Architect : ഷോണിന്‍ സി. സൈമണ്‍

February 12th, 2014
ജ്യാമിതീയ വീട്‌

വലിയ ഇരുനില വീട്. ഓരോ മക്കള്‍ക്കും ഓരോ മുറി. പക്ഷേ എന്തെങ്കിലുമൊരു ആവശ്യത്തിന് ഒരാളെ വിളിക്കണമെങ്കില്‍ വിളിച്ചു കൂവണം. അല്ലെങ്കില്‍ ഫോണില്‍ വിളിക്കണം. വീടിനകത്തുള്ളവര്‍ തമ്മില്‍ ഇടപഴകാനുള്ള സാധ്യതകള്‍ വളരെ കുറവ്. അതൊരു വല്ലാത്ത ഗതികേട് തന്നെയാണ്. എം. പി. ജോണിനും ഭാര്യ ഷെര്‍ലി ജോണിനും തങ്ങള്‍ താമസിച്ചിരുന്ന വീട് അസഹനീയമായത് ഇതുകൊണ്ടാണ്. തന്റെ പുതിയ വീട് പണിതപ്പോള്‍ ജോണ്‍ ആര്‍ക്കിടെക്റ്റിനു മുന്നില്‍ വച്ച ആദ്യ നിബന്ധന ഇതായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് അനായാസമായി ഇടപഴകാനാകും വിധമാകണം വീട്. അതിനാല്‍ ആര്‍ക്കിടെക്റ്റ് ഷോണിന്‍ സി. സൈമണ്‍ 35 സെന്റില്‍ 3600 സ്‌ക്വയര്‍ഫീറ്റില്‍ കടവന്ത്രയില്‍ ജോണിനും കുടുംബത്തിനും വേണ്ടി നിര്‍മിച്ച വീടിന്റെ ഡിസൈന്‍ ഊന്നല്‍ നല്‍കുന്നത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം സുഗമമാക്കുക എന്നതിനു തന്നെ. സമീപത്തെ മറ്റ് വീടുകളില്‍ നിന്നും അല്പം ഉയര്‍ന്ന് നില്‍ക്കണം; വീടിനുള്ളില്‍ ഇരുന്നാലും പ്രകൃതിയെ അനുഭവിക്കാനാകണം. ഇതൊക്കെ ജോണിന്റേയും ഭാര്യ ഷെര്‍ലിയുടേയും മറ്റ് ആവശ്യങ്ങളായിരുന്നു. വെളിച്ചവും വായുവും കയറിയിറങ്ങി പോകുന്ന വിധത്തിലാണ് അകത്തള സജ്ജീകരണങ്ങള്‍. ചതുപ്പ് നിലമായതിനാല്‍ മണ്ണിട്ട് പൊക്കിയെടുത്താണ് പണി ആരംഭിച്ചത്.

”വീടാകുമ്പോള്‍ പുറംമോടി മാത്രമല്ല, നോക്കേണ്ടത്. ആ വീടിനുള്ളില്‍ താമസിക്കുന്നവരുടെ ശീലങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കുമാണ് മുന്‍തൂക്കം നല്‍കേണ്ടത്. അതിനാല്‍ ഇന്റീരിയറിന് പ്രാമുഖ്യം നല്‍കി വളരെ ശ്രദ്ധാപൂര്‍വ്വം ഓരോ ഇടങ്ങളും ഡിസൈന്‍ ചെയ്തു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് എലിവേഷന്‍ ഡി സൈന്‍ ചെയ്തത്. വൃത്തം, അര്‍ദ്ധവൃത്തം, ചതുരം, ത്രികോണം തുടങ്ങിയ പല ജ്യാമിതീയ രൂപങ്ങളും വീടിനകത്തും പുറത്തും കൂട്ടിച്ചേര്‍ത്തിരിക്കുന്നത് സമകാലികശൈലിയുടെ ഭാഗമായിട്ടാണ്.” ആര്‍ക്കിടെക്റ്റ് ഷോണിന്‍ പറയുന്നു. പകുതിഭാഗം പരമ്പരാഗതശൈലിയിലും പകുതി ആധുനിക രീതിയിലുമാണ് എക്സ്റ്റീരിയര്‍. പരമ്പരാഗത ശൈലിയുടെ ഭാഗമെന്നോണം ഒരു ഭാഗത്ത് സ്ലോപ്പ് റൂഫും മറുഭാഗത്ത് ആധുനിക ശൈലിക്ക് ഇണങ്ങുന്നവിധം കര്‍വ് ഡിസൈനും നല്‍കി. മുകളില്‍ കൊടുത്തിരിക്കുന്ന ബാല്‍ക്കണി ഒരു പക്ഷിയുടെ കൊക്കു പോലെയാണ് തോന്നിക്കുക. ഈ ഭാഗം ഒരു കോര്‍ണറിലേക്ക് തള്ളിനില്‍ക്കുന്നതിനാല്‍ ബാക്കി വരുന്ന ഭാഗങ്ങള്‍ ചിറകുകള്‍ പോലെയും തോന്നിക്കും.

അകത്തളങ്ങളില്‍ കുടുംബാംഗങ്ങള്‍ക്ക് പരമാവധി ഇടപഴകാന്‍ സാധ്യതയുള്ള വിധം ഓരോ ഇടങ്ങളും സജ്ജീകരിച്ചു. താഴത്തെ ലിവിങ്ങില്‍ നിന്നും മുകളിലേക്ക് ഓപ്പണിങ് നല്‍കിയതും ഒരു ബെഡ്‌റൂം മെസനിന്‍ ഫ്‌ളോറായി നല്‍കിയതും അതുകൊണ്ടാണ്. വലിയ ജനലുകള്‍ നല്‍കി അവയ്ക്ക് കര്‍ട്ടനുകള്‍ ഒഴിവാക്കി. ഇതെല്ലാം പ്രകൃതിയിലെ പച്ചപ്പിന്റെ കാഴ്ചവിരുന്ന് ഉള്‍ത്തളങ്ങളിലേക്ക് എത്തിക്കുന്നു.
ഗാര്‍ഡനിങ്ങിനോടും കൃഷിയോടുമുള്ള ജോണിന്റെ താല്പര്യം കണക്കിലെടുത്ത് വീടിന്റെ പകുതിഭാഗം ലാന്റ്‌സ്‌കേപ്പിനായി നീക്കിവച്ചു. 800 സ്‌ക്വയര്‍ഫീറ്റില്‍ ഒരു ഔട്ട്ഹൗസും വീടിനോട് ചേര്‍ന്നു തന്നെ പണിതിട്ടുണ്ട്. ചെറിയ സിറ്റൗട്ട് പ്രകൃതിയോട് സല്ലപിച്ചിരിക്കാനുള്ള ഇടമാണ്. ഡബിള്‍ കാര്‍പാര്‍ക്കിങ് സൗകര്യ മുണ്ട് വീടിന്. കാര്‍പാര്‍ക്കിങ് ഏരിയയില്‍ നിന്നും വരാന്തയിലേക്ക് കയറി ഉമ്മറെത്തെത്താവുന്ന വിധത്തില്‍ ആണ് ചെയ്തിട്ടുള്ളത്. വെളുപ്പ്, ഓറഞ്ച് നിറങ്ങളുടെ സംയോജനമാണ് പുറത്തെ കളര്‍ തീം. ഇതും പ്രകൃതിക്കിണങ്ങിയ നിറക്കൂട്ടു തന്നെ.

വീടിനനുസൃതമായി വീട്ടുകാരുടെ സ്വഭാവരീതികള്‍ മാറ്റിയെടുക്കുന്നതിനേക്കാള്‍ നല്ലത് വീട്ടുകാരുടെ ശീലങ്ങള്‍ക്കനുസരിച്ച് വീട് പണിയുന്നതാണ്. വീട്ടുടമസ്ഥരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അകവും പുറവും ഉപയുക്തതയോടെ പണിതിരിക്കുന്നു. ”ആര്‍ക്കിടെക്റ്റും ക്ലൈന്റും തമ്മിലുള്ള സഹവര്‍ത്തിത്വമാണ് ഈ വീടിന്റെ പൂര്‍ണ്ണത” എന്ന് വീട്ടുടമസ്ഥന്‍ ജോണ്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *