് ചേര്‍ന്നു വരുന്ന മുറികളുടെയെല്ലാം ആകൃതി പൂര്‍ണ്ണചതുരമല്ല. സെന്റര്‍ ഹാളിനോടു ചേര്‍ന്നു വരുന്ന ഈ മുറികള്‍ കണ്ടാല്‍ ഇവയുടെ ഒരു കോര്‍ണര്‍ മുറിച്ചു മാറ്റപ്പെട്ടതു കണക്കേ തോന്നും.
വര്‍ത്തുളാകൃതിയിലുള്ള സ്റ്റെയര്‍കേസാണ് സെന്റര്‍ ഹാളിലെ സെന്റര്‍ അട്രാക്ഷന്‍. പൂര്‍ണ്ണമായും മരം ഉപയോഗിച്ചു പണിത സ്റ്റെയര്‍ വീടിന് ഗാംഭീര്യമേകുന്നു. പ്രധാന വാതില്‍ കടന്നകത്തേക്ക് പ്രവേശിക്കുന്ന ആരും ഒന്നമ്പരന്നു പോകും വിധം കൂറ്റനായ സ്റ്റെയര്‍കേസ് അതിന്റെ ലാന്റിങ്ങില്‍ വച്ച് ഫസ്റ്റ് ഫ്‌ളോറിന്റെ ഇരുഭാഗത്തേക്കുമായി പിരിയുന്നുണ്ട്.
നീന്തിക്കുളി മുകളില്‍
വീടിന്റെ ഫസ്റ്റ് ഫ്‌ളോറിലാണെന്നത് സ്വിമ്മിങ്പൂളിന് സ്വാഭാവികമായും സ്വകാര്യതയേകുന്നു. ഗ്രൗണ്ട് ഫ്‌ളോറിലുള്ള അടുക്കളയുടെ മുകള്‍ഭാഗത്തായാണ് പൂള്‍ പണിതിരിക്കുന്നത്. നീലനിറത്തിലുള്ള മൊസൈക്ക് ടൈല്‍ വിരിച്ചിരിക്കുന്നതും വൈലറ്റും നീലയും ഇടകലരുന്ന ലൈറ്റിങ്ങും പൂളിന്റെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നു. പൂളിന്റെ ഭാഗമായി ഒരു സ്റ്റീം ബാത്ത് ഏരിയയുമുണ്ട്.
അടുക്കളയുടെ ഭാഗത്തെ പില്ലറുകളിലാണ് സ്വിമ്മിങ് പൂള്‍ നിലകൊള്ളുന്നത്. മുകള്‍ നിലയിലായതിനാല്‍ അവശ്യ വാട്ടര്‍പ്രൂഫിങ് സാങ്കേതിക വിദ്യകളെല്ലാം ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. ഫ്‌ളോര്‍ ലെവലില്‍ നിന്നും അല്പം പൊക്കി സ്വിമ്മിങ് പൂളിനായുള്ള പ്ലാറ്റ്‌ഫോം പണിതിരിക്കുന്നത് പൂളിന് ഒരു പ്രത്യേക ഐഡന്റിറ്റി പകര്‍ന്നു നല്‍കുന്നു.
പ്രാധാന്യത്തി
നനുസരിച്ച്
ആര്‍ക്കിടെക്ച്ചര്‍ ഡിസൈനോടൊപ്പം ചേര്‍ന്നു നിന്നു കൊണ്ട് വീടിന്റെ പോഷ് ലുക്കിനെ പ്രോജ്വലമാക്കുന്നതില്‍ അതിന്റെ ഇന്റീരിയര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അകത്തളമൊരുക്കിയിരിക്കുന്നതും ആര്‍ക്കിടെക്റ്റ് യു മുഹമ്മദ് തന്നെയാണ്.
”പോഷ് ലുക്കിനു മാത്രമല്ല ഓരോ ഇടത്തിന്റെയും പ്രാധാന്യത്തിനും ഇന്റീരിയറില്‍ പ്രാമുഖ്യം നല്‍കി. ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പറ്റുന്ന വിധത്തിലാണ് ഇന്റീരിയര്‍ ഡിസൈനിങ് നടത്തിയത്” യു മുഹമ്മദ് പറയുന്നു.
അടി മുതല്‍ മുടി വരെ
വരാന്ത മുതല്‍ എല്ലാ മുറികളിലും ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ടുള്ള ഫ്‌ളോറിങ്ങാണുള്ളത്. ഭീമാകാരന്‍ സ്റ്റെയറിന്റെ പടികളും ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ടു പൊതിഞ്ഞിട്ടുണ്ട്. എന്നാല്‍ കാര്‍ പോര്‍ച്ചില്‍ അല്പം പരുക്കന്‍ പ്രതലം കിട്ടുന്നതിനായി റസ്റ്റിക്ക് ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണുപയോഗിച്ചത്.
സെന്റര്‍ ഹാളിലൊഴികെയുള്ള എല്ലാ മുറികളിലും വാള്‍ പാനലിങ്ങിനായി പ്ലൈവുഡും വെനീറും വാള്‍ പേപ്പറുമാണുപയോഗിച്ചിരിക്കുന്നത്. ഓരോ മുറിയുടെയും പ്രത്യേകതയ്ക്കനുസരിച്ച് വാള്‍ പാനലുകള്‍ ഒരുക്കിയിരിക്കുന്നു. കബോഡുകളും ഷെല്‍ഫുകളുമെല്ലാം ഇവയോട് ചേരുംവിധം നിര്‍മ്മിച്ചവയാണ്. പ്രെയര്‍റൂമിലെ ഒരു ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന വാള്‍പേപ്പര്‍ ആ മുറിക്ക് പ്രത്യേകം സ്വച്ഛതയേകുന്നു.
സെന്റര്‍ ഹാളില്‍ പാനലിങ്ങിനായി തേക്കുതടിയും കൂടി ഉപയോഗിച്ചുവെന്നതാണ് ആ മുറിയുടെ വ്യത്യസ്തത. സ്റ്റെയര്‍കേസ് റേലിങും തേക്കുതടി കൊണ്ടാണ്. സെന്റര്‍ ഹാളിനോടു ചേര്‍ന്നുള്ള ഫാമിലി ലിവിങ് റൂം, ഡൈനിങ്, പ്രെയര്‍റൂം എന്നിവയ്ക്ക് സെന്റര്‍ ഹാളില്‍ നിന്നും വേര്‍തിരിവ് നല്‍കുന്ന പാര്‍ട്ടീഷന്‍ തീര്‍ത്തിരിക്കുന്നതും പ്ലൈവുഡും വെനീറും കൊണ്ടാണ്. ഇതോടൊപ്പം അക്രിലിക് ഷീറ്റും ഗ്ലാസും ഇഴചേര്‍ത്ത് അതിനുള്ളിലായി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ച് ലിവിങ്ങിലെ പാര്‍ട്ടീഷന്‍ ആ മുറിക്കൊരു മാസ്മരിക ഭാവം പകരുന്ന വിധമാക്കിയിട്ടുണ്ട്.
വിവിധ പാറ്റേണുകളില്‍ ജിപ്‌സവും പ്ലൈവുഡും വെനീറും കൂട്ടി ചേര്‍ത്തുള്ള സീലിങ് മുറിയുടെ തീമിന് ഇണങ്ങിയ വിധമാണ് ഒരുക്കിയിരിക്കുന്നത്. ഭിത്തിയില്‍ വാള്‍പേപ്പര്‍ ഉപയോഗിച്ച ചില മുറികളിലാവട്ടെ അതിന്റെ തുടര്‍ച്ചയെന്ന വിധം സീലിങ്ങിലും വാള്‍ പേപ്പര്‍ ഡിസൈന്‍ അഴകു വിടര്‍ത്തി നില്‍ക്കുന്നു.
മുഴുവനായി പൊതിയാതെ
”മുറികള്‍ പൂര്‍ണ്ണമായി പ്ലൈവുഡും വെനീറും വാള്‍പേപ്പറും കൊണ്ടു പൊതിയാതെ ഭിത്തിയിലും സീലിങ്ങിലുമൊക്കെ പല ജ്യാമിതീയ രൂപങ്ങളുടെ ചെറിയ ഫോമുകള്‍ ഉണ്ടാക്കിയെടുത്ത് അവ കണ്‍സീല്‍ഡ് ലൈറ്റിങ്ങും സ്‌പോട്ട് ലൈറ്റിങ്ങും വഴി ഹൈലൈറ്റു ചെയ്യുകയായിരുന്നു. ബെഡ്‌റൂം ഫര്‍ണിച്ചറും പ്ലൈവുഡും വെനീറും ചേര്‍ത്താണ് പണിതത്. അവയുടെ ആകൃതിക്ക് ചേര്‍ച്ച കിട്ടുന്ന ഷേപ്പിലാണ് ആ മുറികളിലെ സീലിങ്” ആര്‍ക്കിടെക്റ്റ് യു മുഹമ്മദ് പറയുന്നു.
ആര്‍ക്കിടെക്ചര്‍ ഡിസൈനിലെ ജ്യാമിതീയ കൃതികള്‍ ഇന്റീരിയറിലും ഉപയോഗിച്ചു കൊണ്ടുള്ള നിര്‍മ്മാണ സങ്കേതങ്ങളോടൊപ്പം വിശാലതയും കൂടിച്ചേരുമ്പോള്‍ ജ്യാമിതീയ വീട് ഒരു ജ്യാമിതീയ ബംഗ്ലാവായി മാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *